Follow Us On

29

February

2024

Thursday

ക്രിസ്തുവിന്റെ കുരിശ്: സ്വർഗത്തിൽനിന്ന് ഭൂമിയിലെത്തിയ ജീവന്റെ വൃക്ഷം

ജൂഡ്‌സൺ കൊച്ചുപറമ്പൻ

ക്രിസ്തുവിന്റെ കുരിശ്: സ്വർഗത്തിൽനിന്ന് ഭൂമിയിലെത്തിയ ജീവന്റെ വൃക്ഷം

കുരിശിന് ക്രിസ്തീയ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അറിയാത്ത വിശ്വാസികളുണ്ടാവില്ല. എന്നാൽ, കുരിശിന്റെ തിരുനാൾ സഭയിൽ ആരംഭിക്കാനുള്ള കാരണം എന്താണെന്നറിയാമോ; ക്രിസ്തുവിനുവേണ്ടി ഒരുക്കപ്പെട്ട കുരിശുമരം, സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് എറിയപ്പെട്ട മരമാണെന്ന പാരമ്പര്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അമൂല്യമായ ആ വിവരങ്ങളറിയാം കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനത്തിൽ (സെപ്തം.14).

ശ്ലീഹന്മാരുടെ കാലം മുതൽ നമ്മുടെ കർത്താവിന്റെ കുരിശ് ക്രിസ്ത്യാനികൾക്ക് രക്ഷയുടെ അടയാളമാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ വിശുദ്ധ കുരിശിന്റെ ശക്തി അവതരിപ്പിച്ചിട്ടുണ്ട്. ‘നമ്മുടെ കർത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും തനിക്ക് അഭിമാനിക്കാൻ ഇടയാവാതിരിക്കട്ടെ.’ എന്ന് ഗലാത്തിയർക്ക് എഴുതിയ കത്തിൽ കുരിശിന്റെ ശക്തിയെ കുറിച്ച് ശ്ലീഹാ വ്യക്തമാക്കുന്നു. കോൺസ്റ്റന്റയിൻ ചക്രവർത്തിക്കുമുമ്പ് സഭയിൽ കുരിശില്ലായിരുന്നു എന്നത് അടുത്തകാലത്തായി കേൾക്കുന്ന ഒരു അബദ്ധധാരണയാണ്.

റോമിലെ ആർക്കിയോളജിക്കൽ പഠനങ്ങളും അനേകം സഭാപിതാക്കന്മാരുടെ എഴുത്തുകളും ശ്ലീഹന്മാരുടെ കാലം മുതൽ കുരിശ് വണങ്ങുന്നുണ്ട് എന്ന് പഠിപ്പിക്കുന്നു. അതിൽ പ്രധാനം എ.ഡി 165ൽ മരിച്ച രക്തസാക്ഷിയായ ജസ്റ്റിന്റെ ഒന്നാം അപ്പോളജിയിൽ കുരിശ് രക്ഷയുടെയും ശക്തിയുടെയും വലിയ അടയാളമാണെന്നും അനുദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അനേകം വസ്തുക്കളിൽ നമുക്ക് കുരിശിന്റെ അടയാളം ദർശിക്കാമെന്നും സാക്ഷിക്കുന്നതാണ്. കപ്പലിന്റെ പായ്മരത്തിലും പട്ടാളക്കാരുടെ കൊടിയിലും കുരിശ് കാണാമെന്നും എഴുന്നേറ്റ് നിൽക്കുന്ന മനുഷ്യൻ രണ്ട് കൈകളും വിരിച്ച് നിൽക്കുമ്പോൾ നമുക്ക് കർത്താവിന്റെ കുരിശ് അതിലും ദർശിക്കാമെന്നും രക്തസാക്ഷിയായ ജസ്റ്റിൻ എഴുതിയിട്ടുണ്ട്.

ഇതുകൂടാതെ കാർത്തേജിലെ തെർത്തുല്യൻ എ.ഡി 204ൽ എഴുതിയ ‘ഡി കൊറോണ മിലിറ്റിസ് 3’ എന്ന പുസ്തകത്തിൽ കുരിശടയാളം വരക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ‘നമ്മുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുമ്പ് നമ്മുടെ നെറ്റിതടത്തിൽ കുരിശിന്റെ അടയാളം വരക്കണം. പുറത്തുപോകുമ്പോഴും വരുമ്പോഴും കുളിക്കാൻ പോകുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും ഭക്ഷണമേശയിലും കിടക്കാൻ പോകുമ്പോഴും കുരിശിന്റെ അടയാളം നെറ്റിയിൽ വരക്കണം. ഇത് വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നതും നിത്യേനയുള്ള ഉപയോഗംമൂലം സ്ഥിതീകരിച്ചതും വിശ്വാസംമൂലം നാം സൂക്ഷിച്ചുപോരുന്നതുമാണ്.’

മുകളിലെ രണ്ട് പ്രസ്ഥാവനകളും ആദിമസഭയിൽ, കോൺസ്റ്റന്റയിൻ ചക്രവർത്തി കുരിശ് കണ്ടെടുക്കുന്നതിന് മുമ്പേ സഭയിൽ കുരിശിന്റെ ആടയാളം ഉപയോഗിച്ചിരുന്നു എന്നതിന്റെ സാക്ഷ്യമാണ്.

കുരിശ്: ആദിമ സുറിയാനി സഭയുടെ വിശ്വാസത്തിൽ

നമ്മുടെ കർത്താവിന്റെ കുരിശ് ഒരു സുപ്രഭാതത്തിൽ നമ്മുടെ കർത്താവിനുവേണ്ടി വെട്ടിയെടുത്ത ഒന്നല്ല മറിച്ച്, അത് പറുദീസയിലെ ജീവന്റെ വൃക്ഷംതന്നെ ആയിരിന്നു എന്ന വിശ്വാസം പല സുറിയാനി പാരമ്പര്യങ്ങളിലുമുണ്ട്. അത് ഇപ്രകാരമാണ്:

ഏദൻതോട്ടത്തിൽനിന്ന് ആദാമിനെയും ഹാവായെയും പുറത്താക്കിയശേഷം ക്രൊബേ ദൂതനെ കാവലിനുവേണ്ടി നിയമിച്ചു. രക്ഷകനെ അവർക്ക് വാഗ്ദാനം ചെയ്തശേഷം ജീവന്റെ വൃക്ഷം ഭൂമിയിലേക്ക് വെട്ടി എറിയപ്പെട്ടു. ആ വൃക്ഷം വന്ന് വീണിടത്ത് പിന്നീട് ഒരു കുളം രൂപപ്പെട്ടു. ദിവസവും ഒരു മാലാഖ കുളത്തിലിറങ്ങി ജീവന്റെ വൃക്ഷത്തിലെ പായൽ നീക്കുമായിരുന്നു.

വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷത്തിൽ, ബേത്‌സെയ്ദായിലെ കുളത്തിലിറങ്ങി കർത്താവിന്റെ ദൂതൻ ചില അവസരങ്ങളിൽ വെള്ളം അനക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ പായൽ മാറുമ്പോൾ ജീവന്റെ വൃക്ഷത്തിൽനിന്ന് ഇറങ്ങുന്ന ഔഷധസത്ത് ആദ്യമേൽക്കുന്നവന് രോഗശാന്തി ലഭിക്കും എന്നൊരു വിശ്വസവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് നമ്മുടെ കർത്താവ് തളർവാതരോഗിയെ സുഖപ്പെടുത്തിയത്.

ഒരിക്കൽ, കുളം തേകിയപ്പോൾ വളരെ ഭാരമേറിയ ഒരു തടി കാണുകയും അത് കുളത്തിൽനിന്ന് പുറത്തെടുത്ത് അജകവാടത്തിന് അരികെ ഇടുകയും ചെയ്തു. അങ്ങനെ കർത്താവിന്റെ വിചാരണ നടക്കുന്ന സമയത്ത് അവന് വളരെ ഭാരമേറിയ കുരിശുതന്നെ വേണമെന്ന് യഹൂദപ്രമാണിമാർ നിശ്ചയിക്കുകയും അജകവാടത്തിനടുത്തുള്ള ഭാരമേറിയ തടിതന്നെ അവനുള്ള കുരിശായി തിരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ കർത്താവിന്റെ കുരിശ് ജീവന്റെ വൃക്ഷമായി!

ഈ പാരമ്പര്യം നമ്മുടെ കർത്താവിന്റെ കുരിശ് സത്യമായും പറുദീസയിലെ ജീവന്റെ വ്യക്ഷം തന്നെയാണെന്ന സത്യത്തെ അവതരിപ്പിക്കുകയാണിവിടെ. മാർ അപ്രേമിന്റെ കുരിശിനെ കുറിച്ചുള്ള പാട്ടുകളിലും ഈ പാരമ്പര്യം കാണാൻ സാധിക്കും.

സ്ലീവായുടെ തിരുനാൾ

കർത്താവിന്റെ ഏഴ് വലിയ തിരുനാളുകളിൽ ഓന്നാണ് സെപ്റ്റംബർ 14ന് ആഘോഷിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ. എ.ഡി 313ൽ കോൺസ്റ്റൻയിൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതുമുതൽ അദ്ദേഹത്തിന്റെ അമ്മ ഹെലനാ ഈശോ ജീവിച്ചിരുന്ന വിശുദ്ധ സ്ഥലം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവർ എ.ഡി 326ൽ ജെറുസലേം സന്ദർശികുകയും വിശുദ്ധ സ്ഥലങ്ങൾ യഹൂദ റബ്ബിമാരുടെ നേതൃത്വത്തിൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ അവർ കല്ലറ സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടെത്തിയപ്പോൾ,, അവിടെ അഫറോഡിറ്റ് ദേവന്റെ ഒരു ക്ഷേത്രം നിർമിക്കപ്പെടുന്ന സമയമായിരുന്നു.

എന്നാൽ, രാജ്ഞിയുടെ ഇടപെടലിനെ തുടർന്ന് പ്രസ്തുത നിർമാണം നിറുത്തിവെച്ച് പള്ളി പണി ആരംഭിച്ചു. നിർമാണ പ്രവർത്തനം നടക്കവേ ഒരു ഗുഹ അവരുടെ ശ്രദ്ധയിൽ പെടുകയും അതിൽ മൂന്ന് മരക്കുരിശ് കണ്ടെത്തുകയും ചെയ്തു. ഇതിൽ ഏതാണ് കർത്താവിന്റെ കുരിശ് എന്ന് ശങ്കിച്ചുനിൽക്കെ ഒരു വിലാപയാത്ര പോകുന്നത് ജെറുസലേം മെത്രാനായിരുന്നു മക്കറിയോസിന്റെ ശ്രദ്ധയിൽ പെട്ടു. ഹെലേനാ രഞ്ജിയുടെ കൽപ്പനയാൽ മൃതശരീരം കുരിശുകളുടെ സമീപത്ത് കൊണ്ടുവരുകയും രണ്ട് കുരിശുകളുംകൊണ്ട് മരിച്ചയാളെ സ്പർശിക്കുകയും ചെയ്തു. അവസാനമായി, മൂന്നാമത്തെ കുരിശുകൊണ്ട് മരിച്ചയാളെ സ്പർശിച്ചപ്പോൾ അയാൾ ജീവനുള്ളവനായി മാറി എന്നാണ് വിശ്വാസം.

അങ്ങനെ മൂന്നാമത്തെ കുരിശ് നമ്മുടെ കർത്താവിന്റെ ജീവസ്ലീവാ ആണെന്ന് ആളുകൾക്ക് ബോധ്യമായി. ഈ സംഭവം നടന്നത് എ.ഡി 326 സെപ്റ്റംബർ 13നായിരുന്നു. കർത്താവിന്റെ കല്ലറ സ്ഥിതിചെയ്യുന്നതിന്റെ മുകളിൽ പിറ്റേദിവസം ദൈവാലയം കൂദാശചെയ്യുകയും വിശുദ്ധ കുരിശ് ജെറുസലേം മെത്രാനായിരുന്ന മക്കാറിയോസിന്റെ നേതൃത്വത്തിൽ ആഘോഷപൂർവം പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ സംഭവമാണ് സെപ്റ്റംബർ 14ന് നാം അനുസ്മരിക്കുന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ.

ജെറുസലേമിൽനിന്ന് റോംവരെയുള്ള റോമൻ പോസ്റ്റുകളിൽ പന്തങ്ങൾ കൊളുത്തി ഈ വാർത്ത റോംവരെ എത്തിച്ചു. അതിന്റെ ഓർമയ്ക്കാണ് പേർഷ്യൻ കൽദായ സഭകളിൽ സെപ്റ്റംബർ 13ന് രാത്രി തീ തെളിക്കുന്ന ഒരു പതിവുമുണ്ട്.

സ്ലീവാ നമുക്ക് എന്നും ശക്തിയുടെ ഉറവിടമാണ്. രക്തസാക്ഷികൾക്ക് ധീരതനൽകിയതും നമ്മുടെ കർത്താവിന്റെ ഈ കുരിശാണ്. ഏശയ്യാ പ്രവാചകൻ പറയുംപോലെ അവിടുത്തെ വിശ്രമസ്ഥലം മഹത്വപൂർണമാണ് (ഏശയ്യാ 11:10). നമ്മുടെ കർത്താവ് ഭൂമിയിൽ നമുക്കുവേണ്ടി ഉപേക്ഷിച്ചുപോയ ഒന്നാണ് അവിടുത്തെ രക്ഷാകരമായ സ്ലീവാ. അതിനെ മാറോട് ചേർത്ത് ആശ്ലേഷിക്കാൻ ഈ തിരുനാളിൽ നമുക്ക് കഴിയണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?