ആഗോളസഭ (ഏപ്രിൽ 23) വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ജാതിമതഭേദമെന്യേയുള്ള മലയാളികളുടെ ‘വീരവിശുദ്ധ’നെ കറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെക്കുന്നു ലേഖകൻ.
ലോകമെമ്പാടും ആദരിക്കപ്പെടുന്ന ഒരു വീരപുരുഷനാണ് വിശുദ്ധ ഗീവർഗീസ്. തിന്മയ്‌ക്കെതിരെ പടപൊരുതിയ അദ്ദേഹം, തന്നെ ആശ്രയിക്കുന്നവർക്ക് നന്മയെ ആശ്ലേഷിക്കാനും അതിൽ ഉറച്ചുനിൽക്കാനും ശക്തി പ്രദാനം ചെയ്യുന്നു. ദുഷ്ടതക്കെതിരെ ഉയരുന്ന ഏതൊരു സമരത്തിന്റെയും പ്രതീകമായി അദ്ദേഹത്തെ കണക്കാക്കാം.
വിശുദ്ധ ഗീവർഗീസിന്റെ നാമത്തിൽ നൂറുകണക്കിന് ദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ് കേരളത്തിലുള്ളത്. ആ വിശുദ്ധനാമം സ്വീകരിക്കുന്നവരുടെ സംഖ്യ എണ്ണിയാലൊടുങ്ങുകയില്ല എന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിൽ വിശുദ്ധന്റെ നാമംകൊണ്ട് പ്രസിദ്ധങ്ങളായ സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇടപ്പള്ളിയും അരുവിത്തുറയും എടത്വായും.
എന്നാൽ കേരളീയ ദൈവാലയങ്ങളിലൊതുങ്ങി നിൽക്കുന്നില്ല വിശുദ്ധന്റെ മഹിമാപ്രതാപങ്ങൾ. അദ്ദേഹം ആഗോളവ്യാപകമായി വണങ്ങപ്പെടുന്ന മഹാവിശുദ്ധനാണ്. ലെബനോനിലും സിറിയായിലുമുള്ള തീർത്ഥാടനകേന്ദ്രങ്ങൾ വിശ്വപ്രസിദ്ധങ്ങളാണ്. ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ അനുഗ്രഹങ്ങൾക്കായി അങ്ങോട്ടു പോകുന്നു. ഇംഗ്ലണ്ടും പോർച്ചുഗലും തങ്ങളുടെ രക്ഷാധികാരിയായി വിശുദ്ധ ഗീവർഗീസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ അദ്ദേഹത്തിന്റെ തിരുനാൾ ദിവസം എല്ലാ ദൈവാലയങ്ങളിലും അദ്ദേഹത്തെ പുകഴ്ത്തുന്ന പതാക ഉയർത്തും. സ്‌കൗട്ടുകൾ അന്ന് അവരുടെ അംഗത്വവാഗ്ദാനം നവീകരിക്കുന്നു.
ഇതൊക്കെയാണെങ്കിലും വിശുദ്ധ ഗീവർഗീസിന്റെ ജീവ ചരിത്രം അത്രയ്ക്ക് വ്യക്തമല്ല. നിഗൂഢതകൾ അതിൽ ധാരാളം കടന്നുകൂടിയിട്ടുണ്ട്. ക്രിസ്തുവർഷം 255-ൽ വിശുദ്ധ ഗീവർഗീസ് രകതസാക്ഷിത്വം വരിച്ചതായി ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുതപ്പെട്ട ഒരു ബൈസന്റയിൻ കൃതിയിൽ കാണുന്നു. റോമൻ ചക്രവർത്തിയായ ഡയോക്ലിഷസിന്റെ കാലത്ത് ഏ.ഡി 303ൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതായിട്ടാണ് മറ്റുചില രേഖകളിൽ കാണുന്നത്.
വിശുദ്ധ ഗീവർഗീസിന്റെ പിതാവ് ക്രൈസ്തവനായ പലസ്തീനിയൻ ഷേയ്ക്കായിരുന്നു. അദ്ദേഹം ഒരു റോമൻ ഗവർണറുടെ കീഴിൽ അതിപ്രധാനമായ ഉദ്യോഗം വഹിച്ചിരുന്നു. അന്നത്തെ രീതിയനുസരിച്ച് ഗീവർഗീസ് കായികവിദ്യകളിലൊക്കെ പരിശീലനം സമ്പാദിച്ചു. പിന്നീട് പട്ടാളത്തിൽ ചേർന്നു. താൻ ധീരനായ ഒരു പട്ടാളക്കാരനാണെന്ന് തെളിയിക്കുകയും ചെയ്തു.
പിതാവ് മരിച്ചപ്പോൾ റോമൻ ഗവർണറെ കാണാൻ ഗീവർഗീസ് പുറപ്പെട്ടു. പിതാവിന്റെ ഉദ്യോഗം സമ്പാദിക്കണമെന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ഈ യാത്രയിലാണ് അദ്ദേഹം ബീഭത്സസത്വത്തെ കൊന്ന് ഒരു രാജകുമാരിയെ രക്ഷിക്കുന്നത്. സത്വത്തെ കൊന്ന സ്ഥലം ബേറൂട്ടിൽ കാണാം. ആറു ചതുരശ്ര മീറ്റർ വിസ്താരമുള്ള കിണറ്റിൽനിന്ന് ഇടയ്ക്കിടെ കയറിവന്ന് ആ ജീവി ആക്രമണങ്ങൾ നടത്തിയിരുന്നു. നഗരത്തിന്റെ വടക്കേ അതിർത്തിയിലുള്ള ഈ കിണർ തീർത്ഥാടകർ ഇന്നും സന്ദർശിക്കാറുണ്ട്. ഒരു മുസ്ലീം അനാഥാലയത്തിന്റെ കളിസ്ഥലത്തിന് മധ്യേയുള്ള കിണർ സുരക്ഷിതത്വത്തിനുവേണ്ടി മൂടിയിട്ടിരിക്കുന്നു. അതിന്റെ സമീപത്തുതന്നെയാണ് വിശുദ്ധ ഗീവർഗീസ് സത്വത്തെ കൊന്ന സ്ഥലം. കുരിശുയുദ്ധക്കാർ അവിടെ ഒരു ചാപ്പൽ പണിതു.
ക്രിസ്തുമതത്തിന്റെ ആരംഭം മുതൽ 300 വർഷക്കാലത്തേക്ക് ക്രൈസ്തവർ വളരെ പീഡനങ്ങൾ അനുഭവിച്ചു. അവ അഴിച്ചുവിട്ടത് റോമാ ചക്രവർത്തിമാരായിരുന്നു. ഏ.ഡി 313ലെ രാജകീയ വിളംബരത്തോടുകൂടിയാണ് മതപീഡനം അവസാനിച്ചത്. കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തിന് പൂർണസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതുവരെ മറവിലായിരുന്ന സഭ സടകുടഞ്ഞെഴുന്നേറ്റു. ഡയോക്ലിഷൻ ചക്രവർത്തിയുടെ ഭരണകാലത്ത് പീഡനം രൂക്ഷമായിരുന്നു. ആ കാലഘട്ടത്തിലാണ് വിശുദ്ധ ഗീവർഗീസ് വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്നത്.
വിശുദ്ധന്റെ രക്തസാക്ഷിത്വത്തെപ്പറ്റി കുറച്ചെങ്കിലും വെളിച്ചം തരുന്നത് ആറാം നൂറ്റാണ്ടിൽ അങ്കാറയിൽ ബിഷപ്പായിരുന്ന തിയഡോറ്റസാണ്. അദ്ദേഹം എഴുതിയ വിശുദ്ധന്റെ ജീവചരിത്രത്തിൽ പറയുന്നു, ഏഴു വർഷം അദ്ദേഹം വിവിധ തരത്തിൽ മർദിക്കപ്പെട്ടുവെന്ന്. ഈ കാലയളവിൽ അദ്ദേഹം അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. അദ്ദേഹത്തെ കൊല്ലാൻ ഡയോക്ലിഷൻ അയച്ച മന്ത്രവാദിയെ വിശുദ്ധൻ മാനസാന്തരപ്പെടുത്തി. ഗവർണറുടെ ഭാര്യയെയും വിശുദ്ധൻ ക്രിസ്തുമതത്തിൽ ചേർത്തു. വിശുദ്ധനെ ശിരഛേദം ചെയ്തു എന്നാണ് തിയഡോറ്റസിന്റെ ചരിത്രത്തിൽ കാണുന്നത്.
പലസ്തീനായിൽ ലീസാ പട്ടണത്തിലാണ് വിശുദ്ധനെ സംസ്‌കരിച്ചിരിക്കുന്നത്. ലോട് എന്നാണ് ആ പട്ടണത്തിന്റെ ഇന്നത്തെ പേര്. ഈനിയാസ് എന്നൊരു തളർവാതരോഗിയെ വിശുദ്ധ പത്രോസ് സുഖപ്പെടുത്തിയത് അവിടെവച്ചായിരുന്നു. മാറാരോഗങ്ങൾ സുഖപ്പെടാൻ ലീസായിലെ കബറിടം സന്ദർശിച്ചപ്പോൾ മതിയെന്നറിഞ്ഞു തീർത്ഥാടകർ കൂട്ടംകൂട്ടമായി അവിടെയെത്തി. അതിവേഗം ലീസായുടെ പ്രാദേശിക വിശുദ്ധൻ ദേശീയവിശുദ്ധനായി.
ചരിത്രത്തിൽ സ്ഥലം പിടിച്ചിട്ടുള്ള ഒരു സംഭവമാണ് ‘കുരിശുയുദ്ധം.’ മുസ്ലീങ്ങളുടെ കൈകളിൽനിന്ന് തിരുക്കല്ലറയും മറ്റു വിശുദ്ധ സ്ഥലങ്ങളും വീണ്ടെടുക്കുന്നതിന് യുദ്ധങ്ങൾ അങ്ങേറി. കൂടാതെ മുഹമ്മദീയരുടെ ആക്രമണത്തിൽനിന്ന് പശ്ചിമയൂറോപ്പിനെ സംരക്ഷിക്കേണ്ടിയും വന്നു. മധ്യയുഗത്തിൽ പാശ്ചാത്യ ക്രൈസ്തവർ നടത്തിയ ഐതിഹാസികമുന്നേറ്റങ്ങൾ അഥവാ കുരിശുയുദ്ധങ്ങൾ വിശുദ്ധ ഗീവർഗീസിന്റെ കീർത്തി പരക്കുന്നതിന് സഹായിച്ചു.
അക്കാലത്ത് ഇംഗ്ലണ്ടിലാണ് അദ്ദേഹത്തിന്റെ കീർത്തി ഏറ്റവും കൂടുതൽ പ്രചരിച്ചത്. കുരിശുയുദ്ധാനന്തരം തിരിച്ചെത്തിയവരുടെ സങ്കല്പം വിശുദ്ധൻ അവരോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്നായിരുന്നു. അവർ കടന്നുപോയ പട്ടണങ്ങളെല്ലാം ഏതെങ്കിലും വിധത്തിൽ വിശുദ്ധനോട് ബന്ധപ്പെട്ടിരുന്നതായി കണ്ടു. കോൺസ്റ്റാന്റിനോപ്പിളിൽ ഒരു വലിയ ദൈവാലയം വിശുദ്ധന്റെ നാമത്തിൽ പണിതിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപെട്ടു. മഹാനായ കോൺസ്റ്റന്റൈൻ പണി കഴിപ്പിച്ചതാണ് ആ ദൈവാലയം.
വിശുദ്ധനോടുള്ള ആദരവ് പരമകാഷ്ഠയിലെത്തിയത് 1098ലാണ്. അന്ത്യോക്യായിൽവച്ച് സിറിയൻ തുർക്കികൾ യുദ്ധത്തിൽ കുരിശുയുദ്ധക്കാരെ വളഞ്ഞു. പെട്ടെന്ന് മലമുകളിൽനിന്ന് വെള്ള പടക്കുതിരകളോടുകൂടിയ പട്ടാളത്തെ നയിച്ചുകൊണ്ട് വിശുദ്ധ ഗീവർഗീസ് പ്രത്യക്ഷനായി എന്നാണ് വിശ്വാസം. ഈ പട്ടാളത്തിന്റെ സഹായത്തോടെ കുരിശുയുദ്ധക്കാർ വിജയിച്ചു. അവിടെനിന്ന് ലീസായിലെത്തിയ അവർ ശത്രുക്കൾ പലായനം ചെയ്തതായി കണ്ടു. അവർ വിശുദ്ധനോട് നന്ദി പറഞ്ഞു. ഈ പട്ടണത്തെ വിശുദ്ധന്റെ ആസ്ഥാനമായി അവർ ഉയർത്തുകയും ചെയ്തു.
1099ൽ കുരിശുയുദ്ധക്കാർ ജറുസലേം ആക്രമിച്ചു കീഴടക്കി. മൂന്നാമത്തെ കുരിശുയുദ്ധകാലത്ത് യുദ്ധം കൊടുമ്പിരികൊണ്ടിരുന്നപ്പോൾ റിച്ചാർഡ് ദി ലയൺ ഹാർട്ടിന് പ്രത്യക്ഷനായി വിശുദ്ധൻ പ്രോത്സാഹനം നൽകിയെന്നു പറയപ്പെടുന്നു. ലീസായിലെ ദൈവാലയം പുതുക്കി പണിതുകൊണ്ട് റിച്ചാർഡ് ഇതിന് നന്ദി പ്രകാശിപ്പിച്ചു.
കുതിരപ്പട്ടാളത്തിന്റെയും ധീരോദാത്തരുടെയും യോദ്ധാക്കളുടെയും മധ്യസ്ഥനാണ് വിശുദ്ധ ഗീവർഗീസ്. രോഗികൾക്ക് നല്ലൊരു ഡോക്ടറായും വിശുദ്ധൻ നൂറ്റാണ്ടുകളായി അറിയപ്പെടുന്നു. വിഷഭയത്തിൽനിന്നും വിഷബാധയിൽനിന്നും രക്ഷപ്പെടുന്നതിന് ജനങ്ങൾ ജാതിമതഭേദമെന്യേ വിശുദ്ധനെ ആശ്രയിക്കുന്നു. അതുകൊണ്ടാണ് ഇടപ്പള്ളിയിലേക്കും അരുവിത്തുറയിലേക്കും പതിനായിരക്കണക്കിന് ഭക്തജനങ്ങൾ വന്നണയുന്നത്.
കുതിരപ്പുറത്തിരിക്കുന്ന വിശുദ്ധനാണ് ഗീവർഗീസ്. ആ പടയാളി ഒരു ഭീകരസത്വത്തെ കൊന്ന് ഒരു യുവതിയെ രക്ഷപ്പെടുത്തിയ സംഭവം നേരത്തെ സൂചിപ്പിക്കുകയുണ്ടായി. അതൊരു യാഥാർത്ഥ്യമാകാം, അല്ലെങ്കിൽ പ്രതീകമാകാം. ആ ഭീകരജീവി മതപീഡനം അഴിച്ചുവിട്ട റോമാചക്രവർത്തിയും രക്ഷപ്പെട്ടവൾ ക്രിസ്തുമതവുമാണ്. നമ്മെ നശിപ്പിക്കാൻ മുമ്പിൽ വായ പിളർന്നു നിൽക്കുന്ന ഭീകരജന്തുവായ പിശാച്, അവൻ തൊടുത്തുവിടുന്നത് പൈശാചിക പ്രലോഭനങ്ങളാണ്. യേശുവിനോടുള്ള സ്‌നേഹത്തെപ്രതി സ്വത്തും പ്രശസ്തിയും ഉദ്യോഗവും തൃണവൽഗണിച്ചുകൊണ്ട് വിശ്വാസം പുലർത്തിയ വിശുദ്ധ ഗീവർഗീസ് നമുക്ക് മാർഗദർശിയാകട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *