Follow Us On

25

April

2024

Thursday

ഏഴായിരത്തിലധികം കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കിയ മിഷനറി

ഏഴായിരത്തിലധികം കുടുംബങ്ങള്‍ക്ക്  വീടുകള്‍ നല്‍കിയ മിഷനറി

പ്ലാത്തോട്ടം മാത്യു

ജീവിതത്തിലൂടെ ക്രിസ്തുസന്ദേശം പകര്‍ന്നു നല്‍കിയ മലബാറിലെ മഹാമിഷനറി ലീനസ് മരിയ പത്രോണി എന്ന സുക്കോളച്ചന്‍ ദൈവദാസപദവിയിലേക്ക്. ജനുവരി ആറിനാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. സുക്കോളച്ചന്റെ ജീവിതം എന്നും പാവങ്ങള്‍ക്കൊപ്പമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സുക്കോളച്ചനെ വിശുദ്ധനായിക്കണ്ട്, അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ തൊട്ട് പ്രാര്‍ത്ഥിക്കാന്‍ പലരും ശ്രമിച്ചിരുന്നു. അദ്ദേഹം ശിരസില്‍വച്ച് കൈവച്ച്പ്രാര്‍ത്ഥിച്ചാല്‍ പ്രതിസന്ധികളും രോഗപീഡകളും വിഷമതകളും മാറിക്കിട്ടുമെന്ന് വിശ്വസിച്ചവര്‍ അനേകായിരങ്ങളായിരുന്നു. ജാതി-മത വിഭാഗീയതയില്ലാതെ ഏഴായിരത്തിലധികം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കി. അയ്യായിരത്തിലധികം പേര്‍ക്ക് തയ്യല്‍മിഷന്‍ വാങ്ങിക്കൊടുത്തു. ഓട്ടോറിക്ഷ ഉള്‍പ്പെടെ വാഹനങ്ങള്‍ വാങ്ങി നല്‍കി അനേകര്‍ക്ക് വരുമാന മാര്‍ഗം ഒരുക്കി.

ചിറക്കല്‍ മിഷന്‍
കത്തോലിക്കാ സഭയില്‍ അപൂര്‍വമായ രീതിയില്‍ നാല്‍പതുവര്‍ഷത്തിലധികം ഒരിടവകയില്‍-ദേശീയ പാതയോരത്ത് പരിയാരത്ത് മരിയാപുരം ഇടവകയുടെ വികാരിയായി അദ്ദേഹം ശുശ്രൂഷ ചെയ്തു. ഇപ്പോള്‍ ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ദീനസേവന സഭ (ഡിഎസ്എസ്) സ്ഥാപിക്കുന്നതില്‍ മദര്‍ പേത്രായ്ക്ക് സുക്കോളച്ചന്റെ സഹായവും പിന്‍ബലവും ഉണ്ടായിരുന്നു. പട്ടുവത്ത് ഡിഎസ്എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്തൃതമായ ഭൂമി അദ്ദേഹം നല്‍കിയതാണ്.
ചിറക്കല്‍ മിഷന്‍ എന്ന പേരില്‍ കോഴിക്കോട് രൂപതയില്‍ പ്രസിദ്ധമായ ഭൂപ്രദേശത്ത് ആത്മീയരംഗത്തും ഭൗതികരംഗത്തും വലിയ മാറ്റം ഉണ്ടാക്കാന്‍ സുക്കോളച്ചന് കഴിഞ്ഞു. നാല് പതിറ്റാണ്ട് ശുശ്രൂഷ ചെയ്ത അച്ചന്‍ സ്ഥാപിച്ച മരിയാപുരം നിത്യസഹായ മാതാവിന്റെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ കബറിടത്തില്‍ പൂക്കളര്‍പ്പിച്ചും തിരികത്തിച്ചും പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടുന്നവര്‍ നിരവധിയാണ്.

മദര്‍ പേത്രായ്ക്കും പിന്‍ഗാമി മദര്‍ വില്ലിഗാര്‍ഡിനും ശക്തമായ പിന്‍ബലം നല്‍കിയ ഫാ. സുക്കോള്‍ ദീനസേവന സഭയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ജലക്ഷാമമുള്ളയിടങ്ങളില്‍ കുഴല്‍ക്കിണറുകളും മറ്റിടങ്ങളില്‍ കിണറുകളും കുഴിച്ചു നല്‍കി. കായികാധ്വാനം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് കറവപ്പശുക്കളെയും ആടുകളെയും നല്‍കി. വിദ്യാഭ്യാസ-പഠന-ചികിത്സാസഹായം തേടിയെത്തിയിരുന്ന ഒരാളെപ്പോലും അദ്ദേഹം നിരാശപ്പെടുത്തിയില്ല. വിദൂരസ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ സഹായം തേടി അച്ചന്റെ അടുക്കല്‍ എത്തിയിരുന്നു.
ഇപ്പോഴത്തെ കണ്ണൂര്‍ രൂപതയില്‍ (മുമ്പ് കണ്ണൂര്‍ കോഴിക്കോട് രൂപതയുടെ ഭാഗമായിരുന്നു) മുപ്പതിലധികം ഇടവകകള്‍ സ്ഥാപിച്ച അച്ചന്‍, ദൈവാലയങ്ങള്‍, കോണ്‍വെന്റുകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് കെട്ടിടസൗകര്യം, ഭൂമി, മറ്റ് ഭൗതികസൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

നേര്‍ച്ചനേര്‍ന്നു കിട്ടിയ കുഞ്ഞ്
ഇറ്റലിയുടെ വടക്കന്‍ ഭൂപ്രദേശത്തെ തെന്ദ്രോസിലാണ് കത്തോലിക്കാ മതനവീകരണ കൗണ്‍സില്‍ എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ തെന്ത്രോസ് സൂനഹദോസ് നടന്നത്. തെന്ത്രോസ് അതിരൂപതയില്‍പെട്ട കൊച്ചുഗ്രാമമായ സര്‍നോനിക്കോയിലെ പ്രസിദ്ധവും സഭാപാരമ്പര്യവുമുള്ള സുക്കോള്‍ തറവാട്ടിലായിരുന്നു ഫാ. സുക്കോളിന്റെ ജനനം. 1916 ഫെബ്രുവരി എട്ടിന് ജനിച്ച അദ്ദേഹത്തെ തൊട്ടടുത്ത ഒമ്പതിന് മാതൃ ഇടവകയില്‍ ജ്ഞാനസ്‌നാനം നല്‍കി. വിശുദ്ധ പത്രോസിന്റെ ആദ്യപിന്‍ഗാമിയായിരുന്ന ലീനോസ് പാപ്പായുടെ പേരായിരുന്നു നല്‍കിയത്. കുടുംബത്തില്‍ ആദ്യജാതരായ രണ്ടു കുഞ്ഞുങ്ങള്‍ ബാല്യത്തില്‍ത്തന്നെ മരണപ്പെട്ടതിനാല്‍ മൂന്നാമത്തേത് ആണ്‍കുഞ്ഞാണെങ്കില്‍ പുരോഹിതനാക്കാമെന്ന് അമ്മ നേര്‍ച്ച നേര്‍ന്നിരുന്നു. ജൂസെപ്പെ-ബാര്‍ബരാ ദമ്പതികളുടെ ആത്മീയ പരിശീലനത്തില്‍ പ്രാര്‍ത്ഥനാധിഷ്ഠിതമായ ജീവിതമായിരുന്നു ഫാ. സുക്കോള്‍ നയിച്ചിരുന്നത്. പന്ത്രണ്ടാം വയസില്‍ സെമിനാരി പരിശീലനത്തിന് ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി തെന്ത്രോസ് അതിരൂപതക്കായി 1940 മാര്‍ച്ച് ഒമ്പതിന് വൈദികപട്ടം സ്വീകരിച്ചു. ആദ്യ മൂന്നു വര്‍ഷക്കാലം വിവിധ ഇടവകകളില്‍ സേവനം ചെയ്തു.

ഈശോ സഭയില്‍
അദ്ദേഹത്തിന്റെ ഇടവകാപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ചിട്ടയായ ശുശ്രൂഷ, വിശ്വാസികളില്‍ ആത്മീയ ഉണര്‍വുണ്ടാക്കുന്ന പ്രവൃത്തികള്‍ ഇവകൊണ്ടെല്ലാം സുക്കോള്‍ അച്ചന്‍ ഏവര്‍ക്കും പ്രിയങ്കരനും മാതൃകയുമായിരുന്നു. വിശുദ്ധ ഇഗ്നേഷ്യസിന്റെയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും മാതൃക സ്വീകരിച്ച് ലോകമെങ്ങും സുവിശേഷസാക്ഷ്യമാകാന്‍ ആഗ്രഹിച്ച് ഈശോസഭയില്‍ അംഗമാകുവാന്‍ മേലധികാരികളുടെ അനുമതിക്കായി അപേക്ഷിച്ചു. വൈകാതെ അനുവാദം ലഭിച്ചു. 1943 ഡിസംബര്‍ രണ്ടിന് ഫാ. സുക്കോള്‍ നവസന്യാസ പരിശീലനം തുടങ്ങി. 1945 ഡിസംബറില്‍ വ്രതവാഗ്ദനം നടത്തി ഈശോസഭയില്‍ അംഗമായി. വെനീസ് പ്രൊവിന്‍സിന് കീഴിലുള്ള കാലിക്കറ്റ് മിഷനില്‍ ചേരുവാനുള്ള അപേക്ഷ സ്വീകരിച്ച ഈശോസഭാ നേതൃത്വം അദ്ദേഹത്തെ ഇന്ത്യയിലേക്കയക്കാന്‍ അനുമതി നല്‍കി.

ഇന്ത്യയിലേക്ക്
1948 ഏപ്രിലില്‍ ഫാ. വില്യം ലോണ്ടോര്‍നി, സ്‌ക്കൊളൊസ്റ്റിക്ക് എലിജിയോ, കാന്തോനി എന്നീ വൈദികര്‍ക്കും ബ്രദര്‍ ഗലിം ബേര്‍ത്തി, കല്ലിഗാരോ എന്നിവര്‍ക്കൊപ്പമായിരുന്നു പുറപ്പെട്ടത്. കപ്പല്‍യാത്ര ചെയ്ത് മുംബൈയിലെത്തി. അവിടെനിന്ന് കോഴിക്കോട് വന്നു. ക്രൈസ്റ്റ് ഹാളില്‍ മൂന്നു മാസത്തോളം താമസിച്ച് ഭാഷാപഠനം നടത്തി. 1948 ജൂണില്‍ വയനാട് ചുണ്ടേല്‍ വിശുദ്ധ യൂദാ തദേവൂസ് തീര്‍ത്ഥാടന ദൈവാലയ വികാരിയായി ചുമതലയേറ്റു. മൂന്നുവര്‍ഷത്തെ ശുശ്രൂഷയില്‍ യുവത്വത്തിന്റെ ആവേശത്തോടെ സൈക്കിളില്‍ സഞ്ചരിച്ച് വയനാട്ടില്‍ എല്ലായിടത്തും ഓടിയെത്തി ശുശ്രൂഷ ചെയ്തു. അവിടെനിന്ന് പള്ളിക്കുന്ന് ഇടവകയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.

1980-ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ഭാരതത്തിലെ മുഴുവന്‍ ശുശ്രൂഷകളും കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, ജില്ലകളിലായിരുന്നു. മലബാറിനെ കര്‍മമേഖലയായി തിരഞ്ഞെടുത്ത സുക്കോളച്ചന്റെ ആഗ്രഹംപോലെ ഈ മണ്ണില്‍ത്തന്നെ അന്ത്യവിശ്രമംകൊള്ളാനും സാധിച്ചു. 2014 ജനുവരി ഏഴിന് 98-ാമത്തെ വയസിലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായത്. ദേശീയ പാതയില്‍ തളിപ്പറമ്പിനടുത്ത പരിയാരം മരിയാപുരം നിത്യസഹായ ദൈവാലയത്തിലാണ് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?