വത്തിക്കാൻ സിറ്റി: തിരുവചനാഭിമുഖ്യം പരിപോഷിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ബൈബിൾ ഞായർ ആചരണം ഇത്തവണ ജനുവരി 22ന്. ലത്തീൻ ആരാധനക്രമ വത്സരത്തിലെ സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് 2019ലാണ് പാപ്പ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള നാലാമത്തെ ‘ബൈബിൾ ഞായർ’ ആചരണമാണ് ഈ വർഷം സംഘടിപ്പിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് വത്തിക്കാനിലും പ്രാദേശിക സഭാതലങ്ങളിലും വിശേഷാൽ തിരുക്കർമങ്ങളും ആഘോഷങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനം ആഘോഷിച്ച 2019 സെപ്തംബർ 30ന് ‘അപെർത്തൂയിത്ത് ഈല്ലിസ്’ എന്ന തിരുവെഴുത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പ ‘ബൈബിൾ ഞായർ’ പ്രഖ്യാപിച്ചത്. എപ്പിഫെനി തിരുനാളിന് (ജനുവരി ആറ്) ശേഷമുള്ള ആദ്യ ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്റെ ജ്ഞാനസ്‌നാന തിരുനാളിന്റെ പിറ്റേന്നാണ് ലത്തീൻ സഭയിൽ സാധാരണ ആരാധനക്രമകാലം തുടങ്ങുന്നത്.
അതുപ്രകാരം ഈ വർഷത്തെ സാധാരണ കാലത്തിലെ മൂന്നാം ഞായർ ജനുവരി 22നാണ്. അതോടനുബന്ധിച്ച് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങളിൽ ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *