Follow Us On

14

October

2024

Monday

സൗത്ത് സുഡാൻ- ഡി.ആർ.സി പര്യടനം സ്വപ്‌നസാഫല്യം;  ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ

സൗത്ത് സുഡാൻ- ഡി.ആർ.സി പര്യടനം സ്വപ്‌നസാഫല്യം;  ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സൗത്ത് സുഡാനിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും (ഡി.ആർ.സി) അപ്പസ്തോലിക പര്യടനം വിജയകരമാക്കിയതിനെപ്രതി ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ. ബുധനാഴ്ചതോറും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന പൊതുസന്ദർശനത്തിൽ സന്ദേശം നൽകവേയാണ് പ്രസ്തുത പര്യടനം തന്റെ സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് പാപ്പ ദൈവത്തിന് നന്ദി അർപ്പിച്ചത്.

ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയായിരുന്നു പ്രസ്തുത രാജ്യങ്ങളിലെ അപ്പസ്‌തോലിക പര്യടനം. ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങാത്ത ഡി.ആർ.സിയിലേക്കും സൗത്ത് സുഡാനിലേക്കും സമാധാന ദൂതുമായി വന്നെത്തിയ പാപ്പയ്ക്ക് ഊഷ്മള സ്വീകരണമാണ് ഇരു രാജ്യങ്ങളും ഒരുക്കിയത്. തന്റെ അപ്പസ്തോലിക പര്യടനം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച സകലർക്കും പാപ്പ നന്ദി അർപ്പിക്കുകയും ചെയ്തു.

ഡി.ആർ.സിയുടെ തലസ്ഥാനമായ കിൻഷാസയിൽ പങ്കെടുത്ത പരിപാടികളെ കുറിച്ചും അവിടെ നൽകിയ സന്ദേശങ്ങളും പൊതുസന്ദർശനത്തിൽ പാപ്പ അനുസ്മരിച്ചു. ‘മതി’, ഒരുമിച്ച് എന്നീ രണ്ട് വാക്കുകളെ ആസ്പദമാക്കിയായിരുന്നു അവിടുത്ത പേപ്പൽ സന്ദേശങ്ങൾ. ‘മതി’ എന്ന വാക്കുകൊണ്ട് ആഫ്രിക്കയെ ചൂഷണം ചെയ്യുന്നത് നിർത്താൻ ആഹ്വാനം ചെയ്ത പാപ്പ, ‘ഒരുമിച്ച്’ എന്ന വാക്കുകൊണ്ട് പരസ്പരം ഐക്യത്തിലായിരിക്കുന്ന, ക്രിസ്തുവിൽ പ്രത്യാശവെച്ചുള്ള ജീവിതത്തെയാണ് അർത്ഥമാക്കിയത്.

സൗത്ത് സുഡാൻ പര്യടനത്തെ സമാധാനത്തിന്റെ എക്യുമെനിക്കൽ തീർത്ഥാടനമെന്ന് ആവർത്തിച്ച പാപ്പ, സൗത്ത് സുഡാൻ അധികാരികളുമായി 2019ൽ റോമിൽ കണ്ടുമുട്ടിയതു മുതൽ ആരംഭിച്ച യാത്രയുടെ പരിസമാപ്തിയായിരുന്നു ഈ പര്യടനമെന്നും വ്യക്തമാക്കി. സംഘർഷം അവസാനിപ്പിച്ച് സമാധാനം കെട്ടിപ്പടുക്കാനുള്ള ആഹ്വാനമാണ് അവിടെ പ്രധാനമായും മുഴങ്ങിയത്.

ഡി.ആർ.സിയിലും സൗത്ത് സുഡാനിലും ആഫ്രിക്ക മുഴുവനിലും സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റേതുമായ ദൈവരാജ്യത്തിന്റെ വിത്തുകൾ നാമ്പിടട്ടെയെന്ന് ആശംസിച്ച പാപ്പ, അപ്പസ്തോലിക പര്യടനത്തിൽ തന്നെ അനുഗമിച്ച ആംഗ്ലിക്കൻ സഭാധ്യക്ഷൻ കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി, സ്‌കോട്ലൻഡ് സഭകളുടെ ജനറൽ അസ്സംബ്ലി മോഡറേറ്റർ ഡോ. ഇയാൻ ഗ്രീൻഷീൽഡ്സ് എന്നിവർക്കും നന്ദി അർപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?