Follow Us On

29

March

2024

Friday

യുവജനങ്ങളെ നെഞ്ചോട് ചേര്‍ത്ത വിശുദ്ധന്‍

യുവജനങ്ങളെ  നെഞ്ചോട് ചേര്‍ത്ത വിശുദ്ധന്‍

ഫാ. ജെയിംസ് പ്ലക്കാട്ട്

1841 ലെ ശൈത്യകാലം. ടൂറിന്‍ പട്ടണത്തിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ദൈവാലയത്തിന്റെ സങ്കീര്‍ത്തിയിലേക്ക് യുവവൈദികനായ ഡോണ്‍ ബോസ്‌കോ കയറിച്ചെന്നു. അവിടുത്തെ കപ്യാര്‍ ഒരു ബാലനെ മര്‍ദ്ദിക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. കപ്യാരെ താക്കീത് ചെയ്തുകൊണ്ട് ഡോണ്‍ ബോസ്‌കോ ആ ബാലനെ അടുത്ത് വിളിച്ച് അവന്റെ പേര് ചോദിച്ചു. ‘ബര്‍ത്തലോമിയോ ഗരേല്ലി’, അവന്‍ പറഞ്ഞു. മാതാപിതാക്കന്മാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവന്‍ അനാഥനാണന്ന് മനസിലായി. കപ്യാര്‍ തല്ലിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു? ‘എന്നോട് കുര്‍ബാനയില്‍ ശുശ്രൂഷിയാവാന്‍ കപ്യാര്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചു. എനിക്ക് വായിക്കാനും എഴുതാനും അറിഞ്ഞുകൂടാ. പിന്നെ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചു കൊണ്ട് എന്നെ തല്ലുകയായിരുന്നു. പുറത്തുള്ള ഭയങ്കരമായ തണുപ്പില്‍ നിന്ന് രക്ഷനേടാനാണ് ഞാന്‍ ഈ സങ്കീര്‍ത്തിയില്‍ ഒളിച്ചിരുന്നത്.’

ആ ബാലനുമായി സൗഹൃദം സ്ഥാപിച്ച ഡോണ്‍ ബോസ്‌കോ അടുത്ത ആഴ്ച അവന്റെ കൂട്ടുകാരുമായി തന്നെ വന്ന് കാണുവാന്‍ ക്ഷണിച്ചു. ബര്‍ത്തലോമിയോ ഗരേല്ലി തന്റെ ഏതാനും കൂട്ടുകാരുമായി ഡോണ്‍ ബോസ്‌കോയെ സന്ദര്‍ശിച്ചു. ഡോണ്‍ ബോസ്‌കോ അവരെ എഴുത്തും വായനയും പഠിപ്പിച്ചു. മാത്രമല്ല കളികളും സംഗീതവുംകൊണ്ട് അവരുടെ വാരാന്ത്യ കൂടിച്ചേരലുകള്‍ ആകര്‍ഷകമാക്കി. ക്രമേണ കൂടുതല്‍ യുവജനങ്ങള്‍ ഈ പരിപാടികളിലേക്ക് വന്നെത്തുവാന്‍ തുടങ്ങി. 1841 ഡിസംബര്‍ 8 ന് ബര്‍ത്തലോമിയോ ഗരേല്ലിയുമായി ഉണ്ടായ യാദൃശ്ചികമായ ആ കൂടിക്കാഴ്ചയില്‍ നിന്നാണ് യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ഡോണ്‍ ബോസ്‌കോയുടെ മഹത്തായ പ്രേഷിത സംരംഭം ആരംഭിക്കുന്നത്.

യാതനകളുടെ ബാല്യം

ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ട്യൂറിന്‍ പട്ടണത്തിന് സമീപം ബെക്കി എന്ന ഗ്രാമത്തില്‍ ഫ്രാന്‍സിസ് ബോസ്‌കോയുടെയും മാര്‍ഗരറ്റ് ഒക്കിയേന്നായുടെയും മകനായി 1815 ഓഗസ്റ്റ് 16ന് ജോണി എന്ന ഡോണ്‍ ബോസ്‌കോ ജനിച്ചു. ജോണിക്ക് രണ്ട് വയസു മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. ഫ്രാന്‍സിസിന്റെ ആദ്യ വിവാഹത്തില്‍ ജനിച്ച ആന്റണിയും മമ്മ മാര്‍ഗരറ്റില്‍ ജനിച്ച ജോസഫും, ജോണിയും, പിന്നെ മുത്തശ്ശിയും ഉള്‍പ്പെടെ അഞ്ചംഗ കുടുംബത്തെ പോറ്റുവാന്‍ മമ്മ മാര്‍ഗരറ്റ് ഏറെ കഷ്ടപ്പെട്ടു. പട്ടിണി അകറ്റുവാന്‍ പഠനം ഉപേക്ഷിച്ച് ജേഷ്ഠ സഹോദരന്മാര്‍ രണ്ടുപേരും അമ്മയുടെ കൂടെ വയലില്‍ അധ്വാനിക്കാന്‍ ഇറങ്ങി. യാതനകള്‍ക്കിടയിലും പട്ടണത്തിലുള്ള ഒരു ഭക്ഷണശാലയില്‍ സഹായിച്ചുകൊണ്ട് പഠനത്തിനും താമസത്തിനുമുള്ള ഒരു സൗകര്യം ജോണിക്ക് കണ്ടെത്താനായി. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം കിയേരിയിലെ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പഠനം ആരംഭിച്ച ജോണി 1841 ജൂണ്‍ 5 ന്, ട്യൂറിനിലെ ആര്‍ച്ച്ബിഷപ് ഫ്രാന്‍സോണിയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

യൂറോപ്പില്‍ വ്യവസായ വിപ്ലവം അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഒരു കാലഘട്ടം ആയിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യഘട്ടം. നൂറുകണക്കിന് യുവജനങ്ങള്‍ തൊഴില്‍ അന്വേഷിച്ച് ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്ക് വന്നുകൊണ്ടിരുന്നു. വടക്കേ ഇറ്റലിയിലെ ട്യൂറിന്‍ പട്ടണവും ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. അനുദിനം വന്നുകൊണ്ടിരുന്ന യുവാക്കളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും വിദ്യാഭ്യാസവും പാര്‍പ്പിട സൗകര്യങ്ങളും തൊഴിലും നല്‍കുവാനും പട്ടണത്തില്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി വളരെയധികം യുവാക്കളും ആണ്‍കുട്ടികളും തെരുവില്‍ അഭയം തേടി. യുവജനങ്ങള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകി വന്നു. ട്യൂറിനിലെ ജയിലുകളില്‍ യുവ കുറ്റവാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.

പ്രവര്‍ത്തനങ്ങളുടെ ആരംഭം

ഈ കുട്ടികളെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഈ അവസ്ഥയില്‍ എത്തിച്ചേരുകയില്ലായിരുന്നു എന്നു മനസിലാക്കിയ ഡോണ്‍ ബോസ്‌കോ അനാഥരും, തൊഴില്‍രഹിതരുമായ യുവജനങ്ങളുടെ അടുത്തേക്ക് കടന്നുചെല്ലുമായിരുന്നു. വാരാന്ത്യങ്ങളില്‍ ദൈവാലയങ്ങളുടെ മുറ്റത്ത് അവരെ അദ്ദേഹം ഒരുമിച്ചു കൂട്ടി, കളികള്‍ സംഘടിപ്പിച്ചു. അവര്‍ക്ക് ധാര്‍മിക പ്രബോധനങ്ങള്‍ നല്‍കി. അവസാനം അവരുടെ കുമ്പസാരം കേള്‍ക്കുകയും അവര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. പിന്നീട് സ്വന്തമായി സ്ഥലവും ഒരു ഷെഡും കിട്ടിയതോടെ ഈ കുട്ടികള്‍ക്കുവേണ്ടി തൊഴില്‍ പരിശീലന കേന്ദ്രവും ബോര്‍ഡിങ് സ്‌കൂളുകളും ആരംഭിച്ചു.

ട്യൂറിന്‍ പട്ടണത്തിലെ വല്‍ദോക്കോയില്‍ തുടങ്ങിയ ഈ യുവജന കേന്ദ്രത്തിന് ഡോണ്‍ ബോസ്‌കോ, ‘ഓറട്ടറി’ എന്ന പേരിട്ടു. വല്‍ദോക്കോ ഓറട്ടറിയില്‍ ഏതാനും അനാഥ ബാലന്മാരെ സ്വീകരിച്ചുകൊണ്ട് തുടങ്ങിയ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ അധികം താമസിയാതെ ഇറ്റലിയിലെയും യൂറോപ്പിലെയും മറ്റു നഗരങ്ങളിലേക്ക് വ്യാപിച്ചു. താമസിയാതെ ഡോണ്‍ ബോസ്‌കോയുടെ അമ്മയും ആ മകന്റെ ശുശ്രൂഷയില്‍ സന്തോഷത്തോടെ പങ്കാളിയായി. ആദ്യം വന്ന കുട്ടികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായി. ഇവര്‍ തന്നെ ആയിരുന്നു യുവജനങ്ങളെ സേവിക്കുവാന്‍ വേണ്ടി ഡോണ്‍ ബോസ്‌കോ തുടങ്ങിയ സന്യാസ സഭയായ സലേഷ്യന്‍ സഭയുടെ ആദ്യത്തെ അംഗങ്ങള്‍. യുവജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവരും അനാഥരുമായവര്‍ക്ക് രക്ഷയുടെ തുരുത്തായി തീരുക എന്നതായിരുന്നു ഈ പുതിയ സന്യാസ സഭയുടെ ലക്ഷ്യം.

‘എനിക്ക് ആത്മാക്കളെ തരിക ബാക്കിയെല്ലാം എടുത്തു കൊള്ളുക’, എന്നതായിരുന്നു ഡോണ്‍ ബോസ്‌കോയുടെ മുദ്രാവാക്യം. ഡോണ്‍ ബോസ്‌കോയുടെ പ്രത്യേക ഭക്തി എന്ന് വിശേഷിപ്പിക്കുന്നത് ദിവ്യകാരുണ്യ ഭക്തിയും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോടുള്ള ഭക്തിയും മാര്‍പാപ്പയോടും സഭയോടും ഉള്ള വിധേയത്വവും ആണ്. കൂടെക്കൂടെ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന ഭക്തിയോടെ സ്വീകരിക്കുകയും ചെയ്യുന്ന കുട്ടികള്‍ ഒരിക്കലും വഴിതെറ്റി പോവുകയില്ലെന്ന് ഡോണ്‍ ബോസ്‌കോ പറയുമായിരുന്നു.

ഡോണ്‍ ബോസ്‌കോയുടെ സലേഷ്യന്‍ പ്രസ്ഥാനം ഇന്ന് 130-ല്‍ അധികം രാജ്യങ്ങളില്‍ കര്‍മ്മനിരതമാണ്. വൈദികരും ബ്രദേഴ്‌സും സിസ്റ്റേഴ്‌സും അല്മായ സഹകാരികളും അടങ്ങിയ വലിയൊരു വൃന്ദം അദ്ദേഹത്തിന്റെ പിന്‍ഗാമികളായി പാത പിന്തുടര്‍ന്നുകൊണ്ട് യുവജന ശുശ്രൂഷയില്‍ പങ്കുചേരുന്നു. എല്ലാവര്‍ഷവും ജനുവരി 31-ന് വിശുദ്ധന്റെ തിരുനാള്‍ തിരുസഭയില്‍ ആഘോഷിക്കുന്നു.

സലേഷ്യന്‍ സഭ ഇന്ത്യയിലേക്ക്
വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ആദ്യത്തെ പിന്‍ഗാമി, വാഴ്ത്തപ്പെട്ട ഡോണ്‍ റുവായുടെ കാലത്ത്, 1906 ജനുവരി 6 ന് ഫാ. ജോര്‍ജ് തൊമാത്തീസിന്റെ നേതൃത്വത്തില്‍ 6 സലേഷ്യന്‍ മിഷനറിമാര്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഏകദേശം 130 ഓളം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂളും ഒരു അനാഥാലയവും ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിലെ സലേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് 11 പ്രൊവിന്‍സുകളില്‍ ആയി 2700-ല്‍ അധികം സലേഷ്യന്‍സ് ഇന്ത്യയില്‍ സേവനം ചെയ്യുന്നു.

സലേഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കംകുറിച്ചത് എറണാകുളം ജില്ലയിലെ ചാത്യാത്ത് ഇടവകയുടെ കീഴിലുള്ള വടുതല പ്രദേശത്താണ്. അവിടെ 1956 ല്‍ ഫ്രഞ്ച് മിഷനറിയായ ഫാ. ഫ്രാന്‍സിസ് ഗെസുവിന്റെ നേതൃത്വത്തില്‍ ഒരു യുവജന കേന്ദ്രം സ്ഥാപിതമായതോടെ കേരളത്തിലെ ഡോണ്‍ ബോസ്‌കോ യുവജന ശുശ്രൂഷകള്‍ ആരംഭിച്ചു. ഇന്ന് കേരളത്തിലെ വിവിധ രൂപതകളില്‍ 25-ല്‍പരം കേന്ദ്രങ്ങളിലായി ഡോണ്‍ ബോസ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡോണ്‍ ബോസ്‌കോയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നതിനും സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് ഡോണ്‍ ബോസ്‌കോയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനും 8848406302 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?