Follow Us On

20

April

2024

Saturday

ക്രിസ്തീയ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന  ഹംഗറിയിലേക്ക് വീണ്ടും ഫ്രാൻസിസ് പാപ്പ; ത്രിദിന പര്യടനം ഏപ്രിൽ 28 മുതൽ

ക്രിസ്തീയ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന  ഹംഗറിയിലേക്ക് വീണ്ടും ഫ്രാൻസിസ് പാപ്പ; ത്രിദിന പര്യടനം ഏപ്രിൽ 28 മുതൽ

വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന, പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ മുൻനിരയിലുള്ള ഹംഗറിയിലേക്ക് ഫ്രാൻസിസ് പാപ്പ വീണ്ടും ആഗതനാകുന്നു. ഭരണകൂടത്തിന്റെയും സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ യൂറോപ്പ്യൻ രാജ്യമായ ഹംഗറി സന്ദർശിക്കുന്ന വിവരം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്. ഏപ്രിൽ 28മുതൽ 30വരെയാണ് പേപ്പൽ പര്യടനം ക്രമീകരിച്ചിരിക്കുന്നത്.

ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് 2021 സെപ്തംബറിൽ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പാപ്പ ഹംഗറിയിൽ എത്തിയെങ്കിലും കേവലം മണിക്കൂറുകൾ മാത്രമാണ് പാപ്പയ്ക്ക് അവിടെ ചെലവഴിക്കാനായത്. അതുകൊണ്ടുതന്നെ ഇത്തവണത്ത പേപ്പൽ പര്യടനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഫ്രാൻസിസ് പാപ്പയുടെ 41-ാമത് അന്താരാഷ്ട്ര യാത്രയാണിത്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് പേപ്പൽ പരിപാടികൾ നടക്കുക.

അഭയാർത്ഥികളെയും പാവപ്പെട്ടവരെയും വാഴ്ത്തപ്പെട്ട ലാസ്ലോ ബാത്യാനി സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയും പാപ്പ സന്ദർശിക്കും. കൂടാതെ രാഷ്ട്ര അധികാരികളെയും സിവിൽ സമൂഹത്തെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്യും. യുവജനങ്ങൾ, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലന പ്രവർത്തകർ, അക്കാദമിക സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ എന്നിവരുമായും കൂടികാഴ്ച നടത്തും. ഏപ്രിൽ 30ന് കൊസൂത്ത് ലാജോസ് ചത്വരത്തിലാണ് പേപ്പൽ ദിവ്യബലി.

പരമ്പരാഗത വിവാഹ- കുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും പ്രോ ലൈഫ് നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന യൂറോപ്പ്യൻ രാജ്യമായ ഹംഗറി, പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തിൽ വഹിക്കുന്ന പങ്കും സുപ്രധാനമാണ്.യുദ്ധക്കെടുതകളാൽ പലായനം ചെയ്യുന്ന യുക്രേനിയൻ ജനതയ്ക്ക് സംരക്ഷണം നൽകുന്നതിൽ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെപ്രതി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടോർ ഓർബന് ഫ്രാൻസിസ് പാപ്പ നേരിട്ട് നന്ദി അർപ്പിച്ചത് വലിയ വാർത്തയായിരുന്നു.

2022 ഏപ്രിലിൽ വിക്‌ടോർ ഓർബൻ വത്തിക്കാനിലെത്തി പാപ്പയെ സന്ദർശിച്ചപ്പോഴായിരുന്നു ഇത്. ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ഔദ്യോഗികമായി ക്ഷണിച്ച പ്രധാനമന്ത്രി, യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ഹംഗേറിയൻ ശ്രമങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ചാണ് അന്ന് വത്തിക്കാനിൽനിന്ന് മടങ്ങിയത്. ഹംഗേറിയൻ ജനസംഖ്യയുടെ പകുതിയിൽ അധികവും അതായത് 54%വും ക്രിസ്തീയ വിശ്വാസികളാണ്. ഇതിൽ 38%മാണ് കത്തോലിക്കാ സഭാംഗങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?