Follow Us On

24

April

2024

Wednesday

‘ക്രിസ്തുവാണ് നമ്മുടെ ഭാവി’; ലോഗോയുടെ കേന്ദ്രമായി കുരിശും പാലവും! ഹംഗേറിയൻ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും തയാർ

‘ക്രിസ്തുവാണ് നമ്മുടെ ഭാവി’; ലോഗോയുടെ കേന്ദ്രമായി കുരിശും പാലവും! ഹംഗേറിയൻ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും തയാർ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് ആഴ്ചകൾമാത്രം ശേഷിക്കേ, പേപ്പൽ പര്യടനത്തിന്റെ ലോഗോയും ആപ്തവാക്യവും പുറത്തുവിട്ട് വത്തിക്കാൻ. ഹംഗേറിൻ തലസ്ഥാനമായ ബുഡാപെസ്റ്റിലെ വിഖ്യാതമായ ‘ചെയിൻ ബ്രിഡ്ജും’ കുരിശടയാളവുമാണ് ലോഗോയുടെ പ്രധാന ഭാഗം. ഡാനൂബ് നദിയുടെ ഇരുകരകളിലുള്ള രണ്ട് നഗരങ്ങളായ ബുഡായെയും പെസ്റ്റിനെയും ഒന്നിപ്പിക്കുന്ന ഈ പാലം രാജ്യത്തിന്റെയും നഗരത്തിന്റെയും പ്രതീകമായി ചരിത്രത്തിൽ ഉൾച്ചേർത്തിരിക്കുന്നു. ഏപ്രിൽ 28മുതൽ 30വരെയാണ് ഹംഗറിയിലെ പേപ്പൽ പര്യടനം.

Logo of Pope Francis' Apostolic Journey to Hungary

മനുഷ്യസമൂഹങ്ങൾ തമ്മിലുള്ള പാലങ്ങളാകാനുള്ള അപ്പസ്‌തോലിക ദൗത്യത്തിന്റെ പ്രതീകമായാണ് പാലം ലോഗോയെ അടയാളപ്പെടുത്തിയിരിക്കുന്നത്. പാലത്തിന്റെ ഇരുവശത്തുമുള്ള തൂണുകൾക്ക് നൽകിയിട്ടുള്ള നിറങ്ങളും അർത്ഥപൂർണമാണ്. ഒരു വശത്തു വത്തിക്കാന്റെ ഔദ്യോഗിക നിറമായ മഞ്ഞയും വെള്ളയും നൽകിയപ്പോൾ മറുവശത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ഹംഗേറിയൻ പതാകയിലെ നിറങ്ങളായ ചുവപ്പും വെള്ളയും പച്ചയുമാണ്. ലോഗോയുടെ അതിർത്തിയെന്നോണം അടയാളപ്പെടുത്തിയിരിക്കുന്ന വൃത്തം തിരുവോസ്തിയേയും ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട ഭൂഗോളത്തേയുമാണ് പ്രതീകവത്ക്കരിക്കുന്നത്.

വൃത്തത്തിന്റെ ഇടതു ഭാഗത്തായി കുരിശടയാളം ചിത്രീകരിച്ചിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ഹംഗറി ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനെ അഭിസംബോധന ചെയ്യവേ കഴിഞ്ഞ കാലത്തെയും വരുംകാലത്തെയും തമ്മിൽ ബന്ധിക്കുന്ന പാലമായി ‘കുരിശി’നെ പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസ്തുത സന്ദേശമാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. ‘ക്രിസ്തുവാണ് നമ്മുടെ ഭാവി’ എന്ന ആപ്തവാക്യവും പര്യടനത്തിന്റെ തീയതിയും വൃത്തത്തിന്റെ വലതുഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?