Follow Us On

25

April

2024

Thursday

ദൈവനിയോഗത്തിന്റെ കൈപകര്‍പ്പു ബൈബിളുമായി വീട്ടമ്മ

ദൈവനിയോഗത്തിന്റെ കൈപകര്‍പ്പു  ബൈബിളുമായി വീട്ടമ്മ

പുല്‍പ്പള്ളി: ഒരു വര്‍ഷം കൊണ്ട് പ്രാര്‍ത്ഥനയോടെ ബൈബിള്‍ കൈ യ്യെഴുത്ത് പകര്‍പ്പ് പൂര്‍ത്തിയാക്കി ഒരു വീട്ടമ്മ. പുല്‍പ്പള്ളി തിരുഹൃദയ ദൈവാലയ അംഗമായ കരിക്കത്തില്‍ മോളി കുഞ്ഞുമോനാണ് പ്രാര്‍ത്ഥനായജ്ഞത്തിലൂടെ ബൈബിള്‍ കൈയ്യെഴുത്ത് പതിപ്പ് പുറത്തിറക്കിയത്. 2022 ജനുവരി ഒന്നിന് എഴുതി തുടങ്ങി 2022 ഡിസംബര്‍ 10 ന് സമ്പൂര്‍ണ ബൈബിളിന്റെ പകര്‍ത്തിയെഴുത്ത് പൂര്‍ത്തീകരിച്ചു. ഇതിനായി 730 A4 സൈസ് പേപ്പറുകളും 50 പേനകളുമാണ് ഉപയോഗിച്ചത്.

1460 പേജിലായി എഴുതി തീര്‍ത്തപ്പോള്‍ ഓരോ വാക്കിനും ഒരോ നിയോഗം വച്ചു തന്നോടു പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടവര്‍ക്കായും അല്ലാതെയും കാഴ്ചവെച്ചാണ് ഈ ഉദ്യമം പൂര്‍ത്തീകരിച്ചത്. ഇടവകയ്ക്കായും സഭയ്ക്കായും, സംഘടനകള്‍, രോഗികള്‍, ആലംബഹീനര്‍, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ തുടങ്ങി ഈ ലോകത്തിനാകമാനം വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനാ യജ്ഞത്തിലൂടെയാണ് സമ്പൂര്‍ണ ബൈബിള്‍ കൈയ്യെഴുത്ത് പതിപ്പ് തയാറാക്കിയത് എന്നത് ശ്രദ്ധേയമാണ്. പാലിയേറ്റീവ് പ്രവര്‍ത്തനത്തിനൊപ്പം ഒഴിവുസമയങ്ങളില്‍ നിരവധി ജപമാലകളും ഈ വീട്ടമ്മ പ്രാര്‍ത്ഥനാപൂര്‍വ്വം ചൊല്ലിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി കുണ്ടുതോട് സ്വദേശിനിയായ മോളി വിവാഹിതയായി പുല്‍പ്പള്ളിയിലാണ് താമസം. കുഞ്ഞുമോനാണ് ഭര്‍ത്താവ്. മക്കള്‍ വിദ്യാര്‍ത്ഥികളായ ആദിലും ആര്‍ഷലും.

പകല്‍ കിട്ടുന്ന ഒഴിവുസമയങ്ങളും രാത്രി 9 മണി മുതല്‍ ഒന്നര വരെയുമാണ് ബൈബിള്‍ പകര്‍ത്തി എഴുതുന്നതിനായി സമയം കണ്ടെത്തിയത്. പൂര്‍ത്തീകരിച്ച ബൈബിള്‍ പുറംചട്ട ബൈന്റു ചെയ്തു ഒരാഴ്ചക്കാലം ഇടവക ദൈവാലയത്തില്‍ വച്ചിരുന്നു. ഇപ്പോള്‍ ഭവനത്തിലെ പ്രാര്‍ത്ഥനാ മുറിയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് ബൈബിള്‍ പകര്‍പ്പ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?