Follow Us On

26

April

2024

Friday

ഭീരു

ഭീരു

അവന്റെ മരണത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവനില്‍ അല്പം പോലും ഭയചിന്ത ഉണ്ടായിരുന്നില്ല എന്നതാണ്. ക്രൂശിതനെ നോക്കുമ്പോള്‍ ഒരിക്കല്‍ പോലും അവന്‍ പകച്ചു നില്കുന്നതായി ആരും കാണുന്നില്ല. ഉദിച്ചുയരുന്ന സൂര്യഗോളം പോലെയായിരുന്നു അവന്‍ മരണനേരത്തും.
കാല്‍വരി മാമലയെക്കുറിച്ച് വായിച്ചത് അത്ര നല്ല കാര്യങ്ങളൊന്നും ആയിരുന്നില്ല. ആരും കേറാന്‍ ഇഷ്ടപ്പെടാത്ത മലയായിരുന്നു അത്. തനിച്ചു പോയിട്ട് കൂട്ടമായിപോലും ആരും ആ മല മുകളിലേക്കു പോയിരുന്നില്ല. ഒരുപാട് ഭീകരമായ അന്തരീക്ഷമായിരുന്നു അവിടെ നിറയെ. കപാലങ്ങള്‍കൊണ്ട് നിറഞ്ഞ  ശപിക്കപ്പെട്ട ഭൂമി എന്നാണ് കാല്‍വരി മാമലയെക്കുറിച്ച് ചരിത്ര കാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നിട്ടും അതൊന്നും ക്രൂശിതനെ തളര്‍ത്തിയില്ല എന്നത് നിസാര കാര്യമല്ല. ഭയത്തിന്റെ പുള്ളുകള്‍ ചേക്കേറേണ്ട ഇടത്തിലും അവന്‍ ധീരതയോടെ നിന്നതെങ്ങിനെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ നോമ്പിന്റെ പാതി വഴിയില്‍ നാം കണ്ടെത്താതെ പോകരുത്.

1. പേടി കൂടാതെ നസ്രായന്‍ കാല്‍വരിയില്‍ നില്‍ക്കുന്നതിന്റെ ആദ്യ കാരണം അവനില്‍ പാപം ഉണ്ടായിരുന്നില്ല എന്നതാണ്. ഒരാളുടെ ഉള്ളില്‍ പാപം തലപൊക്കുമ്പോള്‍ മാത്രമാണ് അയാള്‍ അനാവശ്യമായി ഭയപ്പെടുന്നത്. പാപക്കറ നിറഞ്ഞപ്പോള്‍ ആദി മാതാപിതാക്കള്‍ ഒളിച്ചിരുന്നു എന്നാണ് തിരുവചന സാക്ഷ്യം. ഒരുമിച്ചു ദൈവത്തോടൊപ്പം സായാഹ്ന സവാരി നടത്തി യവര്‍ ഭയപ്പെട്ടത് പാപം ചെയ്ത വിനാഴിക യിലായിരുന്നു. പാപം ഗര്‍ഭം ധരിച്ച ജീവിതങ്ങളില്‍ ഭയത്തിന്റെ സര്‍പ്പങ്ങള്‍ ഇഴയാന്‍ തുടങ്ങും.  രാത്രി കഴിയാറായി എന്ന് അഗസ്ത്തീനോസ് മാത്രമല്ല നമ്മളും കേള്‍ക്കുന്നുണ്ട്. പകലിന് യോജിച്ച പുണ്യ പ്രവൃത്തികള്‍ ചെയ്തു ക്രിസ്തുവിനെപ്പോലെ ഭയത്തില്‍ നിന്നും രക്ഷ നേടാം.

2. ഉള്ളില്‍ ആത്മാവിന്റെ മന്ത്രധ്വനി മുഴുങ്ങുമ്പോള്‍ ഭയം ഉയര്‍ത്തുന്ന വികല  സ്വരങ്ങള്‍ നാം കേള്‍ക്കില്ല. ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ധൈര്യത്തിന്റെ ആത്മാവിനെ ഞാന്‍ നേടി എന്ന് ശ്ലീഹാ വീമ്പിളക്കുന്നതുപോലെ നമുക്കും ആത്മാവിലുള്ള ജീവിതത്തിനു ദാഹിച്ചു ഭയത്തില്‍ നിന്നും ഈ നോമ്പില്‍ രക്ഷനേടാം.

3. സ്വര്‍ഗ്ഗവും ഭൂമിയിലെ നന്മ നിറഞ്ഞവരും തന്നോടൊപ്പം ഉണ്ടെന്ന ചിന്ത നസ്രായന്റെ ഉള്ളിലെ ഭയത്തിന്റെ തീ കെടുത്തുന്ന നനജലമായി മാറിയിട്ടുണ്ടെന്നാണ് വിശ്വാസം. സ്വര്‍ഗത്തിലെ മാലാഖമാരുടെ സാന്നിധ്യവും അമ്മ മേരിയുടെ കരുതലും നമ്മിലുണ്ടെന്നു കരുതി ജീവിക്കുമ്പോള്‍ നാം ഒരിക്കലും ഭയപ്പെടുകയില്ല. എന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ ദൂതരെയും സുഹൃ ത്തുക്കളെയും എന്റെ ദൈവം എനിക്കായി നല്‍കിയിട്ടുണ്ടെന്ന് ചിന്തിച്ചു നമുക്കും ഭയത്തിന്റെ വികാരങ്ങളെ ആത്മവിനാല്‍ നിഹനിക്കാം. നമ്മുടെ സങ്കടങ്ങള്‍ അറിഞ്ഞു നമ്മെ  സ്‌നേഹിക്കുന്നവ രുടെ സാമീപ്യം ഉണ്ടെങ്കില്‍ ഏതു കാല്‍വരിയും നമുക്ക് സ്വര്‍ഗമാണെന്ന് ഈ നോമ്പില്‍ കണ്ടെത്തി നല്ല സൗഹൃദങ്ങളെയും സ്വര്‍ഗവാസികളെയും നെഞ്ചിലേറ്റാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?