Follow Us On

01

May

2024

Wednesday

തിന്മയുടെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍

തിന്മയുടെ  സാമൂഹ്യ പ്രത്യാഘാതങ്ങള്‍

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഒരാള്‍, അഥവാ ഒരുകൂട്ടം ആളുകള്‍ ഒരു തിന്മ ചെയ്യുമ്പോള്‍ അതിന്റെ ദുരന്തങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ ആ വ്യക്തിയിലോ വ്യക്തികളിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അത് സമൂഹത്തെ പലവിധത്തില്‍ ദോഷകരമായി ബാധിക്കും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റും അവിടെ ഉണ്ടായ തീ പിടുത്തവും അനുബന്ധ പ്രശ്‌നങ്ങളും. അവിടെ മാലിന്യ സംസ്‌ക്കരണത്തിന് നിയുക്തരായ ജീവനക്കാര്‍ ഉണ്ട്. മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരുണ്ട്. ഗവണ്‍മെന്റ് സംവിധാനങ്ങളും കരാര്‍ കമ്പനിയുമുണ്ട്. പക്ഷേ, മാലിന്യം കുന്നുകൂടി; തീ പിടിച്ചു. അന്തരീക്ഷം മുഴുവന്‍ പുക നിറഞ്ഞു. ജനജീവിതം വഴിമുട്ടി. ഉത്തരവാദിത്തപ്പെട്ടവര്‍ തങ്ങളുടെ ജോലി ചെയ്യാതിരിക്കുകയും അഴിമതിയിലൂടെ പണം ഉണ്ടാക്കുകയും ചെയ്തു എന്ന് മാത്രം പറഞ്ഞാല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഗൗരവം മുഴുവന്‍ മനസിലാവുകയില്ല. ഉത്തരവാദിത്വപ്പെട്ടവര്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാതിരിക്കുകയും അനീതിപരമായ പ്രവൃത്തികള്‍ കാണിക്കുകയും ചെയ്തപ്പോള്‍ സമൂഹത്തിന് ഉണ്ടായ കഷ്ട-നഷ്ടങ്ങള്‍ അല്‍പംകൂടി വിശദമായി പരിശോധിക്കാം.

ഒന്ന്, മാലിന്യം കത്തിയപ്പോള്‍ ഉണ്ടായ വിഷപ്പുക വ്യാപിച്ചതുമൂലം ഉണ്ടാകുന്ന താല്‍ക്കാലിക പ്രശ്‌നങ്ങള്‍. ശ്വാസതടസം ഉണ്ടാവുക, കുട്ടികള്‍ക്ക് രോഗങ്ങള്‍ ഉണ്ടാവുക, ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതെ വരുക, വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങുക, ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാതെ വരുക, യാത്ര ചെയ്യാന്‍ പറ്റാതെ വരുക, ആഘോഷങ്ങള്‍ മുടങ്ങുക, തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും വരുമാന നഷ്ടങ്ങള്‍ ഉണ്ടാവുക, ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും സാമ്പത്തിക നഷ്ടം ഉണ്ടാവുക, ഇങ്ങനെ പലതും.

രണ്ട്, പുതുതായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും കിടന്ന് അഴുകുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. ദുര്‍ഗന്ധം, മലിനീകരണം തുടങ്ങിയവ വേറെ. പിന്നീട് ഈ മാലിന്യം നീക്കാന്‍വേണ്ടി അധ്വാനിക്കുന്ന തൊഴിലാളികളുടെ അധികസഹനങ്ങള്‍. ഇങ്ങനെ കുറെ പ്രശ്‌നങ്ങള്‍.
മൂന്ന്, തീപിടുത്തത്തിന്റെ ഫലമായി ഉണ്ടായ വിഷപ്പുക ഉണ്ടാക്കാനിരിക്കുന്ന രോഗങ്ങള്‍. പല മാരകരോഗങ്ങള്‍ക്കും ഈ പുക കാരണമാകും എന്ന് പറയുന്നു. അങ്ങനെ ആളുകള്‍ക്ക് രോഗങ്ങള്‍ ഉണ്ടായാല്‍ അവരും കുടുംബവും അനുഭവിക്കേണ്ടിവരുന്ന ശാരീരിക പ്രശ്‌നങ്ങള്‍, പഠനം, ജോലി തുടങ്ങിയവയ്ക്ക് ഉണ്ടാകുന്ന തടസങ്ങള്‍, ചികിത്സയ്ക്ക് വേണ്ടിവരുന്ന പണച്ചെലവ്, ഒരുപക്ഷേ മാറാരോഗങ്ങള്‍ ഉണ്ടായാല്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
നാല്, തീ അണക്കാന്‍ വേണ്ടിവന്ന വലിയ സാമ്പത്തിക ബാധ്യതകള്‍. ഒരു മിനിട്ടില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത് എന്ന് ടെലവിഷന്‍ വാര്‍ത്തയില്‍ കണ്ടു. ഇങ്ങനെ പലതും.

അഞ്ച്, അഴുക്കും രോഗാണുക്കളും ദുര്‍ഗന്ധവും അന്തരീക്ഷത്തിലെ ചൂടും തീയുടെ ചൂടും എല്ലാം അനുഭവിച്ച് പണിയെടുക്കുന്ന തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കഷ്ടപ്പാടുകള്‍ തുടങ്ങിയവയും നാം കാണണം.
ആറ്, ഇത്ര കഠിനമായ തീയിലും പുകയിലും ഉണ്ടാകുന്ന വലിയ അന്തരീക്ഷ മലിനീകരണം, അനേകം ചെറു ജീവികളുടെ നാശം തുടങ്ങിയ പ്രശ്‌നങ്ങള്‍.
ചുരുക്കിപ്പറഞ്ഞാല്‍, മാലിന്യ സംസ്‌കരണത്തിന് ചുമതലപ്പെട്ടവര്‍ അത് ചെയ്യാതിരുന്ന പ്പോള്‍ ഉണ്ടായ, ഉണ്ടാകാനിരിക്കുന്ന സാമൂഹ്യ-സാമ്പത്തിക-പരിസ്ഥിതി-ആരോഗ്യ പ്രശ്‌നങ്ങള്‍ എത്ര വിപുലവും ഗൗരവം ഉള്ളതുമാണെന്ന് മനസിലാക്കുക.

മനുഷ്യര്‍ തിന്മ ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു വലിയ പ്രശ്‌നംകൂടിയുണ്ട്. അത് ഇതാണ്: പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് അവ പരിഹരിക്കാനോ അതിന്റെ ദൂഷ്യഫലങ്ങള്‍ മറ്റുള്ളവരെ ബാധിക്കാതെ നോക്കാനോ ബാധിച്ചാല്‍ അവയെ നീക്കിക്കളയാനോ സാധ്യമല്ല. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അവര്‍ ഏറ്റെടുക്കില്ല. ആരോഗ്യപ്രശ്‌നങ്ങളും കാലാവസ്ഥാപ്രശ്‌നങ്ങളും അവര്‍ പരിഹരിക്കുകയില്ല.
അപ്പോള്‍ നാം കാണുന്ന വലിയ പ്രശ്‌നം ഇതാണ്: ഒന്ന്, തെറ്റു ചെയ്യുന്നവര്‍ അതിന്റെ എല്ലാ നന്മകളും അനുഭവിക്കുന്നു. രണ്ട്, ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നു. അതായത്, ഗുണങ്ങള്‍ മുഴുവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക്; പ്രശ്‌നങ്ങള്‍ മുഴുവന്‍ നിരപരാധികളായവര്‍ക്ക്. അതിനാല്‍ നാം ഉദ്ദേശിക്കുന്നതിലും അധികമാണ് തെറ്റുകളുടെയും പാപങ്ങളുടെയും പ്രത്യാഘാതങ്ങള്‍.

ഇങ്ങനെ ചിന്തിച്ചാല്‍ നാട്ടില്‍ നടക്കുന്ന തിന്മകളുടെ അളവ് എത്ര വലുതാണ്? അത് മറ്റു മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ അളവ് എത്ര ഭീമം ആണ്. കുറച്ചു മനുഷ്യരുടെ തിന്മകള്‍ക്ക് പകരം എത്ര നിരപരാധികള്‍ എത്രമാത്രം സഹിക്കേണ്ടി വരുന്നു; വില കൊടുക്കേണ്ടി വരുന്നു. സമരങ്ങള്‍, അക്രമങ്ങള്‍, കൊലപാതകങ്ങള്‍, ചതികള്‍, സാമ്പത്തിക തട്ടിപ്പുകള്‍, ലഹരി വ്യാപാരം തുടങ്ങിയ എത്രയധികം തിന്മകള്‍, എത്ര വൈവിധ്യമാര്‍ന്ന തിന്മകള്‍, എത്ര കഠിനമായ തിന്മകള്‍. ഈ തിന്മകള്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റി നാം ചിന്തിക്കണം. അതിലുപരി, തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍, അവര്‍ വരുത്തിവയ്ക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കണം. അനേകരുടെ ജീവിതം ദുരിതത്തില്‍ ആക്കിയിട്ട് കിട്ടുന്ന ലാഭങ്ങളും സുഖങ്ങളും വേണ്ടെന്നുവയ്ക്കാന്‍ അവര്‍ തയാറാകണം. കാരണം, ഇപ്പോള്‍ ഈ തിന്മകള്‍ അസഹനീയമാംവിധം വര്‍ധിച്ചിരിക്കുന്നു. മനുഷ്യജീവിതം വളരെയധികം സഹനപൂര്‍ണമായിരിക്കുന്നു. കൊച്ചിയിലെ മാലിന്യപ്രശ്‌നത്തിനും തീപിടുത്തത്തിനും കാരണക്കാരായവര്‍ സ്വയം ആലോചിച്ചാല്‍ അവര്‍ക്കിത് മനസിലാകും. ജനത്തെ ഇങ്ങനെ സഹിക്കാന്‍ വിട്ടിട്ട്, യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് സുഖം ഉണ്ടോ? ഉണ്ടെങ്കിലും അത് നല്ല, മനഃസമാധാനം ഉള്ള സുഖം അല്ല, തീര്‍ച്ച.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?