Follow Us On

19

September

2024

Thursday

വിമലഹൃദയ തിരുനാളിൽ ലോകജനതയെ ദൈവമാതാവിന് പുനപ്രതിഷ്ഠിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

വിമലഹൃദയ തിരുനാളിൽ ലോകജനതയെ ദൈവമാതാവിന് പുനപ്രതിഷ്ഠിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: വിമലഹൃദയ തിരുനാൾ ദിനമായ മാർച്ച് 25ന് ലോകജനതയെ ഒന്നടങ്കം വിശിഷ്യാ റഷ്യ ഉക്രെയ്ൻ രാജ്യങ്ങളെയും വിമലഹൃദയ നാഥയ്ക്ക് പുനപ്രതിഷ്ഠിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് 25ന് ലോകമെമ്പാടുമുള്ള മെത്രാൻമാരോട് ചേർന്ന് സഭയെയും റഷ്യ, ഉക്രെയ്ൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെയും ദൈവമാതാവിന് സമർപ്പിച്ചതിന്റെ ഓർമ പുതുക്കികൊണ്ടായിരുന്നു, ഇക്കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനമധ്യേ പുനപ്രതിഷ്ഠയ്ക്ക് പാപ്പ ആഹ്വാനം നൽകിയത്.

‘യാതൊരു മടുപ്പും വിശ്രമവും കൂടാതെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കണം. സകല വിശ്വാസികളെയും സമൂഹത്തെയും പ്രാർത്ഥനാസംഘങ്ങളെയും മാർച്ച് 25ന് നടക്കുന്ന വിമലഹൃദയ സമർപ്പണത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. അങ്ങനെ പരിശുദ്ധ അമ്മ നമ്മെ എല്ലാവരെയും ഐക്യത്തിലും സമാധാനത്തിലും നിലനിർത്തട്ടെ.’ ഉക്രേനിയൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ എടുത്തുപറഞ്ഞ പാപ്പ, അവരെ തിരസ്‌കരിക്കരുതെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ഓർമിപ്പിച്ചു.

1917 ജൂലൈ 13ന് ഫാത്തിമയിലെ മരിയൻ പ്രത്യക്ഷീകരണത്തിൽ, റഷ്യയെ വിമലഹൃദയത്തിന് സമർപ്പിക്കണമെന്ന് ദൈവമാതാവ് നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് വിലമഹൃദയ പ്രതിഷ്ഠകൾ പ്രചാരം നേടിയത്. അഭ്യർത്ഥന നിറവേറ്റപ്പെടാതെ പോയാൽ, റഷ്യ അതിന്റെ തെറ്റുകൾ ലോകമെമ്പാടും പ്രചരിപ്പിക്കുമെന്നും യുദ്ധങ്ങളും സഭാവിരുദ്ധ പീഡനങ്ങളും പ്രോത്സാഹിപ്പിക്കുമെന്നുമുള്ള മുന്നറിയിപ്പും പരിശുദ്ധ അമ്മ അന്ന് നൽകിയിരുന്നു.

1942 ഒക്ടോബർ 31ന് പിയൂസ് 12ാമൻ പാപ്പ ലോകജനതയെ ഒന്നടങ്കം വിമലഹൃദയത്തിന് സമർപ്പിച്ചു. 1952 ജൂലൈ ഏഴിന് അദ്ദേഹംതന്നെ, റഷ്യൻ ജനതയെ വിമലഹൃദയത്തിന് പ്രത്യേകം സമർപ്പിക്കുകയും ചെയ്തു. 1964 നവംബർ 21ന്, വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ കാർമികത്വത്തിൽ പ്രസ്തുത സമർപ്പണം പുതുക്കി. 1981ലെ പെന്തക്കുസ്താ തിരുനാൾ ദിനമായ ജൂൺ ഏഴിന് വത്തിക്കാനിലെ മരിയാ മജിയോരെ ബസിലിക്കയിൽവെച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ‘ആക്ട് ഓഫ് എൻട്രസ്റ്റ്‌മെന്റ്’ എന്ന് വിശേഷിപ്പിക്കുന്ന പ്രാർത്ഥനയോടെ പ്രസ്തുത സമർപ്പണം വീണ്ടും നവീകരിച്ചു.

ഉക്രെയ്ൻ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ നടത്തിയ വിമലഹൃദയ സമർപ്പണം ഏറെ ശ്രദ്ധ നേടിയിരിന്നു. അന്ന് അനുതാപ ശുശ്രൂഷയുടെ സമാപനത്തിലായിരുന്നു സമർപ്പണം നടന്നത്. ഇരു രാജ്യങ്ങളുടെയും പേര് പറയുന്നതിനൊപ്പം, ആഗോള സഭാ സമൂഹത്തെയും മാനവകുലത്തെ ഒന്നടങ്കവും പാപ്പ ദൈവമാതാവിന് സമർപ്പിച്ചു. ഫാത്തിമ മാതാവിന്റെ തിരുരൂപത്തിനു മുന്നിൽവെച്ചായിരുന്നു സമർപ്പണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?