രഞ്ജിത് ലോറന്‍സ്
ലോകത്തിലെ ഏറ്റവും മൂല്യമേറിയ വനിതാ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മുന്‍നിര ബാറ്ററായ ജെമീമ റോഡ്രിഗസ്. അടുത്തിടെ നടന്ന വുമണ്‍സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളില്‍ 2.20 കോടി രൂപയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനുവേണ്ടി കളിച്ച ജെമി എന്ന് വിളിക്കുന്ന ജെമീമക്ക് ലഭിച്ചത്. 22 വയസിനുള്ളില്‍ ജെമി കരസ്ഥമാക്കിയ നേട്ടങ്ങളുടെ പട്ടിക ആരെയും അത്ഭുതപ്പെടുത്തും. എന്നാല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ജെമി അതിജീവിച്ച പ്രതിബന്ധങ്ങളുടെ നീണ്ട നീര കൂടെ ചേര്‍ത്തുവയ്ക്കുമ്പോള്‍ മാത്രമാണ് ആ കഥ പൂര്‍ണമാകുന്നത്.
മുംബൈയിലെ ഒറ്റമുറിവീട്ടില്‍നിന്നാണ് ജെമീമ ജെസിക്ക റോഡ്രിഗസിന്റെ പോരാട്ടം ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ പത്ത് അടി നീളവും പത്തടി വീതിയുമുള്ള ഒരു കുടുസു മുറിയില്‍നിന്ന്. പാവക്കുട്ടികളോടൊപ്പം കളിക്കേണ്ട പ്രായത്തില്‍ ജെമിയുടെ കയ്യിലേക്ക് പിതാവ് ഇവാന്‍ റോഡ്രിഗസ് വച്ചു നല്‍കിയത് ഒരു ക്രിക്കറ്റ് ബാറ്റായിരുന്നു. അതോടെ മൂത്ത സഹോദരങ്ങളായ ഇനോക്കും ഏലിയുമടക്കം അഞ്ചുപേരടങ്ങുന്ന ആ കുടുംബത്തിന് കഷ്ടിച്ച് കഴിയാന്‍ മാത്രമിടമുണ്ടായിരുന്ന ആ ഒറ്റമുറി വീട് ക്രിക്കറ്റ് ഗ്രൗണ്ടായി മാറി. പ്ലാസ്റ്റിക്ക് ബോള്‍ തലങ്ങും വിലങ്ങും പറന്നപ്പോള്‍ തലയില്‍ ബോള്‍ കൊള്ളാതിരിക്കാന്‍ പലപ്പോഴും തലയിണയും പുതപ്പും പൊതിഞ്ഞാണ് അമ്മ തവിത വീട്ടിനുള്ളില്‍ കഴിഞ്ഞത്.
ഒന്‍പതാം വയസിലെ ആദ്യ ഓട്ടോഗ്രാഫ്
വളര്‍ന്നുവന്നപ്പോള്‍ മൂത്ത സഹോദരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിലായിരുന്നു പിതാവിന്റെ ശ്രദ്ധ. രണ്ട് മണിക്കൂര്‍ അവര്‍ക്ക് ബാറ്റിംഗ് പരിശീലനം നല്‍കുമ്പോള്‍ ഫീല്‍ഡ് ചെയ്യാന്‍ ജെമിയെയും കൂടെ കൂട്ടി. അത്രയും നേരം ഫീല്‍ഡ് ചെയ്തതിന് പ്രതിഫലമായി ജെമിക്ക് 15 മിനിറ്റ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കും. എന്നാല്‍ ഒരിക്കല്‍ ജെമിയുടെ മികവ് മനസിലാക്കിയ സുഹൃത്തായ സെലക്ടര്‍ ജെമീമയെക്കൂടെ മത്സരത്തിന് അയക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഒന്‍പത് വയസ് പ്രായമുണ്ടായിരുന്ന ജെമി അന്ന് അണ്ടര്‍ 16 മത്സരത്തില്‍ ആണ്‍കുട്ടികളോടൊപ്പം പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് കണ്ടുകൊണ്ടിരുന്ന കുട്ടികളുടെ മാതാപിതാക്കളിലൊരാളാണ് ജെമീമയോട് ആദ്യമായി ഓട്ടോഗ്രാഫ് ചോദിക്കുന്നത്. ‘സച്ചിനെപ്പോലെ ഇന്ത്യന്‍ താരമായി മാറുമ്പോള്‍ ഓട്ടോഗ്രാഫ് മേടിക്കാന്‍ സാധിച്ചില്ലെങ്കിലോ’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആ ഒന്‍പത് വയസുകാരിയുടെ പക്കല്‍നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയത്. ഇന്ന് രാജ്യത്തെ പ്രതിനിധീകരിച്ച് ജെമീമ പങ്കെടുക്കുന്ന മത്സരങ്ങള്‍ ടിവിയില്‍ നടക്കുമ്പോള്‍ അന്ന് ഓട്ടോഗ്രാഫ് വാങ്ങിയ വ്യക്തി വിളിക്കാറുണ്ടെന്ന് ഇവാന്‍ പറഞ്ഞു.
ഈ സംഭവത്തോടെ ജെമീമയെ കൂടുതല്‍ ശ്രദ്ധിക്കാനും മികച്ച പരിശീലനം നല്‍കാനും ഇവാന്‍ ശ്രദ്ധിച്ചു. ജെമീമക്ക് ബാറ്റിംഗ് പരിശീലനം നല്‍കുമ്പോള്‍ ഫീല്‍ഡ് ചെയ്യുക എന്നതായിരുന്നു സഹോദരന്‍മാരുടെ പുതിയ റോള്‍. വനിതാ ക്രിക്കറ്റിന് ഒട്ടും പ്രാധാന്യമില്ലാതിരുന്ന കാലത്താണ് ജെമീമ റോഡ്രിഗസിനെ ക്രിക്കറ്റ് പരിശീലിപ്പിക്കുവാന്‍ ഇവാന്‍ ഇറങ്ങിത്തിരിച്ചത്. ജെമിയുടെ പരിശീലനത്തിനായി ഊര്‍ജ്ജവും സമയവും സമ്പത്തും മാറ്റിവച്ച ആ പിതാവിന് മാനസികരോഗമാണെന്ന് വരെ പലരും പറഞ്ഞു പരിഹസിച്ചു. എന്നാല്‍ ഇതൊന്നും ഇവാനെയോ ജെമിയെയോ അവരുടെ ലക്ഷ്യത്തില്‍ നിന്ന് അണുവിടെ വ്യതിചലിപ്പിച്ചില്ല. ഇന്ത്യന്‍ ടീമെന്ന സ്വപ്നം അവരുടെ മനസില്‍ ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞിരുന്നു.
ആദ്യം പ്രാര്‍ത്ഥന, പിന്നെ കളി
ഒരു വശത്ത് ക്രിക്കറ്റിനോടും സ്‌പോര്‍ട്‌സിനോടും അഭിനിവേശം പുലര്‍ത്തിയപ്പോഴും റോഡ്രിഗസ് കുടുംബം ഒന്നാം സ്ഥാനം നല്‍കിയത് ദൈവത്തിനായിരുന്നു. കളിക്കും പഠനത്തിനും ഉപരിയായി ക്രിസ്തുവിനോട് ചേര്‍ന്നുള്ള ജീവിതത്തിനാണ് പ്രാധാന്യമെന്ന ബോധ്യം കുട്ടിക്കാലത്ത് തന്നെ ജെമിക്ക് ലഭിച്ചു. ആരാധനാകൂട്ടായ്മകളിലും മധ്യസ്ഥപ്രാര്‍ത്ഥനാകൂട്ടായ്മകളിലും സ്ഥിരമായി പങ്കെടുത്തിരുന്ന ജെമി ഗിറ്റാറുപയോഗിച്ച് മ്യൂസിക്കല്‍ വര്‍ഷിപ്പിന് പലപ്പോഴും നേതൃത്വം നല്‍കി. ദൈവവിശ്വാസത്തിന്റെ പ്രാധാന്യം ജീവിതത്തിലൂടെ കാണിച്ചു നല്‍കിയവരായിരുന്നു ജെമീമയുടെ മാതാപിതാക്കള്‍. ഏറ്റവും നിസാരമായ കാര്യങ്ങള്‍ക്കുപോലും ദൈവത്തോട് ആലോചന ചോദിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മാതൃക കണ്ടാണ് ജെമി വളര്‍ന്നുവന്നത്.
സ്‌കൂള്‍ തലത്തിലും പിന്നീട് മുംബൈ അണ്ടര്‍ 19 ടീമില്‍ കളിച്ചപ്പോഴും കളിക്കളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ജെമീമയായിരുന്നു. തന്നെക്കാള്‍ പ്രായത്തില്‍ വളരെയധികം മുതിര്‍ന്നവരോടൊപ്പം കളിക്കാന്‍ ഭയപ്പെട്ട ജെമിയോട് ഒരു മത്സരത്തിന് മുന്‍പ് പിതാവ് ഇവാന്‍ ഇപ്രകാരം പറഞ്ഞു: ”ദൈവത്തിന്റെ രാജകീയ രക്തമാണ് നിന്റെ ശരീരത്തിലൂടെ ഒഴുകുന്നത്. നീ ദൈവത്തിന്റെ മകളാണ്. അത് നീ മറക്കരുത്.” ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോഴും ജെമി ഈ വാക്കുകള്‍ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. ആ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ജെമി തൊട്ടടുത്ത മത്സരങ്ങളിലും ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുകയും മികച്ച സ്‌കോര്‍ നേടുകയും ചെയ്തു. ബാറ്റു ചെയ്യുമ്പോഴും ബൗള്‍ ചെയ്യുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴുമെല്ലാം ദൈവം തന്റെ കൂടെയുണ്ടെന്ന ബോധ്യം ജെമീമയില്‍ ആഴപ്പെടുകയായിരുന്നു.
ക്രിക്കറ്റില്‍ പിടിച്ചുനിര്‍ത്തിയ ദൈവവചനം
2014-15 കാലഘട്ടത്തിലാണ് ഇന്ത്യ അണ്ടര്‍-19 ക്യാമ്പില്‍ പങ്കെടുക്കാന്‍ ജെമീമക്ക് ആദ്യമായി അവസരം ലഭിച്ചത്. അന്ന് 14 വയസായിരുന്നു. ക്യാമ്പിലെ ജെമീമയുടെ പ്രകടനം വളരെ മോശമായിരുന്നു. മുമ്പോട്ടുപോകാനാവില്ലെന്നും ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നും വിചാരിച്ചിരുന്ന സമയത്താണ് ഒരു ദൈവവചനം ജെമീമയുടെ തുണയ്‌ക്കെത്തുന്നത്. ”കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി”(ജറെമിയ 29:11). ബൈബിള്‍ വായിക്കുന്ന സമയത്ത് ഈ വചനം ജെമീമയെ സ്പര്‍ശിച്ചു. ഇത്രയും നടത്തിയ ദൈവം തന്നെ പാതിവഴിയില്‍ ഉപേക്ഷിക്കുകയില്ലെന്നും ദൈവമറിയാതെ ഒന്നും സംഭവിക്കുകയില്ലെന്നും ജെമിക്ക് ബോധ്യമായി.
ക്രിക്കറ്റ് കരിയറില്‍ അടുത്ത തലത്തിലേക്ക് ജെമീമയെ ഉയര്‍ത്തുവാനുള്ള ദൈവത്തിന്റെ പദ്ധതിയായിരുന്നു പ്രതിസന്ധിയുടെ ആ കാലഘട്ടം. സ്വിംഗ് ബൗളിംഗ് നേരിടുന്നതിനുള്ള പരിചയക്കുറവാണ് ജെമീമയുടെ പ്രശ്‌നമെന്ന് മനസിലാക്കിയ പിതാവ് ഒരു ലക്ഷത്തിലധികം രൂപ കടമെടുത്ത് ഒരു ബൗളിംഗ് മെഷിന്‍ വാങ്ങി. പിതാവിന്റെ ശിക്ഷണത്തില്‍ കഠിനപരിശീലനം നടത്തി, കൂടുതല്‍ മികവോടെ ജെമി തിരിച്ചെത്തി. അടുത്ത വര്‍ഷം അണ്ടര്‍ 19 തലത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ വിക്കറ്റും ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും നേടിയത് ജെമീമയായിരുന്നു. ജെമീമ അംഗമായിരുന്ന മുംബൈ ടീം ദേശീയ ചാമ്പ്യന്‍മാരുമായി.
2017 ലോകകപ്പും അബ്രാഹത്തിന്റെ വിശ്വാസവും
2017ല്‍ നടന്ന വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ളവരെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായ ചലഞ്ചര്‍ കപ്പിലെ മൂന്ന് മത്സരങ്ങളില്‍ ജെമീമയുടെ പ്രകടനം നിരാശജനകമായിരുന്നു. ഇന്ത്യന്‍ ടീമെന്ന, അതിലുപരി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാതെ വന്നതോടെ ജെമി ദുഃഖിതയായി.
ആയിടെ ജെമി വായിച്ച ഒരു ആത്മീയ പുസ്തകത്തില്‍ അബ്രാഹത്തിന്റെ അനുഭവം ഇപ്രകാരം വിവരിച്ചിരുന്നു: ”ആകാശത്തിലെ നക്ഷത്രങ്ങള്‍പ്പോലെയും മരുഭൂമിയിലെ മണത്തരികള്‍പ്പോലെയും സന്തതികളെ നല്‍കുമെന്ന് ദൈവം വാഗ്ദാനം ചെയ്‌തെങ്കിലും ഏറെ നാളത്തേക്ക് അബ്രാഹത്തിന് മക്കളുണ്ടായിരുന്നില്ല. എന്നാല്‍ മക്കളുണ്ടാകാത്തതില്‍ നിരാശപ്പെട്ട് പകല്‍ പുറത്തേക്കിറങ്ങുമ്പോഴെല്ലാം അബ്രാഹം കണ്ടത് നോക്കെത്താദൂരത്ത് പരന്ന് കിടക്കുന്ന മരുഭൂമിയിലെ പൂഴിമണലാണ്. രാത്രിയിലാകട്ടെ ആകാശം നിറയെ തെളിഞ്ഞുനില്‍ക്കുന്ന നക്ഷത്രങ്ങളും. ഈ കാഴ്ച ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കുകയും അദ്ദേഹത്തെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്തു.”
ഇതില്‍ പ്രചോദിതയായി ജെമീമ ആദ്യം ചെയ്ത കാര്യം ഇന്ത്യന്‍ ജഴ്‌സിയുടെ ഫോട്ടോ ഇന്റര്‍നെറ്റില്‍ നിന്നെടുത്ത് അതിന്റെ മുകളില്‍ തന്റെ തലയുടെ ചിത്രവും ചേര്‍ത്ത ചിത്രം നിര്‍മിക്കുകയായിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഈ ചിത്രത്തില്‍ നോക്കി ജെമീമ ഇപ്രകാരം പ്രാര്‍ത്ഥിച്ചു തുടങ്ങി: ”യേശുവേ നന്ദി. ഈ വര്‍ഷം ഇന്ത്യക്കുവേണ്ടി കളിക്കാന്‍ എന്നെ അനുവദിക്കുന്നതിനെയോര്‍ത്ത് അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു.” അബ്രാഹത്തെപ്പോലെ വിശ്വാസത്തിന്റെ വഴിയില്‍ ദൈവം കൈപിടിച്ചു നടത്തിയ നാളുകളായിരുന്നു അതെന്ന് ജെമീമ പറയുന്നു.
ആറ് മാസത്തിനുള്ളില്‍ അടുത്ത ചലഞ്ചര്‍ ട്രോഫി വരുകയും മൂന്ന് മത്സരങ്ങളിലും ജെമീമ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എങ്കിലും ജെമീമയുടെ പ്രായക്കുറവ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുവാന്‍ തടസമായേക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. ഏതായാലും എല്ലാ ദിവസവും കുടുംബമൊന്നാകെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവര്‍ കാത്തിരുന്ന ഫോണ്‍ കോള്‍ എത്തി. ഇവാനാണ് ഫോണ്‍ എടുത്തത്. ‘നിങ്ങളുടെ മകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിച്ചിരിക്കുന്നു,’ ഇത് കേട്ടതും സാധാരണയായി വികാരങ്ങളൊന്നും പ്രകടിപ്പിക്കാറില്ലാത്ത ഇവാന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തുടര്‍ന്ന് അതൊരു കൂട്ടക്കരച്ചിലായി മാറി, ഇവാനും, തവിതയും ജെമിയും ചേര്‍ന്നുള്ള സന്തോഷത്തിന്റെ കൂട്ടക്കരച്ചില്‍.
ദൈവത്തിന്റെ കരുതലിന്റെ കരം ആ തിരഞ്ഞെടുപ്പിന് പിന്നില്‍ ഉണ്ടായിരുന്നു. സാധാരണയായി 15 അംഗ ടീമിനെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ആ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് 16 പേരെ തിരഞ്ഞെടുക്കയായിരുന്നു. ജെമീമ റോഡ്രിഗസായിരുന്നു 16-ാമത്തെ അംഗമായി ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ താരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ജേഴ്‌സിയുമണിഞ്ഞ് ജെമീമ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ ഒരു കുടുംബത്തിന്റെ സ്വപ്നം അവിടെ പൂവണിയുകയായിരുന്നു.
‘ഞാന്‍ ഇത്രേയുള്ളൂ ഈശോയെ’
ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യന്‍ ടീമിലെ ജെമിയുടെ പ്രകടനം കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍പ്പോലും ജെമീമക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല. താന്‍ തഴയപ്പെട്ടു എന്ന ചിന്തയാണ് ജെമീമയ്ക്കുണ്ടായത്. പിന്നീട് നടന്ന ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ജെമിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. അവസരം ലഭിച്ച മൂന്നാമത്തെ ഏകദിന മത്സരത്തിലാകട്ടെ ആദ്യബോളില്‍ തന്നെ ഔട്ടായി. തന്റെ കരിയറിന്റെ അവസാനമായി എന്ന് കരുതിയ ജെമി അന്ന് കരഞ്ഞ് തളര്‍ന്നാണ് കിടന്നുറങ്ങിയത്.
പിന്നീടുള്ളത് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി ട്വന്റി മത്സരങ്ങളായിരുന്നു. അതില്‍ ആദ്യ മത്സരം തുടങ്ങുന്നതിന് മുമ്പ് ജെമി ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘യേശുവേ ഞാനങ്ങയെ സ്‌നേഹിക്കുന്നു. എന്റെ കൈ യില്‍ ആകെയുള്ളത് ഇത്രയൊക്കെയാണെന്ന് നിനക്കറിയാമല്ലോ. കുറച്ച് കഴിവ്, കുറച്ച് ടെക്‌നിക്കുകള്‍, കുറച്ച് പരിശ്രമം. അഞ്ചപ്പവും രണ്ടു മീനും നിന്റെ കരങ്ങളിലേല്‍പ്പിച്ച ബാലനെപ്പോലെ ഞാനും ഇവയെല്ലാം നിന്റെ കരങ്ങളില്‍ നല്‍കുന്നു. അവ വര്‍ധിപ്പിച്ച് അങ്ങയുടെ മഹത്വത്തിനായി ഉപയോഗിച്ചാലും.’
ഒരു വനിതാ അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ആ മത്സരത്തില്‍ ജെമീമ മാറി. തുടര്‍ന്നുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ജെമി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു. കുശവന്റെ കൈകൊണ്ട് മെനഞ്ഞെടുക്കപ്പെടുന്നതിനായി മണ്‍പാത്രം കടന്നുപോകേണ്ട നിരവധി അവസ്ഥകളുണ്ട്. എന്നാല്‍ അവസാനം പൂര്‍ത്തിയായ പാത്രം വളരെ മനോഹരമായിരിക്കും. ഇതു തന്നെയാണ് തന്റെ കഥയെന്നും ജെമി പറയുന്നു.
സോഷ്യല്‍ മീഡിയയിലെ താരവും യുവജനങ്ങളുടെ റോള്‍ മോഡലുമാണിന്ന് ജെമി. ആ കുതിപ്പിന് പിന്നിലുള്ള വിശ്വാസത്തിന്റെ കഥകള്‍ ഇന്ന് അനേകരെ പ്രചോദിപ്പിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *