വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ അർപ്പിച്ച ഈസ്റ്റർ ദിവ്യബലിയിൽ പങ്കെടുക്കാനും തുടർന്ന് വത്തിക്കാൻ മട്ടുപ്പാവിൽനിന്ന് നൽകിയ ‘ഊർബി എത് ഓർബി ആശീർവാദം സ്വീകരിക്കാനുമായി വിശ്വാസീസമൂഹം പ്രവഹിച്ചപ്പോൾ വത്തിക്കാൻ ചത്വരം ജനസാഗരമായി മാറി. വത്തിക്കാൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ലക്ഷത്തിൽപ്പരം പേരാണ് ഇത്തവണ ‘ഊർബി എത് ഓർബി’ ആശീർവാദം സ്വീകരിക്കാൻ വന്നണഞ്ഞത്; പേപ്പൽ ദിവ്യബലിയിൽ പങ്കെടുത്തത് 45,000 പേരും!
അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ദിവ്യബലിക്കുശേഷം വിശ്വാസീസാഗരത്തെ പാപ്പാമൊബീലിൽ സഞ്ചരിച്ച് പാപ്പ ആശീർവദിക്കുകയും ചെയ്തു. 31 കർദിനാൾമാരും 15 ബിഷപ്പുമാരും 300 വൈദീകരും പേപ്പൽ തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു. നിൽക്കുന്നതിനും നടക്കുന്നതിനും പ്രയാസമുള്ളതിനാൽ പാപ്പയ്ക്ക് പകരം കർദിനാൾ തിരുസംഘം ഡീൻ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റയാണ് ദിവ്യബലി അർപ്പിച്ചത്.
ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു എന്നും സകലർക്കുമുള്ള പ്രത്യശ പുനർജനിച്ചിരിക്കുന്നു എന്നുമുള്ള ആഹ്വാനത്തോടെയാണ് പാപ്പ ‘ഊർബി എത് ഓർബി’ സന്ദേശം ആരംഭിച്ചത്. മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്കുള്ള ഒരു പാലം നമുക്ക് കർത്താവ് പണിതു നൽകിയെന്ന് ഓർക്കാനും സന്തോഷിക്കാനുമുള്ള ഈസ്റ്റർ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിനമാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിലും ആഗോള സഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ഉടനെയും വത്തിക്കാൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് പാപ്പമാർ നൽകുന്ന സന്ദേശമാണ് ‘ഊർബി എത് ഔർബി’.
Leave a Comment
Your email address will not be published. Required fields are marked with *