Follow Us On

25

April

2024

Thursday

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മമേകുന്ന സമൂഹത്തിന്റെ ഭാവി പ്രതീക്ഷാനിർഭരം: ഫ്രാൻസിസ് പാപ്പ

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മമേകുന്ന സമൂഹത്തിന്റെ ഭാവി പ്രതീക്ഷാനിർഭരം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ജനന നിരക്ക്‌ ഒരോ രാജ്യത്തിന്റെയും ഭാവിപ്രതീക്ഷകൾ അളക്കാനുള്ള സൂചകമാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പ. സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ഭാവി ശോഭനമാകാൻ മാതാപിതാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മമേകുന്ന സാഹചര്യം സംജാതമാകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, ജനന നിരക്ക് ഉയർത്താൻ മാതാപിതാക്കൾക്ക് വിശിഷ്യാ, സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും വ്യക്തമാക്കി.

രാജ്യത്തെ ജനന നിരക്ക് ഗുരുതരമാംവിധം കുറയുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ സർക്കാരിന്റെ സഹകരണത്തോടെ ‘ഫൗണ്ടേഷൻ ഫോർ ബെർത്ത്‌സ് ആൻഡ് ഫാമിലി അസോസിയേഷൻ’ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പാപ്പയുടെ വാക്കുകൾ. ‘ജനങ്ങളുടെ പ്രത്യാശ അളക്കാനുള്ള പ്രധാന സൂചികയാണ് കുട്ടികളുടെ ജനനം, കുറച്ച് ജനനമേ ഉള്ളൂവെങ്കിൽ അവിടെ കുറച്ച് പ്രതീക്ഷയേ ഉള്ളൂ എന്നാണ് അർത്ഥം,’ പാപ്പ പറഞ്ഞു.

ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇറ്റലിയിലെ ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ വർഷമായിരുന്നു 2022. പ്രസ്തുത വർഷം ജനന നിരക്ക് 393,000 മാത്രമായിരുന്നു. ആ വർഷത്തെ മരണ നിരക്കാകട്ടെ ഏഴ് ലക്ഷവും. ക്ഷേമ സംവിധാനത്തിൽ വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ വരുത്താൻ ഇടയാക്കാവുന്ന തരത്തിലേക്ക് ജനന നിരക്ക് താഴുന്ന പശ്ചാത്തലത്തിലാണ് ‘ജനന നിരക്കിന്റെ പൊതുവായ അവസ്ഥ’ എന്ന പേരിൽ സമ്മേളനം സംഘടിപ്പിച്ചത്.

യുദ്ധങ്ങൾ, മഹാമാരി, വൻതോതിലുള്ള കുടിയേറ്റങ്ങൾ, പലായനങ്ങൾ, കാലാവസ്ഥാ പ്രതിസന്ധികൾ തുടങ്ങിയവ മൂലം യുവതലമുറയ്ക്ക് ഭാവിയെക്കുറിച്ച് വർദ്ധിച്ചു വരുന്ന ആശങ്കകളും അനിശ്ചിതത്വവുമാണ് ഈ കണക്ക് സൂചിപ്പിക്കുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സ്ഥിരമായ ജോലി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും വീടുകൾക്കുള്ള അമിതമായ വിലയും ഉയർന്ന വാടക നിരക്കും തികയാത്ത വേതനവും മൂലം ഒരു കുടുംബം ആരംഭിക്കുക എന്നത് അമാനുഷിക കാര്യംപോലെയായിരിക്കുന്നു.

ഇവയെല്ലാം രാഷ്ടീയ അധികാരികളെ വെല്ലുവിളിക്കുന്നുണ്ട്. കുടുംബത്തിന്റെ അവകാശങ്ങൾ സൂചിപ്പിക്കാതെ വ്യക്തിഗത അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും മുൻഗണന കൊടുക്കുമ്പോൾ, ചില വീടുകളിൽ വളർത്തുമൃഗങ്ങൾ കുട്ടികൾക്ക് പകരമാകുന്നതിനെക്കുറിച്ചും പാപ്പ ഖേദം പ്രകടിപ്പിച്ചു. അതിനാൽ ജനന നിരക്ക് കുറയുന്നതിനോട് പ്രതികരിക്കാൻ കുടുംബം പ്രശ്‌നത്തിന്റെ ഭാഗമല്ല മറിച്ച്, അതിന്റെ പരിഹാരത്തിന്റെ ഭാഗമാണെന്ന ബോധ്യത്തോടെ കൂട്ടായ പരിശ്രമത്തിലേക്കും പദ്ധതികളിലേക്കും തിരിയേണ്ടത് അനിവാര്യമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?