വത്തിക്കാൻ സിറ്റി: കത്തോലിക്കാ സംഘടനയായ ‘ഓപ്പുസ് ദേയി’ൽനിന്ന് ഇത്തവണ തിരുപ്പട്ടം സ്വീകരിച്ചത് 25 നവവൈദീകർ. ഇവരെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണെന്നതു മാത്രമല്ല, എൻജിനീയറിംഗും ടീച്ചിംഗും ഉൾപ്പെടെ വിവിധ രംഗങ്ങളിൽ വ്യാപരിച്ചിരുന്നവരാണെന്നതും ശ്രദ്ധേയം. റോമിലെ സെന്റ് യൂജിൻസ് ബസിലിക്കയിൽ നടന്ന തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിൽ സഭാശുശ്രൂഷകർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ ലാസറസ് യു ഹ്യൂങ് സിക്കായിരുന്നു മുഖ്യകാർമികൻ.
പന്ത്രണ്ട് രാജ്യങ്ങളിൽനിന്നുള്ളവരാണ് നവവൈദീകർ. സ്‌പെയിനിൽ നിന്നുള്ളവരാണ് ഭൂരിപക്ഷവും. കൂടാതെ ലാറ്റിൻ അമേരിക്കയിൽനിന്നുള്ളവർ മുതൽ ക്രൈസ്തവ വിരുദ്ധ പീഡനം ശക്തമായ നൈജീരിയയിൽനിന്നുള്ളവർവരെ ഇക്കൂട്ടത്തിലുണ്ട്. എഞ്ചിനീയർമാർക്കും ഡോക്ടർമാർക്കും പുറമെ, രാഷ്ട്രീയം പത്രപ്രവർത്തനം ഉൾപ്പെടെയുള്ള മേഖലകളോടും വിടപറഞ്ഞവരും നവവൈദീകരിൽ ഉൾപ്പെടുന്നു.
തിരുക്കർമമധ്യേ നടത്തിയ പ്രസംഗത്തിൽ, ദൈവത്തിന്റെ ഉപകരണങ്ങളായി ദൈവജനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യണമെന്ന സന്ദേശമാണ് കർദിനാൾ ലാസറസ് നവവൈദീകർക്ക് നൽകിയത്. ‘നിങ്ങളല്ല, ക്രിസ്തുവാണ് നിങ്ങളിലൂടെ പ്രവർത്തിക്കുന്നത്. അവിടുന്ന് നമ്മെ ഒരു നിശ്ചിത സമയത്തേക്ക് മാത്രമല്ല, മറിച്ച്, എന്നുമെന്നേക്കും അവിടുത്തെ ഉപകരണങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നു. ഇന്ന് നിങ്ങൾക്കും ഈശോയ്ക്കും നടുവിൽ ഒരു ഐക്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നു, അത് ഒരിക്കലും അലിഞ്ഞുപോകില്ല.’
സമർപ്പിതരെയും സാധാരണക്കാരെയും അവരുടെ ദൈനംദിന ജീവിതത്തിൽ വിശുദ്ധി പിന്തുടരാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായിരിക്കുന്ന പ്രസ്ഥാനമാണ് ‘ഓപ്പുസ് ദേയി’. ‘സാധാരണക്കാരുടെ വിശുദ്ധൻ’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പേരുചൊല്ലി വിളിച്ച വിശുദ്ധ ജോസ്മരിയ എസ്‌ക്രിവ 1928ൽ രൂപം നൽകിയ ഓപ്പുസ് ദേയി ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ സജീവമാണിപ്പോൾ. അതിൽ വിവാഹിതരും വൈദീകരും ഉൾപ്പെടെ 90,000 അംഗങ്ങളുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *