Follow Us On

11

January

2025

Saturday

ദരിദ്രരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ അകറ്റരുത്, ദരിദ്രജന സേവനം ക്രൈസ്തവരുടെ സവിശേഷ ദൗത്യം: ഫ്രാൻസിസ് പാപ്പ

ദരിദ്രരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ അകറ്റരുത്, ദരിദ്രജന സേവനം ക്രൈസ്തവരുടെ സവിശേഷ ദൗത്യം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ദരിദ്രരിൽനിന്ന് ദൃഷ്ടികൾ അകറ്റരുതെന്നും നാം ഒന്നടങ്കം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദരിദ്രജന സേവനം ക്രൈസ്തവരുടെ സവിശേഷ ദൗത്യമാണെന്നും പാപ്പ പറഞ്ഞു. നവംബർ 19ന് ആചരിക്കുന്ന, ദരിദ്രരുടെ ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ്, ദരിദ്രരിലും ക്ലേശിതരിലും ദൈവത്തിന്റെ മുഖം ദർശിക്കണമെന്ന ക്രിസ്തീയ ദർശനം ഓർമിപ്പിച്ചുകൊണ്ട് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്.

പാവപ്പെട്ടവരെ വികാരങ്ങളുടെ മാത്രം തലങ്ങളിൽ കാണേണ്ടവരല്ല മറിച്ച് അവരുടെ ജീവിതത്തിന്റ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് പാപ്പ കൂട്ടിച്ചേർത്തു. പാവപ്പെട്ടവനെ തെരുവോരങ്ങളിൽ കണ്ടുമുട്ടുമ്പോൾ നല്ല സമരിയാക്കാരന്റെ മാതൃക ഉൾക്കൊണ്ടും വർത്തമാനകാലത്തെ അതിർവരമ്പുകൾ ഭേദിച്ചും വ്യക്തിപരമായി അവരുടെ കാര്യങ്ങളിൽ ഇടപെടുക എന്നത് ഓരോ ക്രൈസ്തവരിലും നിക്ഷിപ്തമായിരിക്കുന്ന വലിയ വിളിയാണെന്നും പാപ്പ പറഞ്ഞു.

‘സാമ്പത്തിക അടിത്തറയില്ലായ്മ മാത്രമല്ല ദാരിദ്ര്യം. യുദ്ധങ്ങളും നിരാശാജനകമായ യൗവനങ്ങളും മനുഷ്യത്വരഹിതമായ ജോലിയിടങ്ങളുമെല്ലാം ഇന്നത്തെ ലോകത്തിന്റെ ദാരിദ്ര്യ മുഖങ്ങളാണ്. പ്രസ്തുത സാഹചര്യങ്ങൾ ആത്മഹത്യയിലേക്കുവരെ നയിക്കുംവിധം ഭീകരമാകാറുണ്ട്. അതിനാൽ പങ്കുവെക്കലിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തോടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നാം പ്രവർത്തിക്കണം.’ അപരന്റെ നിറവും പദവിയും ഉത്ഭവവും നിർണയിക്കുന്ന വേലിക്കെട്ടുകൾക്കുമപ്പുറം മറ്റുള്ളവരെ സഹോദരരായി കാണാനും അവരെ സ്വീകരിക്കാനുമുള്ള ഹൃദയ വിശാലത നാം പ്രകടിപ്പിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

യുദ്ധമേഖലകളിലെ കുഞ്ഞുങ്ങൾ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവർ, തൊഴിലിടങ്ങളിൽ ചൂഷണത്തിന് ഇരയാകുന്നവർ, തടവുകാർ തുടങ്ങിയവരെല്ലാം പരാജയങ്ങളാണെന്ന് വിധിയെഴുതുന്ന സംസ്‌കാരത്തിൽനിന്ന് നാം വിടുതൽ നേടണം. മാത്രമല്ല, അവരെ സ്വന്തം അയൽക്കാരായി ചേർത്തുനിർത്താനുള്ള പ്രതിബദ്ധത സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിയമനിർമാണത്തിനായുള്ള സാധ്യതയ്ക്ക് വഴിതെളിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

2016ൽ തിരുസഭ ആഘോഷിച്ച കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പ തന്നെയാണ് പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോളദിനാചരണം പ്രഖ്യാപിച്ചത്. ആരാധനക്രമവത്സരത്തിലെ സാധാരണ കാലം 33-ാം ഞായർ (ഈ വർഷം അത് നവംബർ 19) ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഓരോ വർഷം കഴിയും തോറും വൻ സ്വീകാര്യത ലഭിക്കുന്ന ദിനാചരണത്തിന് നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘമാണ് ചുക്കാൻ പിടിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?