Follow Us On

04

May

2024

Saturday

മണിപ്പൂര്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!

മണിപ്പൂര്‍,  ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!

കെ.ജെ. മാത്യു
(മാനേജിങ് എഡിറ്റര്‍)

നമ്മുടെ പ്രിയ സഹോദരി മണിപ്പൂര്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് രക്തം വാര്‍ന്ന് വഴിയരുകില്‍ കിടക്കുകയാണ്. അവളുടെ അനേക നിഷ്‌കളങ്ക സന്തതികള്‍ കൊല്ലപ്പെട്ടു, കുറേയധികം പേരുടെ ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടു. ജീവനുംകൊണ്ട് പലായനം ചെയ്ത അവര്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയില്‍ വനാന്തരങ്ങളില്‍ കഴിയുന്നു. എന്നാല്‍ അവിടെനിന്ന് ഉയരുന്നത് നിരാശയുടെ രോദനങ്ങളല്ല, പ്രത്യാശയുടെ സ്തുതിഗീതങ്ങളാണ്. ചെറിയൊരു തലവേദന വരുമ്പോള്‍ ദൈവസ്‌നേഹത്തെ സംശയിക്കുന്ന നമ്മുടെയൊക്കെ മുമ്പില്‍ വിശ്വാസത്തിന്റെ ധീരസാക്ഷികളായി അവര്‍ നിലകൊള്ളുന്നു. നശ്വരതയിലല്ല, അനശ്വരതയില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്കുമാത്രമേ അങ്ങനെ ചെയ്യുവാന്‍ കഴിയുകയുള്ളൂ. വഴിയോരത്ത് മുറിവേറ്റു കിടക്കുന്ന നമ്മുടെ സഹോദരിക്ക് സ്‌നേഹത്തിന്റെ എണ്ണയും പ്രാര്‍ത്ഥനയുടെ തൈലവും പകര്‍ന്ന് അവളുടെ മുറിവുകള്‍ വച്ചുകെട്ടാന്‍ നമ്മുടെ സ്വാര്‍ത്ഥമോഹങ്ങളുടെ കഴുതപ്പുറത്തുനിന്നു നമുക്ക് താഴെയിറങ്ങാം.

വെറുപ്പിന്റെയും കൊലവിളികളുടെയും അട്ടഹാസങ്ങള്‍ അന്തരീക്ഷത്തെ കാര്‍മേഘപടലങ്ങള്‍ക്കൊണ്ട് നിറയ്ക്കുമ്പോള്‍ ദൈവസ്‌നേഹത്തിന്റെ പ്രകാശരശ്മികള്‍ അവിടെ കടന്നുവരാനായി നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം. നിഷ്‌കളങ്ക പ്രാര്‍ത്ഥനയുടെ മന്ത്രണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നമുക്കും അവളോട് പറയാം: ‘മണിപ്പൂര്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.’ കഴിഞ്ഞ ജൂണ്‍ 21-ാം തിയതി ശാലോമിന്റെ ഓഫിസില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം നാലുമണിവരെ ദിവ്യകാരുണ്യ സന്നിധിയില്‍ മണിപ്പൂരിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. അനുദിന പ്രാര്‍ത്ഥനകളില്‍ മണിപ്പൂര്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനാവിഷയമാണ്. നമുക്കും ഹൃദയംകൊണ്ട് ആ പ്രാര്‍ത്ഥനകളില്‍ പങ്കുചേരാം.

മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങളാണുള്ളത്: പ്രബലമായ മെയ്‌തേയി വിഭാഗത്തില്‍പെട്ടവരും ഗോത്രവിഭാഗക്കാരായ കുക്കികളും. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇവര്‍ തമ്മിലുള്ള അനിഷ്ടത്തിന് കലാപത്തിന്റെ തീ കൊളുത്തിയത് മെയ്‌തേയി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന് ഏപ്രില്‍ 19-ന് ഹൈക്കോടതി നല്‍കിയ ഉത്തരവാണ്. 33 ഗോത്രസംഘടനകളെ പ്രതിനിധാനം ചെയ്യുന്ന ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍, കോടതി ഉത്തരവിനെതിരെ മെയ് മൂന്നിന് ഐക്യദാര്‍ഢ്യമാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനെതിരെ മെയ്‌തേയി വിഭാഗത്തില്‍പെട്ട തീവ്രവാദി സംഘടനകള്‍ ശക്തമായി പ്രതികരിച്ചതാണ് ഇന്നും കെട്ടടങ്ങാത്ത കലാപത്തീയുടെ ആരംഭം. മെയ്‌തേയികള്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്.

കുറച്ചു മുസ്ലീങ്ങളും വളരെ കുറച്ച് ക്രിസ്ത്യാനികളുമുണ്ട് അവരില്‍. കുക്കികളും മറ്റു ഗോത്രവിഭാഗങ്ങളുമാകട്ടെ പ്രധാനമായും ക്രിസ്തീയവിശ്വാസം പിന്തുടരുന്നവരാണ്. താഴ്‌വരകളില്‍ താമസിക്കുന്ന മെയ്‌തേയി വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി ലഭിച്ചാല്‍ മലനിരകളില്‍ ഭൂമി വാങ്ങുന്നതിനുള്ള വിലക്ക് മാറും. മലനിരകളില്‍ താമസിക്കുന്ന കുക്കികള്‍ക്ക് ഇത് അവരുടെ അസ്തിത്വപ്രശ്‌നമായി മാറുന്നത് അതുകൊണ്ടാണ്. കലാപകാരികളില്‍ ഒരു വിഭാഗത്തിന് ഭരണകൂട പിന്തുണയുണ്ടെന്നും ഇത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ആസൂത്രിത കലാപമാണെന്നുമുള്ള ആരോപണം ശക്തമാണ്. ഇവിടെ കേന്ദ്രഭരണകൂടവും കുറ്റകരമായ നിസംഗത പുലര്‍ത്തുന്നു.

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവരെപ്പോലെ ഈ സാഹചര്യം മുതലെടുക്കുവാന്‍ മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ സജീവമാണെന്ന വാര്‍ത്ത കൂടുതല്‍ ഞെട്ടലുളവാക്കുന്നതാണ്. കലാപം ആരംഭിച്ച മെയ് മൂന്നിനുശേഷം മയക്കുമരുന്ന് കള്ളക്കടത്ത് വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു (ദ ഹിന്ദു, ജൂണ്‍ 19 പേജ് 9). മയക്കുമരുന്ന് കഴിച്ച് സുബോധം നഷ്ടപ്പെട്ടവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ആര് നിയന്ത്രിക്കും? അനൗദ്യോഗിക കണക്കനുസരിച്ച് കൊല്ലപ്പെട്ടവരിലേറെയും ക്രൈസ്തവരായ കുക്കികളാണ്. തകര്‍ക്കപ്പെട്ടതിലേറെയും അവരുടെ ആരാധനാലയങ്ങളും ഭവനങ്ങളുമാണ്. നിഷ്പക്ഷമതികളായ മനുഷ്യസ്‌നേഹികളുടെ ഹൃദയങ്ങളില്‍നിന്ന് ഉയരുന്ന ചോദ്യമിതാണ്: അവരെ സംരക്ഷിക്കേണ്ട ഭരണകൂടം സഹായിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് സഹായം എവിടെനിന്നുവരും?
ഈ ചോദ്യം പുതിയതല്ല. എല്ലാക്കാലങ്ങളിലുമുള്ള നിസഹായന്റെ നിലവിളിയോടുകൂടെയുള്ള ചോദ്യമാണിത്.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് സങ്കീര്‍ത്തകന്‍ ചോദിച്ച ചോദ്യംതന്നെ. ‘എനിക്ക് സഹായം എവിടെനിന്നു വരും?’ അദ്ദേഹംതന്നെ കൃത്യമായ ഉത്തരവും നല്‍കുന്നുണ്ട്: ”എനിക്ക് സഹായം കര്‍ത്താവില്‍നിന്ന് വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്” (സങ്കീര്‍ത്തനങ്ങള്‍ 121:1-2). ദൈവത്തിലേക്ക് കണ്ണുകളുയര്‍ത്തി മണിപ്പൂരിനുവേണ്ടി വേദനയോടെ നമുക്കും പ്രാര്‍ത്ഥിക്കാം. വെറുപ്പ് നിറഞ്ഞുനില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്‌നേഹവും കരുണയും സമാധാനവും വന്നുനിറയാന്‍ പരിശുദ്ധ അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥന നമുക്കും ചൊല്ലിക്കൊണ്ടേയിരിക്കാം: ”ക്രിസ്തുനാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോള്‍ ഭൂമിയിലേക്കയക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കട്ടെ! അതുവഴി ധാര്‍മികാധഃപതനം, ദുരന്തങ്ങള്‍, യുദ്ധം ഇവയില്‍നിന്നും അവര്‍ സംരക്ഷിക്കപ്പെടട്ടെ. ഒരിക്കല്‍ മറിയമായിരുന്ന, സര്‍വജനപദങ്ങളുടെയും നാഥ, ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ ആമ്മേന്‍.”

ദൈവമാതാവിനോട് ചേര്‍ന്ന് പ്രാര്‍ത്ഥന ഉയര്‍ത്തുമ്പോള്‍ ദൈവം പ്രസാദിക്കും. അപ്പോള്‍ മനുഷ്യന് ചെയ്യാന്‍ കഴിയാത്തത് അവിടുന്ന് നിശ്ചയമായും ചെയ്യും.
”യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ്” (മത്തായി 10:26). ആമ്മേന്‍!

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?