Follow Us On

22

December

2024

Sunday

കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍

കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ്

ചില സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷമായിരിക്കും. അത്തരത്തില്‍ മനസിന് ഭയങ്കര സന്തോഷം നല്‍കിയ ഒരു സിനിമയായിരുന്നു Bekas.

സനായും ദനായും സഹോദരങ്ങളാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട അവര്‍ക്ക് സ്വന്തമെന്ന് പറയാന്‍ അവര്‍ രണ്ടുപേരും മാത്രമേയുള്ളു. ഷൂ പോളിഷ് ചെയ്തും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ആ സമയത്താണ് അവരുടെ നാട്ടില്‍ സൂപ്പര്‍മാന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സൂപ്പര്‍മാന്‍ വിചാരിച്ചാല്‍ തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ആ നിഷ്‌കളങ്കരായ കുരുന്നുകള്‍ വിചാരിക്കുന്നു. അങ്ങനെ അവര്‍ സൂപ്പര്‍മാനെ കാണാന്‍ അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. അതും റോഡ് മാര്‍ഗം. തങ്ങളുടെ വാഹനമാകാന്‍ ഒരു കഴുതയെയും കൂട്ടി ആ കുട്ടികള്‍ നടത്തുന്ന മനോഹരമായ നിഷ്‌കളങ്കമായ ഒരു യാത്രയാണ് Bekas.

കൈവെള്ളകൊണ്ട് മാപ്പില്‍ ഇറാക്കില്‍നിന്ന് അമേരിക്കയിലേക്കുള്ള ദൂരം അളന്നു, ‘ദാ ഇത്രേ ഉള്ളു’ എന്ന് പറഞ്ഞു യാത്ര തിരിക്കുകയാണ് സനായും ദനായും. രണ്ട് ദിവസംകൊണ്ട് എത്തുമെന്നാണ് അവരുടെ നിഗമനം, എന്നിരുന്നാലും പോകാന്‍ അവര്‍ ഒരു കഴുതയെയും വാങ്ങുന്നുണ്ട്. തെരുവില്‍ ഷൂ പോളിഷ് ചെയ്തു ജീവിക്കുന്ന രണ്ടു പേര്‍ക്കും പാസ്‌പോര്‍ട്ട് എടുക്കാനുള്ള പൈസ കയ്യില്‍ ഉണ്ടാവില്ലെന്ന് ചേട്ടന്‍ ദനാ പറയുന്നുണ്ട്. പേരും മേല്‍വിലാസവും ഫോട്ടോയും ഒക്കെയുള്ള ഒരു ചെറിയ പുസ്തകം ആണ് പാസ്‌പോര്‍ട്ട് എന്ന് സനക്കു മനസിലാവുന്നു. അതുകൊണ്ട് തന്നെ യാത്രക്ക് മുന്നേ രണ്ടു ചെറിയ നോട്ടുബുക്ക് വാങ്ങി അതില്‍ രണ്ടു പേരുടെയും ചിത്രം വരച്ചു പേരും വയസും എഴുതി കയ്യില്‍ സൂക്ഷിക്കാനും മറക്കുന്നില്ല.

ഇതെല്ലാം സൂപ്പര്‍മാന്‍ അങ്ങ് അമേരിക്കയില്‍ ആണെന്നറിഞ്ഞുള്ള സാഹസമാണ്. സൂപ്പര്‍മാനെ കാണാന്‍ പോവുന്ന രണ്ടു പേര്‍ക്കും കൂട്ടുകാരൊക്കെ ചേര്‍ന്ന് ഗംഭീര യാത്രയയപ്പും കൊടുക്കുന്നുണ്ട്. രണ്ടുപേരുടെയും നിഷ്‌കളങ്കതയും സാഹസികതയും ഒരുപോലെ കാണിക്കുന്നുണ്ട് Bekas എന്ന കുര്‍ദിഷ് സിനിമ. സഹോദരന്മാരുടെ ചെറിയ പിണക്കങ്ങളും പരസ്പര സ്‌നേഹവും കാണുമ്പോ അവരോടു ഒരുപാട് ഇഷ്ടം തോന്നും. ഇതില്‍ നമ്മുടെ മനസിനെ തൊടുന്നത് അവരുടെ ആ സ്വപ്‌നമാണ്. ആ നിഷ്‌കളങ്ക സ്വപ്‌നം.

സ്വപ്‌നങ്ങള്‍ ഇല്ലാത്തവര്‍ ഉണ്ടോ? ജീവിതത്തിന് മധുരവും പ്രതീക്ഷയും നല്‍കുന്നത് സത്യത്തില്‍ സ്വപ്‌നങ്ങള്‍ അല്ലേ..! കുഞ്ഞുങ്ങള്‍ക്കല്ലേ സ്വപ്‌നങ്ങള്‍ കൂടുതല്‍. ഓര്‍മ്മകള്‍ പിറകോട്ട് പോകുമ്പോള്‍ തെളിഞ്ഞു വരുന്നത് മുഴുവന്‍ കുഞ്ഞുനാളിലെ സ്വപ്‌നങ്ങള്‍ ആയിരുന്നു. ഓര്‍ത്തെടുക്കുമ്പോള്‍ ചിരിയും കൗതുകവും തോന്നുന്നു. കുഞ്ഞുങ്ങളുടെ മനസ് കൈമോശം വരാത്തവര്‍ക്കാണ് സ്വപ്‌നങ്ങള്‍ സ്വന്തമായിട്ടുള്ളത്. ബൈബിള്‍ വായിക്കുമ്പോള്‍ എന്തുമാത്രം സ്വപ്‌നങ്ങള്‍ നമുക്ക് വായിച്ചെടുക്കാം.

വലുതാകുംതോറും നമ്മില്‍നിന്ന് നഷ്ടമാകുന്നതും ഇതുതന്നെയാണ്. തിരിച്ചു കിട്ടാത്ത ആ ബാല്യത്തെ ഓര്‍ത്ത് ചിലരെങ്കിലും തനിച്ച് നില്‍പ്പുണ്ട്. നമ്മുടെ ജീവിതത്തിന് സ്വപ്‌നങ്ങള്‍ ഉണ്ടാകണം. അത് മാത്രമാണ് ജീവിതത്തിന്റെ സന്തോഷവും പ്രത്യാശയും തിരിച്ചുപിടിക്കുന്നത്. നമ്മുടെ സ്വപനങ്ങള്‍ നമ്മുടേതല്ല എന്നാണ് ഡോ. അബ്ദുല്‍ കലാമിന്റെ നിരീക്ഷണം. ഇന്ന് ഞാന്‍ കാണുന്ന സ്വപ്‌നങ്ങള്‍ നാളെയുടെതാണ്. ‘കുട്ടികളുടെ നല്ല നാളെക്കായി നമ്മുടെ ഇന്നിനെ സമര്‍പ്പിക്കുക’ ആ സമര്‍പ്പണത്തില്‍ നാളെയുടെ ഇന്ത്യ ഉയര്‍ന്നു വരും. കലാമിന്റെ ജീവിതം പരതിയാല്‍ നമുക്ക് മനസിലാവും, വിയര്‍പ്പിന്റെ നനവാര്‍ന്ന കഥകള്‍…

കഷ്ടതകള്‍ നിറഞ്ഞ, വേദനകള്‍ പടര്‍ന്ന ജീവിതത്തില്‍നിന്ന് അദ്ദേഹം ഇന്ത്യയുടെ പ്രഥമ സ്ഥാനം അലങ്കരിച്ചതിന്റെ ശോഭ. അദ്ദേഹം പറയുകയുണ്ടായി, ‘മനുഷ്യന്‍ കഷ്ടതകളെ അഭിമുഖീകരിക്കണം. എന്നാലെ അവന് വിജയങ്ങള്‍ ആസ്വദിക്കാന്‍ കഴിയു’. കേരളത്തില്‍ ഒരിക്കല്‍ ഡോ. കലാം വന്നപ്പോള്‍ ഒരു കോളജ് സന്ദര്‍ശിച്ചു. അവരുമായുള്ള സംവാദത്തില്‍ ഒരു കുട്ടി കലാമിനോട് ചോദിച്ചു, ‘ആകാശത്തിലും ഭുമിയിലും പറന്നുയരാന്‍ താങ്കളുടെ ചിറകുകള്‍ക്ക് ശക്തി നല്‍കുന്നത് ആരാണ്….?’

ഡോ. കലാമിന്റെ മറുപടി… ‘തീര്‍ച്ചയായും ആത്മാവ് ശരീരം എന്നിവയുടെ പരിശുദ്ധിയാണ് പ്രധാനം… അവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചിറകടിച്ചുയരാം’ കലാം നിരന്തരം പറയുമായിരുന്നു, ‘രാജ്യം അഴിമതി രഹിതവും സുന്ദര ഹൃദയവുമുള്ളതാകണമെങ്കില്‍ സമൂഹത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് ചിലത് ചെയ്യാനുണ്ട്. അച്ഛന്‍, അമ്മ, അധ്യാപകന്‍ എന്നിവരാണവര്‍.

‘ രാമേശ്വരത്തിന്റെ വഴിയോരങ്ങളില്‍ ഇന്നുമുണ്ട് കലാമെന്ന ബാലന്റെ വിയര്‍പ്പും സ്വപ്നങ്ങളും. നമുക്കും കണ്ടുതുടങ്ങാം ജീവിതത്തിന്റെ മനോഹരമായ സ്വപ്‌നങ്ങള്‍. അത് ചെറുതാകാം വലുതാകാം. പക്ഷേ കണ്ടുതുടങ്ങണം. ജീവിതത്തിന്റെ അവസാനമല്ലേ, എല്ലാം തീര്‍ന്നില്ലേ എന്നൊക്കെയോര്‍ത്ത് മടിച്ചു നില്‍ക്കാതെ നമുക്കും കാണാം കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങള്‍.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?