വത്തിക്കാൻ സിറ്റി: റഷ്യൻ യുവജന ദിനത്തിൽ അവിടത്തെ കത്തോലിക്കാ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പ നൽകിയ വീഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് വലിയ വേദനയും ആശങ്കയും പ്രകടിപ്പിച്ചതോടെ, റഷ്യൻ സാമ്രാജ്യത്വത്തെ ഉയർത്തികാണിക്കാൻ പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ.
“റഷ്യയുടെ മഹത്തായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകത്തിൽ പോസിറ്റീവായ കാര്യങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നു പാപ്പയുടെ ലക്ഷ്യം. തീർച്ചയായും സാമ്രാജ്യത്വ യുക്തിയെയും സർക്കാർ വ്യക്തിത്വങ്ങളെയും മഹത്വവത്കരിക്കുക പാപ്പയുടെ ലക്ഷ്യമായിരുന്നില്ല,” വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി.
യുവജനങ്ങൾക്കു നൽകിയ സന്ദേശത്തിന് ഒടുവിൽ സമാപന ആശീർവാദം നൽകുന്നതിനിടെയാണ് എഴുതി തയാറാക്കിയതിൽനിന്ന് വ്യത്യസ്തമായി റഷ്യയുടെ പുരാതന സംസ്‌കൃതിയെ കുറിച്ച് പാപ്പ പറഞ്ഞ വാക്കുകളാണ് തെറ്റിദ്ധാരണക്കിടയാക്കിയത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ റഷ്യൻ സാമ്രാജ്യം വിപുലീകരിച്ച റഷ്യൻ ചക്രവർത്തിമാരെയും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ യുക്രൈൻ അധിനിവേശത്തെ ന്യായീകരിക്കാൻ ആഹ്വാനം ചെയ്തവരെയും പാപ്പ പരാമർശിച്ചതാണ് വിവാദമായത്.
മഹാനായ പീറ്റർ രണ്ടാമന്റെയും കാതറിൻ രണ്ടാമന്റെയും മഹത്തായ റഷ്യയുടെ വലിയ സംസ്‌കാരവും മനുഷ്യത്വവുമുള്ള പൈതൃകത്തെ നിഷേധിക്കരുതെന്നാണ് പാപ്പ യുവജനങ്ങളോട് പറഞ്ഞത്. എന്നാൽ ഇത് ലഭ്യമായ ലൈവ് സ്ട്രീമിലോ പാപ്പയുടെ പ്രസംഗത്തിന്റെ ഔദ്യോഗിക ട്രാൻസ്‌ക്രിപ്റ്റിലോ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി.
യുക്രൈനിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയവും ഇതുസംബന്ധിച്ച വിശദീകരണ കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യുക്രൈയിനിൽ ഉൾപ്പടെ റഷ്യയുടെ സമീപ രാജ്യങ്ങളിലേക്ക് റഷ്യ നടത്തുന്ന അധിനിവേശങ്ങളെ പാപ്പ തന്റെ സന്ദേശത്തിലോ വാക്കുകളിലോ മഹത്വതീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാക്കാലത്തും സാമ്രാജ്യത്ത്വതിനെതിരായ തന്റെ എതിർപ്പ് പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ് ഫ്രാൻസിസ് പാപ്പയെന്നും സ്ഥാനപതി കാര്യാലയത്തിന്റെ വിശദീകരണകുറിപ്പ് പറയുന്നു.
“റഷ്യയുടെ സാമ്രാജ്യത്വ അഭിലാഷങ്ങളെ പിന്തുണക്കാതെയും ചരിത്രപരമായ വിലയിരുത്തലുകൾക്ക് ശ്രമിക്കാതെയും പരിശുദ്ധ പിതാവ് ഈ വാക്കുകൾ സ്വയമേവ പറഞ്ഞതാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകിന്റെ പ്രതികരണം. അതേസമയം യുക്രൈനിലെ യുദ്ധത്തിന് കാരണമായ ദേശീയതയെയും സാമ്രാജ്യത്വത്തെയും പിന്തുണയ്ക്കുന്നതായി ഈ വാക്കുകൾ കണക്കാക്കാനുള്ള അപകടമുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *