Follow Us On

21

November

2024

Thursday

രജത ജൂബിലി നിറവില്‍ മേരിമാതാ മേജര്‍ സെമിനാരി

രജത ജൂബിലി നിറവില്‍  മേരിമാതാ മേജര്‍ സെമിനാരി

സൈജോ ചാലിശേരി

”എന്റെ ഹൃദയത്തിന് ഇണങ്ങിയ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും” എന്ന പ്രവാചക വചനത്തിന്റെ പ്രചോദനത്താല്‍ ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നേതൃത്വത്തില്‍ തൃശൂര്‍ അതിരൂപത ആരംഭിച്ച മുളയം മേരി മാതാ മേജര്‍ സെമിനാരി 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1998 ജൂണ്‍ ഒന്നിനാണ് മേരിമാത സെമിനാരി പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ വര്‍ഷംതന്നെ ഓഗസ്റ്റ് 15-ന് അന്നത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഔപചാരികമായ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.

വൈവിധ്യമാര്‍ന്ന മിനിസ്ട്രികള്‍
പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ത്രിവിധ പൗരോഹിത്യ ദൗത്യങ്ങളെ കോര്‍ത്തിണക്കിയുള്ള വൈദികപരിശീലന പദ്ധതിയാണ് മേരിമാത സെമിനാരി വിഭാവനം ചെയ്യുന്നത്. ദൈവജനവുമായി അടുത്തിടപഴകാന്‍ വൈദികവിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ സെമിനാരി ഒരുക്കുന്നു. ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ചകളില്‍ ഇടവകകളില്‍ നടത്തിവരുന്ന മതബോധന ശുശ്രൂഷകള്‍, തത്വശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന മുളയം ഇടവകയിലെ ഭവനസന്ദര്‍ശനങ്ങള്‍, കരുതലിന്റെ സ്‌നേഹവും പ്രാര്‍ത്ഥനയുമായി രോഗികളെ ശുശ്രൂഷിക്കുന്ന ബത്‌സയ്ദാ മിനിസ്ട്രി, കാരുണ്യത്തിന്റെ സുവിശേഷം ജീവിതത്തിലൂടെ പ്രഘോഷിക്കാന്‍ തടവറയില്‍ കിടക്കുന്നവരെ ജീസസ് ഫ്രറ്റേണിറ്റി മിനിസ്ട്രി, അഗതികളുടെയും പാവപ്പെട്ടവരുടെയും ഒപ്പം നില്‍ക്കുന്ന സ്ലം മിനിസ്ട്രി എന്നിവ മേരിമാതയുടെ അജപാലനമുഖങ്ങളാണ്. യുവജനങ്ങളുമായി സംഗമിക്കുന്ന വൈദിക വിദ്യാര്‍ത്ഥികളുടെ യൂത്ത് മിനിസ്ട്രി, യുവതലമുറയെ ദൈവത്തോടും സഭയോടും അടുപ്പിക്കാന്‍ അവരോടൊപ്പം ഒരു വര്‍ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂത്ത് accompaniment പ്രോഗ്രാം, അധ്വാനിക്കുന്നവന്റെ നൊമ്പരം തിരിച്ചറിയാന്‍ സഹായിക്കുന്ന work exposure പ്രോഗ്രാം, കേരളത്തില്‍ തൊഴില്‍ തേടി വരുന്നവരുടെ ആത്മീയ വളര്‍ച്ചയെ സഹായിക്കുന്ന അതിഥിതൊഴിലാളികളുടെ ഇടയിലെ അജപാലന പ്രവര്‍ത്തനം, ഇടവകകളില്‍ താമസിച്ച് വൈദികരും വൈദിക വിദ്യാര്‍ത്ഥികളും നയിക്കുന്ന ആത്മീയ നവീകരണ കുടുംബസന്ദര്‍ശന ശുശ്രൂഷയായ സ്‌നേഹോത്സവം എന്നിവയും മേരിമാതയുടെ മുഖമുദ്രയാണ്.

അവസാന വര്‍ഷ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുമാസക്കാലം ഇടവകയില്‍ താമസിച്ച് പരിശീലനം നേടാന്‍ സഹായിക്കുന്ന ഡീക്കന്‍ മിനിസ്ട്രി, വടക്കേ ഇന്ത്യയിലെ മിഷന്‍പ്രദേശങ്ങളില്‍ മൂന്നാഴ്ചകള്‍ ദീര്‍ഘിക്കുന്ന മിഷന്‍ എക്‌സ്‌പോഷര്‍ എന്നിങ്ങനെയുള്ള പരിപാടികളും മേരിമാത ഒരുക്കുന്നുണ്ട്. വ്യത്യസ്ത റീത്തുകളിലെ വിവിധ രൂപതകളില്‍നിന്നും സന്യാസ സമൂഹങ്ങളില്‍നിന്നും വരുന്ന വൈദിക വിദ്യാര്‍ത്ഥികള്‍ക്കായി തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകള്‍ ഒരുക്കുന്നു. സെമിനാരിയിലെ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ് പൂന ജ്ഞാനദീപ ഫിലോസഫി ഫാക്കല്‍റ്റിയുമായും തിയോളജി വിഭാഗം ബെല്‍ജിയം ലുവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ തിയോളജി ആന്റ് റിലീജിയസ് സ്റ്റഡീസുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ഇങ്ങനെ തത്വശാസ്ത്രപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് Bph ഡിഗ്രിയും ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്റ്റിബി, ബിഎ എന്നീ രണ്ടു ഡിഗ്രിയും മേരിമാതയില്‍നിന്നും സ്വന്തമാക്കാന്‍ കഴിയും.

വിപുലമായ ഇന്‍ഫ്രാസ്ട്രക്ചര്‍
45,000-ത്തില്‍ പരം പുസ്തകങ്ങളും ഒട്ടനവധി മാസികകളുമുള്ള മേരിമാതയുടെ വിശാലമായ ലൈബ്രറി പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍കൃതമാണ്. മേരിമാത പബ്ലിക്കേഷന്‍സ് എന്ന പേരില്‍ വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം, തത്വശാസ്ത്രം, ധാര്‍മികത, ആധ്യാത്മികത, സഭാജീവിതം, സാമൂഹികം എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ പ്രസിദ്ധീകരണ വിഭാഗവും വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാകുന്ന ബുക്സ്റ്റാളും മേരിമാതയില്‍ പ്രവര്‍ത്തിക്കുന്നു. പാഠ്യവിഷയങ്ങളോടൊപ്പം വൈദികവിദ്യാര്‍ത്ഥികളുടെ കലാകായിക സാഹിത്യപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സെമിനാരിയിലെ സര്‍ഗജ്യോതി കലാസാഹിത്യ അക്കാദമി സഹായിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, തിയോളജി റെസിഡന്‍സ് ഫിലോസഫി റെസിഡന്‍സ് സ്റ്റാഫ് റെസിഡന്‍സ് ബ്ലോക്ക് എന്നിവയോടൊപ്പം ഫുട്‌ബോള്‍ മൈതാനവും ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടും മറ്റു വിനോദമേഖലകളും സെമിനാരിയിലുണ്ട്.
അല്മായ, സമര്‍പ്പിത, വൈദികപരിശീലനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പറോക്ക് എന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. ഹൃദയത്തിന് തുറവിയും വിശാലതയുമുള്ള വൈദികരാണ് മേരിമാതയില്‍നിന്ന് ഇറങ്ങുന്നതെന്ന് മേരിമാത മുന്‍ റെക്ടറും ഷംഷാബാദ് രൂപതാധ്യക്ഷനുമായ മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലിസന്ദേശത്തില്‍ പറഞ്ഞു.

ജൂബിലി സമാപനം
ഒരു വര്‍ഷം നീണ്ട ജൂബിലിയാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാന കാര്‍മികത്വം വഹിച്ച കൃതജ്ഞതാബലിയില്‍ മെത്രാന്‍മാരും നിരവധി വൈദികരും സഹകാര്‍മ്മികരായിരുന്നു.
പൊതുസമ്മേളനം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പു മന്ത്രി കെ. രാജന്‍, സെമിനാരിയുടെ ജീവകാരുണ്യ സഹായനിധി ഉദ്ഘാടനം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ ടോണി നീലങ്കാവില്‍, കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ ഓഗിന്‍ കുരിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍ സ്വാഗതവും വൈസ് റെക്ടര്‍ ഫാ. ഫ്രീജൊ പാറക്കല്‍ നന്ദിയും പറഞ്ഞു.

ടെക്സ്റ്റില്‍ നിന്ന്  കോണ്ടെക്സ്റ്റിലേക്ക്
തൃശൂര്‍ അതിരൂപതയ്ക്ക് വൈദികസമൃദ്ധി സമ്മാനിച്ച ഒരു പ്രധാനഘടകം മേരിമാത മേജര്‍ സെമിനാരിയാണ്. ഇതിനകം എണ്ണൂറോളം പേര്‍ തത്വശാസ്ത്ര പരിശീലനവും മുന്നൂറ്റിയമ്പതോളം പേര്‍ ദൈവശാസ്ത്ര പരിശീലനവും നേടി വൈദികരായും അല്മായ ശുശ്രൂഷകരായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍പ്രവര്‍ത്തിക്കുന്നു. ഫാ. സെബാസ്റ്റ്യന്‍ ചാലക്കലാണ് ഇപ്പോള്‍ മേരി മാതാ മേജര്‍ സെമിനാരിയുടെ റെക്ടര്‍. വൈദികജീവിതത്തെ ‘ടെക്സ്റ്റില്‍നിന്നും കോണ്ടെക്സ്റ്റിലേക്ക്’ കൊണ്ടുവരാനാണ് മേരിമാത ശ്രമിക്കുന്നത്. വൈദികരെ സമൂഹത്തിന് പ്രദാനം ചെയ്യുന്ന മേരിമാത മേജര്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അത് മുളയം പ്രദേശത്തിന് മാത്രമല്ല, ലോകം മുഴുവനും ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലുകളായി മാറുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?