കൃഷിയും കാര്‍ഷിക വൃത്തിയും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടില്‍ കൃഷിയെ നെഞ്ചോടുചേര്‍ത്തു കൃഷി വിജയമാണെന്ന് സ്വന്തം പ്രയത്‌നത്തിലൂടെ തെളിയിച്ച യുവകര്‍ഷകനാണ് വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമലയിലെ കവളക്കാട്ട് റോയി ആന്റണി.
ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് (2 ലക്ഷം രൂപയുള്‍പ്പെടെ) നേടുകയും ചെയ്തു റോയി ആന്റണി. അദ്ധ്വാനിക്കാനുള്ള മനസും നൂതന കാഴ്ചപ്പാടുകളും ഉണ്ടായാല്‍ കൃഷി ആരെയും കൈവെടിയില്ലെന്ന് ഈ യുവകര്‍ഷകന്‍ നമുക്ക് കാട്ടി തരുന്നു.
നൂതനങ്ങളായ കൃഷിരീതികളവലംബിച്ചും തന്റേതായ നിരീക്ഷണപാടവങ്ങളിലൂടെയും നവീന രീതിയിലുള്ള കൃഷി രീതികള്‍ സ്വീകരിച്ചുകൊണ്ട് ബഹുമുഖകൃഷിയാണ് റോയി തന്റെ കൃഷിഭൂമിയില്‍ പരീഷിച്ചുകൊണ്ടിരിക്കുന്നത്. ബഹുമുഖകൃഷിയിലൂടെ വരുമാനം വര്‍ധിപ്പിക്കുകയും ഒരിഞ്ചുസ്ഥലംപോലും തരിശാകാതെ ഉപയോഗിക്കാനും ഇദ്ദേഹത്തിന് കഴിയുന്നു.
പശു, ആട്, കോഴി, താറാവ്, മത്സ്യം തുടങ്ങിയവ റോയിയുടെ മറ്റു വരുമാന മാര്‍ഗങ്ങളാണ്. ജൈവസാങ്കേതിക മുന്നേറ്റമാണ് ഇദ്ദേഹത്തിന്റെ കൃഷിഭൂമിയെ അക്ഷയഘനിയാക്കി മാറ്റുന്നത്. തികച്ചും ജൈവസമൃദ്ധമായ തന്റെ കൃഷിയിടത്തിലേക്ക് ആവശ്യമായ ജൈവവളം സ്വന്തമായി നിര്‍മിച്ചു മാതൃകയാവുകയാണ് റോയി ആന്റണി.
കുരുമുളക്, കാപ്പി, റബര്‍, തെങ്ങ്, കൊക്കോ തുടങ്ങിയവയും വിപുലമായ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഓര്‍ക്കിഡ്, ഔഷധസസ്യങ്ങളുമെല്ലാം ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.
തന്റെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത കാപ്പിച്ചെടി റബര്‍തോട്ടങ്ങള്‍ക്കിടയില്‍ നട്ടുകൊണ്ട് അതിലും വിജയം നേടി ഈ കര്‍ഷകന്‍. ഇതിനായി വികസിപ്പിച്ചെടുത്ത റോയിസ് സെലക്ഷന്‍ കാപ്പിച്ചെടികള്‍ ഇന്ന് കേരളത്തിന്റെ പലഭാഗങ്ങളിലായി മറ്റു കര്‍ഷകരും വിളവെടുപ്പു നടത്തിക്കൊണ്ടിരിക്കുന്നു.
മൂന്ന് അടി പൊക്കം വരുന്ന ഈ കാപ്പിച്ചെടി റബര്‍തോട്ടത്തിലും മരങ്ങളുടെ തണലുള്ള മറ്റു കൃഷിയിടങ്ങളിലും നല്ല വിളവ് നല്‍കുന്നു. ഒരേക്കറില്‍ നിന്ന് ഏകദേശം രണ്ടു ലക്ഷം രൂപയോളം ഇത്തരത്തില്‍ കര്‍ഷകന് അധിക വരുമാനമുണ്ടാക്കാന്‍ കഴിയും. റോയിസ് സെലക്ഷന്‍ കാപ്പിച്ചെടികള്‍ കേരളത്തിലെവിടെയും എത്തിച്ച് നല്‍കുന്നതിനായി ഒരു യൂണിറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്കും കാപ്പിച്ചെടികള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. അബുദാബി രാജാവിന്റെ തോട്ടത്തിലും റോയിസ് സെലക്ഷന്‍ കാപ്പിച്ചെടികള്‍ വളരുന്നു എന്നത് ഏറെ അഭിമാനകരമാണ്.
കയര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ ഒരു കയര്‍ ഫാക്ടറിയും കൃഷിയിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നേഴ്‌സറി ആവശ്യത്തിനുള്ള ചകിരിച്ചോറ് ഇവിടെനിന്നും ലഭിക്കുന്നുണ്ട്. കൂടാതെ ഫൈബറും മറ്റു ഇതര ഉത്പന്നങ്ങളും കയര്‍ ബോര്‍ഡ് വഴി വിപണനം ചെയ്യുന്നു.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പ്രദേശമാണ് മുള്ളന്‍കൊല്ലി പഞ്ചായത്ത്. ഇവിടെ ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിക്കുന്നതിനായി മുക്കാല്‍ ഏക്കറോളം സ്ഥലത്ത് ഡാംകെട്ടി മഴവെള്ളം ശേഖരിക്കുന്നു.
ഇത് ഏത് വരള്‍ച്ചയിലും തന്റെ കൃഷിയിടത്തെ ജലക്ഷാമം പരിഹരിക്കുന്നതായി റോയി പറഞ്ഞു. കൂടാതെ അര ഏക്കറോളം സ്ഥലത്ത് ഒരു കുളവും നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ ജലസേചനത്തിനൊപ്പം മത്സ്യവും, താറാവും വളരുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ തനിക്കുണ്ടായ നേട്ടത്തിന്റെ ഒരു പങ്ക് ഇദ്ദേഹം സാധു സംരക്ഷണത്തിനായി നല്‍കാറുണ്ട്. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ടണ്‍ കപ്പയാണ് ഈ കര്‍ഷകന്‍ നല്‍കിയത്.
കൃഷി പാടെ അവഗണിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ റോയിയുടെ വിജയഗാഥ എല്ലാ കര്‍ഷകര്‍ക്കും ഒരു പാഠപുസ്തകമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാര്‍ഷിക ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിപേരാണ് ഈ കര്‍ഷകന്റെ ഉപദേശം തേടിയെത്തുന്നത്.
1962 ല്‍ തൊടുപുഴ കരിക്കുന്നത്തു നിന്നും വയനാട്ടിലേക്ക് കുടിയേറിയ ആന്റണി ബ്രിജിത്ത് ദമ്പതികളുടെ 5 മക്കളില്‍ ഒരാളാണ് റോയി. ഭാര്യ അന്ന മലയില്‍ കുടുംബാംഗമാണ്. കൃഷിയില്‍ മുഴുവന്‍ സമയവും റോയിക്ക് സഹായിയായി അന്നയുമുണ്ട്. വിദ്യാര്‍ത്ഥികളായ റീറ്റ, റോസാന്‍, ക്ലാര, ആന്റണി എന്നിവര്‍ മക്കളാണ്.
Leave a Comment
Your email address will not be published. Required fields are marked with *