വത്തിക്കാൻ സിറ്റി:1223 ൽ യേശുവിന്റെ ജനന നിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങൾ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി പുനരാവിഷ്ക്കരിച്ചതിന്റെ എണ്ണൂറാം വാർഷികത്തിൽ, പുൽക്കൂട്ടിലെ വിവിധ കഥാപാത്രങ്ങളുടെ ഔന്നത്യവും, വൈശിഷ്ട്യതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ രചിച്ച ‘എന്റെ പുൽക്കൂട് ‘ എന്ന ഗ്രന്ഥം ഇന്നലെ വത്തിക്കാനിൽ പ്രകാശനം ചെയ്തു. ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിലാണ് പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പാനിഷ്, ജർമ്മൻ, സ്ലോവേനിയൻ ഭാഷാ പതിപ്പുകളും ഉടൻ പുറത്തിറങ്ങും.
പത്രോസിനടുത്ത തന്റെ അജപാലന ശുശ്രൂഷയുടെ വിവിധ അവസരങ്ങളിൽ യേശുവിന്റെ ജനനത്തെ സംബന്ധിച്ചും, പുൽക്കൂട്ടിലെ പല കഥാപാത്രങ്ങളെ കുറിച്ചും നടത്തിയ ചിന്തകൾ , പ്രസംഗങ്ങൾ , ധ്യാനങ്ങൾ എന്നിവ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .
യേശുവിന്റെ ജനനരംഗത്തിനും അതിലെ കഥാപാത്രങ്ങൾക്കും ഇന്നത്തെ ജീവിതവുമായുള്ള അഭേദ്യ ബന്ധത്തെ പുസ്തകത്തിൽ വിവരിക്കുന്നു. ഇന്നും പുന:രാവിഷ്കരിക്കപ്പെടുന്ന ബെത്‌ലഹേമിലെ രാത്രിരംഗം അവിശ്വാസികളുൾപ്പടെ എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിക്കുന്നതാണെന്നും, സാഹോദര്യം, സൗഹൃദം, വിനയം, സമാധാനം എന്നീ മൂല്യങ്ങൾ സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ ഇന്നും യേശുവിന്റെ ജനനാവിഷ്കാരത്തിനു സാധിക്കുമെന്നും പാപ്പ വിവരിക്കുന്നു.
യേശു, മറിയം, യൗസേപ്പ്, മാലാഖമാർ, ഇടയന്മാർ, രാജാക്കന്മാർ , നക്ഷത്രം, പുൽത്തൊട്ടി എന്നിങ്ങനെ ഓരോ വ്യക്തിത്വങ്ങളും, ആഴത്തിലുള്ള ധ്യാനത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത് .ദാരിദ്ര്യത്തിലും, ആർദ്രതയിലും ഓരോ മനുഷ്യനും വേണ്ടി സ്വയം സമർപ്പിക്കുന്ന ദൈവസ്നേഹത്തിന്റെ ആഴവും, അർത്ഥവും കണ്ടെത്തുവാൻ പാപ്പ തന്റെ രചനയിലൂടെ എല്ലാവരെയും ക്ഷണിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *