വത്തിക്കാൻ സിറ്റി : പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പലാസിയോസുമായി ഫ്രാ൯സിസ് പാപ്പയും പേപ്പൽ വസതിയായ സാന്താമാർത്തയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് പലാസിയോസിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പതിമൂന്ന് പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ടായിരുന്നു. സമാധാനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യത്തിനെതിരായ പ്രചാരണങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിർണ്ണായകവും ആഗോളപരവുമായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്. പരിശുദ്ധ സിംഹാസനവും പരാഗ്വേ റിപ്പബ്ലിക്കും തമ്മിൽ നിലവിലുള്ള ക്രിയാത്മക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയിൽ പ്രകടമായിരുന്നു.
തുടർന്ന് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, വത്തിക്കാന്റെ, മറ്റു രാജ്യങ്ങളോടും, അന്താരാഷ്ട്ര സംഘടനകളോടുമുള്ള ബന്ധങ്ങൾ സംബന്ധിച്ച കാര്യദർശി, ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും ചർച്ച നടത്തിയ പരാഗ്വേ പ്രസിഡന്റ്, പരിശുദ്ധ സിംഹാസനവും പരാഗ്വേയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. ദാരിദ്ര്യത്തെ നേരിടാനുള്ള പരാഗ്വേ സർക്കാർ ശ്രമങ്ങളെക്കുറിച്ചു സംസാരിച്ച നേതാക്കൾ, പരിസ്ഥിതി സംരക്ഷണം, പ്രാദേശിക വിഷയങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സമാധാനം തുടങ്ങി നിരവധി പൊതു വിഷയങ്ങളിലുള്ള തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു.
പരാഗ്വേയിലെ തദ്ദേശീയ കരകൗശല വിദഗ്ധർ രൂപകൽപ്പന ചെയ്ത തിരുപിറവി രംഗം, അതുപോലെ പ്രാദേശിക കരകൗശല വിദഗ്ധർ നിർമ്മിച്ച ഒരു കമ്പളി വസ്ത്രം (പോഞ്ചോ), പരാഗ്വേ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, തടി കൊണ്ട് നിർമ്മിച്ച പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം, വെള്ളി ജപമാല എന്നിവ പ്രസിഡന്റ് പലാസിയോസ് ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചു. പത്രോസിനെ ചത്വരം പശ്ചാത്തലമാക്കി ഐക്യം പ്രതിനിധീകരിക്കുന്ന ഓട്ടു ലോഹത്തിൽ തീർത്ത പരസ്പരം കോർത്തു പിടിച്ച കൈകളായിരുന്നു പാപ്പാ പ്രസിഡന്റിന് സമ്മാനിച്ചത്. ആ കൊത്തു രൂപത്തിൽ കുഞ്ഞിനെ കൈയിലേന്തിയ ഒരു സ്ത്രീയും കുടിയേറ്റക്കാർ നിറഞ്ഞ ഒരു കപ്പലും കാണാം. കപ്പലിൽ ‘നമ്മുടെ കരങ്ങളെ മറ്റുകരങ്ങൾ കൊണ്ട് നിറയ്ക്കാം’ എന്നാലേഖനം ചെയ്തിരുന്നു. കൂടാതെ പാപ്പായുടെ പ്രബോധനങ്ങളിൽ നിന്നുള്ള വിവിധ രേഖകളും, ഈ വർഷത്തെ ആഗോള സമാധാന ദിനത്തിനായുള്ള പാപ്പായുടെ സന്ദേശം ഉൾപ്പെടെയുള്ളവയും ഉണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *