Follow Us On

03

May

2024

Friday

പ്രകാശം വിതറുന്ന പിണ്ടികുത്തി തിരുനാള്‍

പ്രകാശം വിതറുന്ന പിണ്ടികുത്തി തിരുനാള്‍
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
കേരളത്തിലെ നസ്രാണികള്‍ക്കിടയില്‍  തനതു പരമ്പരാഗത ഭക്താനുഷ്ഠാനമായ ‘പിണ്ടി കുത്തി’ തിരുനാള്‍ ഈ വര്‍ഷം ജനുവരി ആറിനാണ്. ക്രിസ്മസ് കഴിഞ്ഞ് 13-ാം ദിവസം. അഞ്ചാം തീയതി വൈകിട്ട് പിണ്ടി കുത്തി, പിണ്ടി തെളിയിച്ച് ആറാം തീയതി പുലര്‍ച്ചെയും അന്നു വൈകുന്നേരവും ഏഴിന് പുലര്‍ച്ചെയും ഉള്‍പ്പടെ നാലു തവണ പിണ്ടി തെളിയിക്കുന്ന ആചാരം പരമ്പരാഗത ക്രിസ്തീയ കുടുംബങ്ങളിലുണ്ട്. കേരളത്തിലേയും കേരളത്തില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും മാത്രമൊതുങ്ങി നില്‍ക്കുന്ന ഒരാചാരമാണ് പിണ്ടിപ്പെരുന്നാള്‍. ദീപങ്ങളുടെയും അതു പരത്തുന്ന പ്രകാശത്തിന്റെയും തിരുനാളായാണു പിണ്ടികുത്തി തിരുനാള്‍ പൊതുവില്‍ അറിയപ്പെടുന്നത്.
ആചാരക്കുളി
തലേന്ന് ഉച്ചതിരിയുമ്പോള്‍ തന്നെ വാഴപ്പിണ്ടിയുടെ പുറം പോളകള്‍ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിമുറ്റത്തും വീട്ടുമുറ്റത്തും കുത്തി, വര്‍ണ്ണക്കടലാസുകളും തെങ്ങോലകളും കൊണ്ട് വര്‍ണാഭമാക്കുന്നു. വൈകുന്നേരം മണ്‍ചിരാതുകളും തിരികളും സജ്ജീകരിച്ച്  ദീപാലങ്കാരം നടത്തുന്നു. കത്തോലിക്കാ കുടുംബങ്ങളില്‍ കുടുംബപ്രാര്‍ത്ഥനയോട് ചേര്‍ന്നും പള്ളികളില്‍ റംശാ പ്രാര്‍ത്ഥനയോടും ചേര്‍ന്നും ആഘോഷമായാണ് പരമ്പരാഗതമായി നടത്തുന്ന ചടങ്ങായ പിണ്ടി തെളിയിക്കല്‍  നടത്തുന്നത്. പളളികളില്‍ വൈദികരും കുടുംബങ്ങളില്‍ കുടുംബനാഥനും തിരി തെളിയിക്കുന്നതിന് കാര്‍മ്മികത്വം വഹിക്കുന്നു.
കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രദക്ഷിണഗീതം ആലപിച്ചുകൊണ്ട് പിണ്ടിയിലുള്ള ബാക്കി തിരികളും പരിസരങ്ങളില്‍ അലങ്കരിച്ചിരിക്കുന്ന മറ്റു ദീപങ്ങളും കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് തെളിക്കുന്നു. തുടര്‍ന്ന് പിറ്റേ ദിവസം പുലര്‍ച്ചെയും അന്നു വൈകുന്നേരവും അടുത്ത ദിവസം പുലര്‍ച്ചെയും ഉള്‍പ്പടെ ആകെ നാലു തവണ പിണ്ടി തെളിയിക്കും.
ദനഹാ തിരുനാളില്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് കുളത്തിലോ മറ്റെതെങ്കിലും ജലാശയത്തിലോ ഇറങ്ങി ആചാരക്കുളി (പാലായിലെ രാക്കുളി പെരുന്നാള്‍) നടത്തുന്ന പതിവ്  നസ്രാണിപൂര്‍വ്വികര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
സാംസ്‌കാരികാനുരൂപണം
ലോകത്തു മറ്റൊരിടത്തും ഇത്തരത്തില്‍ വ്യാപകമായി ദനഹാ തിരുനാള്‍ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച്) ആഘോഷിക്കുന്ന പതിവില്ല. ഒരു പരിധി വരെ സുറിയാനി കത്തോലിക്കാ സഭയുടെ സാംസ്‌കാരികാനുരൂപണത്തിന്റെ ഉദാഹരണം കൂടിയാണ്,  മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ പ്രഘോഷിക്കുന്ന പിണ്ടി പെരുന്നാള്‍.
ദൈവശാസ്ത്രപരമായി ഈശോ മിശിഹാ സ്‌നാപക യോഹന്നാനില്‍നിന്ന് അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിച്ച ദഹനാ തിരുനാളിന്റെ പാരമ്പര്യാചരണമാണ് പ്രത്യക്ഷീകരണ തിരുനാള്‍ എന്നുകൂടിയറിയപ്പെടുന്ന പിണ്ടി കുത്തി തിരുന്നാള്‍. ചിലയിടങ്ങളില്‍ ഈ തിരുനാളാഘോഷം രാക്കുളിപ്പെരുന്നാള്‍ (തെക്കു കേരളത്തിലും വടക്കന്‍ മേഖലയിലും) എന്നും അറിയപ്പെടുന്നു.
ഹൃദയത്തില്‍ നിറയുന്ന പ്രകാശം
ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള അവസരമാണ് പിണ്ടികുത്തി തിരുനാള്‍. ക്രിസ്തുമഹത്വത്തിന്റെ വെളിച്ചം വിശ്വാസികളിലേക്ക് പകരാനുതകുന്ന ദനഹാ തിരുനാളില്‍ നമ്മുടെ ഹൃദയം നന്മയാല്‍ പ്രകാശപൂരിതകേണ്ടതുണ്ട്. അത്തരമൊരു ചൈതന്യത്തിലേ, ആഘോഷങ്ങളുടെ ക്രൈസ്തവമാനം കൈവരിയ്ക്കാനാകൂ. പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള മലയാളിയുടെ പതിവു വെടിക്കെട്ട് ആഘോഷം എന്നതിനപ്പുറത്തേക്ക് ക്രിസ്തു ചൊരിഞ്ഞ വെളിച്ചത്തെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള സാഹചര്യമാണ് ദനഹാ തിരുനാളില്‍ ഒരുക്കേണ്ടത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?