Follow Us On

22

December

2024

Sunday

ആസിയാന്‍ കരാറില്‍നിന്ന് ഇന്ത്യ പിന്മാറുമോ

ആസിയാന്‍ കരാറില്‍നിന്ന് ഇന്ത്യ പിന്മാറുമോ

ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടന തകര്‍ത്തുതരിപ്പണമാക്കിയതും ചരക്കുകളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് കുടപിടിക്കുന്നതുമായ ആസിയാന്‍ കരാര്‍ കാര്‍ഷികമേഖലയില്‍ ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഈ കരാറിന്മേല്‍ പുനരാലോചനയും അവലോകനവും വേണമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ഇന്ത്യയിലെ കര്‍ഷക സമൂഹത്തിന് സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാനാവൂ. ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും പലപ്പോഴും വെളിച്ചത്തുവരുന്നില്ല. കാര്‍ഷികമേഖലയെ ആവഗണിച്ച് വ്യവസായ വാണിജ്യ താല്പര്യം മാത്രം സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആസിയാന്‍ കരാര്‍ പുനരാലോചന കാര്‍ഷിക ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയാകുമോയെന്നും കര്‍ഷകര്‍ക്കിടയില്‍ ആശങ്കയുണ്ട്.

13 വര്‍ഷക്കാലമായി ഈ കരാറിന്റെ ബാക്കിപത്രമായി അനിയന്ത്രിതവും നികുതിരഹിതവുമായ റബറുള്‍പ്പെടെ വിവിധ കാര്‍ഷികോത്പന്ന ഇറക്കുമതിയിലൂടെ ഇന്ത്യയുടെ കാര്‍ഷികവിപണി തകര്‍ക്കപ്പെട്ടു. 2010 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കിയ ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ 2019 ഡിസംബര്‍ 31-ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പിന്മാറുവാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ തിരുത്തലുകള്‍ വേണമെന്ന വാദമുന്നയിച്ച് മയപ്പെട്ട് ഇന്ത്യ സമയം പാഴാക്കി. 2025ന് മുമ്പ് ആസിയാന്‍ കരാറിന്മേല്‍ പുനരവലോകനം നടത്തി തീരുമാനമാകുമെന്ന പ്രഖ്യാപനവും എത്രമാത്രം ഗൗരവമായിട്ടെടുക്കാമെന്നത് കണ്ടറിയണം.

മറച്ചുവയ്ക്കുന്ന ചരിത്രം
10 ആസിയാന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കിയും നികുതിരഹിതവും നികുതി വെട്ടിക്കുറച്ചുമുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ 2009 ഓഗസ്റ്റ് 13-ന് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒപ്പിട്ടെങ്കിലും അതിന്റെ പിന്നിലുള്ള ചരിത്രത്തെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല. 1989 ഡിസംബര്‍ മുതല്‍ 1990 നവംബര്‍ വരെയും തുടര്‍ന്ന് 1991 ജൂണ്‍വരെയും ഇന്ത്യ ഭരിച്ച വി.പി സിംഗ്, ചന്ദ്രശേഖര്‍ സര്‍ക്കാരുകളുടെ കാലത്താണ് കരാറിന് തുടക്കമായത്. ഇതാണ് ആസിയാന്‍ കരാറുകളുടെ അടിസ്ഥാനശില. തുടര്‍ന്ന് 1991 ജൂണ്‍ മുതല്‍ 1996 മെയ് 16 വരെ ഭരിച്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള നരസിംഹറാവു സര്‍ക്കാര്‍ ഇന്ത്യയിലേക്കുള്ള ചരക്ക് ഇറക്കുമതി നികുതികള്‍ വെട്ടിക്കുറച്ച് ഗാട്ട് കരാറിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ അംഗത്വം ലോകവ്യാപാരസംഘടനയില്‍ അരക്കിട്ടുറപ്പിക്കുകയും ഉദാരവല്‍ക്കരണത്തിലൂടെ ആഗോള വിപണിക്കായി ഇന്ത്യയെ തുറന്നുകൊടുക്കുകയും ചെയ്തപ്പോള്‍ ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിന് വേഗതയേറി.

ആസിയാന്‍ റീജിയണല്‍ ഫോറത്തില്‍ 1998 ജനുവരിയില്‍ ഇന്ത്യ അംഗത്വമെടുക്കുമ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത് ഐ.കെ ഗുജ്‌റാള്‍ ഗവണ്‍മെന്റായിരുന്നു. ആസിയാന്‍ കരാറിനെതിരെ രാജ്യത്തുടനീളം എക്കാലവും പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷത്തിന്റെ രണ്ടുമന്ത്രിമാര്‍ (ഇന്ദ്രജിത് ഗുപ്തയും ചതുരാനന്ദന്‍ മിശ്രയും) ഈ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയായിരുന്ന ഇടതുപക്ഷമന്ത്രി ചതുരാനന്ദന്‍ മിശ്രയാണ് ആസിയാന്‍ റീജിയണല്‍ ഫോറത്തില്‍ ഇന്ത്യയുടെ അംഗത്വമെടുത്തതെന്നുള്ള വസ്തുത ഇടതുപക്ഷം ബോധപൂര്‍വ്വം മറക്കുന്നു. 2002 ലെ ആസിയാന്‍ ഉച്ചകോടിയിലും 2003ലെ ആസിയാന്‍ സാമ്പത്തിക സഹകരണത്തിലും പങ്കാളിയായി 2004 ല്‍ ആസിയാന്‍ കരട് ചട്ടക്കൂടിന് അംഗീകാരം നല്‍കിയത് എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. 2004ലെ ആസിയാന്‍ ചട്ടക്കൂട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ 2009 ഓഗസ്റ്റുവരെ അഞ്ചു വര്‍ഷക്കാലം അവസരമുണ്ടായിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തയാറായില്ലെന്നതും ചരിത്രസത്യമാണ്.

കര്‍ഷകരെ ചതിച്ച ഭരണനേതൃത്വം
കാര്‍ഷികമേഖലക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന ആസിയാന്‍ കരാറിനെ അന്നുമിന്നും എതിര്‍ക്കുന്നത് പ്രധാനമായും ഇന്ത്യയിലെ കര്‍ഷകസമൂഹമാണ്. കാര്‍ഷികമേഖലക്ക് സംരക്ഷണവും കാര്‍ഷികോത്പന്നങ്ങള്‍ക്ക് അടിസ്ഥാനവിലയും ഉറപ്പാക്കാത്ത രാജ്യാന്തര കരാറുകളെ കര്‍ഷകരും കര്‍ഷകസംഘടനകളും എക്കാലവും എതിര്‍ക്കുന്നുണ്ട്. അടിസ്ഥാന ഇറക്കുമതിവില (MIP) നിശ്ചയിച്ചുവേണം ഇറക്കുമതിയെന്ന ആവശ്യം 1990 മുതല്‍ കര്‍ഷകര്‍ മുന്നോട്ടുവെയ്ക്കുന്നതാണെങ്കിലും അതൊന്നും ഉള്‍ക്കൊള്ളാന്‍ ഭരണനേതൃത്വങ്ങള്‍ തയാറായിട്ടില്ല. ഇന്ത്യ കുതിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ആ കുതിപ്പിന്റെ തുടിപ്പുകള്‍ ഗ്രാമീണ മേഖലയിലല്ലെന്നും വന്‍കിട കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലും വാണിജ്യ വ്യവസായതലങ്ങളിലുമാണെന്നും വസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാകും. കഴിഞ്ഞ 13 വര്‍ഷത്തെ ആസിയാന്‍ കരാറിന്റെ അനന്തരഫലം കാര്‍ഷികമേഖലയില്‍ മാത്രമല്ല ഇന്ത്യയുടെ വാണിജ്യ വ്യവസായ മേഖലയിലും വന്‍ തിരിച്ചടിയായി വന്നിരിക്കുമ്പോഴാണ് കരാറിന്റെ പുനഃപരിശോധ വേണമെന്ന് ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ വാദങ്ങളുയര്‍ത്തി ചൂണ്ടിക്കാട്ടുന്നത്.

ചൈന അകത്തു കടന്നു
ചൈനയുമായി ഇന്ത്യയ്ക്ക് സ്വതന്ത്രവ്യാപാരമില്ല. ആര്‍സിഇപി കരാര്‍ അതിനായി കളമൊരുക്കിയെങ്കിലും ജനകീയ എതിര്‍പ്പുകളെതുടര്‍ന്ന് ആര്‍സിഇപി കൂട്ടുകെട്ടില്‍നിന്ന് അവസാനം ഇന്ത്യ പിന്മാറി. ആസിയാന്‍ രാജ്യങ്ങളുടെ അടുത്ത സുഹൃത്തും വ്യാപാര പങ്കാളിയുമാണ് ചൈന. ചൈനീസ് ഉത്പനങ്ങള്‍ ഇന്ത്യന്‍ വിപണിയുടെ ഏകദേശം 25 ശതമാനത്തോളമിന്ന് കീഴടക്കിയിരിക്കുന്നുവെന്നതാണ് അനൗദ്യോഗിക കണക്കുകള്‍. ഇതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം ചെന്നെത്തുന്നത് ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ ലംഘനങ്ങളിലേക്കാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളുടെ ഉത്ഭവരാജ്യം ആ രാജ്യങ്ങളായിരിക്കണമെന്നും കരാറിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കരുതെന്നുമുള്ള വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. 2018-19ല്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധനവ് ഉയര്‍ത്തിയ സംശയങ്ങളാണ് കരാര്‍ വ്യവസ്ഥകളുടെ ലംഘനം തെളിയിക്കപ്പെട്ടതും ആസിയാന്‍ കരാറിന്മേല്‍ പുനഃപരിശോധനയ്ക്ക് ഇന്ത്യയെ പ്രേരിപ്പിച്ചതും.

നഷ്ടത്തിന്റെ കണക്കുകള്‍
2009-ല്‍ ആസിയാന്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 19.1 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിയാകട്ടെ 26.2 ബില്യണ്‍ ഡോളര്‍. 2022-23 സാമ്പത്തിക വര്‍ഷം കയറ്റുമതി 44.1 ബില്യണ്‍ ഡോളറും ഇറക്കുമതി 87.57 ബില്യണ്‍ ഡോളറുമായി. ചുരുക്കത്തില്‍ ഇറക്കുമതി 2022-23ല്‍ ആറിരട്ടിയായി കുതിച്ചു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിലൂടെ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വിപണി കീഴടക്കുന്ന ആസിയാന്‍ രാജ്യങ്ങളുടെ കുതിപ്പാണ്. മറുവശമോ ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടന തകര്‍ന്ന് കുത്തുപാളയെടുക്കുകയും ചെയ്തു. രാജ്യത്തിന് ഈ കരാറിലൂടെ നേട്ടമില്ലെന്നു മാത്രമല്ല രാജ്യാന്തര ശക്തികള്‍ക്കായി ഇന്ത്യന്‍ വിപണിയെ ഇഷ്ടാനുസരണം തുറന്നുകൊടുത്തിരിക്കുന്ന ഈ കരാറിന്മേല്‍ വൈകിയ വേളയിലെങ്കിലും പുനഃപരിശോധന വളരെ നല്ലതുതന്നെ.

കണ്ണുതുറന്ന് കേന്ദ്രസര്‍ക്കാര്‍
ഇന്ത്യ ഏര്‍പ്പെട്ട ഏറ്റവും മോശമായ കരാറെ’ന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യ-ആസിയാന്‍ വ്യാപാരക്കരാറിനെ വിശേ ഷിപ്പിക്കുന്നത്. സ്വതന്ത്ര വ്യാപാരത്തിലെ നികുതി ഇളവുകള്‍ താരീഫ് ഇതര തടസങ്ങള്‍, ഇറക്കുമതി നിയന്ത്രണങ്ങള്‍, ക്വാട്ടകള്‍ എന്നിവയിലെ പരസ്പരവിരുദ്ധതമൂലമാണ് ആസിയാനില്‍ നിന്നുള്ള ഇറക്കുമതി കസറിയതും ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി അട്ടിമറിക്കപ്പെട്ടതെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കരാറിന്റെ ഡ്യൂട്ടി ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ആസിയാന്‍ അംഗരാജ്യങ്ങള്‍ മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്ന കരാര്‍ ലംഘനം തുടരുന്നത് കണ്ടുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാലമത്രയും പരാജയപ്പെട്ടുവെന്നതും വസ്തുതയാണ്. മോശം കരാറെന്ന് കേന്ദ്രമന്ത്രി പറയുമ്പോഴും കര്‍ഷകരുള്‍പ്പടെ ഇന്ത്യയിലെ വിവിധ പ്രസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്ത കരാറിനെയാണ് ഒരു പതിറ്റാണ്ടിലേറെ ഇന്ത്യ താലോലിച്ചതെന്ന് മറക്കരുത്. 2004-ല്‍ അധികാരത്തിലിരുന്ന എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഇന്ത്യ-ആസിയാന്‍ കരാറിന്റെ ചട്ടക്കൂട് ഒപ്പിട്ടത്. 2014 സെപ്റ്റംബറില്‍ ആസിയാന്‍ സേവനക്കരാറും ആസിയാന്‍ നിക്ഷേപക്കരാറും അംഗീകരിച്ച് ഒപ്പിട്ട് 2015 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കിയത് മുന്‍ വാണിജ്യമന്ത്രിയും ഇപ്പോഴത്തെ ധനമന്ത്രിയുമായ നിര്‍മല സീതാരാമനാണെന്നുള്ള വസ്തുതയും പീയൂഷ് ഗോയല്‍ കാണാതെ പോകരുത്. എങ്കിലും തെറ്റുകളും പാളിച്ചകളും തിരിച്ചറിഞ്ഞുള്ള തിരുത്തലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നത് സ്വാഗതാര്‍ഹമാണ്.

സ്വതന്ത്രവ്യാപാരത്തിലെ അപകടങ്ങള്‍
ആസിയാന്‍ കരാര്‍ മാത്രമല്ല ആസിയാന്‍ അംഗരാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകളും പുനഃപരിശോധിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. 2005 മുതല്‍ സിംഗപ്പൂരുമായി ഇന്ത്യയ്ക്ക് സമഗ്ര സ്വതന്ത്ര വ്യാപാരക്കരാറുണ്ട്. മറ്റൊരു ആസിയാന്‍ അംഗരാജ്യമായ തായ്‌ലന്റുമായി 2006 മുതല്‍ പരിമിതമായ സ്വതന്ത്ര വ്യാപാരക്കരാറുമുണ്ട്. ആസിയാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 97.4 ശതമാനവും ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്നതും ആഗോള റബര്‍ വിപണിയെ നിയന്ത്രിക്കുന്നതുമായ ഈ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതവും നികുതിരഹിതവുമായ റബര്‍ ഇറക്കുമതിയാണ് ഇന്ത്യയുടെ ആഭ്യന്തര റബര്‍ വിപണിയെ 2011 മുതല്‍ തകര്‍ത്തത്. അതേസമയം അന്ന് കേന്ദ്രവും കേരളവും ഭരിച്ചവര്‍ ആസിയാന്‍ കരാറിലൂടെ ഇന്ത്യയില്‍ തേനും പാലും ഒഴുകുമെന്ന് കൊട്ടിഘോഷിച്ചെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാരിപ്പോള്‍ ആസിയാന്‍ കരാറിന്മേല്‍ പുനഃപരിശോധനയ്ക്ക് തയാറായിരിക്കുന്നത് ആസിയാന്‍ കരാര്‍ സൃഷ്ടിച്ച ആഘാതവും വന്‍തിരിച്ചടിയും തിരിച്ചറിയുന്നതിന്റെ പശ്ചാത്തലത്തിലാണെന്നുവേണം കരുതാന്‍.

വ്യവസ്ഥകള്‍ പൊളിച്ചെഴുതുമോ?
2025-ന് മുമ്പ് ആസിയാന്‍ കരാറിന്മേല്‍ പുനരവലോകനം പൂര്‍ത്തിയാക്കി കരാര്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതിയാല്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോയെന്ന ചോദ്യമുയരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയേക്കാള്‍ പതിന്മടങ്ങായി ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യന്‍ വിപണിയിലേക്കുള്ള ഇറക്കുമതി കുതിക്കുമ്പോള്‍ നിലവില്‍ ഇന്ത്യന്‍ വിപണിയെ തകര്‍ക്കുന്ന ഇറക്കുമതി ഇനങ്ങള്‍ക്ക് നികുതി ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. കോമ്പൗണ്ട് റബറിന് ഇറക്കുമതിച്ചുങ്കം 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി 2023ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും ആഭ്യന്തരവിപണിയില്‍ റബര്‍വില ഉയരാതിരുന്നതിന്റെ പ്രധാനകാരണം കോമ്പൗണ്ട് റബര്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ആസിയാന്‍ രാജ്യങ്ങള്‍ക്ക് ഈ നികുതിവര്‍ധനവ് ബാധകമല്ലാത്തതുകൊണ്ടാണ്.

വ്യവസായ-വാണിജ്യമേഖലയോടൊപ്പം കാര്‍ഷികമേഖലയും സംരക്ഷിക്കപ്പെടണമെന്ന ഉറച്ച തീരുമാനം കൈക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ആസിയാന്‍ കരാര്‍ പുനരവലോകനം നേട്ടമാകുകയുള്ളൂ. അതോടൊപ്പം ആഭ്യന്തര കാര്‍ഷികോത്പാദനവും വിപണിയും അടിസ്ഥാനമാക്കി അടിസ്ഥാന ഇറക്കുമതിവിലയും നിശ്ചയിച്ചു നടപ്പാക്കിയില്ലെങ്കില്‍ ആസിയാന്‍ അവലോകനത്തിന്റെ തുടര്‍ നടപടികള്‍ തിരിച്ചടിയാകും.

ലോകം ഒറ്റവിപണിയിലേക്ക്
ലോകം ഒറ്റവിപണിയായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ടുകാര്യമില്ല. ലോകവിപണിയില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ മത്സരിച്ചുമുന്നേറാനാവണം. ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ടിരിക്കുന്ന സാര്‍ക്ക്, ബ്രിക്സ്, ബിംസ്റ്റിക്, ജി20 തുടങ്ങി വിവിധ രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ഉഭയകക്ഷി കരാറുകള്‍ അവസരമാക്കി നേട്ടമുണ്ടാക്കണമെങ്കില്‍ ഉത്പാദനക്ഷമത ഉയര്‍ത്തി ആഗോളവിപണിയില്‍ മത്സരിക്കാനുള്ള കരുത്തുനേടണം. ഗ്രാമീണകര്‍ഷകരെ അതിനു പ്രാപ്തരാക്കാതെ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഒപ്പിടുന്നത് ഇന്ത്യന്‍ വിപണി കീഴടക്കുവാന്‍ വിദേശശക്തികള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അവസരങ്ങള്‍ തുറന്നുകൊടുക്കും.

യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, മിഡില്‍ ഈസ്റ്റ്, യു.കെ., ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങി 25-ല്‍പരം രാജ്യങ്ങളും ഒരു ഡസനിലേറെ വ്യാപാരക്കൂട്ടായ്മകളുമായുള്ള ഇന്ത്യയുടെ സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ചകളും പാതി ഒപ്പിട്ട വ്യവസ്ഥകളും അവസാനഘട്ടത്തിലാണ്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴികൂടി സജീവമാകുമ്പോള്‍ ആസിയാന്‍ രാജ്യങ്ങളും ഈ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകും. നിലവിലുള്ള അവസ്ഥയില്‍ ഇതെല്ലാം തിരിച്ചടിയാകുന്നത് ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്കാണ്. പരമ്പരാഗത കൃഷിയില്‍ നിന്നും കൃഷിരീതകളില്‍നിന്നും മാറ്റമുണ്ടാകാതെ ഇന്ത്യയിലെ പ്രത്യേകിച്ച്, കേരളത്തിലെ കര്‍ഷകര്‍ക്ക് നിലനില്‍പ്പില്ല. കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ അടയിരിക്കാതെ പൊളിച്ചെഴുതുവാന്‍ സംസ്ഥാന സര്‍ക്കാരും സന്നദ്ധമാകണം.
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
(കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?