Follow Us On

13

October

2024

Sunday

പണിശാലയിലെ ശബ്ദവും പടക്കശാലയിലെ നിശബ്ദതയും

പണിശാലയിലെ ശബ്ദവും  പടക്കശാലയിലെ നിശബ്ദതയും

ഒരു പടക്കശാല കാഴ്ചയില്‍ നിശബ്ദം. നിരന്തര അധ്വാനം, ആരുടെയും പ്രത്യേക ശ്രദ്ധയുണ്ടാകാറില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു പൊട്ടിത്തെറി… ആളപായം… നാശനഷ്ടങ്ങള്‍ അവര്‍ണനീയം… ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ച വാര്‍ത്തയാകുന്നു. പടക്കശാലയുടെ നിശബ്ദതയാണ് ഇന്ന് നമുക്കിടയില്‍ പലപ്പോഴും കാണുന്നത്. വ്യക്തികളും കുടുംബവുമൊക്കെ സാധാരണ നിലയിലെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിയുമ്പോഴും പെട്ടെന്നൊരു ദിവസം അസാധാരണമാംവിധമുള്ള ദുരന്തങ്ങളും പൊട്ടിത്തെറികളും ആത്മഹത്യകളും കൊലപാതകങ്ങളും സംഭവിക്കുന്നു. ഒരു പടക്കശാലയുടെ ‘നിശബ്ദത’യാണോ നമുക്കിടയില്‍ ഇന്നുള്ളത്?!

ഒരു വൈദികന്റെ വൈറലായ ചരമപ്രസംഗവും മക്കളുപേക്ഷിച്ച ഒരമ്മയുടെ മരണവുമൊക്കെ സമീപ ദിവസങ്ങളിലെ ചിന്തയാകുമ്പോള്‍ ഇന്നത്തെ മനുഷ്യരും കുടുംബജീവിതവും സൗഹൃദങ്ങളുമൊക്കെ എങ്ങോട്ടു നീങ്ങുന്നുവെന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല. എല്ലാവിധ നന്മകളുടെയും ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന മലയാളക്കരയുടെ ‘ഭാവവ്യത്യാസ’ത്തിന്റെ സാരാംശം കണ്ടെത്തണം. ഒരു മെറ്റല്‍ ഡിറ്റക്ടറിന്റെ ഭാവത്തോടെ ഏതു ജീവിതസാഹചര്യത്തിലും ഇന്ന് ‘മണി ഡിറ്റക്ടര്‍’ കടന്നുവന്നിരിക്കുന്നുവെന്നത് വരുംതലമുറയുടെ ചിന്തയാകുന്നു. ഏതുവിധേനയും പണമുണ്ടാക്കുകയാണ് ജീവിതമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു!

തിരുക്കുടുംബത്തിലെ തട്ടുമുട്ടുകള്‍

യൗസേപ്പിതാവും മാതാവും ഈശോയുമടങ്ങുന്ന കുടുംബത്തിലെ വിശേഷങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍നിന്നും പടിയിറങ്ങി. മരപ്പണിയുടെ ‘തട്ടുമുട്ടുകള്‍’ തിരുക്കുടുംബത്തെ ഒരു ‘പണിശാല’യാക്കുമ്പോള്‍ അവിടെക്കാണുന്ന അനുസരണയും ബഹുമാനവും അച്ചടക്കവും ലോകത്തിന് സന്ദേശമാകുന്നു. പണിശാലയിലെ ശബ്ദവും പടക്കശാലയിലെ നിശബ്ദതയും വ്യത്യസ്തമാകുമ്പോള്‍ ഈ വ്യത്യസ്തത തന്നെയാണിന്നിന്റെ ആശങ്കയും. ”യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നുവന്നു” (ലൂക്കാ 2:52). ഇന്ന് ദൈവമനുഷ്യബന്ധങ്ങളില്‍ അഹന്തയുടെയും ആഡംബരഭ്രമത്തിന്റെയും സ്വാര്‍ത്ഥമോഹങ്ങളുടെയും വിചാരങ്ങള്‍ വിള്ളല്‍ തീര്‍ക്കുന്ന കാലമാണ്!

കാര്‍ഷിക മേഖലമാത്രം ജീവിതമാര്‍ഗമായിരുന്ന പഴയകാലം! മക്കളേറെയാണെങ്കിലും ആര്‍ക്കും പരാതിയില്ല. സമൃദ്ധിയില്ലെങ്കിലും മാതാപിതാക്കളെ പടിയിറക്കിവിടാറില്ല. കൂട്ടും കൂട്ടുത്തരവാദിത്വവും കടപ്പാടും അനുസരണയും ബഹുമാനവും നിറഞ്ഞ പ്രാര്‍ത്ഥനയും കുടുംബത്തിന്റെ നട്ടെല്ലായിരുന്നു. മാനുഷികതയുടെ ചക്രവാളത്തിലൊതുങ്ങുന്ന കൂടുമ്പോള്‍ ഇമ്പമുള്ളയിടമായിരുന്ന നമ്മുടെ ഭവനങ്ങള്‍. പുറമോടിയെക്കാള്‍ അകംവിശുദ്ധിക്ക് പ്രാമുഖ്യം നല്‍കിയിരുന്നു. അലോസരങ്ങള്‍ തലപൊക്കിയാലും ഡിവോഴ്‌സിന്റെ നിയമത്താളുകള്‍ മറിച്ചിരുന്നില്ല. പകരം സുവിശേഷത്തിന്റെ താളുകള്‍ മറിച്ചിരുന്നു. പങ്കുവയ്ക്കാനും പടുത്തുയര്‍ത്താനും പാടുപെട്ടിരുന്ന നാളുകളില്‍നിന്നും ‘പടവെട്ടാന്‍ പാടുപെടുന്ന’ തലമുറ വളര്‍ന്നുവരുന്ന കാലമാണ്. സ്വയം വളരാന്‍ ആരെയും ‘ഇര’യാക്കുന്ന തന്ത്രങ്ങളില്‍ നാം വൈദഗ്ധ്യം നേടുന്നു. ചുറ്റുമുള്ളതെല്ലാം വെട്ടിക്കൂട്ടി വളമാക്കി സ്വയം തഴയ്ക്കുന്നതിലേക്ക് തലമുറ വളരുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ നാം കാണുന്നു.

കുടുംബങ്ങള്‍ ഒറ്റപ്പെടുന്നു; വേരറ്റുപോകുന്നു, ബന്ധങ്ങളുടെ ഇഴപൊട്ടുന്നു, പ്രായമേറുംതോറും നമുക്കിടയില്‍ ഏകാന്തതയും രോഗപീഡകളും ഏറുന്നു. മക്കളെല്ലാം മറുനാട്ടില്‍ പണം കൊയ്യുമ്പോള്‍ മാതാപിതാക്കള്‍ ‘തടവറ’യിലാണിന്ന്. പണവും ജീവിതസൗകര്യങ്ങളുമുണ്ടെങ്കിലും അടുത്തിരിക്കാനാരുമില്ലെന്ന യാഥാര്‍ത്ഥ്യം മുതിര്‍ന്നവരെ രോഗികളാക്കുന്നു.
ദൈവം തന്ന നമ്മുടെ സ്വന്തം മലയാളക്കരക്ക് മലയാളികള്‍ക്കുതന്നെ വിലയില്ലെന്നായിരിക്കുന്നു. ഒരു കൂട്ടപ്പലായനത്തിന്റെ ത്രില്‍ നമ്മെ വേട്ടയാടുന്നു; നമ്മുടെതന്നെ കുടുംബങ്ങള്‍ ഇവിടെ വേരറ്റുപോകുന്നു. പരമ്പരാഗത ക്രൈസ്തവരുടെ വീടുകള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നു. വൃദ്ധരുടെ ‘മരണം’വരെയുള്ള കാലതാമസമാണ് വില്പനയുടെ തടസം!!

വേലയും കൂലിയും സൈ്വരജീവിതവും ഇവിടെ ഇല്ലെന്നു യുവാക്കള്‍ പറയുമ്പോഴും പണിമുടക്കിനും സമരത്തിനും കോലാഹലങ്ങള്‍ക്കും അക്രമരാഷ്ട്രീയത്തിനും തെരുവുയുദ്ധങ്ങള്‍ക്കും യുവാക്കള്‍ തന്നെയല്ലേ മുന്നില്‍. വിദേശം മെച്ചമാണെന്ന് പറയുന്ന യുവതലമുറയ്ക്ക് വിദേശത്തെ പ്രവണതകളും പ്രവര്‍ത്തനങ്ങളും സത്യസന്ധതയും സൈ്വരജീവിതവും മാര്‍ഗദര്‍ശകമാകാത്തതെന്താണ്? ഇവിടുത്തെ ഉന്നതവിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണോ നാം വിദേശത്ത് ജോലി ചെയ്യുന്നത്?! ”വിദേശത്ത് എന്തുംചെയ്യും. ഇവിടെ ഒന്നും ചെയ്യില്ല.” വീടും പറമ്പും വിറ്റും ലോണെടുത്തും വലിയ കടക്കാരായി മാതാപിതാക്കളെ മറ്റാരെയെങ്കിലും ഏല്‍പിച്ച് മക്കള്‍ നാടുവിടുന്നതിന്റെ ‘ഭാവി’ നാം ചിന്തിക്കാത്തതെന്താണ്? ഇന്നത്തെ മാതാപിതാക്കളും വൃദ്ധരും കൂടൊഴിയുമ്പോള്‍ കേരളം അനാഥമാകില്ലേ? ദൈവം നമ്മെയേല്‍പിച്ച നാട് ആരുടേതാകും? നമുക്ക് കിട്ടിയ താലന്തുകള്‍ ഏതവസ്ഥയിലാകും?

കുടുംബത്തില്‍ നാം ഉണരണം

ബന്ധങ്ങളുടെ മൂല്യമറിയണം; ബന്ധുബലത്തിന്റെ ഊഷ്മളതയില്‍ വളരണം; നമുക്കുമുമ്പും ലോകമുണ്ടായിരുന്നെന്ന് ചിന്തിക്കാനുള്ള എളിമയെങ്കിലും ഉണ്ടാകണം. ജീവിതകവാടങ്ങളില്‍ ‘മണിഡിറ്റക്ടര്‍’ പ്രബലമാകുമ്പോഴും സ്‌നേഹത്തിന്റെ മൃദുലഭാവങ്ങള്‍ വീണുനശിക്കുന്നുവെന്ന് അറിയണം. മരിക്കുന്നതിനുമുമ്പ് മക്കളെ ഒന്നു കാണാന്‍ കൊതിച്ചവരെത്രയാണ് മക്കളെ കാണാതെ മരണംപൂകിയതെന്ന് ചിന്തിച്ചുനോക്കുക?! എന്തിനാണ് ഈ ജീവിത ഓട്ടമെന്ന് ശാന്തമായിട്ടൊന്ന് ഇരുന്ന് ചിന്തിക്കണം?! പ്രാര്‍ത്ഥിക്കണം.

”നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകള്‍ അതില്‍നിന്നാണൊഴുകുന്നത്” (സുഭാ. 4:23). ജീവന്റെ ഉറവ വറ്റാത്ത ഹൃദയത്തിന്റെ ഉടമകളായി കുടുംബത്തില്‍ നാം ഉണരണം. കുടുംബജീവിതത്തിന്റെ കെട്ടുറപ്പും കുടുംബജീവിതത്തിന്റെ മാധുര്യവും ആസ്വദിച്ച് തിരുക്കുടുംബ ചൈതന്യത്തില്‍ നമ്മുടെ കുടുംബങ്ങള്‍ ശബ്ദായമാനമാകണം. ഹൃദയതുറവിയില്‍ പരസ്പരം ഉള്ളം പങ്കുവയ്ക്കപ്പെടണം. അഗ്നിപര്‍വതം കണക്കെ ഹൃദയത്തില്‍ നൊമ്പരങ്ങളും പകയും നിരാശയും തിങ്ങാന്‍ ഇടയാകരുത്. കടുത്ത രോഗങ്ങള്‍ ആധുനിക മനുഷ്യരില്‍ വര്‍ധിക്കുന്നതിന് ഒറ്റപ്പെടല്‍ കാരണമാകുന്നു. ഒന്നിച്ചു ജീവിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുമ്പോഴും നാമൊക്കെ ആരോഗ്യവും കഴിവുമുള്ളപ്പോള്‍ മക്കളെയെല്ലാം വിദേശപഠനവും ജോലിയുമായി പറഞ്ഞയയ്ക്കും… പക്ഷേ രക്ഷിതാക്കള്‍ വയ്യാതാകുമ്പോള്‍ വീണ്ടുവിചാരമുണ്ടാകുന്നു; ആകുലചിത്തരാകുന്നു. എന്നാല്‍ അപ്പോഴേക്കും അവരൊക്കെ ചിറകുവച്ച് നോക്കെത്താദൂരത്തോളം പറന്നെത്തിയിട്ടുണ്ടാകും, മടക്കയാത്ര അസാധ്യമാകും…!

”ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ അവന്റെതന്നെ സൃഷ്ടിയാണ്” (സഭാ പ്രസം.7:29). ജീവിതങ്ങളെ ഞെരുക്കങ്ങളിലാക്കുന്ന തരത്തില്‍ നമ്മുടെ കുടുംബങ്ങളില്‍ ആളില്ലാതാക്കരുത്. അവധിക്കെത്തുമ്പോഴുള്ള അടിച്ചുപൊളിയില്‍ കുടുംബം സന്തുഷ്ടമാകുമെന്ന ധാരണ വേണ്ട. തിമിര്‍ത്തുപെയ്യുന്ന മഴ കഴിഞ്ഞുള്ള ‘കടുത്ത വേനല്‍’ എല്ലാം വീണ്ടും വരള്‍ച്ചയുടെ നാളുകളിലേക്കെത്തിക്കുമല്ലോ! ദൈവത്തിന്റെ സ്വന്തം നാട് സ്‌നേഹവും കൂട്ടായ്മയുമുള്ള കുടുംബങ്ങളുടെ കൂട്ടായ ഇടമാകട്ടെ; ഒറ്റപ്പെടലിനിടയാകരുത്.

റ്റോം ജോസ് തഴുവംകുന്ന്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?