ഫാ. ജോസഫ് പൂണോലി സിഎംഐ
ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ വര്‍ജിച്ചുകൊണ്ട് നടത്തുന്ന മതാനുഷ്ഠാനമാണ് നോമ്പ് അഥവാ ഉപവാസം. പല പ്രധാന അവസരങ്ങളിലും ഉപവാസവ്രതമനുഷ്ഠിച്ചിരുന്നതായി പഴയനിയമത്തില്‍ പരാമര്‍ശമുണ്ട്. പത്തു കല്പനകള്‍ പലകയില്‍ എഴുതിക്കൊടുക്കുന്നതിനുമുമ്പ് മോശ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്‍പതു രാവും നാല്‍പതു പകലും യഹോവയോടുകൂടി ചെലവഴിച്ചു (പുറപ്പാട് 34:28).
ക്രിസ്തുമതത്തിന്റെ ആരംഭംമുതല്‍ ഉപവാസത്തിന് പ്രാധാന്യം നല്‍കിയിരുന്നു. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. എന്നാല്‍ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് ശിരസില്‍ തൈലം പൂശുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും (മത്തായി 4:16-18). 40 ദിവസം യേശു മരുഭൂമിയില്‍ ഉപവസിച്ചതിന്റെ ഓര്‍മയ്ക്കായി (മത്തായി 4:1-2) ക്രൈസ്തവര്‍ വിഭൂതി മുതല്‍ ഉയിര്‍പ്പുവരെ നോമ്പ് അനുഷ്ഠിക്കുന്നു. വിഭൂതിദിനത്തിലും ദുഃഖവെള്ളിയാഴ്ചയും ഒരുനേരമേ ആഹാരം കഴിക്കാവൂ എന്നും മാംസം ഉപേക്ഷിക്കണമെന്നും 1966-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്.
ആത്മശുദ്ധീകരണം, പശ്ചാത്താപം, ഈശ്വര സായൂജ്യം ഇവയൊക്കെയാണ് നോമ്പിന്റെയും ഉപവാസത്തിന്റെയും ലക്ഷ്യം. യേശുവിന്റെ വാക്കുകള്‍ ശ്രദ്ധേയമത്രെ: വായിലേക്ക് പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. ദുഷ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല (മത്തായി 15:15-20).
ത്യാഗത്തിന്റെ വഴി
യേശു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍. വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്. അതിലെ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍ ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അത് കണ്ടെത്തുന്നവരോ ചുരുക്കം (മത്തായി 7:13-14). ഇംഗ്ലീഷ് സാഹിത്യകാരനായ ജോണ്‍ ബനിയന്റെ ‘സാധകന്റെ സഞ്ചാരം’ എന്ന ഗ്രന്ഥത്തിന്റെ ഇതിവൃത്തംതന്നെ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്നതാണ്. ക്ലേശങ്ങളിലൂടെയാണ് ക്രിസ്തു മഹത്വീകരിക്കപ്പെട്ടതും. ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ? (ലൂക്കാ 24:26). നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു (ഗലാത്തിയ 6:14). ജീവിതത്തിലെ തെറ്റായ ശീലങ്ങളെ അതിജീവിക്കാതെ മാംസം, മത്സ്യം, മുട്ട, പാല്‍ ഇവ ത്യജിച്ചാലും അത് യഥാര്‍ത്ഥ നോമ്പോ ഉപവാസമോ ആകുകയില്ല.
ദാനധര്‍മം
”ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മം പാപത്തിന് പരിഹാരമാണ്” (പ്രഭാഷകന്‍ 3:30). ”ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്; പാവപ്പെട്ടവനില്‍നിന്നും മുഖം തിരിച്ചുകളയരുത്. സമ്പത്തേറുമ്പോള്‍ അതനുസരിച്ച് ദാനം ചെയ്യുക; കുറച്ചേ ഉള്ളൂവെങ്കില്‍ അതനുസരിച്ച് ദാനം ചെയ്യാന്‍ മടിക്കരുത്. ദാനധര്‍മം മൃത്യുവില്‍നിന്നു രക്ഷിക്കുകയും അന്ധകാരത്തില്‍പെടുന്നതില്‍നിന്നു കാത്തുകൊള്ളുകയും ചെയ്യും. ദാനധര്‍മം അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയാണ്” (തോബിത്ത് 4:7-11).
സുകൃതം നിറഞ്ഞ ജീവിതമാണ് യഥാര്‍ത്ഥ ദാനധര്‍മവും ഉപവാസവും. ”നിങ്ങള്‍ ഉപവസിക്കുമ്പോള്‍ സ്വന്തം സുഖമാണ് തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; കലഹിക്കുന്നതിനും ശണ്ഠ കൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്… ഇപ്രകാരമുള്ള ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്; ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്തരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത് (ഏശയ്യാ 58:3-7).
ചുരുക്കത്തില്‍ ആവശ്യത്തിലായിരിക്കുന്നവന് അത്താണിയാകുക, നല്ല സമയാറനാകുക, നല്ല അയല്‍ക്കാരനാകുക – അതാണ് യഥാര്‍ത്ഥ ഉപവാസവും ദാനധര്‍മവും. നീയും പോയി അതുപോലെ ചെയ്യുക. അതാണ് യേശുവിന്റെ ആഹ്വാനം (ലൂക്കാ 10:25-37). വിധവയുടെ കാണിക്കപോലെ നമ്മുടെ ദാനധര്‍മം സമ്പൂര്‍ണവും ഹൃദയംഗമവും ആയിരിക്കണം. സക്കേവൂസിന്റെ വിശാല മനോഭാവവും നമ്മള്‍ പ്രകടമാക്കേണ്ടിയിരിക്കുന്നു. സക്കേവൂസ് എഴുന്നേറ്റ് പറഞ്ഞു: ഇതാ എന്റെ സ്വത്തിന്റെ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു; ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു (ലൂക്കാ 19:8).
പാപബോധവും പശ്ചാത്താപവും
മാനവകുലം മുഴുവന്‍, പാപികളും പാപത്തിലേക്ക് ചാച്ചില്‍ ഉള്ളവരുമാണ്. അതുകൊണ്ടാണ്, പാപം ഇല്ലാത്തവര്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞുകൊള്ളുവിന്‍ എന്ന് ക്രിസ്തു പറഞ്ഞപ്പോള്‍ ഓരോരുത്തരും സ്ഥലംവിട്ടത് (യോഹന്നാന്‍ 8:4-9). യേശുവിന്റെ വത്സലശിഷ്യനായ യോഹന്നാനും പറയുന്നുണ്ട്: നമുക്ക് പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും… നാം പാപം ചെയ്തിട്ടില്ല എന്നു പറഞ്ഞാല്‍ നാം അവനെ വ്യാജം പറയുന്നവനാക്കുന്നു. അവന്റെ വചനം നമ്മില്‍ ഉണ്ടായിരിക്കുകയുമില്ല (1 യോഹന്നാന്‍ 1:8,10). പാപബോധത്തില്‍നിന്നുമാത്രമേ പശ്ചാത്താപം അഥവാ മനസ്താപം രൂപംകൊള്ളുകയുള്ളൂ. മനഃസാക്ഷിക്കു വിരുദ്ധമായതെല്ലാം പാപമാണ് (റോമാ 14:23).
പാപബോധം പശ്ചാത്താപത്തിലേക്ക് നയിക്കണം. അത് ആഴപ്പെട്ടപ്പോഴാണ് ധൂര്‍ത്തപുത്രന്‍ എഴുന്നേറ്റ് പിതാവിന്റെ പക്കല്‍ ചെന്ന് പറഞ്ഞത്: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രനെന്നു വിളിക്കപ്പെടാന്‍ ഞാന്‍ യോഗ്യനല്ല (ലൂക്കാ 15:17-21). പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശം സുനിശ്ചിതം. പീലാത്തോസ് രക്തം കലര്‍ത്തിയ ഗലീലിയക്കാരെപ്പോലെയും സീലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ടവരെപ്പോലെ എല്ലാവരും നശിക്കുമെന്ന് യേശു ആവര്‍ത്തിക്കുന്നു. മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവാനാണ് (ലൂക്കാ 3:8-14) യേശു ആവശ്യപ്പെടുന്നത്. സ്വര്‍ഗരാജ്യത്തിന് അര്‍ഹരാകണമെങ്കില്‍ മാനസാന്തരപ്പെടണമെന്ന് യേശുവും (മത്തായി 4:17) രക്ഷ പ്രാപിക്കണമെങ്കില്‍ പശ്ചാത്തപിക്കുവിന്‍ എന്നും പാപമോചനത്തിനായി യേശുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കണമെന്ന് ശിഷ്യരും ഉദ്‌ബോധിപ്പിക്കുന്നു (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2:38).
പശ്ചാത്താപം യഥാര്‍ത്ഥമായിരിക്കണം. അതുകൊണ്ടാണ് ജോയേല്‍ പ്രവാചകന്‍ പറയുന്നത്, നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത് (ജോയേല്‍ 2:13). പാപിനിയായ സ്ത്രീ ”അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ട് നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ ഇവള്‍ അധികം സ്‌നേഹിച്ചു (ലൂക്കാ 7:38-47). വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട് ഉള്ളുരുകിനിന്ന, സ്ത്രീയോട് യേശു പറഞ്ഞു, ഞാനും നിന്നെ വിധിക്കുന്നില്ല, മേലില്‍ പാപം ചെയ്യരുത് (യോഹന്നാന്‍ 8:11). ഒരു ആത്മീയ സംസ്‌കാരമാണ് നോമ്പുകൊണ്ട് ലക്ഷ്യമാക്കുന്നത്. അതുവഴി വചനം നമ്മുടെ പാദങ്ങള്‍ക്ക് വിളക്കും വഴിയില്‍ പ്രകാശവുമാകണം (സങ്കീര്‍ത്തനം 119:105).
Leave a Comment
Your email address will not be published. Required fields are marked with *