Follow Us On

09

May

2025

Friday

പേപ്പല്‍ സെമിനാരിയിലെ ആദ്യ അധ്യാപിക

പേപ്പല്‍ സെമിനാരിയിലെ  ആദ്യ അധ്യാപിക

ജയിംസ് ഇടയോടി മുംബൈ

മാതാപിതാക്കള്‍ എഞ്ചിനീയറായി കാണണമെന്ന് ആഗ്രഹിച്ച മകളായിരുന്നു ഡോ. സിസ്റ്റര്‍ രേഖ ചേന്നാട്ട്. എന്നാല്‍, ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു എന്നുമാത്രം. പ്രീഡിഗ്രി ഉയര്‍ന്ന നിലയില്‍ പാസായെങ്കിലും എഞ്ചിനീയറിംഗിന് ചേരാതെ സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കാനായിരുന്നു രേഖയുടെ ആഗ്രഹം. മകളുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നം മാറ്റിയപ്പോള്‍ ദൈവപദ്ധതികളിലേക്കുള്ള യാത്ര അവിടെ തുടങ്ങുകകയായിരുന്നു. 2018 ജൂലൈ മുതല്‍ ഫ്രാന്‍സിലെ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന ആഗോള സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍ രേഖ ചേന്നാട്ട്. നാല് ഭൂഖണ്ഡങ്ങളിലെ 34 രാജ്യങ്ങളിലായി 1700 അംഗങ്ങള്‍ ഈ സമര്‍പ്പിത സമൂഹത്തിലുണ്ട്. ഫ്രാന്‍സിലെ പാരീസിലാണ് സിസ്റ്റര്‍ അധികസമയവും.

ഹൃദയത്തെ സ്വാധീനിച്ച പ്രവര്‍ത്തനങ്ങള്‍
മഠത്തില്‍ ചേരാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കിയതു മുതല്‍ ഏതു സമൂഹം തിരഞ്ഞെടുക്കണമെന്ന ചോദ്യം മനസില്‍ മുഴങ്ങി. വിവിധ സമര്‍പ്പിത സമൂഹങ്ങളെക്കുറിച്ചും ആ പ്രീഡിഗ്രിക്കാരി അന്വേഷണം നടത്തി. അങ്ങനെയാണ് കോഴിക്കോട് കടപ്പുറത്ത് മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അസംപ്ഷന്‍ സിസ്റ്റേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ഇടയായത്.
ചുറ്റുപാടുകളിലുമുള്ള സാമൂഹിക ഉച്ചനീചത്വങ്ങള്‍, സാമ്പത്തിക വിവേചനങ്ങള്‍ എന്നിവയ്ക്ക് എതിരെ ഉള്ളില്‍ നിലപാടു സൂക്ഷിച്ചിരുന്ന അവള്‍ സ്വന്തം ഇടം തിരിച്ചറിഞ്ഞു. എന്റെ സഹോദരങ്ങളുടെ മനസിന്റെ സ്വാതന്ത്ര്യവും പൂര്‍ണ്ണതയും കൈവരിക്കാനാവശ്യമായ ഒരു പദ്ധതി എനിക്കുണ്ട്.’എന്ന റിലീജിയസ് ഓഫ് ദി അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മാരിയൂഷലി യുടെ വാക്കുകളും ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. അങ്ങനെ 1981 ജൂലൈ മാസത്തില്‍ കോഴിക്കോട് ദി അസംപ്ഷന്‍ കോണ്‍ഗ്രിഗേഷനില്‍ അംഗമായി.

നൊവിഷ്യേറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും ഉപരിപഠനമായിരുന്നു അധികാരികള്‍ നിര്‍ദ്ദേശിച്ചത്. പഠനത്തോട് തെല്ലും താല്‍പ്പര്യം ഇല്ലായിരുന്നെങ്കിലും അനുസരണത്തിന്‍പേരില്‍ അനുസരിക്കുകയായിരുന്നു എന്ന് സിസ്റ്റര്‍ പറയുന്നു. അങ്ങനെ പൂനാ പൊന്തിഫിക്കല്‍ ജഞാനദീപ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 1985-ല്‍ തത്വശാസ്ത്രത്തില്‍ (B.Ph) ബിരുദം നേടി. കൂടെ മറാത്തി ഭാഷാ പഠനവും നടത്തി. തുടര്‍ന്ന് നാസിക്ക് ജില്ലയിലെ ഒരു കുഗ്രാമത്തിലേക്കായിരുന്നു നിയോഗിക്കപ്പെട്ടത്. കാലാവസ്ഥ, ഭക്ഷണം എല്ലാം ദുരിതപൂര്‍ണ്ണമായിരുന്നെങ്കിലും ആ വിപരീത സാഹചര്യങ്ങളിലും സിസ്റ്റര്‍ ഏറെ സന്തോഷവതിയായിരുന്നു. താന്‍ സ്വപ്നംകണ്ട പ്രവര്‍ത്തനങ്ങളുടെ തുടക്കമായി സിസ്റ്റര്‍ അതിനെ കണ്ടു. എന്നാല്‍ ആ സമയത്ത് ഉണ്ടായ ഹൃദയസംബന്ധമായ രോഗം പ്രതീക്ഷകളെ തകിടംമറിച്ചു.

ഇഷ്ടമില്ലാത്ത പഠനം
അധികാരികള്‍ തിരികെ വിളിച്ചു. തുടര്‍ന്ന് വിശ്രമ നാളുകളായിരുന്നു. പിന്നീട് ദൈവശാസ്ത്രം പഠിക്കാന്‍ നിര്‍ദേശം കിട്ടി. മനസ് അസ്വസ്ഥമായി, പാവങ്ങള്‍ക്ക് സേവനം ചെയ്യുന്നതിന് എന്തിനാണ് ദൈവശാസ്ത്രം എന്ന ചോദ്യം മനസില്‍ ഉയര്‍ന്നു. മനസ് വല്ലാതെ ഉലഞ്ഞു. പാവങ്ങളുടെ സേവനത്തിന് ദൈവശാസ്ത്ര പശ്ചാത്തലം കിട്ടുമല്ലോ എന്ന് ആശ്വസിച്ചു. 1988-ല്‍ ആ.ഠവ-ന് ചേര്‍ന്നു. പഠനത്തിന്റെ മൂന്നാം വര്‍ഷം തിയോളജി അധ്യാപികയായി തിരഞ്ഞെടുത്തു. സാധുജനസേവനത്തിനുള്ള തന്റെ സ്വപ്നങ്ങള്‍ അടയുന്നല്ലോ എന്ന ചിന്ത മനസില്‍ നൊമ്പരം സൃഷ്ടിച്ചു. ദൈവം ഇങ്ങനെ തന്നോടു പറയുന്നതായി സിസ്റ്ററിന് അനുഭവപ്പെട്ടു. നീ ഒരു ചെറുവില്ലേജില്‍ പോയി ശുശ്രൂഷകള്‍ ചെയ്താല്‍ എന്താകും? ഒരു അധ്യാപികയാല്‍ ആയിരങ്ങള്‍ക്ക് നിന്റെ ദൗത്യം പകര്‍ന്ന് നല്‍കാനാകും.’

അക്കാലത്ത് പൂനാ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ വനിതകള്‍ അധ്യാപകരായി ഉണ്ടായിരുന്നില്ല. സിസ്റ്റര്‍ രേഖയാണ് പ്രഥമ വനിതാ അധ്യാപിക. വിദ്യാര്‍ത്ഥികള്‍ പലരും സിസ്റ്ററിനെക്കാള്‍ പ്രായമുള്ളവരായിരുന്നു. ഇതിനിടയില്‍ ഉപരിപഠനാര്‍ത്ഥം റോമില്‍ പോകാനുള്ള അവസരം തേടിയെത്തി. ഒരു ദിവസം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. സിസ്റ്ററിനെ ഒത്തിരി സ്വാധീനിച്ചിട്ടുള്ള 88 വയസുള്ള വല്യച്ചാച്ചന്‍ പറഞ്ഞു: ”മോളേ, നീ പേപ്പല്‍ സെമിനാരിയില്‍ ബൈബിള്‍ പഠിപ്പിക്കുന്ന ആദ്യ വനിതയായിരിക്കാം. നീ ഒരു പണ്ഡിത ആകുന്നതിനോടൊപ്പം, ജീവിതംകൊണ്ട് തിരുവചനങ്ങളുടെ സാക്ഷ്യമായി മാറണം. എങ്കില്‍ മാത്രമേ ബൈബിള്‍ പഠിപ്പിക്കാനുള്ള യോഗ്യത നിനക്കുണ്ടാകൂ.”

വത്തിക്കാനിലെ പ്രസംഗം
1996-ല്‍ റോമില്‍ പൊന്തിഫിക്കള്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബൈബിളില്‍ ലൈസന്‍ഷിയേറ്റ് പൂര്‍ത്തിയാക്കി. വല്യച്ചാച്ചന്‍ പറഞ്ഞ വാക്കുകള്‍ മനസില്‍ മുഴങ്ങിക്കൊണ്ടിരുന്നു. 2004 -ല്‍ വാഷിങ്ങ്ടണ്‍ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിബ്ലിക്കല്‍ സ്റ്റഡീസില്‍ ഡിസ്റ്റിങ്ങ്ഷനോടുകൂടി ജവറ നേടി. 2007 – 2010 കാലഘട്ടത്തില്‍ പൂനാ ജ്ഞാന ദീപ് ബിബ്ലിക്കല്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ പ്രോഗ്രാം ഡിപ്പാര്‍ട്ടുമെന്റ് ഡയക്ടര്‍ ആയി നിയമിക്കപ്പെട്ടു. 2011 -ല്‍ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി നിയമിതയായി. 2012 -ല്‍ വത്തിക്കാനില്‍ നടന്ന മെത്രാന്‍ന്മാരുടെ സിനഡ് സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വല്യചാച്ചന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവച്ചത് വലിയ കൈയടികളോടെ സദസ് എതിരേറ്റത്. നവ സുവിശേഷവല്‍ക്കരണത്തെപ്പറ്റിയുള്ള ആ സിനഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായിട്ടാണ് സിസ്റ്റര്‍ കാണുന്നത്.

സഭയുടെ കാരിസം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന പ്രധാന മാധ്യമം വിദ്യാഭ്യാസ മേഖലയാണെന്ന് സിസ്റ്റര്‍ രേഖയുടെ അഭിപ്രായം. സ്‌കൂളുകള്‍, കോളജുകള്‍, സോഷ്യോ-പാസ്റ്ററല്‍ സെന്ററുകള്‍, യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പരിശീലനങ്ങള്‍, ഹോസ്റ്റലുകള്‍, ഹോസ്പിറ്റാലിറ്റി സെന്ററുകള്‍, ബോര്‍ഡിംങ്ങുകള്‍ എന്നിങ്ങനെ അനേകം സ്ഥാപനങ്ങള്‍ ഉണ്ട്. ഞങ്ങളുടെ സമൂഹത്തില്‍ ബൈബിളില്‍ പാണ്ഡിത്യം നേടിയിട്ടുള്ള പല സിസ്റ്റേഴ്‌സും ഉണ്ട്. കൗണ്‍സിലിംങ്ങ് സെന്ററുകള്‍, ജസ്റ്റീസ് ആന്റ് പീസ് (J P) ഇന്റഗ്രിറ്റി ആന്റ് സോളിഡാരിറ്റി സെന്ററുകള്‍ എന്നിങ്ങനെ ബഹുമുഖങ്ങളായ മണ്ഡലങ്ങളില്‍ ഈ സമൂഹത്തിലെ അംഗങ്ങള്‍ സേവനം ചെയ്യുന്നു.

പട്ടിണികിടക്കുന്ന ക്യൂബയിലെ മിഷനറിമാര്‍
സാമൂഹ്യ സേവനത്തിനപ്പുറം നമ്മള്‍ ദൈവരാജ്യശുശ്രൂഷകരാണെന്ന് ബോധ്യത്തോടെ ദൈവിക ദൗത്യത്തില്‍ പങ്കാളികളാകണമെന്നാണ് സിസ്റ്റര്‍ സഹശുശ്രൂഷകരെ ഓര്‍മിപ്പിക്കുന്നത്. ആത്മീയത, വിശുദ്ധി, ദൈവരാജ്യാനുഭവം ഈ മൂന്ന് അവസ്ഥകളും പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് സിസ്റ്റര്‍ രേഖ ചേന്നാട്ട് പറയുന്നത്. ”ആത്മീയത മനസിന്റെ ഒരു ക്രമീകരണം ആണ്. ഈ ആത്മീയതക്ക് നാം നല്‍കുന്ന കാഴ്ച്ചപ്പാടാണ് വിശുദ്ധി. ആത്മീയയും വിശുദ്ധിയും നമ്മുടെ നല്ല പെരുമാറ്റത്തിന്റെ ഫലങ്ങളായി പ്രത്യക്ഷപ്പെടണം. അതാണ് വിശുദ്ധിയുള്ള ജീവിതത്തിന്റെ അടയാളം. ആത്മീയതയുടേയും വിശുദ്ധിയുടേയും നിറവുള്ളടത്ത് ദൈവത്തിന്റെ സാന്നിധ്യം നിശ്ചയമായും ഉണ്ട.് അതാണ് ദൈവരാജ്യം. വ്യക്തിപരമായി, ക്രിയാത്മകവും ഉത്തരവാദിത്വ പൂര്‍ണ്ണവുമായ ഒരു വിശുദ്ധ ജീവിതത്തിന് ഈ മൂന്ന് തലങ്ങളും അത്യന്താപേക്ഷിതമാണെന്ന് സിസ്റ്റര്‍ പറയുന്നു.

കേരളം, മഹാരാഷ്ട്രാ, ബീഹാര്‍, ജാര്‍ഖണ്ഡ്, അസം എന്നീ സംസഥാനങ്ങളില്‍ ഈ സമൂഹം പ്രവര്‍ത്തിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയിലും ക്യൂബയിലും ആഫ്രിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം പട്ടിണി പാവങ്ങളോടൊത്ത് സേവനം ചെയ്യുന്ന സിസ്റ്റേഴ്‌സിന്റെ ജീവിതം വളരെ സങ്കീര്‍ണ്ണവും പ്രശ്‌നഭരിതവുമാണ്. ക്യൂബയില്‍ ജനങ്ങളേപ്പോലെ തന്നെ മിഷനറിമാര്‍ക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടാണ്. മിനിമം സൗകര്യങ്ങള്‍ പോലുമില്ലാത്ത കുഗ്രാമങ്ങളില്‍ ദൈവരാജ്യത്തെ പ്രതി സേവനം ചെയ്യുന്ന മിഷനറിമാര്‍ ആരാലും അറിയപ്പെടാതെ തങ്ങളുടെ ദൗത്യം നിര്‍വഹിക്കുകയാണ്. ഏത് നിമിഷവും സ്വന്തം ജീവന്‍പോലും നഷ്ടപ്പെടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന ഈ മിഷനറിമാരെ പ്രവാചകര്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക എന്നാണ് സിസ്റ്ററിന്റെ ചോദ്യം.

ശ്രദ്ധിക്കപ്പെട്ട പ്രബന്ധങ്ങള്‍
സമര്‍പ്പിത ദൈവവിളികള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ട കുടുംബമാണ് സിസ്റ്ററിന്റേത്. ആറ് മക്കളില്‍ നാലു പേരും സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തവരാണ്. തലശേരി അതിരൂപതയിലെ നെല്ലിക്കുറ്റി ഇടവകയില്‍ പരേതനായ ജോസഫ് ചേന്നാട്ടിന്റെയും മറിയക്കുട്ടിയുടെയും ആറ് മക്കളില്‍ രണ്ടാമത്തെ മകളായിട്ടാണ് സിസ്റ്ററിന്റെ ജനനം. ഫാ. ആഗസ്റ്റിന്‍ ചേന്നാട്ട് (മോറല്‍ തിയോളജി പ്രഫസര്‍ ആലുവാ പൊന്തിഫിക്കല്‍ സെമിനാരി) സഹോദരനും ഹോളിസ്പിരിറ്റ് സഭാംഗമായി പഞ്ചാബില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ഗീത, സലേഷ്യന്‍ സഭാംഗമായ സിസ്റ്റര്‍ ആ നി എന്നിവര്‍ സഹോദരിമാരുമാണ്. സേവി ജോസഫ് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ (കുടുംബ സമേതം U S A), ഓസ്‌ട്രേലിയയില്‍ സെ റ്റില്‍ ചെയ്ത ദീപാ ജോസഫു മാണ് മറ്റു സഹോദരങ്ങള്‍.

ഫെഡറേഷന്‍ ഓഫ് ദി ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അംഗമെന്ന നിലയില്‍ കര്‍ദിനാളന്‍ന്മാരും മെത്രാന്‍ന്മാരും ദൈവശാസ്ത്രജ്ഞന്‍ന്മാരുമായി തുറന്ന മനസോടും കൂടി ദൈവശാസ്ത്ര വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് സിസ്റ്റര്‍ രേഖ ചേന്നാട്ട് പറയുന്നു. എഅആഇ -യുടെ ജോലിയുടെ ഭാഗമായി ധാരാളം പ്രൊജക്ടുകളില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചു. പ്രമുഖ ദൈവശാസ്ത്ര പണ്ഡിതരുമായി ചേര്‍ന്ന് ഏഷ്യയുടെ പശ്ചാത്തലത്തിലുള്ള സിനാഡിലിറ്റിയെക്കുറിച്ച് വിവിധ വോളിയങ്ങളില്‍ ഗ്രന്ഥരചന നടക്കുകയാണ്. പ്രസ്തുത രചനകളിലെല്ലാം ദൈവശാസ്ത്രപരമായ മേഖലകളില്‍ സിസ്റ്ററിന്റെ സംഭാവനകളുമുണ്ട്. സമര്‍പ്പിത ജീവിതം, സ്ത്രീകളുടെ നേതൃത്വം, ബൈബിള്‍ വ്യാഖ്യാനങ്ങള്‍, തീയോളജി ആന്റ് സ്പിരിച്ച്വാലിറ്റി എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ധാരാളം പ്രബന്ധങ്ങള്‍ സിസ്റ്റര്‍ അവതരിപ്പിച്ചിട്ടുണ്ട.് വിവിധ രാജ്യങ്ങളില്‍നിന്ന് ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളില്‍ അനേകം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

അധ്യാപനത്തില്‍ വേദശാസ്ത്രപാഠങ്ങളോടൊപ്പം ദൈവികാനുഭവങ്ങളെക്കുറിച്ചും ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തെക്കുറിച്ചും പങ്കുവയ്ക്കുന്നത് സിസ്റ്റര്‍ രേഖയുടെ രീതിയായിരുന്നു. സഭാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പോകുന്നത് ഇപ്പോള്‍ സിസ്റ്ററിന്റെ പതിവു ജോലിയാണ്. യാത്രയ്ക്കിടയില്‍ പണ്ടു പഠിപ്പിച്ച മിഷനറി വൈദികരെയും സിസ്റ്റേഴ്‌സിനേയും കണ്ടു മുട്ടുമ്പോള്‍ അവര്‍ക്കെല്ലാം പറയാനുള്ളത് വ്യത്യസ്ത നിറഞ്ഞ സിസ്റ്ററിന്റെ ദൈവശാസ്ത്ര പഠനരീതികളെക്കുറിച്ചാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?