ഫാ. ടോം മങ്ങാട്ടുതാഴെ
മണിപ്പൂരിലെ വിശ്വാസികള്‍ ഈ വര്‍ഷത്തെ ഈസ്റ്ററിനെ എങ്ങനെയായിരിക്കും എതിരേല്‍ക്കുക എന്ന സംശയം പലര്‍ക്കും ഉണ്ടാകാം. അഭയാര്‍ത്ഥി ക്യാമ്പുകളിലും മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തിലുമാണല്ലോ അവര്‍ ഇപ്പോഴും ജീവിക്കുന്നത്. മണിപ്പൂര്‍ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പ്രതീകമാണ് ജോസഫ് തിയേക് -ഡൊറോത്തി ബൈറ്റേ ദമ്പതികള്‍ (സുരക്ഷാപ്രശ്‌നംമൂലം സ്ഥലപ്പേര് ഒഴിവാക്കുന്നു. പേരുകളും യഥാര്‍ത്ഥമല്ല). മണിപ്പൂര്‍ കലാപത്തില്‍ ഒന്നരലക്ഷം കുക്കികള്‍ (എല്ലാവരും ക്രൈസ്തവര്‍) അഭയാര്‍ത്ഥികളായി എന്നാണ് കണക്കുകള്‍. അതില്‍ തലസ്ഥാന നഗരമായ ഇംഫാലില്‍നിന്നും അഭയാര്‍ത്ഥികളാക്കപ്പെട്ട 35,000-ത്തോളം പേരില്‍ ഇവരുടെ കുടുംബവും ഉള്‍പ്പെടും. മൂന്നു മുതല്‍ 18 വയസുവരെയുള്ള ഒമ്പതു മക്കളും ഇവര്‍ക്കൊപ്പമുണ്ട്. മണിപ്പൂരിന് പുറത്തുള്ള ഒരു സ്ഥലത്ത് വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന്റെ അവസ്ഥ അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ്. ധരിച്ചിരുന്ന വസ്ത്രമൊഴികെ ബാക്കിയെല്ലാം ഇവര്‍ക്കു നഷ്ടപ്പെട്ടു.
സമ്പാദ്യം ഒമ്പതു മക്കള്‍
ഒമ്പതു മക്കളില്‍ അഞ്ചുപേര്‍ സുഹൃത്തിന്റെ മക്കളാണ്. ഇംഫാലില്‍നിന്നും പോരുമ്പോള്‍ ആ കുട്ടികളെക്കൂടി രക്ഷപ്പെടുത്തുകയായിരുന്നു. അവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നു ബോധ്യം ഉള്ളതിനാലാണ് കുട്ടികളെയും കൊണ്ടുപോന്നത്. സുഹൃത്തിന്റെ കുടുംബത്തിന്റെ കൂടെ തങ്ങളുടെ മക്കള്‍ സുരക്ഷിതരായിരിക്കുമെന്ന് അവര്‍ക്കും ഉറപ്പുണ്ട്. അഞ്ചുകുട്ടികള്‍ സ്വന്തം മക്കളല്ലെന്നത് അവര്‍ ആദ്യം വെളിപ്പെടുത്തിയില്ല. കൂടു തല്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് രഹസ്യസ്വഭാവത്തോടെ അക്കാര്യം വ്യക്തമാക്കിയത്.
അഭയാര്‍ത്ഥികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നൊരാള്‍ എന്നനിലയില്‍ നിരവധി കുടുംബങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഈ കുടുംബത്തിന്റെ കരുതലും സ്‌നേഹവും എന്നെ അമ്പരപ്പിച്ചു. അത്രയും മനുഷ്യത്വമുള്ളവര്‍ക്കു മാത്രമേ കഠിന പ്രതിസന്ധിയുടെ നടുവിലും ഇത്ര ഹൃദയവിശാലതയോടെ പെരുമാറാന്‍ കഴിയൂ. സ്വന്തംകുടുംബത്തിന്റെ സുരക്ഷിതത്വവും ജീവിതവും വലിയൊരു ചോദ്യചിഹ്നമാകുമ്പോഴും അയല്‍ക്കാരുടെ മക്കളെക്കുറിച്ച് ചിന്തിക്കുക അസാധാരണംതന്നെ. അവരോടുള്ള ആദരവ് ഒന്നുകൂടി വര്‍ധിച്ചു.
നഷ്ടം രണ്ടുനില വീടും കാറും
40-കാരനായ ജോസഫ് തിയേക് ഇംഫാലില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. ഒപ്പം, സമൂഹത്തില്‍ ഏറെ ആദരിക്കപ്പെട്ടിരുന്ന വ്യക്തിയും. ഇംഫാലിലെ രണ്ടുനില വീടും കാറും മറ്റു സമ്പാദ്യങ്ങളും അവര്‍ക്ക് നഷ്ടപ്പെട്ടു. 12,10,8 ക്ലാസുകളില്‍ പഠിക്കുന്ന മൂന്നു പെണ്‍കുട്ടികളും മൂന്നര വയസുള്ള ആണ്‍കുട്ടിയുമാണ് അവരുടെ മക്കള്‍. കലാപത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടാമത്തെ മകള്‍ ചികിത്സയിലാണ്. 11,10,9 ക്ലാസുകാരായ മൂന്നു പെണ്‍കുട്ടികളും 8,6 ക്ലാസുകാരായ രണ്ട് ആണ്‍കുട്ടികളുമാണ് സുഹൃത്തിന്റെ മക്കള്‍. സംഘര്‍ഷം നേരിട്ടു കണ്ടതിന്റെ മാനസിക ആഘാതത്തില്‍നിന്നും കുട്ടികള്‍ മോചിതരായിട്ടില്ല. കുടുംബനാഥയായ ഡൊറോത്തി ബൈറ്റേ പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചു വില്‍ക്കുകയാണ്. അതില്‍നിന്നും ലഭിക്കുന്ന തുച്ഛമായ തുകയും ക്രൈസ്തവ സഭകളുടെ സഹായംകൊണ്ടുമാണ് അവര്‍ ജീവിതം മുമ്പോട്ടുകൊണ്ടുപോകുന്നത്.
വിശ്വാസത്തില്‍ പിന്നോട്ടില്ല
ക്രൈസ്തവ സഭകളുടെ കൂട്ടായ്മയാണ് അഭയാര്‍ത്ഥികളുടെ ചെല വുകള്‍ വഹിക്കുന്നത്. ഒരു കുട്ടി യുടെപോലും വിദ്യാഭ്യാസം മുട ങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാവര്‍ക്കും സ്‌പോ ണ്‍സര്‍മാരെ ലഭിച്ചിട്ടില്ല.
മണിപ്പൂരില്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാമ്പുകള്‍ സജീവമാണ്. മണിപ്പൂരിന് പുറത്ത് അനേകര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളില്‍ താമസിക്കുന്നുണ്ട്. മിസോറാം, നാഗാലാന്റ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അഭയാര്‍ത്ഥികളില്‍ കൂടുതല്‍പ്പേരും. ഇരുള്‍ നിറഞ്ഞ ഭാവിയാണ് മുമ്പിലെങ്കിലും കുട്ടികളുടെ മുഖങ്ങള്‍ വലിയ പ്രതീക്ഷയാണ് പകരുന്നതെന്ന് ജോസഫ് ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു. കഴിഞ്ഞ ക്രിസ്മസിന് എല്ലാവരും ദൈവാലയത്തില്‍ പോയി. ഈസ്റ്ററിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജോസഫ് തിയേകിന്റെ മറുപടി ശ്രദ്ധേയമായി: ”രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഞങ്ങള്‍ ചിതറിക്കപ്പെ ട്ടിരിക്കുകയാണ്, സാഹചര്യങ്ങള്‍ ഭയാനകവും. ആഹാരത്തിനുപോലും മറ്റുള്ളവരെ ആശ്രയിക്കണം. എന്നാല്‍, യേശുവിലുള്ള വി ശ്വാസത്തില്‍ തെല്ലും പിന്നോട്ടില്ല. ഈജിപ്തില്‍നിന്നും ദൈവം ഇസ്രയേല്‍ക്കാരെ രക്ഷിച്ചതുപോലെ ഞങ്ങളെയും രക്ഷിക്കുമെന്ന് ഉറപ്പുണ്ട്.”
പ്രതിസന്ധിയുടെ നടുവിലും വാക്കുകളില്‍ നിറയുന്നത് വിശ്വാസദൃഢതയാണ്. ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കുന്നവരെ തകര്‍ക്കാന്‍ ഒരു കൊടുംങ്കാറ്റിനും കഴിയില്ലല്ലോ.
Leave a Comment
Your email address will not be published. Required fields are marked with *