Follow Us On

22

December

2024

Sunday

ഓര്‍മകളുടെ ഫ്രെയ്മിലേക്കു നടന്നുകയറുന്നവര്‍

ഓര്‍മകളുടെ ഫ്രെയ്മിലേക്കു  നടന്നുകയറുന്നവര്‍

ഫാ. ജിന്‍സണ്‍ ജോസഫ് മാണി സിഎംഎഫ്

ആ ട്രെയിന്‍ യാത്രയ്ക്കിടയില്‍ അടുത്തിരുന്ന വ്യക്തി ചോദിച്ചു: യുക്തിവാദികള്‍ പെരുകുമ്പോള്‍ നിങ്ങള്‍ വിശ്വാസികള്‍ എന്തു ചെയ്യുന്നു?
”ഒന്നും ചെയ്യുന്നില്ല.”
”അതെന്താ….നിങ്ങള്‍ അവരെ ബോധ്യപ്പെടുത്താത്തത് ?”
”ആര്‍ക്കും ആരെയും ബോധ്യപ്പെടുത്താന്‍ പറ്റും എന്ന് തോന്നുന്നില്ല.”
അതോടെ എന്നിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട് അവര്‍ കിടന്നുറങ്ങി. ദൈവത്തെ കാണാന്‍ സാധിക്കുന്നവര്‍ ഉണ്ട്. ഇതെല്ലാം മിഥ്യയാണെന്നും പറയുന്നവരുണ്ട്.
വിശ്വാസി ഓരോ നിമിഷവും ദൈവത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസിക്ക് ദൈവം അപ്പനാണ്, അമ്മയാണ്. ആ ബോധ്യമാണ് ഉള്ളത്തെ തകര്‍ക്കുന്ന അനേകം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോഴും അയാളുടെ ബലം.

പ്രപഞ്ചം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് അയാള്‍ക്കറിയാം. ആ രൂപപ്പെടലില്‍ ഓരോ വ്യക്തിയും കുറെ സമയം തന്റേതായ പങ്ക് വഹിക്കുന്നു. പിന്നെ കടന്നുപോകുന്നു. ഉദരത്തില്‍ വച്ച് മരിക്കുന്ന കുട്ടിയും തന്റെ ദൗത്യം നിര്‍വഹിക്കുന്നുണ്ട് എന്നതാണ് സനാതന സത്യം.
ജീവിതത്തില്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നതിനല്ല പ്രാധാന്യം. മറിച്ച് നമ്മള്‍ ജീവിച്ചോ എന്നതാണ് പ്രധാനപ്പെട്ടത്. നടക്കാനിറങ്ങുമ്പോള്‍ കാണുന്ന മരങ്ങള്‍ തങ്ങളുടെ ജീവിതം ആഘോഷിക്കുന്നുണ്ട്. പാറിപ്പറക്കുന്ന പൂമ്പാറ്റയും ചിലയ്ക്കുന്ന കിളികളും മനോഹരമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. അവരെല്ലാം ജീവിക്കുന്നുണ്ട്.

മരങ്ങള്‍ നട്ടവരുണ്ട്. ചെടികള്‍ വച്ച് പിടിപ്പിച്ചവരുണ്ട്. റോഡ് വൃത്തിയാക്കിയവരുണ്ട്. അവരെല്ലാം കടന്നുപോയി. അവര്‍ പഠിപ്പിക്കുന്ന പാഠം ഉണ്ട്. മനോഹരമായ ഒരു ജീവിതം ഒരുക്കാന്‍ നമ്മള്‍ ശ്രമിക്കണം. പള്ളിമുറ്റം അടിച്ചു വാരിയിരുന്ന വേളാങ്കണ്ണി എന്ന ചേട്ടനെ ഓര്‍ക്കുന്നു. അദ്ദേഹം ഒരു സൗന്ദര്യാരാധകനായിരുന്നു. ചെയ്യുന്ന കര്‍മ്മത്തിലെ അഭിമാനം – അതിപ്പോള്‍ ചാണകം വാരുന്ന ജോലിയാണെങ്കിലും കളക്ടറാണെങ്കിലും ചെയ്യുന്നയാള്‍ക്ക് അഭിമാനം തോന്നണം. കാരണം എന്തു ചെയ്യുന്നു എന്നതിനല്ല പ്രാധാന്യം, എങ്ങനെ ചെയ്യുന്നു എന്നതിനാണ്.

കല്ലു പൊട്ടിക്കുന്നയാളെ പോലെ എന്തിനാടാ നെഞ്ച് കലക്കി ജീവിക്കുന്നത് എന്നു ചോദിച്ച ഒരു ബന്ധുവിനെ ഓര്‍ക്കുന്നു. അവര്‍ക്ക് ചില ജോലികള്‍ നീചമാണ്. ആദ്യമേ പറഞ്ഞുവല്ലോ, ആരെയും ബോധ്യപ്പെടുത്താന്‍ പറ്റില്ല.
തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറുടെ പെരുമാറ്റം വളരെ ശ്രദ്ധേയമായി തോന്നി. പക്ഷേ ആ തിരക്കിനിടയില്‍ അവരെ അഭിനന്ദിക്കാന്‍ പറ്റിയില്ല. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അരുവിത്തുറപ്പള്ളിയുടെ മുന്നിലെ കടയില്‍ ചായ കുടിക്കാന്‍ കേറിയപ്പോള്‍ കണ്ടക്ടറതാ ചില്ലറ വാങ്ങാന്‍ വന്നിരിക്കുന്നു. എനിക്ക് പറയാനുള്ളത് പറഞ്ഞു, അവര്‍ പുഞ്ചിരിയോടെ മടങ്ങി. അനേകം കണ്ടക്ടര്‍മാരെ കണ്ട നമ്മുടെ ഓര്‍മയുടെ ഫ്രെയിമിലേക്ക് എങ്ങനെയാണ് ഒന്നു രണ്ടുപേര്‍ മാത്രം സദാ വന്നു നിറയുന്നത്?

ദൈവത്തെ കണ്ടെത്തുക, ചെയ്യുന്ന കര്‍മ്മത്തില്‍ എന്നതാണ് അതിന്റെ സൂത്രവാക്യം. സെമിനാരി ജീവിതം എന്തിനാണ് 12-13 വര്‍ഷം എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ആ കാലത്ത് അനേകം കൊച്ചു കൊച്ചു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മുയലിന് പുല്ലു പറിക്കല്‍, കപ്പത്തോട്ടത്തിലെ കാട് നീക്കം ചെയ്യല്‍, കലാപരിപാടികള്‍ അവതരിപ്പിക്കല്‍, വ്യത്യസ്തരായ ആളുകളുടെ കൂടെ ജീവിക്കല്‍, ടോയ്‌ലറ്റ് വൃത്തിയാക്കല്‍… ഇങ്ങനെയത് നീളുന്നു. അതിന്റെയെല്ലാം ലക്ഷ്യം ഒന്നായിരുന്നു, ദൈവത്തെ കണ്ടുമുട്ടുക. അച്ചനാകുന്നു എന്നതിനല്ല പ്രാധാന്യം. ദൈവത്തെ ദര്‍ശിക്കാന്‍ സാധിക്കുന്നോ എന്നതാണ് നാം ചോദിക്കേണ്ട ചോദ്യം.
ആ കണ്ടുമുട്ടല്‍ എത്ര ചെറുപ്പത്തിലെ നടക്കുന്നോ, അത്രയും ജീവിതം സരളമായിത്തീരും.

ദൈവത്തെ കണ്ടുമുട്ടാത്ത ഒരു നഴ്‌സിന്റെ ജീവിതം എത്ര ബോറായിരിക്കും. വരുന്ന ഓരോ രോഗിയും അവര്‍ക്ക് തലവേദനയാണ്. രോഗികളെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ പിന്നെ സൃഷ്ടിക്കാതിരിക്കാതെ ഇരുന്നാല്‍ പോരേ എന്നു ചിന്തിക്കുന്നവരെപ്പോലെ അവരും ചിന്തിക്കുന്നു. ഈ രോഗികള്‍ക്ക് വല്ല അമ്യൂസ്‌മെന്റ് പാര്‍ക്കിലും പോയാല്‍ പോരേ? ഒരു കാന്‍സര്‍ രോഗി പറഞ്ഞു: രോഗം വന്നത് നന്നായി. അത് ഞാന്‍ ആരാണെന്നും കൂടപ്പിറപ്പുകള്‍ ആരാണെന്നും പഠിപ്പിച്ചു.

മനുഷ്യന് ഇതെല്ലാം വേണം. രോഗം, മരണം, വേര്‍പാട്, സ്‌നേഹം, ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍…. എന്തിന്? നമ്മളുടെ ബോധത്തെ മറയ്ക്കുന്ന അനുഭവങ്ങള്‍ എന്തിനാണ് സംഭവിക്കുന്നത്? അത് ഒന്നു മാത്രം പഠിപ്പിക്കുന്നു. മനുഷ്യന്‍ രൂപപ്പെട്ട ജീവിയല്ല. അവന്‍ രൂപപ്പെടുന്നതേ ഉള്ളൂ. അവന് ഇതുവരെ ബോധം ലഭിച്ചിട്ടില്ല.
ബോധത്തിന്റെ നറുനിലാവ് മെല്ലേ തെളിയുന്നതേയുള്ളൂ. അതുവരെ മനുഷ്യന്‍ അഴിമതി നടത്തിയും സ്വന്തം വണ്ടി ഏറ്റവും സ്പീഡില്‍ ഓടിച്ചും ശരീരത്തെ മലീമസമാക്കിയും സുഖം തേടാന്‍ ശ്രമിക്കും.

തെറ്റ് പറ്റിയെന്ന് മനസിലാക്കുമ്പോഴേക്കും ഹവ്വായെ പറ്റിച്ച സര്‍പ്പം ഉള്ളില്‍ ചിരിക്കും.
പ്രപഞ്ചം രൂപപ്പെട്ടു. മരങ്ങളും ചെടികളും അവയുടെ ദൗത്യം തുടരുന്നു. എന്നാല്‍ തന്റെ ദൗത്യം എന്തെന്ന് ഭൂരിഭാഗം മനുഷ്യര്‍ക്കും അറിയില്ല. നമ്മുടെ പരിമിതമായ അവസരങ്ങളിലും സ്വന്തം കര്‍മ്മത്തിന്റെ, ചേതനയുടെ പര്‍ണശാല ഏറ്റവും മനോഹരമായി പണിയാന്‍ നമുക്ക് സാധിക്കണം. ഇന്നത്തെ ദൗത്യമല്ല, നാളത്തേത്. അടുത്ത നിമിഷം അത് അവസാനിച്ചേക്കാം. അതുകൊണ്ട് നിരന്തരം ഉള്ളിലെ പരിശുദ്ധാത്മാവിനോട് നമ്മള്‍ പറയണം: ‘എന്റെ വഴികളില്‍ കരുത്താകണേ! ഈ സാഹചര്യത്തെ മനസിലാക്കാന്‍ കൃപ തരണമേ.’ അതു മതി, അതു മാത്രം മതി ജീവിത സാക്ഷാത്കാരത്തിന്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?