Follow Us On

19

May

2024

Sunday

വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…

മഡഗാസ്‌ക്കറില്‍നിന്നും ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ്

വിശുദ്ധ കുര്‍ബാന ഇവര്‍ക്ക് ലഹരിയാണ്…

കഴിഞ്ഞ ഒരു മാസമായ് ആഫ്രിക്കയിലെ മഡഗാസ്‌ക്കറിലാണ്.
ലാസലെറ്റ് സന്യാസ സഭയുടെ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ ഭാഗമായ് എത്തിയതാണ്. മഡഗാസ്‌ക്കറിലെ സഭയുടെ നേര്‍ക്കാഴ്ചകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാന്‍ പരിശ്രമിക്കുന്ന CMI സഭാംഗം ജോണ്‍സണ്‍ തളിയത്ത് അച്ചനെയും അച്ചന്റെ സഭാംഗങ്ങളെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു.

മഡഗാസ്‌കര്‍ ദൈവത്തിന്റെ കരം ഉയര്‍ന്നു നില്‍ക്കുന്ന മിഷന്‍ പ്രദേശമാണ്. വര്‍ഷങ്ങളായ് കേരളത്തില്‍ നിന്നും ധാരാളം മിഷനറിമാര്‍ ഇവിടെ സേവനം ചെയ്തു വരുന്നു. ദാരിദ്ര്യത്തിന്റെ നേര്‍ചിത്രങ്ങള്‍ എവിടെയും ദൃശ്യമാണ്. ഒരുപാട് കാര്യങ്ങള്‍ മനസിലുണ്ടെങ്കിലും അവയില്‍ എന്നെ  അദ്ഭുതപ്പെടുത്തിയ ഒരു കാര്യം വിശുദ്ധ കുര്‍ബാനയിലുള്ള അവരുടെ പങ്കാളിത്തമാണ്. പാട്ടും നൃത്തവും എല്ലാം കൂടിച്ചേര്‍ന്ന്, എന്തൊരു ആനന്ദമാണ് ! ഒരു കുര്‍ബാന കഴിയുന്നതോടെ ദൈവം നല്‍കുന്ന സന്തോഷം ഹൃദയത്തില്‍ പേറിയാണ് വരുന്നവര്‍ മുഴുവനും ഭവനങ്ങളിലേയ്ക്ക് തിരിച്ച് പോകുന്നത്. ആ ആനന്ദം അടുത്ത വിശുദ്ധ ബലിയില്‍ സംബദ്ധിക്കുന്നതുവരെ അവരുടെ ജീവിതങ്ങളില്‍ ഊര്‍ജമായ് നിലനില്‍ക്കുന്നുണ്ടാകും.

മുറണ്ടാവ് രൂപത സന്ദര്‍ശിച്ചപ്പോള്‍ നാട്ടില്‍ നിന്നുള്ള കര്‍മലീത്ത  (CMC) സന്യാസിനിമാരെ പരിചയപ്പെടാന്‍ കഴിഞ്ഞു. അവര്‍ ഇവിടെ വന്നിട്ട് ഒരു വര്‍ഷം തികയുന്നേ ഉള്ളൂ. അവര്‍ക്ക്  ലഭിച്ച സ്ഥലം നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ്. വാഹനങ്ങളോ  വൈദ്യുതിയോ  ഇല്ല.  കാല്‍നടയായ്  യാത്ര ചെയ്യണം. മഴക്കാലമായാല്‍ ദുരിതക്കയവും.

വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നതിനിടയില്‍ ഞാനവരോട് പറഞ്ഞു: ‘നിങ്ങള്‍ എത്രയോ ഭാഗ്യപ്പെട്ടവരാണ്. മഡഗാസ്‌ക്കറില്‍ നിങ്ങളുടെ സഭ ഒരു മിഷന്‍ ആരംഭിക്കുമ്പോള്‍ അവരില്‍ ആദ്യത്തെ അംഗങ്ങളാകാന്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചില്ലെ! നിങ്ങളുടെ സഹനങ്ങളിലൂടെയാണ് ഇനിയുള്ള സഭയുടെ ഇവിടുത്തെ വളര്‍ച്ച. വൈദ്യുതിയും വഴിയും ഇല്ലാത്ത നിങ്ങളുടെ ഗ്രാമത്തില്‍ ദൈവജനത്തിന് വിളക്കാകാനും മാര്‍ഗമാകാനും അവിടുന്ന് നിങ്ങളെ തെരഞ്ഞെടുത്തു. നിങ്ങള്‍  ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് എന്ത് സന്തോഷമായിരിക്കും !’

അതെ, ക്രിസ്തു വിശ്വാസം എവിടെയെല്ലാം വേരൂന്നിയോ, അവിടെയെല്ലാം സഹനങ്ങളും പരിത്യാഗങ്ങളും കൂടപ്പിറപ്പുകള്‍ പോലാണ്. ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു’ (യോഹന്നാന്‍ 5 : 24) എന്ന ക്രിസ്തു വചനം ഇവിടെ അന്വര്‍ത്തമാണ്.

വചനം പാലിച്ചു ജീവിക്കുന്നവന്റെ മുമ്പില്‍ പ്രതിസന്ധികളെല്ലാം സാധ്യതകളാണ്, ദൈവത്തില്‍ വിശ്വസിക്കാനും ദൈവത്തിന് ഇടപെടാനുമുള്ള സാധ്യതകള്‍!
കഷ്ടതകളെയും ദുരിതങ്ങളെയുമോര്‍ത്ത് പരിഭവപ്പെടാതെ അവയെല്ലാം ദൈവത്തിന്റെ പദ്ധതികളാണെന്ന തിരിച്ചറിവ് അവിടുന്ന് നമുക്ക് നല്‍കട്ടെ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?