Follow Us On

21

January

2025

Tuesday

ലഹരി അനുഭവങ്ങള്‍

ലഹരി അനുഭവങ്ങള്‍

ഫാ. ഡോ. ഡേവ് അഗസ്റ്റിന്‍ അക്കര കപ്പൂച്ചിന്‍
(ലേഖകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസറാണ്)

നല്ലൊരു ഭര്‍ത്താവായിരുന്നു തോമസ്. സഹോദരങ്ങളുടെ എല്ലാം പ്രിയപ്പെട്ടവന്‍. മക്കളെ സംബന്ധിച്ചിടത്തോളം ഇത്ര നല്ലൊരു അപ്പനെ കിട്ടാനില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വീട്ടിലെ പാചകം മുതല്‍ എല്ലാ പണിയും ചെയ്യും. ഭാര്യക്ക് പരാതി പറയാന്‍ മേഖലകള്‍ ഒന്നും തന്നെയില്ല. ജോലിചെയ്യുന്ന ബാങ്കില്‍ ആകട്ടെ അനേകം ആദരവുകള്‍ ലഭിച്ച വ്യക്തിയാണ്. ഈയിടെയായിട്ട് അദ്ദേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരു സങ്കടമുണ്ട്-തോമസിന്റെ കുടി അല്പം കൂടിയിട്ടുണ്ട്. കുടിച്ചാലും എന്താ അയാള്‍ അയാളുടെ എല്ലാ പണികളും നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന് വാദിക്കുന്നവരും ഉണ്ടായിരുന്നു. വര്‍ഗസ്‌നേഹം കാണിക്കുന്ന മദ്യപന്മാരില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില താളപ്പിഴകള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

മദ്യപാനം അല്പം കൂടി എന്ന് തോന്നുമ്പോള്‍ കുറച്ച് ദിവസം ഞങ്ങളുടെ ആശ്രമത്തിന്റെ ഔട്ട് ഹൗസില്‍ വന്നുനില്‍ക്കും. കുറച്ചുദിവസത്തെ പിന്‍വാങ്ങല്‍ ലക്ഷണങ്ങളൊക്കെ മറികടന്ന്, പ്രത്യേകിച്ച് ചികിത്സ എടുക്കാതെ തന്നെ, ഇനി കുടിക്കില്ല എന്ന് തീരുമാനവുമായി വീട്ടിലേക്ക് മടങ്ങും. നാലോ അഞ്ചോ മാസം പിടിച്ചുനില്‍ക്കും. വീണ്ടും മദ്യപാനത്തിലേക്ക് വീണുകഴിയുമ്പോള്‍, നിരാശനായി ആശ്രമത്തില്‍ താമസിക്കാന്‍ വരും. കുറച്ച് വര്‍ഷങ്ങള്‍ ആയിട്ടുള്ള നടപടിക്രമമാണിത്.

മികച്ച ഫോട്ടോഗ്രാഫര്‍

ഒരു തവണ വന്നപ്പോള്‍ എനിക്ക് ഭാര്യയെയും മക്കളെയും കാണണമെന്ന് ആവശ്യപ്പെട്ടു. മക്കളുടെ ഒരു പരാതി എന്റെ ശ്രദ്ധയില്‍പ്പെട്ടു. കുറച്ചു വര്‍ഷങ്ങളായി അപ്പയുടെ ലൈഫില്‍ ഞങ്ങളില്ല. കാരണം അന്വേഷിച്ചപ്പോള്‍, തോമസ് നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണ്, വിലകൂടിയ ക്യാമറയും സംവിധാനങ്ങളുമൊക്കെയുണ്ട്. എല്ലാവര്‍ഷവും മക്കള്‍ മൂന്നു പേരുടെയും ഫോട്ടോഷൂട്ട് അദ്ദേഹം തന്നെ നടത്തും എന്നിട്ട് അവയെല്ലാം പ്രിന്റ് ചെയ്ത് ആല്‍ബം ആക്കി, വര്‍ഷവും എഴുതി സൂക്ഷിച്ചു വയ്ക്കും. മദ്യപാനം അധികമായതില്‍ പിന്നെ ഈ ഫോട്ടോഷൂട്ട് നടക്കാറില്ല. ക്യാമറ ഉപയോഗിക്കാതെ പൂപ്പല്‍ പിടിച്ച് കേടുവന്നു തുടങ്ങി.

പിറ്റേദിവസം തോമസിനെ കണ്ടപ്പോള്‍ മക്കളുടെ സങ്കടം അദ്ദേഹത്തിന് മുമ്പില്‍ അവതരിപ്പിച്ചു. അല്പസമയം നിശബ്ദനായിരുന്നതിനു ശേഷം ആ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. I have lost many years from my life, I have to reclaim it (എന്റെ ജീവിതത്തില്‍ നിന്ന് എനിക്ക് അനേകം വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു എനിക്കത് തിരിച്ചുപിടിക്കണം) എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പന്നിക്കുഴിയില്‍ കിടന്ന ധൂര്‍ത്ത പുത്രന്‍ കണക്ക് തോമസിന് അതൊരു ബോധോദയത്തിന്റെ സമയമായിരുന്നു. ഇനി കുടിക്കരുത് എന്നോ മദ്യം തൊടരുതെന്നോ ഞാന്‍ പറഞ്ഞില്ല. കാരണം ആ തീരുമാനം ഉറച്ചതാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു.

കുറച്ചു ദിവസം കൂടി ആശ്രമത്തില്‍ കഴിഞ്ഞ തിനുശേഷം അദ്ദേഹം മടങ്ങിപ്പോയി. മദ്യം നിര്‍ത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ ഒരു ഫോണ്‍ കോള്‍ തോമസ് ചേട്ടന്റെ അടുത്തുനിന്നും ഉണ്ടാകും… അച്ചോ എത്ര വര്‍ഷം കഴിഞ്ഞു എന്നറിയാമോ?
ഞാന്‍ ഒന്നും ചെയ്തിട്ടില്ല…. ഈ മാറ്റത്തിന് ഉത്തരവാദി തോമസ് ചേട്ടനും ദൈവവും മാത്രമാണ്. എന്നും എന്റെ മറുപടി ഇതു തന്നെയായിരുന്നു.
ദുശീലങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അതില്‍നിന്ന് പുറത്തുകടക്കാന്‍ ആദ്യം വേണ്ടത് ബോധോദയമാണ്. കുറ്റപ്പെടുത്തലുകള്‍ക്കും കളിയാക്കലുകള്‍ക്കും അപ്പുറം ഒരാളെ സഹായിക്കാന്‍ സാധിക്കുക ആഴമുള്ള സ്‌നേഹബന്ധങ്ങള്‍ക്കാണ്.

കുറുക്കുവഴികള്‍
ഊരാക്കുടുക്കാകുമ്പോള്‍

എങ്ങനെയെങ്കിലും രക്ഷിക്കണം അച്ചോ, നല്ല കുടുംബത്തിലെ പയ്യനാണ്, വീട്ടില്‍ സ്വന്തക്കാരും ബന്ധക്കാരുമായി കുറേ അച്ഛന്മാരും സിസ്റ്റേഴ്‌സും ഒക്കെ ഉള്ളതാണ്. നല്ല മിടുക്കന്‍ ആയിരുന്നു, ഇടവകയിലും സ്‌കൂളിലും എല്ലാവര്‍ക്കും മാതൃക യായിരുന്നു. ജിന്റോ ബംഗളൂരുവില്‍ ബിഎസ്‌സി നേഴ്‌സിംഗ് പഠനം കഴിഞ്ഞ് ട്രെയിനിംഗ് പിരീഡില്‍, തുടര്‍ച്ചയായി രോഗികളോടും സഹപാഠികളോടും അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയപ്പോഴാണ് അധികാരികള്‍ വീട്ടുകാരെ വിവരമറിയിച്ചത്. ഒരു വര്‍ഷത്തോളമായി തിരക്കാണെന്ന് പറഞ്ഞ് വീട്ടിലേക്ക് വരാതിരുന്ന മകന്റെ രൂപവും ഭാവവും കണ്ട് മാതാപിതാക്കന്മാര്‍ പരിഭ്രമിച്ചു. MDMA അഡിക്റ്റ് ആണ്, കര്‍ണാടകയിലെ റീഹാബിലിറ്റേഷന്‍ സെന്ററിലെ മലയാളി നേഴ്‌സ് ഈ വിവരം പറയുമ്പോള്‍ മാതാപിതാക്കളും സഹോദരനും തരിച്ചിരുന്നുപോയി.

മൂന്നാം വര്‍ഷ പരീക്ഷ നടക്കുമ്പോള്‍ രാത്രി മുഴുവന്‍ ഉഷാറായിരുന്നു പഠിക്കാന്‍ നല്ലതാണ് എന്നു പറഞ്ഞാണ് എംഡിഎംഎ ഉപയോഗിച്ച് തുടങ്ങിയത്. ഈ രാസവസ്തുവിന് തലച്ചോറിനെ ഉദ്ദീപിപ്പിക്കുവാന്‍ കഴിവുണ്ട്. എന്നാല്‍ കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ ജീവിതത്തിലെ സ്വാഭാവിക സന്തോഷങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം പകരാതെ ആവും. എംഡിഎംഎക്ക് മാത്രമേ നിങ്ങളെ സന്തോഷിപ്പിക്കാന്‍ ആകൂ എന്ന അവസ്ഥയിലേക്കും എത്തും.

എത്ര കാലം മരുന്നു
കഴിക്കണം

ആദ്യ ദിനങ്ങളിലെ മാനസിക വിഭ്രാന്തിയൊക്കെ മരുന്നിന്റെ സഹായത്തോടെ ഒന്നടങ്ങിക്കഴിഞ്ഞപ്പോള്‍ അവന്‍ പറയാന്‍ തുടങ്ങി… എനിക്ക് ജീവിതം തിരിച്ചുപിടിക്കണം. താന്‍ സഞ്ചരിച്ച ലഹരിയുടെ വഴികളെക്കുറിച്ച് അവന്‍ വാചാലനായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിന്റെ ഗുണവും ദോഷവും ഒക്കെ ചര്‍ച്ചയില്‍ വന്നു. ലഹരി നിര്‍ത്തിയാല്‍ ഉള്ള ഗുണവും, നിര്‍ത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രതിസന്ധികളെയും കുറിച്ച് അവന്‍തന്നെ പറഞ്ഞുതുടങ്ങി. മോട്ടിവേഷന്റെ പലതലങ്ങളില്‍, വിചിന്തനത്തിന്റെ തലം കഴിഞ്ഞ്, തയാറെടുപ്പിന്റെ തലം കഴിഞ്ഞ് പ്രവൃത്തിപദ ത്തിലേക്ക് പ്രവേശിക്കുന്ന തലങ്ങളിലേക്ക് അവന്‍ നീങ്ങുന്നത് സന്തോഷത്തോടെ ഞാന്‍ കണ്ടുകൊണ്ടിരുന്നു.

ഈ മരുന്നുകള്‍ എത്രനാള്‍ കഴിക്കണം അച്ചോ? ഡിസ്ചാര്‍ജ് ചെയ്തു പോകുമ്പോള്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ആശങ്ക ഇതായിരുന്നു. നിന്റെ മനസിന് ഉറപ്പു വരുന്നതുവരെ. കുറച്ചുനാളത്തെ ഫോളോ അപ്പിനുശേഷം അവന്‍ മറ്റൊരു കോളേജില്‍ നേഴ്‌സിംഗിന്റെ തുടര്‍പരിശീലനത്തിനായി പ്രവേശിച്ചു. അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ മരുന്നുകള്‍ എല്ലാം കുറച്ചു കൊണ്ടുവന്നു. ഓരോ തവണ വരുമ്പോഴും, ലഹരിയോടുള്ള പ്രലോഭനങ്ങളെ ഓരോ നിമിഷവും എങ്ങനെ അതിജീവിക്കുന്നു എന്ന് വിവരിച്ച് പറയുമായിരുന്നു.

ഇന്നവന്‍ കാനഡയിലാണ്, വിവാഹം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിച്ചതിന്റെയും തിരിച്ചുകിട്ടിയതിന്റെയും ആനന്ദത്തിലാണ് അവനും ആ കുടുംബവും. ലഹരി എന്ന കുറുക്കുഴി, ജീവിത ലക്ഷ്യത്തില്‍ നിന്ന് നാശത്തിലേക്കും അടിമത്തത്തിലേക്കും നമ്മെ വഴിതിരിച്ചുവിടും.

ഞാന്‍ മാനസിക രോഗിയല്ല

അവനെ മാനസിക രോഗിയാക്കണ്ട, ഞാന്‍ മാനസിക രോഗി അല്ല. മദ്യപാനം മൂലം കടക്കണിയിലേക്ക് കൂപ്പുകുത്തിയിട്ടും, ലിവര്‍ സിറോസിസ് ബാധിച്ച് മഞ്ഞപ്പിത്തം അങ്ങേയറ്റം ആയിട്ടും അപ്പന്റെയും അമ്മയുടെയും ജോര്‍ജിന്റെയും വാദം മദ്യത്തിന് അടിമ എന്ന് പറയാന്‍ ഇനിയും കുറേക്കൂടി മോശമാകേണ്ടതുണ്ട് എന്നായിരുന്നു. മദ്യത്തിന്റെ അളവ് കൂടുമ്പോഴും സ്ഥിരമായി കഴിക്കുന്ന അളവില്‍ കുറവ് സംഭവിക്കുമ്പോഴും പെരുമാറ്റത്തിലും, വികാരപ്രകടനങ്ങളിലും ചിന്തകളിലും ഒക്കെ കാര്യമായ മാറ്റം സംഭവിക്കും. അപ്പോള്‍ ചെയ്യുന്നത് എന്തെന്ന് അവനുതന്നെ അറിഞ്ഞുകൂടാ. മദ്യം തലച്ചോറിനെ ബാധിച്ച് മാനസിക രോഗത്തിന്റെ അങ്ങേയറ്റത്തായിട്ടും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ആ കുടുംബം തയാറായിരുന്നില്ല.

‘നിങ്ങളുടെ മകന്റെ മദ്യപാനം മാറ്റാതെ ഞാനീ കുടുംബത്തിലേക്ക് ഇല്ല’ എന്നു പറഞ്ഞ് മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോയ ഭാര്യയുടെ ഭീഷണി മാനിച്ചാണ് ഇവര്‍ ചികിത്സയ്ക്ക് വന്നതുതന്നെ. അഡ്മിറ്റ് ആകാന്‍ തയാറല്ല മരുന്ന് എഴുതിത്തന്നാല്‍ മതി എന്നായിരുന്നു അവരുടെ ഉറച്ച വാക്കുകള്‍. രോഗിയുടെ സ്വാതന്ത്ര്യത്തെയും മാതാപിതാക്കളുടെ ആഗ്രഹത്തെയും മാനിച്ച്, പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ തടയാനുള്ള മരുന്ന് എഴുതി കൊടുത്തുവിട്ടു. കുടി നിര്‍ത്താനുള്ള മരുന്ന് തുടങ്ങാന്‍ അടുത്താഴ്ച വരാന്‍ പറഞ്ഞു വിട്ട അദ്ദേഹത്തെ പിന്നീട് കണ്ടിട്ടില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ പിതാവാണ് ഒപി-യില്‍ കാണാന്‍ വന്നത്. ജോര്‍ജിന് ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഒരു തേങ്ങലായിരുന്നു ഉത്തരം. കുറച്ചു ദിവസമൊക്കെ ജോര്‍ജ് പിടിച്ചുനിന്നു, പിന്നീട് മദ്യത്തോടുള്ള ആസക്തിയും കൂട്ടുകാരുടെ പ്രേരണയ്ക്കും വഴങ്ങി മദ്യപാനം തുടങ്ങി. വിവരമറിഞ്ഞ ഭാര്യ അതിനുശേഷം ഫോണ്‍ പോലും വിളിക്കാതെയായി. അവസാനം തീവ്രമായ ഏകാന്തതയിലേക്കും വിഷാദത്തിലേക്കും കൂപ്പുകുത്തിയ ജോര്‍ജ് ആത്മഹത്യ ചെയ്തു.

ഒരു ചങ്ങലയുടെ ബലം നിശ്ചയിക്കുന്നത് അതിലെ ഏറ്റവും ബലഹീനമായ കണ്ണിയുടെ ബലത്തിലാണ് എന്നൊരു ചൊല്ലുണ്ട്. മദ്യത്തിനും മറ്റു ലഹരിക്കും മുമ്പില്‍ ഞാന്‍ ബലഹീനന്‍ ആണെന്ന് ഏറ്റുപറയാത്തിടത്തോളം കാലം ആരും അതില്‍ നിന്ന് മുക്തി നേടുകയില്ല. ലഹരി ഉപയോഗിച്ചു തുടങ്ങുന്നവര്‍ ആരംഭകാലങ്ങളില്‍ വളരെ ഇഷ്ടപ്പെട്ടാണ് ഇതില്‍ ഏര്‍പ്പെടുന്നത്. കാലക്രമത്തില്‍ ലഹരിക്ക് അടിമയായി കഴിയുമ്പോള്‍ കഷ്ടപ്പെട്ട് ലഹരി ഉപയോ ഗിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. തലച്ചോറിലെ ന്യൂറോണുകളിലും രാസപദാര്‍ത്ഥങ്ങളിലും വരുന്ന സ്ഥായിയായ മാറ്റമാണ് ഇതിന് കാരണം.

സൂയിസൈഡ് പോയിന്റ് കഴിഞ്ഞ് കൊക്കയിലേക്ക് വീണ ഒരാള്‍ക്ക് തിരിച്ചുവരവില്ല എന്ന് പറയുന്നതുപോലെ, ലഹരിയുടെ അടിമത്തം ഒരിക്കലും തിരിച്ചു വരാന്‍ പറ്റാത്ത രീതിയില്‍ മാനസിക രോഗിയാക്കിമാറ്റിയേക്കാം. ലഹരി ഉപയോഗിച്ചു തുടങ്ങുന്ന ആരൊക്കെ എപ്പോഴൊക്കെ അതിന് അടിമയാകും എന്നത് പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും ലഹരിയുടെ വഴികള്‍ തേടി പോകരുത്. ഫോണ്‍: 9995839024.
(*വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് പേരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?