ടി.ദേവപ്രസാദ്
കോളജ് അധ്യാപികയായ ഭാര്യ. പത്രപ്രവര്‍ത്തകനായ ഭര്‍ത്താവ്. മിടുക്കിയായ മകളും മിടുക്കനായ മകനും. പള്ളിയോടും പട്ടക്കാരോടും ചേര്‍ന്നു ജീവിക്കുന്ന ദൈവഭയമുള്ള കുടുംബം. അശനിപാതം പോലെ അവിടുത്തെ അമ്മയെ കാന്‍സര്‍ പിടികൂടുന്നു. പതിനഞ്ചു വര്‍ഷം അവര്‍ ഒന്നിച്ചു നിന്ന് ആ മഹാരോഗത്തോട് പടവെട്ടി. 2005 മുതല്‍ 2020 ഓഗസ്റ്റ് 20 വരെ. അവസാനം കാന്‍സറിനെ പരാജയപ്പെടുത്തി ആ അമ്മ ഏറെ സംതൃപ്തിയോടെ തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവിന്റെയും മക്കളുടെയും ഹൃദയത്തിലേക്ക് താമസം മാറ്റി. ആ കഥയാണ് പാലാ അല്‍ഫോന്‍സാ കോളജിലെ പ്രഫസറാ യിരുന്നു ഡോ. ലൂസി മാത്യു പാറങ്കുളങ്ങരയും ഭര്‍ത്താവ് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ജോയി തോമസും ചേര്‍ന്ന് തയാറാക്കിയ ‘കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി’ എന്ന മനോഹരമായ സാന്ത്വന ഗ്രന്ഥം. രോഗത്തെയും സഹനത്തെയും കുടംബബന്ധങ്ങളെയും കുറിച്ച് ഹൃദയരക്തം കൊണ്ട് എഴുതിയ സ്‌നേഹഗാഥയാണ് കാന്‍സര്‍ ഞങ്ങള്‍ക്ക് അനുഗ്രഹമായി എന്ന പുസ്തകം.
”ജീവിച്ചു കൊതിതീരുംമുമ്പ് മരണത്തിന്റെ ദൂതുമായി വന്ന കാന്‍സര്‍ അനുഗ്രഹമായി എന്ന് ആര്‍ക്കാണ് പറയാനാവുക? ദൈവസ്‌നേഹത്തെ പ്രതി സഹനം ചോദിച്ചു വാങ്ങുന്നത്ര വിശുദ്ധ ജിവിതം നയിച്ചവരുമല്ല ഞങ്ങള്‍. കാന്‍സര്‍ വന്നപ്പോള്‍ സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന വികാരങ്ങളും ചിന്തകളുമാണ് ഞങ്ങള്‍ക്കും ഉണ്ടായത്. എന്നാല്‍ കാന്‍സര്‍ മൂലം സാവധാനം ചിന്താരീതിയിലുണ്ടായ മാറ്റം ദൈവവിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടാനും ജീവിതത്തെയും മരണത്തെയും യഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണാന്‍ അവസരമുണ്ടായതുമാണ് അനുഗ്രഹമായി ഞങ്ങള്‍ കാണക്കാക്കുന്നത്.” ജോയി എഴുതുന്നു.
ജീവിതത്തിലെ അനിവാര്യമായ യഥാര്‍ത്ഥ്യമാണ് മരണം. ഈ അനിവാര്യതയെ പരവതാനിക്കടിയില്‍ മുടിവയ്ക്കുന്നവരാണ് നാം. ഒരിക്കലും മരിക്കാത്തവരെപോലെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ദൈവവിശ്വാസം ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും ദൈവിക പദ്ധതിയിലെ അനിവാര്യമായ മരണത്തെ സമചിത്തതയോടെ സമിപിക്കുവാന്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട്? ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയിലേക്കുള്ള കടന്നുപോക്കാണ് മരണം. ആ ബോധ്യത്തിലേക്ക് ജോയിയും ലൂസിയും നടത്തിയ തീര്‍ത്ഥയാത്രയുടെ ഹൃദയസ്പര്‍ശിയായ വിവരണമാണ് ഈ പുസ്തകം. നിരവധി കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഈ പോരാട്ടത്തെ എങ്ങനെ അനുഗ്രഹമാക്കി മാറ്റാമെന്നാണ് പുസ്തകം പറഞ്ഞുവയ്ക്കുന്നത്.
ഒരു സാധാരണ സ്ത്രീ
കോളജ് പ്രഫസറും വകുപ്പു മേധാവിയും എന്‍സിസി ഓഫിസറും രണ്ടു മക്കളുടെ അമ്മയും എല്ലാം ആയിരുന്നെങ്കിലും ഡോ. ലൂസി ഒരു സാധാരണ സ്ത്രീയായിരുന്നു. ഭര്‍ത്താവിനോടും മക്കളോടും വല്ലാത്ത സ്‌നേഹവുമായി ജിവിച്ച സാധാരണക്കാരി. ഒരു സാധാരണ സ്ത്രീക്കുണ്ടാവുന്ന നടുക്കത്തോടെയുമാണ് താന്‍ രോഗിയാണെന്ന് കണ്ടെത്തപ്പെട്ട നിമിഷത്തെക്കുറിച്ച് ലൂസി വിവരിക്കുന്നത്. സംശയം തോന്നിയ 2005 സെപ്റ്റംബര്‍ നാലു മുതല്‍ ആദ്യ ശസ്ത്രക്രിയ നടക്കുന്ന സെപ്റ്റംബര്‍ 20 വരെയുള്ള സംഭവങ്ങള്‍ ഏതാണ്ട് ഒരു റണ്ണിംഗ് കമന്ററി പോലെ മനസിലെ തോന്നലുകള്‍ അടക്കം ഒപ്പിയെടുത്ത് ലൂസി ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
ദൈവം നീട്ടിനല്‍കിയ 15 വര്‍ഷം
”ചെറുപ്പം മുതലെ ദൈവവിശ്വാസിയാണ് ഞാന്‍. ആചാരപരമായ സഭാനിയമങ്ങള്‍ അനുസരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ ചിന്തയും പ്രവൃത്തിയും ചുറ്റിത്തിരിഞ്ഞത് ഭൗതിക കാര്യങ്ങളിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ രോഗത്തിന് സാധിച്ചു, ലൂസി തുറന്നുപറയുന്നു.
”2005 ല്‍ കാന്‍സര്‍ കണ്ടെത്തിയ കാലത്ത് ലൂസി തീക്ഷ്ണമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എനിക്ക് 15 വര്‍ഷം കൂടി ആയുസ് തരണം. അതിന് ആ അമ്മയ്ക്ക് കൃത്യമായ കാരണങ്ങളുണ്ടായിരുന്നു. 15 വര്‍ഷത്തിനകം മൂത്ത മകള്‍ ലിസിന്റെ പഠനം പൂര്‍ത്തിയാകും. കല്യാണം കഴിപ്പിച്ചു വിടാം. ഇളയമകന്‍ തൊമ്മന്‍ ഏതെങ്കിലും വഴിക്കു തിരിയും. ഭര്‍ത്താവും താനും റിട്ടയര്‍ ചെയ്യും. കുടംബം ഒട്ടൊക്കെ സാമ്പത്തിക ഭദ്രത നേടും.
ഈ ആഗ്രഹമടക്കം രോഗിയായ തന്റെ ജിവിതത്തില്‍ അത്ഭുതകരമായി ദൈവം ഇടപെട്ടതിന്റെ നിരവധി സംഭവങ്ങള്‍ ലൂസി പങ്കുവയ്ക്കുന്നുണ്ട്. ലൂസി കടന്നുപോകുന്നതിനും മുമ്പ് മുത്തമകള്‍ പഠിച്ചു ഡോക്ടറായി. വിവാഹിതയായി അമ്മയുമായി. മകന്‍ തൊമ്മനും ഡോക്ടറായി. ഇക്കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ഒരു ദിവസം എന്റെയാള്‍ (അവര്‍ പുസ്തകത്തില്‍ ഉടനീളം പരസ്പരം പരാമര്‍ശിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കാണ് എന്റെയാള്‍) പറഞ്ഞു. 15 വര്‍ഷം തീരെ കുറഞ്ഞു പോയി. എത്രദിവസമുണ്ടെന്നാ കരുതുന്നത്, 5478 ദിവസം മാത്രം. എന്റെയാള്‍ ഈ കണക്കു പറഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തോട് ചോദിച്ചത് അല്‍പ്പം കുറഞ്ഞു പോയെന്ന് തോന്നി.
രോഗം ആര്‍ക്കു കൈമാറും
”ദൈവത്തിന് ഇഷ്ടമുണ്ടെങ്കില്‍ എന്റെയാളുടെ രോഗം എനിക്ക് കൈമാറിത്തരട്ടെ.” ലൂസി സ്തനാര്‍ബുദ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നാളുകളില്‍ ഒരു രാത്രി ജോയി പറഞ്ഞു. ”ആത്മാര്‍ത്ഥമായാണോ പറയുന്നത്?
ലൂസി തെരക്കി, ”തീര്‍ച്ചയായും.” ജോയി ഉറപ്പിച്ചു പറഞ്ഞു. ”എന്തേ അങ്ങനെ പറയാന്‍?” ലൂസി ചോദിച്ചു. ”രണ്ടു കാരണങ്ങളുണ്ട്. ജീവന്‍ നല്‍കാന്‍ മാത്രം ഇഷ്ടമാണ് എനിക്ക് നിന്നോട്. മക്കളുടെ കാര്യമാണ് രണ്ടാമത്തേത്. അപ്പന്‍ മരിക്കുന്നതാണ് അമ്മ മരിക്കുന്നതിനെക്കാള്‍ മക്കള്‍ക്ക് നല്ലത്.”
”ദൈവത്തോട് തമാശ കളിക്കരുത്” ലൂസി ജോയിയെ ശാസിച്ചു. ”രോഗം കൈമാറുക എന്നത് അസാധ്യമായ കാര്യമാണ്. ലൂസി എഴുതി. എങ്കിലും ആരെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായാല്‍ തന്നെ ആര്‍ക്കു കൈമാറും? ജീവനെക്കാള്‍ എന്നെ സ്‌നേഹിക്കുന്ന എന്റെ ആള്‍ക്കോ? പൊന്നുമക്കള്‍ക്കോ? ഈ ചിന്ത ലൂസിയെ എത്തിക്കുന്നത് വലിയ തിരിച്ചറിവിലേക്കാണ്. ഞങ്ങളുടെ കൂട്ടായ്മയില്‍ രോഗിയാകുവാന്‍ എറ്റവും അനുയോജ്യ ഞാന്‍ തന്നെ.
ഭാര്യമാരുടെ സങ്കടങ്ങള്‍
”കീമോ മരുന്നുകളുടെ പാര്‍ശ്വഫലം എന്നെ അവശയാക്കിയ നാളുകളില്‍ ഒരു ദിവസം രാത്രി വൈകി ഞാന്‍ എപ്പോഴോ കണ്ണുതുറന്നു നോക്കിയപ്പോള്‍ എന്റെയാള്‍ കസേരയിട്ട് കട്ടിലിനരികില്‍ ഇരിക്കുകയാണ്.
”എന്താണ് കിടക്കാത്തത്”?ഞാന്‍ ചോദിച്ചു.
”കിടന്നാല്‍ ഉറങ്ങിപ്പോകും” എന്റെയാള്‍ പറഞ്ഞു. എനിക്ക് എന്തെങ്കിലും ആവശ്യം വന്നേക്കും എന്നു കരുതി എന്റെയാള്‍ ഉറക്കമിളച്ചു കാത്തിരിക്കുകയാണെന്ന് എനിക്ക് മനസിലായി. എന്നോടുള്ള സ്‌നേഹമാണ് കാരണം എന്ന് വ്യക്തം. ഇത്തരം നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്; ലൂസി എഴുതുന്നു.
ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും ഉണ്ടാകുന്ന ഒരു വിഷയം സ്‌നേഹം അനുഭവിക്കുമ്പോള്‍ മനസിലാകാത്തതാണ്. രാവിലെ ഉണര്‍ന്ന് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിന് കഷ്ടപ്പെടുന്ന ഭാര്യയുടെ സ്‌നേഹം പലപ്പോഴും ഭര്‍ത്താവിനോ മക്കള്‍ക്കോ മനസിലാകാറുണ്ടോ? താന്‍ കാണിക്കുന്ന സ്‌നേഹം മനസിലാകുന്നില്ലല്ലോ എന്ന് ഓര്‍ത്ത് സങ്കടപ്പെടുന്ന എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അവിടെ ജോയിയുടെ ഓരോ പ്രവൃത്തിയുടെയും സ്‌നേഹം തിരിച്ചറിഞ്ഞ് സാക്ഷ്യപ്പെടുത്തുന്ന ലൂസി മിക്കവാറും ദമ്പതികള്‍ക്ക് ഒരു ഓര്‍മപ്പെടുത്തലാവുകയാണ്.
വ്യത്യസ്തമായ പ്രാര്‍ത്ഥനകള്‍
‘എനിക്ക് വന്ന രോഗം ഞങ്ങളുടെ ചിന്താരീതിയില്‍ മാറ്റം ഉണ്ടാക്കി. ചിലര്‍ക്കൊക്കെ ദൈവം സഹനം അനുവദിക്കുന്നത് അവരെ കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കാനാണെന്ന് വിശ്വസിക്കുന്നതില്‍ എന്താണ് തെറ്റ്? ലൂസി ചോദിക്കുന്നു. ശാരീരിക വേദനകള്‍ ഇല്ലാത്ത അവസ്ഥ നല്ലതാണോ? ലൂസി ചോദിക്കുന്നു. നല്ലതാണെന്ന് ഉത്തരമാവും നാം പെട്ടെന്ന് നല്‍കുക. എന്നാല്‍ ആലോചിച്ചാല്‍ ആ മറുപടി തെറ്റി എന്ന് മനസിലാകും. തീയില്‍ തൊട്ടാല്‍ പൊള്ളുകയോ കൈമുറിഞ്ഞാല്‍ വേദന അനുഭവപ്പെടുകയോ ചെയ്യാത്ത രോഗമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥന എന്തായിരിക്കും. മക്കള്‍ക്ക് വേദന നല്‍കണമെ എന്നായിരിക്കുമെന്ന് തീര്‍ച്ച.
വേദനകള്‍ മനുഷ്യരെ പക്വതയിലേക്ക് നയിക്കുന്നതുപോലെ സഹനങ്ങള്‍ നമ്മുടെ സ്വഭാവ രൂപികരണത്തിന് സഹായകമാകുന്നു. മനുഷ്യര്‍ക്കു രോഗവും സഹനവും നല്‍കുന്നതിനു പിന്നില്‍ ദൈവത്തിന് ഇങ്ങനെ ഒരു ലക്ഷ്യവും ഉണ്ടാവാം. ശിക്ഷണത്തിനു വേണ്ടിയാണ് നിങ്ങള്‍ സഹിക്കേണ്ടത് എന്ന ഹെബ്രായ ലേഖനത്തിലെ വരികള്‍ ലൂസി ഉദ്ധരിക്കുന്നു.
പരമകാരുണ്യവായ ദൈവം എന്തുകൊണ്ട് സഹനം അനുവദിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല. അതിനു പിന്നിലുള്ള പദ്ധതി എന്തെന്ന് ദൈവത്തിനു മാത്രമെ അറിയൂ, ലൂസി എഴുതുന്നു. താന്‍ സ്‌നേഹിക്കുന്ന മനുഷ്യനു വേണ്ടി ദൈവം ദുരന്തപര്യവസായിയായ ഒരു തിരക്കഥ എഴുതുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തിന്മകള്‍ ദൈവ സൃഷ്ടി അല്ലെങ്കിലും അവയില്‍ നിന്നും നന്മ ഉണ്ടാക്കുവാന്‍ ദൈവത്തിനാവും എന്നാണ് എന്റെ വിശ്വാസം. എന്റെയും എന്റെ ഉറ്റവരുടെയും ആത്യന്തിക നന്മയാണ് ദൈവത്തിന്റെ പദ്ധതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അശനിപാതംപോലെ വന്നുപതിക്കുന്ന മഹാരോഗങ്ങളെ എങ്ങനെ ഭാവാത്മകമായി നേരിടാമെന്നാണ് ജീവിതത്തിന്റെ ഇരുട്ടുനിറഞ്ഞ പാതകളില്‍ കെടാവിളക്കുപോലെ പ്രകാശം പരത്തുന്ന ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നത്. അഞ്ചു ഭാഗങ്ങളും മുന്നൂറിലധികം പേജുകളും ഉള്ള പുസ്തകം വായിച്ചു തീരുമ്പോള്‍ തൂമഞ്ഞില്‍ സ്‌നാനം ചെയ്യുന്ന തുമ്പപ്പൂക്കളെപോലെ നമ്മുടെ കണ്ണുകളും നനഞ്ഞിട്ടുണ്ടാവും. ഒപ്പം മനസ് വിമലീകരിക്കപ്പെടുകയും ചെയ്യും.
കോപ്പികള്‍ക്ക്: ടെല്‍ മിഡിയ, മേവിട, കോട്ടയം – 686573. ഫോണ്‍: 8590041731
Leave a Comment
Your email address will not be published. Required fields are marked with *