ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ
മണിപ്പൂരില്‍ കലാപം ആരംഭിച്ച സമയം. 2023 മെയ് മാസം നാലാം തിയതിയാണ് മേരി (യഥാര്‍ത്ഥ പേരല്ല)യുടെ ഗ്രാമം ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപെടുകയല്ലാതെ വേറെ വഴികളില്ലായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ മേരി അമ്മയോടും സഹോദരങ്ങളോടുംകൂടി ഓടി എത്തിച്ചേര്‍ന്നത് ഒരു കൊടുംവനത്തിന്റെ നടുവിലാണ്. അവിടെവച്ച് അവള്‍ക്ക് പ്രസവവേദന ആരംഭിച്ചു. അങ്ങനെ അവരുടെ ആദ്യപുത്രന്‍ കാടിന് നടുവില്‍ മണിപ്പൂര്‍ സംഘര്‍ഷത്തിനിടയില്‍ ജനിച്ചുവീണു. ഈ അമ്മയും മകനും ഇപ്പോള്‍ കാംഗ്‌പോക്പി അഭയാര്‍ത്ഥി ക്യാമ്പിലാണ്. ഇത്തരം നിസഹായരായ അനേക മനുഷ്യര്‍ക്ക് പ്രത്യാശയും കരുതലും നല്‍കുന്നതിനുള്ള ധീരമായ പരിശ്രമത്തിലാണ് കമില്യന്‍ സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സംഘടനയായ കമ്മില്യന്‍ ടാസ്‌ക് ഫോഴ്‌സ് (സിറ്റിഎഫ്).
കമില്യന്‍ ഡിസാസ്റ്റര്‍ സര്‍വീസ് ഇന്റര്‍നാഷണല്‍ (സിഎഡിഐഎസ്) എന്ന അന്തര്‍ദേശീയ സംഘടനയുടെ ഇന്ത്യന്‍ പതിപ്പാണ് കമില്യന്‍ ടാസ്‌ക് ഫോഴ്‌സ് (സിറ്റിഎഫ്). ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പരിശീലനം സിദ്ധിച്ചിട്ടുള്ള കൗണ്‍സിലേഴ്‌സും അടങ്ങുന്നതാണ് സിറ്റിഎഫിന്റെ സംഘം. ഏതാണ്ട് 15 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള സിറ്റിഎഫ് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇതിനോടകംതന്നെ നിരവധി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കമില്യന്‍സ് ഇന്ത്യയുടെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹദാന്‍ ഹോസ്പിറ്റല്‍ ആണ് സിറ്റിഎഫിന്റെ ഇന്ത്യയിലെ ആസ്ഥാനം. കമില്യന്‍ സന്യാസസഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ബിജോയ് ജോര്‍ജ് കുളിരാനായില്‍ എംഐ ആണ് സിറ്റിഎഫിന്റെ അമരത്ത് (നാഷണല്‍ ഡയറക്ടര്‍). ഫാ. സിബി കൈതാരന്‍ എംഐ ആണ് ഇന്ത്യയില്‍ സിറ്റിഎഫിന്റെ സാരഥി (നാഷണല്‍ കോഓര്‍ഡിനേറ്റര്‍). ഫാ. സിബി കൈതാരന്‍ ഇംഫാല്‍ അതിരൂപതയോടുചേര്‍ന്ന് മണിപ്പൂരില്‍ സിറ്റിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നു.
സംഘര്‍ഷമേഖലകളിലും ക്യാമ്പുകളിലും സിറ്റിഎഫിന്റെ പ്രവര്‍ത്തനം സജീവമാണ്. കനലെരിയുന്ന മണിപ്പൂര്‍ കലാപഭൂമിയില്‍ കൈവിളക്കായി മാറുകയാണ് ഇന്ന് കമില്യന്‍ ടാക്‌സ് ഫോര്‍സ് എന്ന് ഫാ. സിബി കൈതാരന്‍ തന്റെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
സിറ്റിഎഫ് റിലീഫ് ക്യാമ്പുകളിലേക്ക്
ഇംഫാലില്‍നിന്ന് കുക്കി ഗ്രാമപ്രദേശങ്ങളിലേക്ക് യാത്ര ഒട്ടും എളുപ്പമല്ല. ഒരു മണിക്കൂര്‍ മതി കുക്കി വിഭാഗത്തിന്റെ ജില്ലയായ കാങ്ക്‌പോറ്റിയിലെത്താന്‍. പക്ഷേ നിരവധി മനുഷ്യസഞ്ചയമായ ചെക്കുപോസ്റ്റുകള്‍ താണ്ടണം. ആയിരത്തോളം വരുന്ന മെയ്‌തെയ് സ്ത്രീകള്‍ ഉപരോധിക്കുന്ന റോഡിലെ ചെക്കുപോസ്റ്റുകള്‍ കടന്നുവേണം കുക്കി ഗ്രാമങ്ങളിലേക്കുള്ള റിലീഫ് മെറ്റീരിയലുകള്‍ എത്തിക്കാന്‍. അത് കുക്കിവിഭാഗത്തിനുള്ളവയാണെന്ന് അവര്‍ അറിഞ്ഞാല്‍ അവര്‍ തീവച്ചേക്കും. പട്ടാളവാഹനങ്ങളെപ്പോലും തടയുന്ന മെയ്‌തെയ് സ്ത്രീകളുടെ ചെക്കുപോസ്റ്റ് ഉപരോധം അതിജീവിക്കാന്‍ എളുപ്പമല്ല. ഡോക്ടര്‍മാരും സിസ്റ്റേഴ്‌സും അടങ്ങുന്ന സിറ്റിഎഫിന്റെ വാഹനത്തില്‍ സിസ്റ്റേഴ്‌സിന്റെ സാന്നിധ്യം കണ്ട മെയ്‌തെയ് സ്ത്രീകള്‍ ഒരു പരിശോധനയും കൂടാതെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിച്ചു. പോകുന്ന വഴികളില്‍ ശത്രുവിനെതിരെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന പട്ടാളക്കാരെപ്പോലെ മണല്‍ച്ചാക്കുകള്‍ അട്ടിയിട്ടു നിരത്തി അതിനു പുറകില്‍ തോക്കും മറ്റ് മരകായുധങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്ന ആള്‍ക്കൂട്ടം. തികച്ചും ഭീതിയുളവാക്കി. ദുഷ്‌കരമായ യാത്രകളിലും തടസങ്ങളില്ലാതെ മണിപ്പൂരില്‍ യാത്ര ചെയ്യാന്‍ സാധിച്ചത് ദൈവാനുഗ്രഹംതന്നെ. അതോടൊപ്പംതന്നെ സിസ്റ്റേഴ്‌സിനോടുള്ള മണിപ്പൂര്‍ ജനതയുടെ ആദരവും ബഹുമാനവും എടുത്തുപറയേണ്ടവതന്നെയാണ്.
കുക്കി ക്യാമ്പുകളിലെത്തിയപ്പോള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണിമൂലം വയറൊട്ടിയ, എല്ലുകള്‍ മാത്രമായിത്തീര്‍ന്ന കുട്ടികളെ കാണാനിടയായി. ഭക്ഷണവും മരുന്നും എത്തിയതറിഞ്ഞ് ഓടിയെത്തിയ കുട്ടികള്‍ ആദ്യം ചെയ്തത് സംഘത്തിലുണ്ടായിരുന്ന വൈദികരുടെ മുന്‍പില്‍ മുട്ടുകുത്തിനിന്ന് അനുഗ്രഹം ചോദിക്കുകയാണ്. ആര്‍ക്കും കണ്ണു നിറയാതെ ഇത് കണ്ടുനില്‍ക്കാനാവില്ല.
ദൗത്യവും ശുശ്രൂഷയും
ഇംഫാല്‍ അതിരൂപതയോടുചേര്‍ന്ന് സിറ്റിഎഫ് റിലീഫ് ക്യാമ്പുകളില്‍ സജീവമായ ശുശ്രൂഷകള്‍ ചെയ്തുവരുന്നു. 2023 ജൂലൈ മാസം ആദ്യഘട്ടം ആരംഭിച്ചു. ആദ്യമൂന്നു ഘട്ടങ്ങളിലായി അറുപതോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മരുന്നും ഭക്ഷണവും കുട്ടികള്‍ക്ക് ബേബിഫുഡും നല്‍കി.
നിരവധി രോഗികള്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുക, അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കുക എന്നതായിരുന്നു പ്രഥമദൗത്യം. ക്യാമ്പുകളില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും ആയതുകൊണ്ട് അതീവജാഗ്രതയും ശ്രദ്ധയും ആവശ്യമാണ്. ഗര്‍ഭകാല ശുശ്രൂഷയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ക്യാമ്പുകളില്‍ ആവശ്യമായിവരുന്നു. സിറ്റിഎഫ് പ്രവര്‍ത്തിക്കുന്നത് അമ്മമാരും കുട്ടികളുമുള്ള ക്യാമ്പുകളിലാണ്. ക്യാമ്പുകളില്‍ പോഷകാഹാരത്തിന്റെ അഭാവം അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അരിയും പരിപ്പുമാണ് ക്യാമ്പുകളില്‍ എത്തിക്കുന്ന സാധാരണ ഭക്ഷ്യധാന്യങ്ങള്‍. എന്നാല്‍ ഈ ക്യാമ്പുകളില്‍ മുട്ട, പാല്‍, പഴം, പച്ചക്കറി, ധാന്യവര്‍ഗങ്ങള്‍, ബേബിഫുഡ് എന്നിവകൂടെ വിതരണം ചെയ്യേണ്ടതുണ്ട്. അതിനായി സിറ്റിഎഫ് അംഗങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ത്വക്ക് രോഗം, പകര്‍ച്ചവ്യാധികള്‍ തുടങ്ങി മാരകരോഗങ്ങള്‍വരെയുള്ളവരുണ്ട്. ഇവര്‍ക്ക് മരുന്ന് എത്തിച്ചുകൊടുക്കുമ്പോഴും പോഷകാഹാരക്കുറവ് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന ഭീതിയും ആശങ്കയും സിറ്റിഎഫ് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്. ഈ ക്യാമ്പുകളില്‍ ദീര്‍ഘനാളുകളായി ജീവിക്കുന്നതുകൊണ്ട് വൃത്തിഹീനമായ അവസ്ഥയിലേക്ക് ക്യാമ്പും പരിസരങ്ങളും മാറുന്നു. ഇത് പകര്‍ച്ചവ്യാധികളിലേക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും ചെന്നെത്തുന്ന സ്ഥിതിവിശേഷമാണ്. ഈ സാഹചര്യത്തിലും ഇവിടെ സിറ്റിഎഫ് ഡോക്‌ടേഴ്‌സും നഴ്‌സുമാരും സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.
കലാപംമൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ സങ്കടം, ഭയം, നിരാശ എന്നിവ അഭിമുഖീകരിക്കാന്‍ ഇവരെ സഹായിക്കാന്‍ സിറ്റിഎഫ് കൗണ്‍സിലര്‍മാര്‍ പരമാവധി ശ്രമിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ആവശ്യമായ മരുന്നുകളില്ലാതെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനം വലയുകയാണ്. മലനിരകളില്‍ തമ്പടിച്ചിരിക്കുന്ന ജനങ്ങളുടെ ജീവിതമാണ് കൂടുതല്‍ ദുരിതപൂര്‍ണം. ഇവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ സിറ്റിഎഫ് ടീം ശ്രമിക്കുന്നുണ്ടെങ്കിലും നീണ്ടുപോകുന്ന സംഘര്‍ഷങ്ങള്‍ ചിലയിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു.
2024 മെയ് മാസം മെഡിക്കല്‍ റിലീഫ് ക്യാമ്പിന്റെ നാലാം ഘട്ടം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വളരെ ദൂരം സഞ്ചരിക്കാനുണ്ട്, അനേകരിലേക്ക് എത്തിച്ചേരാനുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ചും വെല്ലുവിളികള്‍ ഏറ്റെടുത്തും ധീരതയോടെ, തീക്ഷ്ണതയോടെ, മുന്നോട്ടു നീങ്ങുകയാണ് സിറ്റിഎഫ് ടീം. സിറ്റിഎഫിനൊപ്പം നമുക്ക് കരങ്ങള്‍ കോര്‍ക്കാം, കൈകള്‍ കൂപ്പാം മണിപ്പൂര്‍ ജനതക്കുവേണ്ടി, നമ്മുടെ രാജ്യത്തിനുവേണ്ടി.
Leave a Comment
Your email address will not be published. Required fields are marked with *