Follow Us On

22

December

2024

Sunday

സുവര്‍ണ ജൂബിലി നിറവില്‍ പാലക്കാട് രൂപത

സുവര്‍ണ ജൂബിലി നിറവില്‍ പാലക്കാട് രൂപത

ആന്‍സന്‍ വല്യാറ

മലബാര്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ് പാലക്കാട് രൂപതയുടെ ചരിത്രം. പ്രൗഢിയും പാരമ്പര്യവും വിവിധ സംസ്‌കാരങ്ങളും ഇടകലര്‍ന്ന പാലക്കാടിന്റെ വളര്‍ച്ചക്കുപിന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ വലിയ സംഭാവനകളുണ്ട്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, സാമൂഹിക സേവനം എന്നീ മേഖലകളില്‍ ക്രൈസ്തവ സമൂഹത്തിന്റെ അധ്വാനവും സമര്‍പ്പണവും പാലക്കാടിന് പുത്തന്‍ മുഖച്ഛായ പകര്‍ന്നുവെന്നത് ചരിത്ര സത്യമാണ്. രൂപതയുടെ തുടക്കകാലത്ത് വലിയൊരു വിഭാഗം ആളുകള്‍ താമസിച്ചിരുന്ന മലമ്പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് അവിടെ സ്‌കൂളുകള്‍ തുടങ്ങുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യത്തിനായി സ്ഥാപനങ്ങള്‍ ഉണ്ടാക്കി. അങ്ങനെ തുടങ്ങിയതാണ് പാലക്കാട് ടൗണിലെ ശാന്തിഭവനും ചെറുപുഷ്പാലയവും അഗളിയിലെ ഫാത്തിമ മാതാ ബോയിസ് ഹോമും.

ജൂബിലി സ്മാരകമായി 50 ഭവനങ്ങള്‍
പാലക്കാട് രൂപത സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഭവനരഹിതരായ 50 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി അതില്‍ പ്രധാനപ്പെട്ടതാണ്. അതില്‍ രണ്ടു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. താക്കോലുകള്‍ കൈമാറി. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതില്‍ 30 വീടുകള്‍ രൂപത നേരിട്ടും ബാക്കി 20 എണ്ണം ആത്മീയ സംഘടനകളുടെ നേതൃത്വത്തിലുമാണ് നിര്‍മിക്കുന്നത്.

രൂപതയിലെ സമര്‍പ്പിതരുടെ സംഗമം, അധ്യാപക സംഗമം, വൈദികരുടെ പവര്‍ കോണ്‍ഫ്രന്‍സ്, ബൈബിള്‍ കണ്‍വെന്‍ഷന്‍, ബൈബിള്‍ കലോത്സവം ഇടവക ധ്യാനം, യുവജന സംഗമം, മെഡിക്കല്‍ ക്യാമ്പുകള്‍, മിഷന്‍ എക്‌സിബിഷന്‍ എന്നിവയൊക്കെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടന്നുകഴിഞ്ഞു. കുടുംബ നവീകരണത്തിന്റെ ഭാഗമായി രൂപതയിലെ എല്ലാ കുടുംബങ്ങളിലും ഹോം മിഷനും കൗണ്‍സിലിങ്ങിലും പൂര്‍ത്തീകരിച്ചു. 11 ഫൊറോനകളിലും അതിന് കീഴിലുള്ള ഇടവകളെ ചേര്‍ത്ത് ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് ഫൊറോനാ സംഗമങ്ങള്‍ നടത്തി. രൂപതാധ്യക്ഷന്‍ ഇടവക സന്ദര്‍ശനം നടത്തുകയും കിടപ്പ് രോഗികളെ വീടുകളില്‍ പോയി സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വിവാഹത്തിന്റെ 50, 25 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, ഓരോ ഇടവകയിലെയും വ്യത്യസ്ത മേഖലകളില്‍ അവാര്‍ഡ് ലഭിച്ചവര്‍ എന്നിവരെയും സംഗമത്തില്‍ ആദരിച്ചു.

പാലക്കാട് രൂപത 49 വര്‍ഷം പൂര്‍ത്തിയായ 2023 സെപ്റ്റംബര്‍ എട്ടിന് രൂപതാ തലത്തിലും, സെപ്റ്റംബര്‍ 10ന് ഇടവക തലത്തിലും തിരിതെളിച്ച് ജൂബിലിക്ക് ആരംഭംകുറിച്ചു. കൂടാതെ ഓരോ ഭവനങ്ങളിലും തിരിതെളിച്ച് പതാക സ്ഥാപിക്കുകയും ജൂബിലി പ്രാര്‍ത്ഥനകളും ആരംഭിച്ചിരുന്നു. രൂപതയുടെ ഭാവി വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് ജൂബിലി വര്‍ഷത്തില്‍ പ്രാധാന്യം നല്‍കിയത്. വിശ്വാസ പരിശീലനം, പ്രേഷിത ശുശ്രൂഷയിലെ അല്മായ പങ്കാളിത്തം, സാമുദായിക ശാക്തീകരണം, മിഷന്‍ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം എന്നീ വിഷയങ്ങളെക്കുറിച്ച് കുടുംബ സമ്മേളനങ്ങള്‍, ഇടവകയോഗങ്ങള്‍, ഫൊറോനാ യോഗങ്ങള്‍ എന്നിവിടങ്ങളില്‍ ചര്‍ച്ച ചെയ്ത് ലഭിച്ച റിപ്പോര്‍ട്ട് 2024 ഏപ്രില്‍ 15 മുതല്‍ 18 വരെ യുവക്ഷേത്രയില്‍ നടന്ന എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുകയും പഠനം നടത്തുകയും, ബന്ധപ്പെട്ട കൗണ്‍സിലുകളെ ചുമതലപ്പെടു ത്തുകയും ചെയ്തു.

രൂപതയുടെ ചരിത്രം
വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിയ സുറിയാനി കത്തോലിക്കരുടെ സമൂഹം മേലാര്‍ക്കോട് ഗ്രാമത്തിലും പാലക്കാടും കോയമ്പത്തൂരും താമസിച്ചിരുന്നു. പാലക്കാടും കോയമ്പത്തൂരുമായി എണ്ണക്കച്ചവടവും മറ്റും നടത്തിയിരുന്ന തൃശൂര്‍ ക്രൈസ്തവര്‍ക്ക് യാത്രാമധ്യേയുള്ള ഇടത്താവളം ആയിരുന്നു മേലാര്‍ക്കോട്. ആദ്യകാലത്ത് വരാപ്പുഴ മെത്രാന്റെ ഭരണത്തില്‍ ആയിരുന്നെങ്കിലും കോയമ്പത്തൂരില്‍ ലത്തീന്‍ രൂപത വന്നതോടെ അവര്‍ കോയമ്പത്തൂര്‍ രൂപതയുടെ കീഴിലായി. ആ കാലഘട്ടത്തില്‍ തന്നെ മണ്ണാര്‍ക്കാട്, അട്ടപ്പാടി പ്രദേശങ്ങളിലേക്ക് കുടിയേറ്റം ഉണ്ടായി.
ഭാഗ്യസ്മരാണര്‍ഹനായ പന്ത്രണ്ടാം പിയുസ് മാര്‍പാപ്പ 1955 ഏപ്രില്‍ 20ന് തൃശൂര്‍ രൂപതയുടെ അധികാരപരിധി പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ക്രാന്തദര്‍ശിയായ അന്നത്തെ തൃശൂര്‍ മെത്രാന്‍ മാര്‍ ജോര്‍ജ് ആലപ്പാട്ട് ഈ അവികസിത പ്രദേശത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മോണ്‍. സഖറിയാസ് വാഴപ്പള്ളിയെ ഈ പ്രദേശത്തിന്റെ മുഴുവന്‍ ചുമതല ഏല്‍പ്പിച്ചു.

അവിസ്മരണീയങ്ങളായ ഒട്ടേറെ ദാനങ്ങള്‍ തന്ന് ദൈവം നമ്മുടെ രൂപതയെ അനുഗ്രഹിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം ജൂബിലി വര്‍ഷത്തില്‍ പ്രത്യേകം നന്ദി അര്‍പ്പിക്കുവാന്‍ രൂപതാ അംഗങ്ങളായ നമ്മള്‍ കടപ്പെട്ടവരാണ്, അതോടൊപ്പം നമ്മുടെ വിശ്വാസ ജീവിതത്തെ സ്വയം വിലയിരുത്തുവാനും, വ്യക്തികളെയും കുടുംബങ്ങളെയും ഇടവകകളെയും വിശ്വാസ ജീവിതത്തില്‍ ബലപ്പെടുത്തുവാനും നവീകരിക്കുവാനും ഈ ജൂബിലി ആചരണം വഴി സാധിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍
(പാലക്കാട് രൂപതാധ്യക്ഷന്‍)

 

1974 ജൂണ്‍ 20ന് അപ്പസ്‌തോലിക് ‘റെക്വിരെ ന്തെ’ എന്ന പേപ്പല്‍ ബുള്ള വഴി ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ മാര്‍പാപ്പ പാലക്കാട് രൂപത സ്ഥാപിച്ചു. 1974സെപ്റ്റംബര്‍ 8 ന് രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടു. തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാളായിരുന്ന ഫാ. ഐപ്പ് (ജോസഫ്) ഇരുമ്പനെ പാലക്കാട് രൂപതയുടെ പ്രഥമ മെത്രാനായി നീയമിച്ചു. രൂപതയുടെ ആസ്ഥാനം പാലക്കാട് ടൗണിലും കത്തീഡ്രല്‍ ചക്കാന്തറ സെന്റ് റാഫേല്‍ പള്ളിയുമായിരുന്നു. തൃശൂര്‍ അതിരൂപതയിലെ 16 ഇടവക പള്ളികളും എട്ട് കുരിശുപള്ളികളും തലശേരി അതിരൂപതയുടെ മൂന്ന് ഇടവകകളും ഒരു കുരിശുപള്ളിയുമായി തുടക്കത്തില്‍ ഉണ്ടായിരുന്നത്.

സംസ്ഥാനങ്ങള്‍ രണ്ട്, വൈദികര്‍ 17
പാലക്കാട്, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ഈറോഡ്, കരൂര്‍, തിരുപ്പൂര്‍ ജില്ലകളും ഉള്‍പ്പെട്ട രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന പാലക്കാട് രൂപതയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത് 17 വൈദികരായിരുന്നു. രൂപത സ്ഥാപിതമായപ്പോള്‍ 2,571 കുടുംബങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 11 ഫൊറോനകളിലായി 89 ഇടവകകളും 36 സ്റ്റേഷന്‍ പള്ളികളും 130 വൈദികരുമായി രൂപത വളര്‍ന്നു. 13,219 കുടുംബങ്ങളിലായി 58,339 വിശ്വാസികളുമായി രൂപത വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. പാലക്കാട് രൂപത വിഭജിച്ചാണ് 2010 ല്‍ രാമനാഥപുരം രൂപത സ്ഥാപിച്ചത്.
1965ല്‍ സിഎംഐ സഭ കോയമ്പത്തൂരിലെ സായിബാബ കോളനിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു.

ഇതാണ് പാലക്കാട് രൂപതയിലെ ആദ്യത്തെ സന്യാസാശ്രമം. 1958ല്‍ ഹോളി ഫാമിലി സിസ്റ്റേഴ്‌സ് വടക്കഞ്ചേരിയില്‍ ആരംഭിച്ച ചെറുപുഷ്പ ആശ്രമമാണ് രൂപതയിലെ പ്രഥമ സന്യാസിനിമഠം. 1959ല്‍ സിഎംസി സന്യാസിനികള്‍ പാലക്കാട് ടൗണിലും 1964 എഫ്‌സിസി സിസ്റ്റേഴ്‌സ് മംഗലംഡാമിലും 1964ല്‍ തന്നെ മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സഭയിലെ സന്യാസിനികള്‍ കാഞ്ഞിരപ്പുഴയിലും ശുശ്രൂഷ ആരംഭിച്ചു. 1978 – 88 കാലങ്ങളില്‍ കുടിയേറ്റം വര്‍ധിക്കുകയും ദൈവാലയങ്ങളുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കുകയും ചെയ്തപ്പോള്‍ സിഎംഐ , വി.സി, ഓഎഫ്എം (ക്യാപ് ), എംസിബിഎസ്, സിഎസ്ടി, സിഎം തുടങ്ങിയ വിവിധ സന്യാസ സഭകളിലെ വൈദികര്‍ കടന്നുവന്നു.

തുടക്കം മൂന്നു മുറികളുമായി
ആരംഭത്തില്‍ സ്വന്തമായി ബിഷപ്‌സ് ഹൗസോ കാര്യാലയമോ രൂപതക്ക് ഉണ്ടായിരുന്നില്ല. പാലക്കാട് സെന്റ് റാഫേല്‍ കത്തീഡ്രല്‍ വൈദിക മന്ദിരത്തിലെ രണ്ടാം നിലയില്‍ മൂന്നു മുറികള്‍ സജ്ജമാക്കി. ഒന്ന് രൂപതാധ്യക്ഷനും മറ്റൊന്ന് സെക്രട്ടറിയും പ്രൊക്യുറേറ്ററുമായി നിയമിതനായ പോള്‍ തോട്ട്യാന്‍ അച്ചനും മൂന്നാമത്തേത് രൂപത കാര്യാലയത്തിനും. ഒരു വര്‍ഷത്തോളം ഈ നില തുടര്‍ന്നു. 1975 കഞ്ചിക്കോട്ട് വാങ്ങിയ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോടെ ഒരു മെത്രാസന ഭവനം ‘ലൂര്‍ദ് ഭവന്‍’ എന്ന പേരില്‍ പണിതീര്‍ത്തു. 1978 ല്‍ പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശത്ത് സ്ഥലവും കെട്ടിടവും കൂടി വാങ്ങി കെട്ടിടം ബിഷപ്‌സ് ഓഫീസാക്കി. അങ്ങിങ്ങായി താമസിച്ചിരുന്ന ക്രൈസ്തവരെവരെ ചേര്‍ത്ത് ചെറിയ കൂട്ടായ്മകള്‍ക്കും ഇടവക സമൂഹത്തിനും രൂപം നല്‍കി. രൂപതയെ പാലക്കാട്, കാഞ്ഞിരപ്പുഴ, കോയമ്പത്തൂര്‍, താവളം, മേലാര്‍ക്കോട് എന്നിങ്ങനെ അഞ്ച് ഫൊറോനകളായി തിരിച്ചു.

നന്ദിയോടെ ഭൂതകാലത്തേക്ക് നോക്കാനും, അത്യുത്സാഹത്തോടെ വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാനും, പ്രത്യാശയോടെ ഭാവിയെ ആശ്ലേഷിക്കുവാനും ജൂബിലി ആഘോഷ പരിപാടികള്‍ ഉപകരിച്ചാല്‍ അത് രൂപതയുടെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും. അതിനുള്ള അനുഗ്രഹം ദൈവം നല്‍കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
മാര്‍ ജേക്കബ് മനത്തോടത്ത്
(മുന്‍ രൂപതാധ്യക്ഷന്‍)

രൂപതയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ പീപ്പിള്‍ സര്‍വീസ് സൊസൈറ്റി പാലക്കാട് 1978 രൂപീകൃതമായി. മതബോധനത്തോടൊപ്പം, കെ സിവൈഎം, സിഎംഎല്‍, സിഎല്‍സി, ബൈബിള്‍ അപ്പസ്‌തോലേറ്റ്, ഫാമിലി അപ്പസ്റ്റോലേറ്റ് തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു പതിറ്റാണ്ടുകാലം മാര്‍ ജോസഫ് ഇരുമ്പന്‍ പാലക്കാട് രൂപതയെ നയിച്ചു. 75 വയസില്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. രൂപതയുടെ ദ്വിതിയ വികാരി ജനറാള്‍ ആയ മോണ്‍. ജോസഫ് വെളിയത്തില്‍ 1997 ഫെബ്രുവരി ഒന്നുവരെ രൂപത അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് 1997 ഫെബ്രുവരി ഒന്നിന് പാലക്കാട് രൂപതയുടെ പുതിയ മെത്രാനായി സ്ഥാനമേറ്റു.

സെഹിയോന്‍ ധ്യാനകേന്ദ്രം
ഭരണ രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം രൂപതയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി. ബിഷപ്‌സ് ഹൗസ് സ്ഥിതി ചെയ്യുന്ന ബസ്റ്റാന്‍ഡ് പരിസരം ഏറെ തിരക്കായതിനാല്‍ വെണ്ണക്കരയില്‍ സ്ഥലം വാങ്ങി പുതിയ രൂപത കാര്യാലയം സ്ഥാപിച്ചു. താവളത്തെ പഴയ ബോയ്‌സ് ഹോമിലാണ് 1997-ല്‍ സെഹിയോന്‍ ധ്യാനകേന്ദ്രം സ്ഥാപിതമായത്. ധോണി മരിയന്‍ റിന്യൂവല്‍ സെന്റര്‍, സീനായി, നെഹ്മിയ മിഷന്‍, പാലക്കാട് ടൗണ്‍ മിനിസ്ട്രി എന്നീ വചനപ്രഘോഷണ കേന്ദ്രങ്ങളൊക്കെ തുടര്‍ന്ന് രൂപംകൊണ്ടു. പഴയ ബിഷപ്‌സ് ഹൗസ് ജോസഫ് ഇരുമ്പന്‍ മെമ്മോറിയല്‍ പ്രസും, നിത്യാരാധന കേന്ദ്രവുമായി മാറ്റി.

കാഞ്ഞിരപ്പുഴയില്‍ പുതിയ ഐടിസി, വള്ളിയോട് ഐടിസിയെ പോളിടെക്‌നിക്കായി ഉയര്‍ത്തി. ധോണിയില്‍ ക്രിസ്റ്റഫര്‍ ഐടിഐ, യുവക്ഷേത്രത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോളേജും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും വെള്ളപ്പാറയില്‍ സാന്‍ജോ ഫാര്‍മസി കോളേജും ആരംഭിച്ചു. ആതുര ശുശ്രൂഷ രംഗത്ത് പാലക്കാടിന്റെ പിന്നാക്കാവസ്ഥയെ മുന്‍നിര്‍ത്തി ആയുര്‍ പാലന എന്ന ആയുര്‍വേദ ആശുപത്രി സ്ഥാപിച്ചു. അവിടെ ആയുര്‍വേദ നഴ്‌സിംഗ് കോഴ്‌സ്, ആയുര്‍പാലനയോട് ചേര്‍ന്ന് പുതിയ പ്രീസ്റ്റ് ഹോമും ആരംഭിച്ചു. പ്രൊഫഷണല്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് വേദിയൊരുക്കുവാന്‍ സ്റ്റാര്‍സ് (Sanjo Training Acadamy for Resourceful Students)ആരംഭിച്ചു.

വളര്‍ച്ചയുടെ പാതയില്‍
മാധ്യമ രംഗത്ത് രൂപതയുടെ മുഖപത്രമായി ‘ജനപ്രകാശം’ പത്രവും പാലക്കാട് കമ്മ്യൂണിക്കേഷന്‍സും തുടങ്ങി. കാല്‍നൂറ്റാണ്ട് പാലക്കാട് രൂപതയെ ആത്മീയമായും, ഭൗതികമായും വളര്‍ത്തുന്നതിന് നടുനായകത്വം വഹിച്ച മാര്‍ ജേക്കബ് മനത്തോടത്ത് 75 വയസില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.
മാര്‍ ജോസഫ് ഇരുമ്പന്റെയും രൂപതയുടെ ദ്വിതീയ മെത്രാനും വളര്‍ച്ചയുടെ വക്താവുമായ മാര്‍ ജേക്കബ് മനത്തോടത്തിന്റെയും കാല്‍പ്പാടുകളെ പിന്തുടര്‍ന്ന മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ 2022 ഏപ്രില്‍ 24-ന് രൂപതയുടെ ത്രിതീയ മെത്രനായി സ്ഥാനമേറ്റു. ഏവര്‍ക്കും സ്വീകാര്യനും എല്ലാ കാര്യങ്ങളിലും വളരെ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന, മാര്‍ കൊച്ചുപുരയ്ക്കലിന്റെ പരിചയവും പാണ്ഡിത്യവും രൂപതയുടെ വളര്‍ച്ചയ്ക്ക് ഗതിവേഗം വര്‍ധിപ്പിക്കാന്‍ ഈ ചെറിയ കാലം കൊണ്ടുതന്നെ കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞു ഇടവക കേന്ദ്രീകൃതമായ വിശ്വാസ രൂപീകരണത്തിനാണ് മാര്‍ കൊച്ചുപുരയ്ക്കല്‍ ഊന്നല്‍ നല്‍കുന്നത്.
ഒട്ടേറെ അനുഗ്രഹങ്ങള്‍ നല്‍കി വളര്‍ച്ചയുടെ പാതയിലേക്ക് രൂപതയെയും വിശ്വാസ സമൂഹത്തെയും കൈപിടിച്ചു നടത്തിയ മഹാകാരുണ്യത്തിന് ജൂബിലി വര്‍ഷത്തില്‍ നന്ദി പറയുകയാണ് രൂപതാധ്യക്ഷനോടു ചേര്‍ന്നുനിന്ന് രൂപതാംഗങ്ങള്‍.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?