ജോസഫ് മൈക്കിള്‍
ജൂലൈ 29-ന് അര്‍ദ്ധരാത്രി 12 മണിയായപ്പോള്‍ ആരോ വിളിച്ചെഴുന്നേല്‍പ്പിച്ചതുപോലെയാണ് വിലങ്ങാടിനടുത്തുള്ള മഞ്ഞക്കുന്നുകാരനായ സിബി തോമസ് ഉറക്കം തെളിഞ്ഞത്. അതി ശക്തമായ മഴയോടൊപ്പം എന്തൊക്കെയോ വലിയ ശബ്ദങ്ങള്‍ കാതുകളില്‍ വന്നടിച്ചു. വിദ്യാര്‍ത്ഥികളായ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആശങ്ക നിറഞ്ഞ മനസോടെ ലൈറ്റെടുത്ത് സിറ്റൗട്ടിലേക്ക് ഇറങ്ങിയപ്പോഴേക്കും വെള്ളം വന്നുകഴിഞ്ഞിരുന്നു. വീടിന്റെ ഓടുകള്‍ താഴേക്കു പതിക്കുന്നതുകണ്ടാണ് മുകളിലെ കുന്നിലേക്ക് അവര്‍ ഓടിയത്. വലിയ ശബ്ദംകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ വീടുതന്നെ ഉണ്ടായിരുന്നില്ല. പരിസരത്തുണ്ടായിരുന്ന വീടുകളും ഒലിച്ചുപോയി. ആകെയുണ്ടായിരുന്ന 25 സെന്റ് സ്ഥലം മുഴുവനും പോയി. വീടിന്റെ ആധാരമടക്കം എല്ലാം നഷ്ടപ്പെട്ടു.
മരണത്തെ മുഖാമുഖം കണ്ട രാത്രി
പുലിപറമ്പില്‍ ബിനുവും പത്തിലും ഏഴിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളും പ്രാണന്‍ കയ്യില്‍ പിടിച്ചെന്നപോലെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായ രാത്രി നേരം വെളുപ്പിച്ചത്. അതേപ്പറ്റി പറയുമ്പോള്‍ അവരുടെ മുഖങ്ങളില്‍ ഇപ്പോഴും ഭയം നിറയുന്നുണ്ട്. രാത്രിയില്‍ ആര്‍ത്തലച്ചെത്തിയ വെള്ളത്തിനൊപ്പം മണ്ണും ചെളിയും വീട്ടിലേക്ക് അടിച്ചുകയറി. വീടിന്റെ മുന്‍ഭാഗത്തും പിറകുവശത്തും ഒരുപോലെ ഉരുള്‍ജലം ആര്‍ത്തലച്ചെത്തി. തുരുത്തുപോലെ വീട് ഒറ്റപ്പെട്ടു. പിറ്റേന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കയര്‍കെട്ടിയാണ് അവിടെനിന്നും ഇറക്കിയത്.
ആകെ സമ്പാദ്യമായി ഉണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലത്തിന്റെ പകുതിയും ഉരുള്‍കൊണ്ടുപോയി, കിണറിന്റെ സ്ഥാനത്ത് വലിയ മണ്‍കൂന രൂപപ്പെട്ടിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പില്‍വച്ച് അദ്ദേഹത്തെ കാണുമ്പോള്‍ കാലിന് പരിക്കു പറ്റിയ മകള്‍ അപ്പോഴും ആശുപത്രിയിലായിരുന്നു. ബിനുവിന്റെ ഭാര്യ രണ്ടുവര്‍ഷംമുമ്പ് സ്‌ട്രോക്കു വന്ന് മരിച്ചതിന്റെ ആഘാതം മറികടക്കുന്നതിന് മുമ്പാണ് പുതിയ വേദനകള്‍ അവരെ തേടിയെത്തിയത്.
മരണത്തെ മുഖാമുഖം കണ്ട അനുഭവമാണ് റോയി കൂലിപ്പറമ്പിലിനും പറയാന്‍ ഉണ്ടായിരുന്നത്. രാത്രിയില്‍ വീടിന്റെ രണ്ടു വശത്തുനിന്നും ഉരുള്‍ജലമെത്തി. റോയിയും ഭാര്യയും മൂന്നു മക്കളും നടക്കാന്‍ ബുദ്ധിമുട്ടുള്ള അമ്മയും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു.
റോയിയുടെ നട്ടെല്ലിന് ഓപ്പറേഷന്‍ കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. പിറ്റേന്ന് പ്രഭാതം കാണാന്‍ തങ്ങള്‍ ഉണ്ടാകുമോ എന്നു ഭയപ്പെട്ടിരുന്നു എന്നാണ് റോയി പറഞ്ഞത്. വീട് അപകടാവസ്ഥയിലായി. ആകെ ഉണ്ടായിരുന്ന അര ഏക്കര്‍ സ്ഥലം ഒലിച്ചുപോയി. തന്റെ 45 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഇല്ലാതായതെന്ന് റോയി പറഞ്ഞു. റോയിയുടെ മൂത്ത മകന്‍ സെമിനാരി വിദ്യാര്‍ത്ഥിയാണ്. വീട്ടമ്മയായ സിനിയേയും മൂന്നുമക്കളെയും കണ്ടത് ദുരിതാശ്വാസ ക്യാമ്പില്‍ വച്ചായിരുന്നു. കൂലിപ്പണിയെടുത്തും ലോണെടുത്തും നിര്‍മിച്ച വീട് താമസയോഗ്യമല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ക്യാമ്പിലേക്കു വരുമ്പോള്‍ ഭര്‍ത്താവ് ജിജിയുടെ രോഗിയായ പിതാവും ഉണ്ടായിരുന്നു. പിറ്റേന്ന് ക്യാമ്പില്‍ വച്ച് പിതാവു മരിച്ചു.
തകര്‍ന്ന പാലങ്ങള്‍
വികസനത്തിന്റെ പ്രതീകങ്ങളായ പാലങ്ങളും റോഡുകളും തകര്‍ന്നുകിടക്കുകയാണ്. വിലങ്ങാട് ടൗണിലേക്ക് വീണ്ടും ബസ് വരാന്‍ 15 ദിവസമെടുത്തു എന്നതില്‍ നിന്ന് ദുരന്തത്തിന്റെ ആഴം മനസിലാകും. വിലങ്ങാടുനിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള മഞ്ഞക്കുന്ന്- പാനോം വരെ ബസ് സര്‍വീസ് ഉണ്ടായിരുന്നതാണ്. ഈ വഴിയില്‍ രണ്ടു പാലങ്ങള്‍ തകര്‍ന്നതുമൂലം അവിടേക്ക് വലിയ വാഹനങ്ങള്‍ എത്തണമെങ്കില്‍ മാസങ്ങള്‍ പിടിക്കും. അല്ലെങ്കില്‍ ഗവണ്‍മെന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം.
ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞത് വിലങ്ങാട് റെസ്‌ക്യൂ ടീമിന്റെ കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടാണ്. 2019-ല്‍ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചിരുന്നു. അതിനുശേഷമാണ് അവിടെയുള്ള ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ വിലങ്ങാട് റെസ്‌ക്യൂ ടീം നിലവില്‍ വന്നത്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ആദ്യത്തെ ഉരുള്‍പൊട്ടിയ ഉടനെതന്നെ രക്ഷാപ്രവര്‍ത്തനവും തുടങ്ങിയിരുന്നു.
അപ്രത്യക്ഷമായ കൃഷിത്തോട്ടങ്ങള്‍
അര്‍ദ്ധരാത്രിയില്‍ ഇടവകയിലെ യുവാക്കളാണ് വിലങ്ങാട് ഇടവക വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേലിനെ വിളിച്ചത്. ഉരുള്‍പൊട്ടി, കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. അച്ചന്‍ വേഗം വരണമെന്നായിരുന്നു അവരുടെ പരിഭ്രാന്തി നിറഞ്ഞ വാക്കുകള്‍. അതിഭീകരമായിരുന്നു ആ കാഴ്ചകളെന്ന് ഫാ. വില്‍സണ്‍ പറഞ്ഞു. ഉടനെതന്നെ വിലങ്ങാട് ടൗണില്‍ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ എല്ലാവരെയും പാരീഷ്ഹാളിലേക്ക് കൊണ്ടുവന്നു. ഒരു മണിക്കൂറിനുള്ളില്‍ പാരീഷ്ഹാളില്‍ ആദ്യത്തെ ദുരിതാശ്വാസക്യാമ്പ് തുറന്നു. തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടു. ഇതേസമയംതന്നെ ഏതാണ്ട് മൂന്നര കിലോമീറ്റര്‍ അകലെയുള്ള മഞ്ഞക്കുന്നിലും ഉരുള്‍പൊട്ടിയിരുന്നു.
ലോണുകള്‍ എഴുതിത്തള്ളണം
ദുരിതബാധിതരായവരുടെ ലോണുകള്‍ എഴുതിത്തള്ളണമെന്ന് റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാം എന്നായിരുന്നു പറഞ്ഞത്. ഈ പ്രദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ വിദ്യാഭ്യാസ ലോണുകള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടാകണം എന്ന് ആവശ്യവും അറിയിച്ചിട്ടിട്ടുണ്ട്. അടിയന്തിരമായി 40 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. നേരിട്ട് വീടുകള്‍ നിര്‍മിച്ചാല്‍പ്പോലും 7.5 കോടി രൂപ വേണം. മറ്റ് ഏജന്‍സികളെ ഏല്‍പിച്ചാല്‍ തുക ഉയരും. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും വരുമാനമാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നതിനും സമൂഹത്തിന്റെ കൈത്താങ്ങ് ഉണ്ടാകണം.
ഫാ. വില്‍സന്‍ മുട്ടത്തുകുന്നേല്‍
(വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന വികാരി)
ഇതിനിടയില്‍ വിലങ്ങാടിന്റെ ഓരോ പ്രദേശങ്ങളായി ഒറ്റപ്പെട്ടു. മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണും എല്ലായിടത്തും തടസങ്ങള്‍ ഉയര്‍ന്നു. വീടുകളില്‍ കുടുങ്ങിക്കിടന്നിരുന്നവരെ യുവാക്കളുടെ നേതൃത്വത്തില്‍ രക്ഷിപ്പെടുത്തി. നേരം പുലര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടത്. ഒരു മനുഷ്യായുസുകൊണ്ട് സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് ഇല്ലാതായിരിക്കുന്നു. അപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി പൂര്‍ണമായി വ്യക്തമായിരുന്നില്ല. പാലങ്ങള്‍, റോഡുകള്‍, വീടുകള്‍ തകര്‍ന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ഇത്രയും കൊണ്ടു തീര്‍ന്നു എന്നു കരുതുമ്പോഴേയ്ക്കും കൂടുതല്‍ നഷ്ടങ്ങളുടെ കണക്കുകള്‍ എത്തിക്കൊണ്ടിരുന്നു. താമസവും കൃഷിഭൂമിയും രണ്ടു സ്ഥലങ്ങളില്‍ ഉള്ളവര്‍ കൃഷിനാശം സംഭവിച്ചോ എന്നറിയാന്‍ ചെന്നപ്പോള്‍ പലരുടെയും ഭൂമിതന്നെ കാണാന്‍ ഉണ്ടായിരുന്നില്ല.
വിലങ്ങാട് ദൈവാലയത്തിന്റെ മുമ്പിലെ റോഡിലൂടെ ഇപ്പോള്‍ ഒരു വാഹനത്തിന് കഷ്ടിച്ചാണ് പോകാന്‍ കഴിയുന്നത്. അവിടെയും സുരക്ഷാ ഭീഷണിയുണ്ട്. നേരത്തെ രണ്ടു വാഹനങ്ങള്‍ക്ക് സുഗമമായി പോകുക മാത്രമല്ല, അതു കഴിഞ്ഞുള്ള ഭാഗത്ത് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്നതുമാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു; വിദേശ പഠനം പ്രതിസന്ധിയില്‍
പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ തയാറെടുത്തുകൊണ്ടിരുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടമായി. ഗവണ്‍മെന്റ് അദാലത്ത് നടത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കടമ്പകള്‍ ഏറെയാണ്. അതിനാല്‍ ഗവണ്‍ മെന്റിന്റെ പ്രത്യേക ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതോടൊപ്പം വിദേശ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരുണ്ട്. അവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്.
വൈദ്യുതി എത്താന്‍ 5 ദിവസങ്ങള്‍
പാലൂര്‍, മഞ്ഞക്കുന്ന്, വിലങ്ങാട് ഇടവകകളിലാണ് ഉരുള്‍പൊട്ടല്‍ കനത്ത ദുരിതങ്ങള്‍ വിതച്ചത്. എത്ര ഉരുളുകള്‍ പൊട്ടിയെന്ന് ആര്‍ക്കും കൃത്യമായി പറയാന്‍പോലും കഴിയാത്ത വിധത്തിലായിരുന്നു പ്രകൃതിസംഹാരതാണ്ഡവമാടിയത്. ഇരുപതിലധികം ഉരുളുകള്‍ പൊട്ടിയെന്ന് ഒരു സ്ഥലവാസി പറഞ്ഞു. 14 വീടുകള്‍ പൂര്‍ണമായി നശിച്ചു. 34 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 174 വീടുകള്‍ താമസിക്കാന്‍ കഴിയാത്ത വിധത്തില്‍ അപകടകരമായ വിധത്തിലാണ്. 430 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു എന്നാണ് കണക്ക്. അഞ്ച് കടകളും ഒരു വായനശാലയും ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. 100 കോടിയുടെ മുകളില്‍ നഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. കെഎസ്ഇബി നാദാപുരം ഡിവിഷന്റെ കീഴിലുള്ള മുഴുവന്‍ ലൈന്മാന്മാരും മറ്റു ജീവനക്കാരും അവരുടെ സഹായത്തിനായി നാട്ടുകാരും സമീപ ഇടവകകളില്‍നിന്ന് എത്തിയവരുമായ ഏതാണ്ട് 200 ആളുകള്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്തിട്ടും വൈദ്യുതി എത്തിക്കാന്‍ അഞ്ച് ദിവസം വേണ്ടിവന്നു എന്നു പറയുമ്പോള്‍ അവിടെ ഏതുവിധത്തിലാണ് പ്രകൃതിദുരന്തം സംഭവിച്ചതെന്ന് ചിന്തിക്കാനാകും.
ഒഴുകിപ്പോയ വീടുകള്‍
മഞ്ഞക്കുന്നിന്റെ തൊട്ടടുത്ത സ്ഥലമാണ് മഞ്ഞച്ചീളി. ഇതുവഴി ബസ് സര്‍വീസ് നടത്തിക്കൊണ്ടിരുന്നതാണ്. മഞ്ഞച്ചീളിയില്‍ റോഡിന്റെ മുകള്‍ ഭാഗത്ത് ഉണ്ടായിരുന്ന ഏഴു വീടുകളും വായനശാലയും റോഡിന്റെ മറുവശത്തുണ്ടായിരുന്ന ഗ്രോട്ടോയും മൂന്നു കടകളും ഒരു വീടും തകര്‍ന്നുവീണു. അവിടെ ഇപ്പോഴുള്ള ഗര്‍ത്തം ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ടതാണ്. തൊട്ടുതാഴ്ഭാഗത്തായി ജേക്കബ് മണിക്കൊമ്പിലിന്റെ വീടായിരുന്നു. ആ വീടിന്റെ അവശിഷ്ടങ്ങള്‍പോലുമില്ല. അതിന്റെ എതിര്‍വശത്തായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീട് കാണാം. ഏതാനും വര്‍ഷങ്ങളായി വീടിന്റെ നിര്‍മാണം ആരംഭിച്ചിട്ട്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ജെയിംസ് കിട്ടുന്ന പണം സ്വരൂപിച്ചുവച്ച് നിര്‍മിച്ചുകൊണ്ടിരുന്ന വീടാണ്. വീടിനോട് ചേര്‍ന്ന് അഗാധമായ ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ ഇനി അവിടെ താമസിക്കാന്‍ കഴിയില്ല.
പുനരധിവാസം വലിയ വെല്ലുവിളി
മഞ്ഞക്കുന്ന് ഇടവകയിലെ 227 കുടുംബങ്ങളില്‍ 96 കുടുംബങ്ങള്‍ക്കും പുതിയ വീട് നിര്‍മിച്ചുനല്‍കണം. സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ കുറെയധികം ആളുകള്‍ക്ക് ഇനി പഴയ വീടുകളില്‍ താമസിക്കാന്‍ അനുവാദം ലഭിക്കില്ല. സ്വന്തം വീട്ടിലേക്ക് പോകാന്‍ ഭയപ്പെടുന്ന നിരവധി കുട്ടികളുണ്ട്. ഉരുള്‍പൊട്ടല്‍ സമയത്തെ ഉഗ്രശബ്ദം പല കുട്ടികളെയും ഭയത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നുണ്ട്.
ഇത്രയും കുടുംബങ്ങള്‍ക്ക് താമസസ്ഥലം ഒരുക്കേണ്ടത് അടിയന്തിര ആവശ്യമാണ്. അതിനായി ഉദാരമതികളുടെ സഹായവും സഹകരണവും എല്ലാവരുടെയും പ്രാര്‍ത്ഥനകളും വേണം.
ഫാ. ടിന്‍സ് മറ്റപ്പള്ളില്‍
(മഞ്ഞക്കുന്ന് ഇടവക വികാരി)
മഞ്ഞക്കുന്നിന് അടുത്തുള്ള ചെറിയ പാനോമില്‍ മൂന്നു വീടുകള്‍ താമസയോഗ്യമല്ലാതായി കഴിഞ്ഞു. അതുവഴി ഒഴുകിയിരുന്ന അരുവിയില്‍ ഒരടി ഉയരത്തില്‍ കൂടുതല്‍ വെള്ളം പൊങ്ങുമായിരുന്നില്ലെന്ന് മഞ്ഞക്കുന്ന് ശാലോം ഏജന്റ് ജോര്‍ജുകുട്ടി മണിമല പറഞ്ഞു. അതിന്റെ എതിര്‍ വശത്തുള്ള സ്ഥലം അദ്ദേഹത്തിന്റേതാണ്. എന്നാല്‍, ഇനി അവിടേക്കു കയറണമെങ്കില്‍ പാലം ആവശ്യമായിരിക്കുന്നു. ഉരുള്‍പൊട്ടിവന്ന് അരുവി ഒരു ഗര്‍ത്തമായി മാറിയിരുന്നു. അവിടെവച്ചാണ് കര്‍ഷകനായ എ.സി ജോസിനെ കണ്ടത്. അദ്ദേഹം 1977ല്‍ വന്നതാണ്. അദ്ദേഹത്തിന് 30 സെന്റ് സ്ഥലം നഷ്ടമായി. തെങ്ങും കശുമാവും തേക്കുമരങ്ങളും നിന്നിരുന്ന അവിടെ വലിയ ഉരുളന്‍കല്ലുകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു.
നാട്ടുകാര്‍ നിര്‍മിച്ച ‘ബെയ്‌ലി പാലം’
പാനോം-വായാട് പാലം മുഴുവനായി തകര്‍ന്നുപോയി. 50 ആദിവാസി കുടുംബങ്ങളടക്കം 120 കുടുംബങ്ങള്‍ താമസിക്കുന്ന ഇവര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ വഴി ഇല്ലാതെയായി. പാലത്തിന്റെ രണ്ട് വശങ്ങളിലെയും കരഭാഗം മീറ്ററുകള്‍ നീളത്തില്‍ ഇടിഞ്ഞുവീണു. ഒപ്പം മരങ്ങളും വലിയ പാറക്കൂട്ടങ്ങളും ഒഴുകി വന്ന് പാലവും തകര്‍ത്തുകളഞ്ഞു. വയനാട്ടില്‍ നിര്‍മിച്ചതുപോലെ ഒരു ബെയ്‌ലി പാലം ഇവിടെ അത്യാവശ്യമാണെന്ന് ഇവിടെ എത്തിയ അധികാരികളോട് ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ല.
തുടര്‍ന്ന്, തകര്‍ന്ന പാലത്തിന്റെ അവശേഷിക്കുന്ന ഭാഗത്തോട് ചേര്‍ത്ത് രണ്ടു വശത്തുനിന്നും ഒറ്റത്തടി പാലം നിര്‍മിച്ചു. മുതിര്‍ന്നവര്‍പോലും ആ പാലത്തിലൂടെ നടക്കുന്നത് അപകടമായിരുന്നു. അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നാല്‍ എങ്ങനെ ഇതിലൂടെ മക്കളെ വിടുമെന്നായിരുന്നു അവരുടെ ആശങ്ക. ഭക്ഷ്യവസ്തുക്കളടക്കം തലച്ചുമടായി ഒറ്റത്തടിപ്പാലത്തിലൂടെ സര്‍ക്കസ് അഭ്യാസിയുടെ മെയ്‌വഴക്കത്തോടെയാണ് മറുകരയില്‍ എത്തിച്ചിരുന്നത്. രോഗംമൂര്‍ഛിച്ച് ആരെയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായി വന്നാല്‍ എന്തുചെയ്യുമെന്നത് പലരുടെയും ആശങ്കയാണ്. പാലത്തിന്റെ മറുകരയില്‍ താമസിക്കുന്ന പലര്‍ക്കും വാഹനങ്ങള്‍ ഉണ്ടെങ്കിലും അതു പുറത്തേക്ക് ഇറക്കാന്‍ മാര്‍ഗമില്ലാതായി. ഒടുവില്‍ നാട്ടുകാര്‍ ഒരുമിച്ച് കല്ലിന് മുകളില്‍ മണ്ണിട്ടുനികത്തി പാലം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ടു നിലകെട്ടിടത്തിന്റെ മുകളില്‍ ഒരു രാത്രി
രാത്രിയില്‍ വീട്ടില്‍നിന്നും ഇറങ്ങി ഓടിയ അനുഭവം അധ്യാപകനായ നുബിന്‍ ജോസഫ് വിവരിച്ചു. അവിടെ ജനിച്ചുവളര്‍ന്ന അവരെ സംബന്ധിച്ചിടത്തോളം ഇതിനുമുമ്പും വനത്തില്‍നിന്നും ഉത്ഭവിച്ച ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വീട്ടിലേക്കോ കൃഷിഭൂമികളിലേക്ക് വെള്ളം കയറിയിട്ടില്ല. എന്നാല്‍, എല്ലാ കണക്കൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് വെള്ളം വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ അമ്മയും ഭാര്യയും നാല് വയസായ കുഞ്ഞുമായി അടുത്തുള്ള പഴയൊരു രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ അഭയംതേടി. അയല്‍ക്കാരായ മൂന്നു കുടുംബങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. ഒട്ടും സുരക്ഷിതമായിരുന്നില്ല ആ പഴയ കെട്ടിടം.
വിവരമറിഞ്ഞ് ആളുകള്‍ എത്തിയെങ്കിലും ആര്‍ക്കും പുഴകടന്ന് ആ രാത്രിയില്‍ മറുകരയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല.
സ്വന്തമായുള്ളത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രം
വീടിന്റെ വെഞ്ചരിപ്പു കഴിഞ്ഞ് ഒരുമാസം മാത്രമായ ഒരു കര്‍ഷകനെ കണ്ടിരുന്നു. ഉരുള്‍ ആ കുടുംബത്തിന്റെ സ്വപ്നങ്ങള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞു. വീട് തകര്‍ന്നില്ലെങ്കിലും താമസിക്കാന്‍ കഴിയാത്ത വിധത്തില്‍ അപകടസ്ഥിതിയിലാണ്. വരുമാന മാര്‍ഗമായ കൃഷിയും ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. ഇവരെയൊക്കെ എങ്ങനെയാണ് ആശ്വസിപ്പിക്കുക. ബന്ധുവീടുകളോ വാടകവീടുകളോ ഇല്ലാതെ ക്യാമ്പില്‍നിന്ന് ഇറങ്ങിയാല്‍ പോകാന്‍ ഒരു ഇടവുമില്ലാത്ത, എന്തു ചെയ്യണമെന്ന് അറിയാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധി പേരെ കണ്ടു. അവര്‍ ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായി മാറിയിരിക്കുന്നു.
പലര്‍ക്കും ഇപ്പോള്‍ സ്വന്തമായി ഉള്ളത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രമാണ്. ഉരുളിന്റെ ഭീകരശബ്ദം കേട്ട് മക്കളെയും പ്രായമായ മാതാപിതാക്കളെയുമായി ഓടിരക്ഷപെടുകയായിരുന്നു. കൂറ്റന്‍ കല്ലുകളും തടികളും നിറഞ്ഞ മണ്‍കൂമ്പാരങ്ങളാണ് പല വീടുകളും ഇരുന്ന സ്ഥലങ്ങള്‍. പുഴയില്‍ തെങ്ങും കമുകുമൊക്കെ നില്‍ക്കുന്നതായി തോന്നും. ഇടയില്‍ കൂറ്റന്‍ പാറകളും. എന്നാല്‍ വെള്ളം കൃഷിഭൂമിയില്‍ കയറി ഒഴുകിയതിന്റെ ബാക്കിപത്രങ്ങളാണ് ഇവ. അവിടങ്ങളില്‍ വീടുകളും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളുമായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍പോലും കഴിയാത്ത വിധത്തില്‍ മാറിയിരിക്കുന്നു.
ഒന്നും രണ്ടും മൂന്നും ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള സാധാരണക്കാരാണ് അധികവും. റബറും തെങ്ങും കുരുമുളകുമൊക്കെയായിരുന്നു അവരുടെ വരുമാന മാര്‍ഗങ്ങള്‍. ഇനി അവയൊന്നുമില്ല. മൂന്ന് ഏക്കര്‍ കൃഷി ഭൂമി ഉണ്ടായിരുന്ന ഒരു കര്‍ഷകനെ കണ്ടു. അദ്ദേഹത്തിന്റെ രണ്ടര ഏക്കറോളം നഷ്ടമായി. ഭൂമിയുടെ നടുവിലൂടെ അഗാധമായ ഒരു ഗര്‍ത്തം രൂപപ്പെട്ടതിനാല്‍ ബാക്കി ഉള്ള സ്ഥലത്തും ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇനി ഞങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കഴിയുമായിരുന്നില്ല. പലര്‍ക്കും ഇനി പൂജ്യത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്.
മനുഷ്യരുടെ സ്വപ്നങ്ങള്‍ തകര്‍ന്നുവീണ അവിടെ നില്‍ക്കുമ്പോഴും ഏതു ശിലാഹൃദയന്റെയും ഹൃദയമലിയും. കഠിനമായ പ്രതിസന്ധികളെ അതിജീവിച്ചാണ് കഴിഞ്ഞതലമുറ ഇവിടെ ജീവിതം പണിതുയര്‍ത്തിയത്. കഠിനാധ്വാനത്തിലൂടെ പൊന്നുവിളയിക്കുന്നതായി ഈ നാടിനെ മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍, ഇപ്പോള്‍ അധ്വാനിക്കുവാന്‍ അനേകര്‍ക്ക് ഭൂമിയില്ല. അവര്‍ പൊന്നുവിളയിച്ച ഭൂമി ഉരുള്‍കവര്‍ന്നെടുത്തിരിക്കുന്നു. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ മലയാളികളുടെ മനുഷ്യത്വം ഉണരേണ്ടിയിരിക്കുന്നു.
ഫാ. വില്‍സന്‍
മുട്ടത്തുകുന്നേല്‍
ഫോണ്‍: 9961619462
ഫാ. ടിന്‍സ് മറ്റപ്പള്ളില്‍ ഫോണ്‍: 9495548035
Leave a Comment
Your email address will not be published. Required fields are marked with *