Follow Us On

21

December

2024

Saturday

മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം

മുനമ്പത്തെ  ജനങ്ങള്‍ക്ക് നീതി  ലഭിക്കണം

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍

മുനമ്പം ചെറായി പള്ളിപ്പുറം ഭാഗത്തെ അറുനൂറില്‍പരം കുടുംബങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കേരളത്തിന്റെ സാമൂഹ്യമനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. നിര്‍ധനരായ ആ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗം വ്യക്തമാകുന്ന വഴിവിട്ട വഖഫ് അവകാശവാദമാണ് മുനമ്പം ചെറായി മേഖലയിലേത്. തലമുറകളായി ജീവിച്ചുവരുന്ന സ്വന്തം പുരയിടംതന്നെ ഒരു ഘട്ടത്തില്‍ ഗതികേടുകൊണ്ട് വലിയവിലകൊടുത്ത് വാങ്ങേണ്ടിവന്നിട്ടും ഒരുകൂട്ടം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ വീടുകള്‍ ഉപേക്ഷിച്ച് നാടുവിടേണ്ട അവസ്ഥയാണ് അവിടെ ഉടലെടുത്തിരിക്കുന്നത്.

തിരുവിതാംകൂര്‍ മഹാരാജാവില്‍നിന്ന് കൃഷി വാണിജ്യ ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് ആ പ്രദേശത്തുനിന്ന് ഒരുഭാഗം ഭൂമി കരസ്ഥമാക്കിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി എന്ന ഗുജറാത്തി സേട്ടിന്റെ പിന്‍ഗാമി സിദ്ദിഖ് സേട്ട് മത്സ്യത്തൊഴിലാളികളുടെ വാസസ്ഥലംകൂടി ഉള്‍പ്പെടുത്തി ഒരു പ്രദേശം മുഴുവന്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങുകയായിരുന്നു. പിന്നീട് അദ്ദേഹം ക്രയവിക്രയ അവകാശങ്ങളോടെ ഫാറൂഖ് കോളേജിന് ഭൂമി കൈമാറിയപ്പോള്‍, ഫറൂഖ് കോളജ് ഏതെങ്കിലും വിധത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പക്ഷം, ബാക്കിയുള്ള ഭൂമി തന്റെ പിന്‍ഗാമികള്‍ക്ക് തിരികെ ലഭിക്കണമെന്നും ഫാറൂഖ് കോളേജ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥകള്‍കൂടി സേട്ട് എഴുതിച്ചേര്‍ത്തിരുന്നു. ഇത്തരം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇഷ്ടദാനാധാരത്തോടുകൂടിയ ഒരു ഭൂമി വഖഫ് ആണെന്ന് അംഗീകരിക്കാന്‍ ഇന്ത്യയിലെ ഒരു നിയമവ്യവസ്ഥിതിക്കും കഴിയില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് 2019 ല്‍ ഈ ഭൂമി വഖഫ് ആണെന്ന അവകാശവാദവുമായി വഖഫ് ബോര്‍ഡ് രംഗപ്രവേശം ചെയ്യുന്നത്.

ഈ ഭീഷണി മനസിലാക്കാന്‍ വൈകിയ പ്രദേശവാസികള്‍ ഒടുവില്‍ ജനപ്രതിനിധികളെയും കോടതിയെയും സമീപിക്കുകയും ഭൂനികുതി അടയ്ക്കാനുള്ള അനുവാദം ലഭിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെ വഖഫ് പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിക്കുകയും അതിന് സ്റ്റേ വാങ്ങുകയും ചെയ്യുകയായിരുന്നു. നിലവില്‍ കേരള ഹൈക്കോടതിയില്‍ മുനമ്പം ചെറായി നിവാസികള്‍ നല്‍കിയ അഞ്ചു ഹര്‍ജികളാണ് പരിഗണന കാത്തുകിടക്കുന്നത്. കോടതിയുടെ ഇടപെടല്‍ ഇവിടെ ശാശ്വതമോ സത്വരമോ ആയ ഒരു പരിഹാരത്തിലേയ്ക്ക് നയിക്കാനിടയില്ല. സംസ്ഥാന സര്‍ക്കാരാണ് അടിയന്തിരമായി ഇടപെടേണ്ടത്. ഒപ്പം, നീതിയും ന്യായവും തിരിച്ചറിഞ്ഞ് പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ആ ജനതയ്‌ക്കൊപ്പം നിലകൊള്ളണം. യാതൊരു നീതീകരണവുമില്ലാത്ത ഇത്തരമൊരു അവകാശവാദത്തില്‍നിന്ന് പിന്മാറാന്‍ കേരള വഖഫ് ബോര്‍ഡ് തീരുമാനമെടുക്കുകയും ഹൈക്കോടതിയില്‍ ഉടനെ സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം.

ഇത്തരം ജനാധിപത്യ വിരുദ്ധവും മനഃസാക്ഷിരഹിതവുമായ നിലപാടുകള്‍ മതാനുബന്ധ നിയമങ്ങളുടെ പേരില്‍ ചിലര്‍ സ്വീകരിക്കുമ്പോള്‍ വളരെ ഗൗരവമായി ചിന്തിക്കേണ്ട മറ്റു ചില വിഷയങ്ങള്‍കൂടിയുണ്ട്. മത വര്‍ഗീയ ധ്രുവീകരണത്തിന് ഇത്തരം വിവാദങ്ങള്‍ വഴിയൊരുക്കുന്നു എന്നുള്ളതാണ് അതില്‍ പ്രധാനം. മുനമ്പം ജനത നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നമുക്കിടയില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഗതി നിരീക്ഷിച്ചാല്‍ അക്കാര്യം വ്യക്തമാണ്. കടുത്ത വിഭാഗീയ ചിന്തകളും വര്‍ഗീയ വിദ്വേഷവും പ്രചരിപ്പിക്കാനും മുതലെടുപ്പുകള്‍ നടത്താനും ചില തല്പര കക്ഷികള്‍ ഇത്തരം സാഹചര്യങ്ങളെ ദുരുപയോഗിക്കുന്നതായി തിരിച്ചറിയാന്‍ കഴിയും. പ്രവചിക്കാന്‍ കഴിയാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാവുന്ന വിള്ളലുകള്‍ ഇത്തരം സാഹചര്യങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. അതിനാല്‍ത്തന്നെ, ഇതുപോലുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ നിരുത്സാഹപ്പെടുത്താന്‍ മുന്‍കൈ എടുക്കേണ്ടത് അതത് സമുദായങ്ങളും അവരുടെ നേതൃത്വങ്ങളും തന്നെയാണ്.

യാതൊരുവിധത്തിലും അനുവദിക്കാനാവാത്ത ഇത്തരം അവകാശവാദങ്ങളും അനുബന്ധ പ്രതിസന്ധികളും അനേകരുടെ ജീവിതം വഴിമുട്ടിക്കുന്ന സാഹചര്യങ്ങള്‍ ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയാകുന്നത്. കെസിബിസി ഉള്‍പ്പെടെയുള്ള വിവിധ സഭാ നേതൃത്വങ്ങളും സംഘടനകളും നിയമപരിഷ്‌കരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

മുനമ്പത്ത് സംഭവിക്കുന്നതുപ്പോലുള്ള നീക്കങ്ങള്‍ ഇനി ഒരിക്കലും രാജ്യത്ത് ഒരിടത്തും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണം. പൊതുജന ജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയ്ക്കുപോലും പ്രാധാന്യം നല്‍കാത്ത സംവിധാനങ്ങള്‍ ഏതു നിയമത്തിന്റെ പേരിലായാലും തിരുത്തപ്പെടണം. ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തിക്കൊണ്ടുതന്നെ, മുനമ്പത്ത് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് സമാനമായ നീക്കങ്ങള്‍ ഇനി ഒരിക്കലും ഇന്ത്യയില്‍ എവിടെയും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വഖഫ് നിയമത്തില്‍ വരുത്തേണ്ടതുണ്ട്. പൊതുജനത്തിന്റെ സ്വത്തിനും മൗലിക അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന വകുപ്പുകള്‍ നീക്കംചെയ്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുമെന്ന് പ്രതീക്ഷിക്കാം.

 

വഖഫ് നിയമവും, നിയമ ഭേദഗതിയും

‘ശരിയ’ നിയമപ്രകാരം വില്‍ക്കാ നോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തത് എന്നാണ് ‘വഖഫ്’ എന്ന വാക്കിന്റെ അര്‍ത്ഥം. വഖഫ് വാദം ഉന്നയിക്കപ്പെടുന്ന ഭൂമി എപ്രകാരം ലഭിച്ചതാണെന്നോ, മറ്റാരുടെയെങ്കിലും ഉടമസ്ഥതയില്‍ ഒന്നോ അതിലധികമോ നൂറ്റാണ്ടുകളായി തുടരുന്നതാണോ എന്നോ ഉള്ള ചോദ്യങ്ങളൊന്നും അവിടെയില്ല. വഖഫ് ബോര്‍ഡ് പ്രഖ്യാപിക്കുകയും വഖഫ് ട്രൈബ്യൂണല്‍ അത് സ്ഥിരീകരിക്കുകയും ചെയ്താല്‍ പിന്നീട് ആ ഭൂമി വഖഫ് ബോര്‍ഡിന്റേതായിരിക്കും. ഇന്ത്യയില്‍ പലയിടങ്ങളിലായി വിവിധ വഖഫ് ബോര്‍ഡുകള്‍ കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്തരത്തില്‍ പിടിച്ചെടുത്തിട്ടുള്ള ഭൂമി ഒരുപാടുണ്ട്. ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി പലയിടങ്ങളിലായി വഖഫ് അവകാശവാദങ്ങള്‍ക്ക് മേല്‍ കുടുങ്ങിക്കിടക്കുന്നു.
കേരളത്തെ സംബന്ധിച്ച് ഇതുവരെയും വലിയ ചര്‍ച്ചയാകാതിരുന്ന വഖഫ് സ്വത്തവകാശവിഷയം ഇപ്പോ ള്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാന്‍ കാരണമായത് മുനമ്പം ചെറായി മേഖലകളിലെ അറുനൂറില്‍പരം കുടുംബങ്ങളുടെ ഭൂമിക്ക് കേരള വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണ്. 1995 ല്‍ നിലവില്‍ വന്ന വഖഫ് ആക്ട് അനുസരിച്ചാണ് വഖഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്.

വഖഫ് നിയമ ഭേദഗതിബില്‍ ഈ വര്‍ഷം ആഗസ്റ്റ് 8 ന് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടു. വഖഫ് നിയമപ്രകാരം വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമായിരുന്ന പല അധികാരങ്ങളും നിയന്ത്രിക്കുന്നതാണ് പുതിയ ബില്‍. ഒരു ഭൂമി വഖഫ് ആണോ അല്ലയോ എന്ന് അന്വേഷിക്കാനും തീരുമാനിക്കാനുമുള്ള അധികാരം വഖഫ് ബോര്‍ഡിന് നിയമപ്രകാരം നല്‍കിയിരുന്നത് ബില്ലില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
അത്തരം സ്ഥലങ്ങളില്‍ സര്‍വേ നടത്താനായി സര്‍വേ കമ്മീഷണറെ നിയമിക്കാന്‍ വഖഫിനുണ്ടായിരുന്ന അധികാരം ബില്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുന്നു. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും അമുസ്ലീം അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. വഖഫ് നിയമപ്രകാരം വഖഫ് ട്രൈബ്യൂണലിന്റെ വിധി അന്തിമമായിരിക്കും. ട്രൈബ്യൂണലിന്റെ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍, ബില്ലില്‍ അതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബില്ലിലെ വ്യവസ്ഥ പ്രകാരം വഖഫ് ട്രൈബ്യൂണലിന്റെ വിധിക്ക് 90 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. ബില്‍ പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും അക്കൗണ്ടുകള്‍ പരിശോധിക്കാനും കേന്ദ്രസര്‍ക്കാരിന് പുതിയ ചട്ടങ്ങള്‍ നടപ്പില്‍ വരുത്താനും അധികാരമുണ്ടായിരിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?