ഫാ. ജോമോന്‍ ചവര്‍പുഴയില്‍ സിഎംഐ
സാക്ഷരതയിലും, ആരോഗ്യമേഖലയിലും കേരളം ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും മലയാളി ശിരസു കുനിക്കേണ്ട ചില മേഖലകള്‍ കൂടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. മദ്യപാനാസക്തിയുടെ കാര്യത്തിലും, ലഹരി മരുന്നുകളുടെ ഉപയോഗത്തിലും, വിവാഹമോചനങ്ങളുടെ വര്‍ധനയിലും, ആത്മഹത്യകളുടെ എണ്ണത്തിലും മലയാളികള്‍ തന്നെയാണ് മൂന്നില്‍ എന്ന കാര്യം നമ്മുടെ കണ്ണുതുറപ്പിക്കണം. ബുദ്ധിജീവികള്‍ എന്ന പേരുകേട്ട കേരളീയര്‍ ശാരീരികാരോഗ്യകാര്യങ്ങളില്‍ കൊടുക്കുന്ന പ്രാധാന്യം അവരുടെ മാനസികാരോഗ്യത്തിന് കൊടുക്കുന്നുണ്ടോ എന്ന ചോദ്യം അതീവ ഗൗരവമായി ആലോചിക്കേണ്ട വസ്തുതയാണ്. ഒരു മാനസികാരോഗ്യദിനം കൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ അധികം ശ്രദ്ധിക്കാത്ത, എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളെപ്പറ്റി ചിന്തിക്കാം.
വൈകാരിക പക്വതയുടെ ലക്ഷണങ്ങള്‍
വൈകാരിക പക്വത മാനസികാരോഗ്യം കൈവരിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. അകാരണമായി കോപിക്കുന്ന സ്വഭാവം, എല്ലാറ്റിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രകൃതം, സ്വയം ന്യായീകരിക്കാനുള്ള പ്രവണത, മനുഷ്യരെ തമ്മില്‍ താരതമ്യപ്പെടുത്തുന്ന മനോഭാവം എന്നിവയൊക്കെ വൈകാരിക അപക്വതയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. തുറന്ന മനോഭാവവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹ്യദയ വിശാലതയും ബോധ്യങ്ങളില്‍ ദൃഢതയും പുലര്‍ത്തുന്നത് വഴി ഒരു പരിധി വരെ വൈകാരിക പക്വതയില്‍ ആഴപ്പെടാനാകും. മാറ്റേണ്ടത് മാറ്റുക എന്നതും മാറ്റാനാവാത്തവ അംഗീകരിക്കുക എന്നതും വൈകാരിക പക്വതയുള്ളവരുടെ പ്രത്യേകതയാണ്.
ജീവിത സാഹചര്യങ്ങളും ഭക്ഷണവും ജീവിതശൈലിയും മാറുന്നതനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള രോഗങ്ങള്‍ പെരുകുന്നതുപോലെ മനുഷ്യ ജീവിതത്തില്‍ വ്യത്യസ്തങ്ങളായ വിപരീത സാഹചര്യങ്ങള്‍ ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്.
ടെന്‍ഷന്‍ ഫ്രീയായ ഒരു ജീവിതം പ്രായോഗികമല്ലെന്ന് മാത്രമല്ല വിപരീത സാഹചര്യങ്ങള്‍ നമ്മുടെ മാനസിക ശക്തി വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നു എന്നതും സത്യമാണ്. ‘ശാന്തമായ കടല്‍ പ്രഗത്ഭനായ ഒരു കപ്പിത്താനെ രൂപപ്പെടുത്തുകയില്ല’ എന്ന പഴമൊഴി പോലെ എത്രമാത്രം പ്രശ്‌നസങ്കീര്‍ണമാണോ നമ്മുടെ ചുറ്റുപാട് അത്രമാത്രം നാം കരുത്തുള്ളവരായിത്തീരും, ക്രിയാത്മകമായി പ്രതികരിക്കണം എന്നുമാത്രം.
എങ്ങനെ ക്രിയാത്മകമായ ഒരു ജീവിതം നയിക്കാം?
ഏറ്റവും പ്രധാനമായി സ്വയം അറിയുവാന്‍ പരിശ്രമിക്കുക. കഴിവുകളെയും, ബലഹീനതകളെയുംകുറിച്ച് കൂടുതല്‍ സ്വയം മനസിലാക്കുന്നതനുസരിച്ച് നമ്മെ പ്രചോദിപ്പിക്കുന്ന സാഹചര്യങ്ങളെയും പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങളെയും തിരിച്ചറിയുവാന്‍ സാധിക്കും. പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ജീവിതത്തിലേക്ക് നാം ക്ഷണിക്കാതെ കടന്നുവരുന്ന അതിഥിയാണ് മാനസിക സംഘര്‍ഷം. അതിനാല്‍ നമ്മെതന്നെ പൂര്‍ണമായി അറിയാന്‍ ശ്രമിക്കുന്നതിലൂടെ ഒരു പരിധിവരെ മാനസികാരോഗ്യം വര്‍ധിപ്പിക്കാം. സ്വയം മനസിലാക്കാത്ത ഒരുവന് അപരനെ അംഗീകരിക്കുക അത്ര എളുപ്പമല്ല, തന്മൂലം ബന്ധങ്ങളില്‍ സ്വഭാവികമായും വിള്ളലുകള്‍ വീഴും. രണ്ടാമതായി ചെയ്യേണ്ടത് വര്‍ത്തമാനകാലത്തില്‍ ജീവിക്കുക (Live in the Present) എന്നതാണ്.
കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചുള്ള ദുഃഖസ്മരണകളും ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും ആകുലതകളും മനസില്‍ സൂക്ഷിക്കുന്നതുവഴി നമ്മുടെ സന്തോഷംചോര്‍ന്ന് പോകുകയും വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍ മറന്നുപോകുകയും ചെയ്യുന്നു. ഏതാനും നാളുകള്‍ക്കുമുമ്പ് മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരനെ കാണാനിടയായത് ഓര്‍ക്കുന്നു. നീ എങ്ങനെയാണ് മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത് എന്ന ചോദ്യത്തിന്, ‘കുട്ടുകാരന്‍ പറഞ്ഞു, ഇത് ഉപയോഗിച്ചാല്‍ എല്ലാം മറന്ന് ചൊവ്വാഗ്രഹത്തിലൂടെ യാത്ര ചെയ്യുന്ന ഒരു അനുഭവം ഉണ്ടാകും എന്ന്.’ ഇതായിരുന്നു യുവാവിന്റെ മറുപടി. എന്തിനേറെ പറയുന്നു ആ ചെറുപ്പക്കാരന്‍ ബോധംപോലും ഇല്ലാത്ത സ്ഥിതിയില്‍ എത്തിച്ചേര്‍ന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ത്തമാനകാലത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചാല്‍ ഇതാകും ഫലം. അതുകൊണ്ട് ഇന്നില്‍ ജീവിക്കാന്‍ ശ്രമിക്കാം. ഇന്നലെകളുടെ എച്ചില്‍ക്കുമ്പാരങ്ങളിലോ നാളെയുടെ ഭാവനാസ്യഷ്ടികളിലോ ജീവിക്കാതെ ഇന്നിന്റെ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുക.
അടുത്ത പടി മനസിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുക എന്നതാണ്. ക്രിയാത്മക കാര്യങ്ങളെക്കാള്‍ നിഷേധാത്മക കാര്യങ്ങളെ ശ്രദ്ധിക്കുന്നത് മനുഷ്യന്റെ സ്വാഭാവികമായ പ്രത്യേകതയാണ്. മനസിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന ലഹരിമരുന്ന്, മദ്യപാനം, തെറ്റായ ബന്ധങ്ങള്‍, അമിതമായ ലൈംഗികാസക്തി, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം തുടങ്ങിയവയുടെ പരിണിതഫലങ്ങളെക്കുറിച്ച് നാം ബോധ്യമുള്ളവരാകണം.
അവസാനമായി, എല്ലാ പ്രശ്നത്തിലും ഒരു അവസരമുണ്ട് എന്ന് മനസിലാക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ് മാനസികാരോഗ്യത്തിനും ജീവിത വിജയത്തിനും അടിസ്ഥാനം.
ഓരോ പ്രശ്‌നത്തിനും പരിഹാരമുണ്ട്, അതിന്റെ കൂടെ ഒരു അവസരവും ഉണ്ട്. പ്രശ്നങ്ങളിലെ അവസരങ്ങളെ കാണാതെ പോയാല്‍ ആ പ്രശ്‌നങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെ വളരെ വിപരീതമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യമുള്ള മനസും സൗഖ്യമുള്ള ശരീരവുമുള്ളവരാകാന്‍ പരിശ്രമിക്കാം.
തനിയെ മറികടക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മുതിര്‍ന്നവരുടെയും മനഃശാസ്ത്ര വിദഗ്ധരുടെയും സേവനം തേടാന്‍ മടിക്കരുത്. എല്ലാവിധത്തിലും സന്തോഷകരമായ ആരോഗ്യജീവിതം നയിക്കുവാന്‍, പ്രതിസന്ധികളിലെ അവസരങ്ങള്‍ കണ്ടെത്തി ജീവിതത്തില്‍ മൂന്നേറുവാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. ‘ലോകാ സമസ്താ സുഖിനോ ഭവന്തു.’
Leave a Comment
Your email address will not be published. Required fields are marked with *