ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
പ്രധാനപ്പെട്ട പല കൊലപാതക കേസുകളിലെയും വിധി വരുമ്പോള്‍ രണ്ടുതരം അഭിപ്രായങ്ങള്‍ പുറത്തുവരാറുണ്ട്. ഒന്നാമത്തെ പ്രതികരണം ഇതാണ്: ഇരകള്‍ക്ക് നീതി കിട്ടി. രണ്ടാമത്തെ പ്രതികരണം ഇരകള്‍ക്ക് നീതി കിട്ടിയില്ല. പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ നീതി കിട്ടി എന്നു പറയും.
പക്ഷേ എന്റെ ചോദ്യം ഇതാണ്: പ്രതികളെ തൂക്കിക്കൊന്നാലും ഇരകള്‍ക്ക് നീതി കിട്ടുമോ? ഇതു കോടതിയെയോ ജഡ്ജിയെയോ കുറ്റം പറയാനല്ല. കോടതികള്‍ക്ക് രാജ്യത്തെ നിയമം അനുസരിച്ചേ വിധിക്കാന്‍ കഴിയൂ. നിയമമനുസരിച്ച് ഓരോ കേസിലെ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കിയാലും ഇരകള്‍ക്കും കുടുംബത്തിനും വന്ന നഷ്ടം നികത്തപ്പെടുകയില്ല.
ഒരാളെ കൊല്ലുമ്പോള്‍ ഇരയ്ക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
⋅ കൊല്ലപ്പെട്ട ആള്‍ക്ക് ജീവിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഈ ലോകത്തില്‍ ജീവിച്ചുകൊണ്ട് എന്തെല്ലാം നന്മകള്‍ അനുഭവിച്ചും നന്മകള്‍ ചെയ്തും ജീവിക്കേണ്ടവര്‍ ആയിരുന്നു.
⋅ മാതാപിതാക്കള്‍ക്ക് മകനെ നഷ്ടപ്പെടുന്നു. അവരുടെ സംരക്ഷണം നഷ്ടപ്പെടുന്നു.
⋅ വിവാഹിതനാണെങ്കില്‍ ഒരു വിധവയെ സൃഷ്ടിക്കുന്നു.
⋅ മക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അപ്പന്‍ ഇല്ലാതാകുന്നു.
⋅ കുടുംബത്തിന്റെ താങ്ങ് ഇല്ലാതാകുന്നു.
⋅ കുടുംബത്തിന്റെ വരുമാനം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു.
⋅ ഒറ്റ മകന്‍ മാത്രമുള്ള മകന്‍ നഷ്ടപ്പെടുമ്പോള്‍ ആ കുടുംബം കാലക്രമേണ അന്യംനിന്നുപോയെന്നും വരാം.
⋅ ഇതിനൊക്കെ പുറമേ കൊല്ലപ്പെട്ടവരുടെ ഭാര്യ, മക്കള്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ അനുഭവിക്കുന്ന അളക്കാന്‍ പറ്റാത്ത അത്ര സങ്കടം, നിരാശ, ഉത്ക്കണ്ഠ, നഷ്ടബോധം തുടങ്ങി അനേക മനഃപ്രയാസങ്ങള്‍.
⋅ വരുമാനം നിലയ്ക്കുമ്പോള്‍ കുടുംബം പുല ര്‍ത്താന്‍ അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍.
⋅ കേസ് നടത്താന്‍വേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങളും സാമ്പത്തിക ഭാരങ്ങളും.
ചുരുക്കത്തില്‍ ഒരാളെ കൊല്ലുമ്പോള്‍ കൊല്ലപ്പെട്ട വ്യക്തിക്കും കുടുംബത്തിനും മറ്റുള്ളവര്‍ ക്കും ഉണ്ടാകുന്ന ഭാരങ്ങള്‍, കഷ്ടനഷ്ടങ്ങള്‍, സാ മ്പത്തിക ക്ലേശങ്ങള്‍ തുടങ്ങിയവ വലുതാണ്.
ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ ആ കുടുംബത്തിന് ഉണ്ടാകുന്ന എല്ലാത്തരം നഷ്ടങ്ങളുടെയും ആകെത്തുകയെ സോഷ്യല്‍ കോസ്റ്റ് അഥവാ ഫാമിലികോസ്റ്റ് എന്നു വേണമെങ്കില്‍ വിളിക്കാം. അത് എത്രമാത്രം വലുതാണെന്ന് ഓര്‍ക്കുക. ഈ കഷ്ടനഷ്ടങ്ങളെല്ലാം കുറ്റവാളിയെ തൂക്കിക്കൊന്നാലും ജയിലില്‍ അടച്ചാലും തീരുമോ? ഒരിക്കലും ഇല്ല. കുറ്റവാളിയെ തൂക്കിക്കൊല്ലുകയോ ജയിലില്‍ അടക്കുകയോ ചെയ്താലും അവര്‍ക്ക് അത്രയും ശിക്ഷയെങ്കിലും കിട്ടിയല്ലോ എന്നൊരു സമാധാനം മാത്രമേ ഇരകളുടെ കുടുംബത്തിന് കിട്ടൂ. പ്രതികളെ തൂക്കിക്കൊന്നാലും ജയിലില്‍ അടച്ചാലും കൊല്ലപ്പെട്ടവര്‍ക്ക് ജീവന്‍ തിരികെകിട്ടില്ല. മാതാപിതാക്കള്‍ക്ക് മകനെയും ഭാര്യക്ക് ഭര്‍ത്താവിനെയും മക്കള്‍ക്ക് അപ്പനെയും തിരിച്ചു കിട്ടുകയില്ല. അടഞ്ഞുപോയ വരുമാനമാര്‍ഗം തുറന്നു കിട്ടുകയില്ല. കുടുംബം അനാഥമായി പോകുന്നതോ അന്യംനിന്ന് പോകുന്നതോ തടയാന്‍ കഴിയുകയില്ല. പ്രതിയെ തൂക്കിക്കൊന്നാലും പരിഹരിക്കപ്പെടാത്ത എത്രയെത്ര പ്രശ്‌നങ്ങള്‍.
ഇനി പ്രതിയുടെ കുടുംബത്തിലേക്ക് ചെല്ലാം. അവരുടെ സോഷ്യല്‍ അഥവാ ഫാമിലി കോസ്റ്റ് എന്തൊക്കെയാണ്?
⋅ കുടുംബത്തിനുണ്ടാകുന്ന നാണക്കേട്.
⋅ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ അനുഭവിക്കുന്ന നാനാതരം പ്രശ്‌നങ്ങള്‍.
⋅ കുടുംബത്തിന്റെ വരുമാനം കുറയുന്നു അഥവാ നിലയ്ക്കുന്നു.
⋅ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട കഷ്ടപ്പാടുകളും ചെലവുകളും… അങ്ങനെ പലതും.
അങ്ങനെ നോക്കുമ്പോള്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ നഷ്ടങ്ങളുടെയും വേദനകളുടെയും ആകെത്തുകയും കൊല ചെയ്ത വ്യക്തിയുടെ കുടുംബത്തിന്റെ ആകെ നഷ്ടങ്ങളുടെ അളവും കൂട്ടിയാല്‍ അതു വലുതാണ്.കുറ്റവാളിയെ കൊന്നാലും ജയിലില്‍ അടച്ചാ ലും മേല്‍വിവരിച്ച നഷ്ടങ്ങള്‍ക്കും കഷ്ടങ്ങള്‍ക്കും തുല്യമാകുമോ? ഒരിക്കലും ഇല്ല. കൊല്ലപ്പെട്ടയാള്‍ക്ക് ജീവന്‍ തിരിച്ചുകൊടുക്കുകയും ആ കുടുംബത്തിനുണ്ടായ എല്ലാ കഷ്ടനഷ്ടങ്ങളും നീക്കിക്കളയുകയും ചെയ്താല്‍ മാത്രമേ ഇരയ്ക്കും കുടുംബത്തിനും നീതി കിട്ടൂ. അങ്ങനെ ഒരു നീതി നടപ്പാക്കാന്‍ ഒരു കോടതിക്കും സാധിക്കുന്ന കാര്യമല്ലല്ലോ. പിന്നെ ചെയ്യാനാവുന്നത് ഇതാണ്: ഒന്നുകില്‍ ആ കുറ്റവാളിയെ കൊന്നുകളയുക; അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കുക. ഇത്രയുമേ പറ്റൂ. ഇതാണ് കോടതികള്‍ നടപ്പാക്കുന്നത്. മേല്‍വിവരിച്ച നഷ്ടങ്ങളെല്ലാം നികത്താന്‍ ഒരു കോടതിക്കും സാധ്യമല്ല. അതുകൊണ്ട് പ്രതിയെ കൊന്നാലും ജയിലില്‍ അടച്ചാലും പൂര്‍ണമായ നീതി കിട്ടുകയില്ല. ജീവന്‍ തിരിച്ചുകൊടുക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ലല്ലോ.
പേരിയ കേസിലെ വിധികേട്ട ചിലര്‍ ചോദിച്ച ഒരു ചോദ്യം വളരെ പ്രസക്തമാണ്: ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ കൊലക്കത്തി താഴെ വയ്ക്കുമോ? കേരളത്തിന്റെ സ്ഥിതി ഒന്നു നോക്കിക്കേ. എത്ര പേരാണ് ഓരോ വര്‍ഷവും വിവിധ കാരണങ്ങളാല്‍ കൊല്ലപ്പെടുന്നത്? അതിന്റെ സോഷ്യല്‍ അഥവാ ഫാമിലി കോസ്റ്റ് എത്ര വലുതാണ്? എത്രയോ നിസാര കാര്യത്തിനുപോലും കൊലപാതകങ്ങള്‍ നടത്തുന്നു. ഇത്ര മനഃസാക്ഷി ഇല്ലാത്തവരായോ? കൊലപാതകത്തിന് പ്രേരണ കൊടുക്കുന്നവര്‍ ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ?
നമുക്ക് ഒരു മാറ്റം വേണം. കൊല്ലുന്നവര്‍ക്ക് എത്ര വലിയ ശിക്ഷ നല്‍കിയാലും കൊലപതാകംവഴി ഉണ്ടായ നഷ്ടങ്ങള്‍ നികത്തപ്പെടുകയില്ല. അതിനാല്‍ കൊല്ലാന്‍ പ്രേരിപ്പിക്കരുതേ, കൊല്ലാന്‍ കത്തിയും ബോംബും ഒന്നും എടുക്കരുതേ, കൊല്ലാന്‍വേണ്ടി ബോംബ് ഉണ്ടാക്കരുതേ. പാര്‍ട്ടി ഏതുമാകട്ടെ, ജാതി ഏതുമാകട്ടെ, ദേഷ്യത്തിന് കാരണം ഏതുമാകട്ടെ. നമുക്ക് ആരെയും കൊല്ലണ്ട. ക്ഷമയും കരുണയും സാഹോദര്യവും നമ്മുടെ ഇടയില്‍ വളരട്ടെ. അത് തനിയെ വളരില്ല. നമ്മള്‍ വളര്‍ത്തണം. അതിന് കത്തിക്കും ബോംബിനും മറ്റെല്ലാ മാരക ആയുധങ്ങള്‍ക്കും അവധി കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *