ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍
(കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)
ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി തുടരുന്ന പ്രതിസന്ധികളും ആശങ്കകളും കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020നെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ അനുദിനം വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളുടെ പിന്നില്‍ അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളുടെ പരമോന്നത സമിതിയാണ് യുജിസി.
കരടു റെഗുലേഷന്‍ 2025
സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും പ്രമോഷനുമുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളും ഉന്നതവിദ്യാഭ്യാസത്തിലെ നിലവാര പരിപാലനത്തിനുള്ള നടപടികളുമെന്ന യുജിസി 2025 ചട്ടങ്ങള്‍, അഭിപ്രായങ്ങള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6 വരെയായിരുന്നെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്. അധ്യാപക നിയമനത്തിന് നെറ്റ് പരീക്ഷാ യോഗ്യത നിര്‍ബന്ധമല്ലാതാക്കുക, നിയമനത്തിനും പ്രമോഷനും, ഗവേഷണ സംഭാവനകളും, അക്കാദമിക സംഭാവനകളും പരിഗണിക്കുക, അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ സ്‌കോറിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ ഉറപ്പുവരുത്തുക, വിവിധ മേഖലകളില്‍ (അക്കാദമിക് വേണമെന്നില്ല) പ്രാവീണ്യം തെളിയിച്ചവരെ വൈസ്ചാന്‍സലര്‍മാരായും നിര്‍ദ്ദിഷ്ടമേഖലയിലെ പ്രഗത്ഭരെ അധ്യാപകരായും നിയമിക്കുക, പ്രാദേശിക ഭാഷകളുടെ വികാസത്തിനും അതുപയോഗിക്കുന്നവരുടെ പ്രവേശത്തിനും പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം കൊടുക്കുക എന്നിവയെല്ലാം കരടുനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം ഉയര്‍ത്തലാണ് ലക്ഷ്യമെന്ന് കരടില്‍ പറയുമ്പോഴും ആത്യന്തികമായി കേന്ദ്രസര്‍ക്കാര്‍ ഉന്നംവയ്ക്കുന്നത് സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസ മേഖല കൈപ്പിടിയിലൊതുക്കാനാണ്.
ഗവര്‍ണര്‍ പരമാധികാരി
ഓരോ സംസ്ഥാനത്തെയും ഗവര്‍ണര്‍മാരെ നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിനു വിധേയപ്പെട്ടു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്കും അനുഭാവികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ജീവിതാവസാന നാളുകളിലെ ഇടത്താവളമാണ് പലപ്പോഴും ഗവര്‍ണ്ണര്‍ പദവി. ഈ ഗവര്‍ണര്‍മാരാണ് അതാതു സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍മാര്‍. ഓരോ യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്നതും നിയമിക്കുന്നതും ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍മാരാണ്. 2018ലെ ചട്ടങ്ങളനുസരിച്ച് 3 മുതല്‍ 5 വരെ അംഗങ്ങളുള്ള ഒരു സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ളവരുടെ പട്ടിക തയാറാക്കുന്നത്. ഇതില്‍നിന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സലറിനെ നിയമിക്കും. ഈ കമ്മറ്റിയില്‍ സംസ്ഥാനങ്ങളുടെ ഭൂരിപക്ഷ പ്രാതിനിധ്യമുള്ളതുകൊണ്ട് പ്രാദേശിക സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായക സ്വാധീനം ചെലുത്തും.
എന്നാല്‍ 2025ലെ കരട് ചട്ടങ്ങള്‍ പ്രകാരം ഗവര്‍ണര്‍ മൂന്നംഗസമിതി രൂപീകരിക്കും. കമ്മറ്റി യുടെ ചെയര്‍പേഴ്സനെ ഗവര്‍ണ്ണര്‍ നാമനിര്‍ദ്ദേശം ചെയ്യും. ഒരംഗത്തെ യുജിസി ചെയര്‍മാന്‍ നിശ്ചയിക്കും. മറ്റൊരാളെ സര്‍വകലാശാല മാനേജ്മെന്റ് അഥവാ സര്‍ക്കാരും. വൈസ് ചാന്‍സലറാകാനുള്ളവരുടെ യോഗ്യതകള്‍ മുന്‍കാലങ്ങളില്‍ അക്കാദമിക് മികവും പരിചയവും പാണ്ഡിത്യവുമായിരുന്നെങ്കില്‍ പുത്തന്‍ നിയമനിര്‍ദ്ദേശത്തില്‍ അക്കാദമിക പരിചയം ഇല്ലാത്തവരേയും വ്യവസായത്തിലോ കച്ചവടത്തിലോ അനുബന്ധ രംഗങ്ങളി ലോ 10 വര്‍ഷം പ്രവൃത്തിപരിചയമുള്ളവരെയും വൈസ് ചാന്‍സിലറായി നിയമിക്കാം. വൈസ് ചാന്‍സിലര്‍ എന്ന മഹനീയ സ്ഥാനം അക്കാദമിക് വിദഗ്ധരല്ലാത്തവര്‍ക്ക് അനുവദിക്കുന്നതിനെതിരെ ചോദ്യങ്ങള്‍ ശക്തമായി ഉയരുന്നുണ്ട്.
അധ്യാപകര്‍ക്ക് മുന്നറിയിപ്പ്
2025ലെ കരട് ചട്ടങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ദേശീയ യോഗ്യതാ പരീക്ഷപോലുള്ള പ്രവേശന പരീക്ഷകളിലൂടെ യോഗ്യത നേടുന്ന വിഷയങ്ങളില്‍ അധ്യാപകരാകാന്‍ അനുവദിക്കുന്നു. അവര്‍ നേടിയ ബിരുദങ്ങളും ഡോക്ടറേറ്റും പ്രശ്നമല്ല. അസി.പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ അല്ലെങ്കില്‍ പ്രഫസര്‍ നിയമനത്തിന് ആ വിഷയത്തില്‍ പിഎച്ച്ഡി ഉണ്ടെങ്കില്‍ ബിരുദ, ബിരുദാനന്തര വിഷയങ്ങള്‍ മറ്റൊന്നാണെങ്കിലും കുഴപ്പമില്ല. നാലുവര്‍ഷ ബിരുദക്കാര്‍ക്ക് നേരിട്ട് ഗവേഷണ ഡിഗ്രി എടുക്കാമെന്നും കോളജ് അധ്യാപകര്‍ ആകാമെന്നും വന്നാല്‍ ബിരുദാനന്തര ബിരുദത്തിന് പൂര്‍ണ്ണവിരാമമാകും. പ്രാദേശിക ഭാഷാനൈപുണ്യം അധ്യാപക നിയമനത്തിനുള്ള അധിക യോഗ്യതയായി കണക്കാക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷ പടിക്കുപുറത്താകും.
നിയമനത്തിലും കടന്നുകയറ്റം
നിലവിലെ നിയമങ്ങള്‍ പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ അധ്യാപക പ്രിന്‍സിപ്പല്‍ നിയമനത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് ഇടപെടാനുള്ള അവസരമില്ല. എന്നാല്‍ പുതിയ കരടുനിര്‍ദ്ദേശങ്ങളില്‍ വൈസ് ചാന്‍സലര്‍ക്ക് ഇക്കാര്യങ്ങളില്‍ പ്രധാന പങ്ക് നല്‍കുന്നു. അധ്യാപക നിയമന സെലക്ഷന്‍ കമ്മിറ്റിയില്‍ വൈസ്ചാന്‍സിലര്‍ നിയമിക്കുന്ന മൂന്നു വിഷയ വിദഗ്ധന്മാര്‍ ഉണ്ടായിരിക്കണം. ഇത് സര്‍ക്കാര്‍ പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ക്കും ബാധകമാകും. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ഗവര്‍ണ്ണര്‍, ചാന്‍സലറായ ഗവര്‍ണ്ണര്‍ നിശ്ചയിക്കുന്ന വൈസ് ചാന്‍സിലര്‍, വൈസ് ചാന്‍സിലര്‍ നിയമിക്കുന്ന മൂന്നംഗ വിദഗ്ധസമിതി. ഇവര്‍ നിശ്ചയിക്കുന്നവരായിരിക്കും സര്‍വകലാശാലയിലെയും അഫിലിയേറ്റ് കോളജുകളിലെയും അധ്യാപകരും അനധ്യാപകരും. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരും യൂണിവേഴ്സിറ്റികളും കോളജ് മാനേജ്മെന്റുകളും വെറും റബര്‍ സ്റ്റാമ്പുകള്‍ മാത്രമാകുന്ന അവസ്ഥയിലേക്കാണ് കരട് റെഗുലേഷന്‍ എത്തിക്കുന്നത്.
ഒരിന്ത്യ ഒരു യൂണിവേഴ്സിറ്റി
ഒരിന്ത്യ ഒരു നിയമം, ഒരിന്ത്യ ഒറ്റ തിരഞ്ഞെടുപ്പ് തുടങ്ങി ദേശീയതയുടെ മറവില്‍ എല്ലാം കേന്ദ്രീകൃതമാക്കി ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ച് കൈപ്പിടിയിലൊതുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അധികാരക്കൊതിയാണ് പുതിയ യുജിസി കരട് നിര്‍ദ്ദേശങ്ങളില്‍ നിഴലിക്കുന്നത്. ഇന്ത്യ മുഴുവനായി ഒരു സര്‍വകലാശാലയായി കണക്കാക്കി കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാട്ടങ്ങളും ഉപകരണങ്ങളുമാക്കുന്ന ഗൂഢതന്ത്രം. യുജിസി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്ത സംസ്ഥാന നിയന്ത്രിത സര്‍വകലാശാലകള്‍ക്ക് നിലവിലുള്ള ഗ്രാന്റുകള്‍ തുടര്‍ന്നുണ്ടാകില്ലെന്ന മുന്നറിയിപ്പും വലിയ പ്രതിസന്ധിയും വെല്ലുവിളിയും സൃഷ്ടിച്ചിരിക്കുന്നു.
ഇന്ത്യയിലെ 1074 സര്‍വകലാശാലകളില്‍ 56 എണ്ണം മാത്രമാണ് കേന്ദ്ര സര്‍വകലാശാലകള്‍. ഒരു സുപ്രഭാതത്തില്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും പേരും പ്രശസ്തിയുമുള്ള മറ്റു സര്‍വകലാശാലകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയാല്‍ എങ്ങനെ അംഗീകരിക്കാനാവും? സിലബസും, അധ്യാപക- വൈസ് ചാന്‍സിലര്‍ നിയമന മാനദണ്ഡങ്ങളും പരീക്ഷാ ഘടനയും മൂല്യനിര്‍ണ്ണയ രീതികളും ബിരുദ ബിരുദാനന്തര ഘടനയും പ്രവേശന മാനദണ്ഡങ്ങളും ഗവേഷണ വിഷയങ്ങളും എല്ലാം യുജിസി നിശ്ചയിച്ച് പരമാധികാരിയായി മാറുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളാകുകയാണ്.
വെട്ടിലാകുന്നത്
ന്യൂനപക്ഷങ്ങള്‍
യുജിസിയുടെ കരട് നിര്‍ദ്ദേശങ്ങളില്‍ ചിറകരിയപ്പെടുന്നത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ക്രൈസ്തവ സ്ഥാപനങ്ങളുടേതാണ്. വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവ സംഭാവനകളും നിസ്വാര്‍ത്ഥ സേവനങ്ങളും ചരിത്രസത്യങ്ങളായി ജനങ്ങളുടെ കണ്‍മുമ്പിലുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. രാജ്യം അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കുമുമ്പില്‍ ഇതെല്ലാം തകര്‍ന്നടിയാം.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ അവകാശത്തിന്മേലാണ് കരടുനിയമം രഹസ്യമായി കൈവെച്ചിരിക്കുന്നത്. അധ്യാപക-അനധ്യാപക നിയമനങ്ങള്‍ വൈസ് ചാന്‍സലറിന്റെയും ചാന്‍സലറായ ഗവര്‍ണറുടെയും നിയന്ത്രണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ അജണ്ട അരങ്ങേറുമ്പോള്‍ നിയമനാധികാരമില്ലാതെ കെട്ടിടങ്ങളുടെ സംരക്ഷകര്‍ മാത്രമായി ന്യൂനപക്ഷ മാനേജുമെന്റുകള്‍ മാറും. നിലവില്‍ കേരളത്തിലെ ന്യൂനപക്ഷ നിയന്ത്രിത കോളജുകളിലെ പ്രിന്‍സിപ്പല്‍, അധ്യാപക നിയമനങ്ങള്‍ 1972 ലെ ഡയറക്ട് പേയ്‌മെന്റ് എഗ്രിമെന്റ് അടിസ്ഥാനത്തിലാണ്. ഈ കരാര്‍ കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെയും വെട്ടിലാക്കി പുതിയ കരട് നിയമമാക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ക്രൈസ്തവ ന്യൂനപക്ഷങ്ങളും ഗൗരവമായി ചിന്തിക്കണം.
എതിര്‍പ്പുകള്‍ ഉയരുന്നു
യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി, കേരളം, തമിഴ്നാട്, കര്‍ണ്ണാടക, തെലുങ്കാന സര്‍ക്കാരുകള്‍ പ്രമേയം പാസാക്കി. ബിഹാറില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയുവും യുജിസി കരടിന് എതിരായി തുറന്നടിച്ചു. ബംഗാളാകട്ടെ ഒരു പടികൂടി കടന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
പുതുതലമുറയുടെ ഭാവിയെയാണ് രാഷ്ട്രീയ- ഭരണനേതൃത്വങ്ങള്‍ പന്താടുന്നതെന്ന് മറക്കരുത്. ദേശീയതയും, ദേശീയ ബോധവും പ്രചരിപ്പിച്ച് അധികാരത്തിന്റെ മറവില്‍ നിയമങ്ങള്‍ സൃഷ്ടിച്ച് അടിച്ചമര്‍ത്തി ലക്ഷ്യം നേടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാജ്യത്തെ അപകടത്തിലേക്ക് തള്ളിവിടും. തലമുറകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമേകി വഴിനടത്തേണ്ടവര്‍ അവരെ പലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുമ്പോള്‍ ബുദ്ധിശക്തിയും പ്രാഗത്ഭ്യവുമുള്ള തലമുറയെ രാജ്യത്തിന് നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയണം. രാഷ്ട്രീയ കിടമത്സരങ്ങള്‍ക്കും പിടിവാശികള്‍ക്കും വിദ്യാഭ്യാസ മേഖലയെ കുരുതികൊടുക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന, കാലം ക്ഷമിക്കാത്ത കൊടുംവഞ്ചനയാണ്.
Leave a Comment
Your email address will not be published. Required fields are marked with *