Follow Us On

16

April

2025

Wednesday

ഐഡന്റിറ്റി

ഐഡന്റിറ്റി

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

നീതിമാനായ ജോബ് ചിന്തയിലേക്ക് കടന്നുവരുന്നു. ജോബിന് എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടം സഹിക്കേണ്ടിവന്നത് എന്ന ചോദ്യം നമ്മെ പിന്തുടരുന്നുണ്ട്, അതിന് പല ഉത്തരങ്ങളുമുണ്ട്. അതിലൊന്നാണ് Suffering is a blessing. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്നാമത്തെ തലവന്‍ മഹാതാപസനായ പിതാവ് ഷെനൂഡെ മൂന്നാമന്‍ ജോബിന്റെ പുസ്തകത്തെക്കുറിച്ച് എഴുതിയ ചെറിയൊരു ഗ്രന്ഥമുണ്ട് Job the Righteous Why Tried. നീതിമാനായ ജോബ് എന്തുകൊണ്ട് പരീക്ഷിക്കപ്പെട്ടു എന്നതിന് നമ്മള്‍ അത്രയധികമായി കേട്ടിട്ടില്ലാത്ത രണ്ടുത്തരങ്ങള്‍ ഈ പുസ്തകത്തില്‍ അദ്ദേഹം നല്‍കുന്നുണ്ട്.

ജോബിനെപോലെ ദൈവത്തെ സ്‌നേഹിക്കുന്നവനും നീതിമാനുമായ ആരുമില്ലെന്ന് തുടക്കത്തില്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. എന്നാല്‍ തനിക്ക് കഷ്ടങ്ങള്‍ വന്നുവെന്ന് ഭൃത്യന്മാര്‍ ഓരോരുത്തരായി ജോബിനെ വന്നറിയിക്കുമ്പോള്‍ അദ്ദേഹം ആരെയും കുറ്റപ്പെടുത്തുന്നില്ല. യഹോവ തന്നു, യഹോവ എടുത്തു എന്ന മട്ടിലാണ് പ്രതികരണങ്ങള്‍. അതുകഴിഞ്ഞ് ഭാര്യ വന്ന് കലഹിക്കുമ്പോഴും ഒരു പൊട്ടിയെപോലെ നീയെന്തിനാണ് സംസാരിക്കുന്നതെന്ന് അവളെ ശകാരിക്കുകയാണ്. നാലു കൂട്ടുകാര്‍ വന്ന് ഏഴുദിവസം മിണ്ടാതിരുന്നപ്പോള്‍ ആര്‍ക്കുമാര്‍ക്കും ഒരു കുഴപ്പവും ഇല്ല. മിണ്ടിത്തുടങ്ങിയപ്പോഴാണ് ജോബ് സംസാരിച്ചു തുടങ്ങിയത്. 22-ാം അധ്യായം വരെ അവരുടെ വാഗ്വാദം ഇങ്ങനെ തുടര്‍ന്നുപോകുന്നുണ്ട്. ഷെനഡെ മൂന്നാമന്‍ പറയുന്നത് ജോബ് എല്ലാ ദിവസവും അതിരാവിലെ എണീറ്റ് തന്റെ മക്കളുടെ പാപങ്ങള്‍ക്കുവേണ്ടി യാഗം അര്‍പ്പിച്ചിരുന്നുവെന്ന് വേദപുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സ്വന്തം പാപങ്ങള്‍ക്കുവേണ്ടി അയാള്‍ ഒരിക്കലും യാഗം ചെയ്യുന്നതായി പരാമര്‍ശമില്ല എന്നാണ്. തനിക്ക് പാപമുണ്ടെന്ന് അയാള്‍ക്കൊരു ബോധ്യമില്ല എന്നതായിരുന്നു സത്യം. ഇക്കാര്യം ജോബിന്റെ പുസ്തകം 32-ാം അധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ ജോബ് തനിക്കു തന്നെ നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നുപുരുഷന്മാര്‍ അയാളുമായി വാദിക്കുന്നത് നിര്‍ത്തി. ജോബ് വളരെ മതാത്മകമായ ജീവിതം നയിക്കുന്ന വ്യക്തിയാണ്, അതിരാവിലെ പ്രാര്‍ത്ഥിക്കുന്നുണ്ട്, ഉപവാസം അനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍ ദൈവം ജോബിന്റെ ജീവിതത്തെ പുതുക്കിപ്പണിയുന്നു. മതവും ആത്മീയതയും തമ്മില്‍ ചെറിയൊരു വ്യത്യാസമേയുള്ളൂ. Religion is a set of answers, but spirituality is a matter of questions. ഇതാണ് ദൈവത്തിലേക്കുള്ള വഴി. ഇങ്ങനെ പോയാല്‍ ദൈവത്തിലെത്താം. ഇതൊക്കെയാണ് മതം പറഞ്ഞുതരുന്ന ഉത്തരങ്ങള്‍. എന്നാല്‍ സ്പിരിച്വാലിറ്റി പറയുന്നത് അതല്ല, Who am I, എന്താണ് എന്റെ ജന്മത്തിന്റെ അര്‍ഥമെന്തെന്ന് നിരന്തരമായ ചോദ്യം തന്നോടുതന്നെ ചോദിക്കാത്ത ജീവിതദര്‍ശനം അപൂര്‍ണമാണ്. ഞാനാരാണെന്ന് ചിന്തയ്ക്ക് തീകൊളുത്തിക്കൊണ്ടുവേണം മനസിലേക്കെടുക്കാന്‍. അപ്പോള്‍ മറ്റു ചിന്തകളെല്ലാം കത്തിപ്പോകും. ചിതയിലെ വെളിച്ചം പോലെ.

മറിയത്തെ മാത്രമെടുത്തു കത്തിച്ചാല്‍ മാര്‍ത്ത മുഴുവന്‍ കത്തിപ്പോകും. കൂടെയിരുന്ന് ചോദിക്കുക, ഞാനാരാണ്… ഞാനാരാണ്. നീ എനിക്ക് ആരാണ്, ഞാന്‍ നിനക്ക് ആരാണ്. അങ്ങനെയാണ് നമ്മള്‍ അര്‍ത്ഥം കണ്ടെത്തുന്നത്. കത്തിച്ചെടുത്ത അറിവിലേക്ക് പ്രവേശിക്കുന്നതിനെയാണ് ധ്യാനം എന്നുപറയുന്നത്. ധ്യാനത്തിങ്കല്‍ തീ കത്തി എന്നു പറയുന്നത് അതിനെയാണ്. അവിടെയൊരു വെളിച്ചമുണ്ട്. ആ വെളിച്ചത്തിലാണ് നമ്മുടെ identity തിരിച്ചറിയുന്നത്. ഞാന്‍ ദൈവത്തിന്റെ സ്വരൂപമാണ്. ഞാന്‍ ദൈവത്തിന്റെ മകനാണ്. ഞാന്‍ ദൈവത്തിന്റെ കൃഷിയാണ്. ദൈവത്തിന്റെ മന്ദിരമാണ്.

ഇങ്ങനെ എത്രയെത്ര identity-യാണ് വേദപുസ്തകം നമുക്ക് ഓരോരുത്തര്‍ക്കും നല്‍കുന്നത്. അപ്പോഴാണ് image of God എന്ന സങ്കല്പമൊക്കെ രൂപപ്പെട്ടുവരുന്നത്. image of world നെക്കുറിച്ചുള്ള നമ്മുടെ വിചാരങ്ങളൊക്കെ കുത്തിയെരിഞ്ഞടങ്ങുകയും image of God പതുക്കെ തെളിഞ്ഞുവരികയും ചെയ്യും. ജോബിന്റെ പുസ്തകം 32-ാം അധ്യായത്തില്‍ ജോബ് തനിക്കുതന്നെ നീതിമാനായി തോന്നിയപ്പോള്‍ രാംവംശത്തില്‍ ബൂസ്യനായ ബറക്കേലിന്റെ മകന്‍ ഏലീഹു എഴുന്നേറ്റിട്ടു പറയുകയാണ് ദൈവത്തെക്കാള്‍ തന്നെതന്നെ നീതികരിച്ചതുകൊണ്ട് ജോബിന്റെ മേല്‍ അവന്റെ കോപം ജ്വലിച്ചു. അതുവരെ മിണ്ടാതിരുന്ന ആളായിരുന്നു. നിങ്ങള്‍ പ്രായമുള്ളവര്‍ ഇങ്ങനെ സംസാരിച്ചപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നതാണ്. പക്ഷേ ഞാന്‍ ചില അഭിപ്രായം പറയട്ടെ.

പ്രായം സംസാരിക്കുകയും വയോധികം ജ്ഞാനം പറയുകയും ചെയ്യട്ടെയെന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ മനുഷ്യരില്‍ ആത്മാവുണ്ടല്ലോ, സര്‍വ്വശക്തന്‍ വിവേകം നല്‍കുന്നു. ഞാന്‍ പറയുന്ന വാക്ക് കേട്ടുകൊള്‍വിന്‍ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ പോവുകയാണ്. ഇവന്റെ വാക്കുകള്‍ കഴിഞ്ഞതിനു ശേഷം ദൈവം പിന്നീട് നേരിട്ടാണ് ജോബിനോട് സംസാരിക്കുന്നത്. അവസാനം ജോബ് എന്താണ് പറയുന്നത്. ഞാന്‍ എന്നെതന്നെ വെറുത്തു. പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു. തന്നെക്കുറിച്ചു പ്രത്യേകിച്ച് പാപബോധമൊന്നും ഇല്ലാതിരുന്ന മനുഷ്യന്റെ ആധ്യാത്മികതയെ ദൈവം പുതുക്കിപ്പണിയുകയാണ്. സ്വയം തിരുത്താനുള്ള പ്രേരണയാണ് ജോബ് ഇവിടെ നല്‍കുന്നത്.

നമ്മള്‍ വളരെ റിലീജിയസായിരിക്കും. പക്ഷേ നമ്മള്‍ സ്പിരിച്വല്‍ ആണോ ഇല്ലയോ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അപ്പന്‍ എപ്പോഴും പള്ളിയില്‍ പോകും. പള്ളിക്കാര്യങ്ങളില്‍ സജീവമാണ്. പക്ഷേ അപ്പന്റെ വഴക്കിന് യാതൊരു കുറവുമില്ലല്ലോ, പിന്നെ അപ്പനെന്തിനാണ് പള്ളിയില്‍ പോകുന്നതെന്ന് മക്കള്‍ ചിലപ്പോള്‍ ചോദിക്കും. അമ്മയ്ക്ക് ഭയങ്കര നോമ്പും പ്രാര്‍ത്ഥനയും ഉപവാസവുമുണ്ട്. പക്ഷേ, അമ്മയുടെ പരദൂഷണത്തിന് യാതൊരു കുറവുമില്ലല്ലോയെന്നും മക്കള്‍ ചോദിച്ചേക്കാം. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് എല്ലാ ദിവസവും പള്ളിയില്‍ പോകുന്നത്. വേദപുസ്തകം വായിക്കുന്നത്?
റിലീജിയസ് ആയതുകൊണ്ടുമാത്രം പ്രത്യേകിച്ച് വലിയ കാര്യമൊന്നും ഉണ്ടെന്ന് എനിക്കും തോന്നുന്നില്ല.

Religioctiy എന്നു പറയുന്നത് സ്പിരിച്വാലിറ്റിയിലേക്ക് നമ്മെ നയിക്കുന്ന മാര്‍ഗമാണ്. അങ്ങനെയൊരു വഴിയും വാതിലുമുണ്ട്. അങ്ങനെയൊരു മതബദ്ധമായ ജീവിതം നയിച്ചാല്‍ ക്രിസ്തുവരെ പിറക്കുമെന്ന് പറഞ്ഞുതന്നവളാണ് അമ്മമറിയം. തികച്ചും മതബദ്ധമായ ജീവിതം നയിച്ചവരാണ് പുരോഹിതനായ സക്കറിയായും എലിസബത്തും. അവര്‍ക്കാണ് സത്യം മാത്രം പറയുന്ന ഒരു മകനുണ്ടായത്. മതബദ്ധമായ ജീവിതം നയിച്ച കന്യകയാണ് അമ്മമറിയം. അവളിലാണ് ക്രിസ്തു ഉരുവായത്. അതുകൊണ്ട് മതജീവിതം ഒരിക്കലും അപ്രസക്തമല്ല. അതു നമ്മള്‍ എങ്ങനെയാണ് കൊണ്ടുനടക്കുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം. ക്രിസ്തു എന്നില്‍ ഉരുവാകുന്ന വിധത്തിലാണോ എന്റെ മതാത്മകജീവിതം കൊണ്ടുനടക്കുന്നത്. അങ്ങനെയല്ലെങ്കില്‍ ഒരു തിരുത്തലിന്റെ സാധ്യതയുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?