തിരുക്കർമങ്ങൾ ശാലോം വേൾഡിൽ തത്‌സമയം
വത്തിക്കാൻ സിറ്റി: തിരുസഭയുടെ നെടുംതൂണുകളായ വിശുദ്ധ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിലെ വിശേഷാൽ തിരുക്കർമങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ. ഇന്ന് (ജൂൺ 29) രാവിലെ 9.25ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കും. ‘പാലിയം’ ആശീർവദിക്കുന്ന തിരുക്കർമങ്ങളും പാപ്പ നിർവഹിക്കും. കഴിഞ്ഞ വർഷം പുതുതായി നിയമിക്കപ്പെട്ട മെത്രാപ്പോലീത്തമാരെ (ആർച്ച്ബിഷപ്പ്) സ്ഥാനിക ചിഹ്നമായി അണിയിക്കാൻ ആട്ടിൻ രോമംകൊണ്ട് തയാറാക്കുന്ന വെളുത്ത ഉത്തരീയമാണ് പാലിയം.
പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽവെച്ച് ആർച്ച്ബിഷപ്പുമാർക്ക് പാപ്പതന്നെ പാലിയം അണിയിക്കുന്നതായിരുന്നു 2014വരെ പതിവ്. എന്നാൽ, പാപ്പ ആശീർവദിച്ച് അതത് സ്ഥലങ്ങളിലേക്ക് അയക്കുന്ന പാലിയം, പേപ്പൽ ന്യുൺഷ്യോ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ രൂപതാകേന്ദ്രത്തിൽവെച്ച് അണിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വിശുദ്ധ പത്രോസിന്റെ പരമാധികാരത്തിൽ പുതിയ ആർച്ച്ബിഷപ്പുമാരുടെ പങ്കുചേരലും പാപ്പയോടുള്ള വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെയും അടയാളമാണ് പാലിയം അണിയിക്കൽ.
‘പീറ്റേഴ്സ് പെൻസ്’ എന്ന പേരിൽ ലോകമെമ്പാടുമുള്ള രൂപതകളിൽ നടത്തുന്ന ധനസമാഹരണവും
ഇന്നേ ദിനത്തിന്റെ സവിശേഷതയാണ്. ആഗോളതലത്തിൽ സഭയെ സഹായിക്കുന്നതിനായുള്ള പേപ്പൽ ചാരിറ്റിക്കുവേണ്ടിയാണ് ഈ തുക സമാഹരിക്കുന്നത്. തിരുക്കർമങ്ങൾ ശാലോം വേൾഡ് ചാനൽ തത്സമയം ലഭ്യമാക്കുന്നുണ്ട്. (സമയക്രമം ചുവടെ: 3:25 AM ET/ 8:25 AM BST/ 12:55 PM IST/ 5:25 PM AEST
ഇതിനുപുറമെ ശാലോം വേൾഡിന്റെ വെബ്സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon
Leave a Comment
Your email address will not be published. Required fields are marked with *