വത്തിക്കാൻ സിറ്റി: എവിടെയും എപ്പോഴും ഏത് ജീവിതസാഹചര്യത്തിലും ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യമേകാൻ മറക്കരുതെന്ന് വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസതുവിന് സാക്ഷ്യമേകാൻ നാം പരിപൂർണരാകാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പാപ്പ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്, ദൈവസ്‌നേഹത്തെപ്രതി അനുനിമിഷം ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമുക്ക് സാധിക്കുംവിധമെല്ലാം ക്രൈസ്തവസാക്ഷ്യം ജീവിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നാം പൂർണരാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. നമ്മുടെ പ്രഘോഷണം നാം ജീവിക്കുന്ന ഇടങ്ങളിൽ ഇന്ന് ആരംഭിക്കണം. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടല്ല മറിച്ച്, നമ്മെ നോക്കുകയും പിടിച്ചുയർത്തുകയും ചെയ്ത സ്‌നേഹത്തിന്റെ സൗന്ദര്യത്തിന് സാക്ഷ്യം നൽകിക്കൊണ്ടാണ് അത് ആരംഭിക്കേണ്ടത്.’
മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ കാത്തുസൂക്ഷിക്കേണ്ട മൂല്യത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം പാപ്പ പങ്കുവെച്ച ട്വിറ്റർ സന്ദേശവും ശ്രദ്ധേയമായിരുന്നു. ‘നാം ഏറ്റവും അവസാനത്തേതെന്ന് കരുതുന്നവരും ചെറിയവരുമായ നമ്മുടെ സഹോദരങ്ങളോടുള്ള നമ്മുടെ പെരുമാറ്റം മനുഷ്യന് നാം നൽകുന്ന മൂല്യത്തെ വ്യക്തമാക്കുന്നുവെന്ന് ഓർമിക്കണം,’ എന്നതായിരുന്നു പാപ്പയുടെ സന്ദേശം.
ട്വിറ്ററിൽ നാല് കോടിയിൽപ്പരം അനുയായികളുള്ള പാപ്പയുടെ ട്വീറ്റുകൾ ഇംഗ്ലീഷ്, സ്പാനിഷ്, അറബി, ലത്തീൻ, ജർമൻ, ഇറ്റാലിയൻ, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നീ ഒൻപതു ഭാഷകളിലാണ് ലഭ്യമാകുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *