Follow Us On

04

May

2024

Saturday

”ഹൃദയങ്ങൾ തുറക്കണം, ജീവിതത്തിന് മുന്നിൽ മതിൽ കെട്ടരുത്”; യുവജനങ്ങൾക്ക് പാപ്പയുടെ വീഡിയോ സന്ദേശം

”ഹൃദയങ്ങൾ തുറക്കണം, ജീവിതത്തിന് മുന്നിൽ മതിൽ കെട്ടരുത്”; യുവജനങ്ങൾക്ക് പാപ്പയുടെ വീഡിയോ സന്ദേശം

സാവോ പോളോ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം. യുവജന സുഹൃത്തുക്കൾ ഇതര സംസ്‌ക്കാരങ്ങളിൽനിന്നുള്ള തീർത്ഥാടകരോട് തുറവിയുള്ളവരാകണമെന്നും ജീവിതത്തിനു മുന്നിൽ മതിൽ കെട്ടിയുയർത്തുന്നവരാകരുതെന്നുമുള്ള ആഹ്വാനത്തോടെയായിരുന്നു പാപ്പയുടെ സന്ദേശം. ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് പേപ്പൽ സന്ദേശം പുറത്തുവിട്ടത്.

2023 ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത നാല് ലക്ഷത്തിൽപ്പരം യുവജനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിക്കുന്നത്. അതേ തുടർന്നായിരുന്നു, ഇതര സംസ്‌കാരങ്ങളിൽ നിന്നുള്ള തീർത്ഥാടകരോട് ഹൃദയം തുറക്കണമെന്ന ആഹ്വാനം പങ്കുവെച്ചത്. ‘ഈ വിശ്വാസയാത്രയിലേക്ക് ആഗതരാകുന്ന ഇതര സംസ്‌കാരങ്ങളിലെ ആൺകുട്ടികളോടും പെൺകുട്ടികളോടും ഹൃദയം തുറക്കുക. ചക്രവാളങ്ങൾ തുറക്കാൻ, നിങ്ങളുടെ ഹൃദയം തുറക്കാൻ തയാറാകൂ, ജീവിതത്തിന് മുന്നിൽ മതിൽ കെട്ടരുത് നിങ്ങൾ,’ പാപ്പ ഉദ്‌ബോധിപ്പിച്ചു.

എല്ലായ്‌പ്പോഴും ചക്രവാളത്തിലേക്ക് നോക്കാനും എല്ലാറ്റിനുമുപരിയായി ഹൃദയം കൊണ്ട് നോക്കാനും യുവജനങ്ങളെ പ്രചോദിപ്പിച്ച പാപ്പ, പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ടാണ് സന്ദേശം ചുരുക്കുന്നത്: ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കന്യക നിങ്ങളെ പരിപാലിക്കട്ടെ. എനിക്കുവേണ്ടി പ്രാർത്ഥിക്കുക, ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കും. മറക്കരുത്: മതിലുകൾ വേണ്ട, ചക്രവാളങ്ങൾ മതി.’ യുവജനങ്ങളാണ് സഭയുടെ ഭാവി എന്ന് ഉദ്‌ഘോഷിക്കാനും യുവജനപ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടിപ്പിക്കുന്ന ലോക യുവജനസംഗമം രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിലാണ് നടക്കുക.

ലോക യുവജനസംഗമം 2022 ഓഗസ്റ്റിൽ നടത്തേണ്ടതായിരുന്നെങ്കിലും മഹാമാരിമൂലം ഇത് 2023ലേക്ക് മാറ്റിവെക്കുകയായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ കാലംമുതൽ സംഘടിപ്പിക്കപ്പെടുന്ന ലോക യുവജന സംഗമത്തിൽ, തീർത്ഥാടന സ്വഭാവത്തോടെ ലക്ഷക്കണക്കിന് യുവജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുക്കാനെത്തുന്നത്. മധ്യഅമേരിക്കൻ രാജ്യമായ പാനമയായിരുന്നു 2019ലെ വേദി. ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണ ആപ്തവാക്യം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?