Follow Us On

13

May

2025

Tuesday

‘മുസ്തഫ കൊളുത്തിയ’ സുവിശേഷജ്വാല

‘മുസ്തഫ കൊളുത്തിയ’  സുവിശേഷജ്വാല

”മുസ്തഫ ദൈവം നിന്നെ സ്‌നേഹിക്കുന്നു. യേശുവിനോ ക്രിസ്ത്യാനികള്‍ക്കോ താങ്കളോട് വെറുപ്പില്ല. കാരണം താങ്കള്‍ കത്തിച്ച ബൈബിളില്‍ ശത്രുക്കളെ സ്‌നേഹിക്കുവാനാണ് യേശു ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.” – ഈ അനൗണ്‍സ്‌മെന്റുമായി സഞ്ചരിക്കുന്ന വാഹനത്തിന് പുറകെ ബൈബിള്‍ നെഞ്ചോടു ചേര്‍ത്ത് പ്രാര്‍ത്ഥനാപൂര്‍വ്വം വരിവരിയായി നീങ്ങുന്ന ഒരു സംഘം വിശ്വാസിക ള്‍. മലബാറിന്റെ വിവിധ പ്രദേശങ്ങ ള്‍ അടുത്തിടെ സാക്ഷ്യം വഹിച്ച വ്യത്യസ്തമായ ഒരു പ്രതിഷേധറാലിയായിരുന്നു ഇത്. ഈ യാത്ര പ്രതിഷേധറാലിയെക്കാള്‍ ഉപരിയായി പ്രാര്‍ത്ഥനാറാലിയോ തീര്‍ത്ഥാടനമോ ആയിരുന്നവെന്ന് ഇതിന് നേതൃത്വം നല്‍കിയ സഖറിയാസ് മിഷന്റെ കോ-ഓര്‍ഡിനേറ്റര്‍ ജോയ്‌സ് ജോസഫ് കുരുവിത്താനം പറയുന്നു.

ജാതിമതഭേദമന്യേ ലോകമെമ്പാടുമുള്ള മനുഷ്യരെ പ്രചോദിപ്പിച്ച പുസ്തകമാണ് ബൈബിള്‍. പുസ്തകങ്ങളുടെ പുസ്തകമായ ബൈബിള്‍, മുസ്തഫ എന്ന മുസ്ലീം സഹോദരന്‍ കത്തിച്ച നാളുകളില്‍ ജോയ്‌സ് ഇടവക ദൈവാലയത്തില്‍ ചെന്നപ്പോള്‍ വികാരിയച്ചന്‍ ഫാ. ജോസ് കക്കട്ടില്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. വിശുദ്ധ ഗ്രന്ഥത്തോടും യേശുക്രിസ്തുവിനോടും ആത്മാര്‍ത്ഥ സ്‌നേഹമുണ്ടെങ്കില്‍ വചനം തന്നെയായ ദൈവത്തെ കത്തിച്ച സംഭവത്തില്‍ തോന്നിയ വേദന എങ്ങനെ പ്രകടിപ്പിക്കാതിരിക്കും എന്ന ചിന്തയാണ് ക്രൈസ്തവികമായ രീതിയില്‍ നടത്തിയ ഈ പ്രതികരണത്തിലേക്ക് നയിച്ചത്.
ആരോടും ശത്രുതയോ വിദ്വേഷമോ ഇല്ലാതെ, എല്ലാവരെയും വിശാലമായ ദൈവസ്‌നേഹത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാനുള്ള ആഗ്രഹത്തോടെ ഒരു പരിഹാര യാത്രയെന്ന നിലയിലാണ് ഈ തീര്‍ത്ഥയാത്ര നടത്തിയത്. മുസ്തഫയെപ്പോലുള്ള അനേകം മനുഷ്യര്‍ ബൈബിളിലൂടെ വെളിപ്പെടുന്ന ദൈവസ്‌നേഹം അറിയണം എന്നത് മാത്രമായിരുന്നു ഈ പ്രാ ര്‍ത്ഥനായാത്രയുടെ ലക്ഷ്യമെന്ന് ജോയ്‌സ് ജോസഫ് കുരുവിത്താനം പറഞ്ഞു.

പേരാവൂരില്‍ നിന്ന് ആരംഭിച്ച്, മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് കാസര്‍ ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ പട്ടണങ്ങളിലൂടെ കടന്ന് മാനന്തവാടിയില്‍ യാത്ര സമാപിച്ചു. പേരാവൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദൈവാലയത്തില്‍ നിന്ന് ആര്‍ച്ച്പ്രീസ്റ്റ് ഫാ. തോമസ് കൊച്ചുകരോട്ട് യാത്ര ഫഌഗ് ഓഫ് ചെയ്തു. ഈശോയുടെ വചനം സ്‌നേഹമാണെന്നും ഈശോയെ അറിയാത്തവരെയും ഈശോയെ നിന്ദിച്ചവരെയും പോലും ഈശോ വിളിക്കുന്നു എന്നുമുള്ള സന്ദേശം പകര്‍ന്നുകൊണ്ട് നടത്തിയ യാത്രക്ക് അക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ക്രിസ്റ്റീന്റെ മലബാര്‍ റീജിയണ്‍ കേന്ദ്രമായി രൂപപ്പെട്ട കൂട്ടായ്മയാണ് യാത്രക്ക് നേതൃത്വം നല്‍കിയ സഖറിയാസ് മിഷന്‍. സ്പിരിച്വല്‍ ഷെയറിംഗിലൂടെ 60 വയസുകഴിഞ്ഞവരുടെ പ്രശ്‌നങ്ങളില്‍ ആശ്വാസം നല്‍കാനും അവരെ കര്‍മനിരതരാക്കുവാനും വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഈ സ്‌നേഹകൂട്ടായ്മയിലൂടെ നടത്തുന്നത്.

60 വയസ് കഴിഞ്ഞവര്‍ക്ക് വേണ്ടി ഫൊറോനകള്‍ കേന്ദ്രീകരിച്ച് സഖറിയാസ് കണ്‍വന്‍ഷനുകള്‍ നടത്തിവരുന്നു. കൂടാതെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്ക് മിഷന്‍ യാത്രകളും സഖറിയാസ് മിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറയാണ് സഖറിയാസ് മിഷന്റെ സ്പിരിച്വല്‍ ഡയറക്ടര്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?