Follow Us On

25

November

2024

Monday

ആത്മപരിശോധനയ്ക്കായി അനുദിനം ദൈവസന്നിധിയിൽ  സമയം ചെലവിടണമെന്ന് ഓർമിപ്പിച്ച് പാപ്പ

ആത്മപരിശോധനയ്ക്കായി അനുദിനം ദൈവസന്നിധിയിൽ  സമയം ചെലവിടണമെന്ന്  ഓർമിപ്പിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: ആത്മപരിശോധന അനിവാര്യമാണെന്നും അതിനായി എല്ലാ ദിവസവും ദൈവസന്നിധിയിൽ സമയം ചെലവിടണമെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. യേശുവിനോടൊപ്പം നമ്മുടെ ജീവിതകഥ വീണ്ടും വായിക്കേണ്ടത് സുപ്രധാനമാണെന്ന് പറഞ്ഞ പാപ്പ, ആയാസകരവും വിജയിക്കില്ലെന്ന് തോന്നുന്നതുമായ കാര്യങ്ങൾ പോലും ക്രിസ്തുവിന്റെ സ്‌നേഹത്തിനു മുന്നിൽ, മറ്റൊരു വെളിച്ചത്തിൽ തെളിയാൻ ഈ ആത്മശോധന സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം റെജീന കോയ്‌ലി പ്രാർത്ഥന നയിക്കുകയായിരുന്നു പാപ്പ.

ക്രിസ്തു ക്രൂശിക്കപ്പെട്ടതിനെ തുടർന്ന് എമ്മാവൂസിലേക്ക് പോയ രണ്ടു ശിഷ്യന്മാർ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടുന്ന തിരുവചന ഭാഗത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം. നമുക്ക് സംഭവിക്കുന്ന കാര്യങ്ങൾക്കു മുന്നിൽ, നാം ഓരോരുത്തരും ആ ശിഷ്യന്മാരെപ്പോലെ അനിശ്ചിതത്വവും ആശങ്കകളും നിരാശകളും ഉള്ളവരായി മാറാറുണ്ട്. ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്, യേശുവിനെ ശല്യപ്പെടുത്തുമെന്ന ഭയം കൂടാതെയും തെറ്റായ കാര്യങ്ങൾ പറയുമെന്ന പേടിയില്ലാതെയും സകലതും ആത്മാർത്ഥമായി യേശുവിനോട് പറയാനാണ്.

നാം കർത്താവിനോട് തുറവുകാട്ടുമ്പോൾ അവിടുന്ന് സന്തോഷിക്കുന്നു. ഈ വിധത്തിൽ മാത്രമേ അവിടുത്തേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകാനും നമുക്കു തുണയാകാനും നമ്മുടെ ഹൃദയങ്ങളെ വീണ്ടും ജ്വലിപ്പിക്കാനുമാകൂ. ഇത് ചെയ്യാൻ സുന്ദരമായ വഴിയും പാപ്പ നിർദേശിച്ചു. ആത്മശോധനയ്ക്കായി അനുദിനം നിശ്ചിത സമയം നീക്കിവെക്കുക എന്നതാണത്. ഇന്ന് എന്റെ ഉള്ളിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം യേശുവിനോടൊപ്പം ദിവസം വീണ്ടും വായിക്കണം. നമ്മുടെ നയനങ്ങളാൽ മാത്രമല്ല, അവിടുത്തെ കണ്ണുകളിലൂടെ കാര്യങ്ങളെ നോക്കാൻ ക്രമേണ പഠിക്കണം. അങ്ങനെ ആ രണ്ട് ശിഷ്യന്മാരുടെ അനുഭവം നമുക്ക് വീണ്ടും ജീവിക്കാനാകും.

‘ഇപ്രകാരമുള്ള ആത്മശോധന നമ്മിൽ പുതിയ വെളിച്ചം തെളിക്കും. ആശ്ലേഷിക്കാൻ പ്രയാസമുള്ള ഒരു കുരിശ്, ഒരു ദ്രോഹത്തിനു മുന്നിൽ ക്ഷമ തിരഞ്ഞെടുക്കൽ, പരിഹാരം ചെയ്യുന്നതിനുള്ള നഷ്ടപ്പെട്ട അവസരം, അധ്വാനത്താലുള്ള തളർച്ച, വലിയ വില നൽകേണ്ടിവരുന്ന ആത്മാർത്ഥത, കുടുംബ ജീവിതത്തിലെ പരീക്ഷണങ്ങൾ എല്ലാം നമുക്ക് ഒരു പുതിയ വെളിച്ചത്തിൽ കാണാനാകും. ഓരോ പതനത്തെയും മുന്നോട്ടുള്ള കാൽവെപ്പാക്കി മാറ്റാനറിയാവുന്ന ക്രൂശിതനും ഉത്ഥിതനുമായവന്റെ വെളിച്ചമാണത്.’ എന്നാൽ ഇത് ചെയ്യാൻ യേശുവിന് സമയവും ഇടവും കൊടുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?