വത്തിക്കാൻ സിറ്റി: ഓരോ ക്രിസ്ത്യാനിയും ക്രിസ്തുനാഥൻ പകർന്നുതന്ന സുവിശേഷത്തിന്റെ സന്തോഷം സകലരിലേക്കും നൽകാൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സ്വഭാവത്താലേ പ്രേഷിതയായ സഭയിൽ അംഗങ്ങളായ എല്ലാവർക്കും സുവിശേഷ ദൗത്യം മുമ്പോട്ടു കൊണ്ടുപോകാനുള്ള കടമയുണ്ടെന്നും പാപ്പ പറഞ്ഞു. പൊന്തിഫിക്കൻ മിഷൻ സൊസൈറ്റി അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യവേയാണ്, മാമ്മോദീസ സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയുടെയും അടിസ്ഥാന ദൗത്യത്തെ കുറിച്ച് പാപ്പ വ്യക്തമാക്കിയത്.
പരിശുദ്ധാത്മ ദാനങ്ങൾ സ്വീകരിച്ച് യേശുവിന്റെ പ്രവർത്തനങ്ങൾ തുടരാൻ ലോകത്തിലേക്ക് അയക്കപ്പെടുന്നവരാണ് ഓരോ ക്രിസ്ത്യാനിയും. നമ്മെ തന്നെ ക്രിസ്തുസ്‌നേഹത്തിന് വിട്ടുകൊടുക്കുമ്പോഴാണ് ഈ ശിഷ്യത്വം കൈവരുന്നത്. അങ്ങനെ യേശുവിന്റെ തിരുവിലാവിൽനിന്ന് ഒഴുകുന്ന കരുണയുടെയും സ്വാന്തനത്തിന്റെയും വാഹകരായി നമുക്ക് മാറാൻ സാധിക്കും. അതിനാൽ നമ്മുടെ ബലഹീനവും കുത്തഴിഞ്ഞതുമായ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ആഗമനം സാധ്യമാകാൻ നാം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും വേണം.
ക്രിസ്തുഹൃദയത്തെ കുറിച്ചുള്ള ആഴമായ ധ്യാനത്തിലൂടെമാത്രമേ മനുഷ്യകുലത്തിനു വേണ്ടിയുള്ള ദൈവപദ്ധതി മനസിലാക്കാൻ നമുക്കാകൂ. അവിടുത്തെ തിരുവിലാവിന്റെ മുറിവാണ് ദൈവപിതാവിന്റെ സ്‌നേഹത്തിന്റെ അളവുകോൽ. മാനുഷികമായ നമ്മുടെ കുറവുകളാൽ ദൈവത്തിങ്കലേക്ക് നാം സൃഷ്ടിച്ച ദൂരം കണക്കാക്കുന്ന അളവുകോലും അതുതന്നെ. എന്നാൽ നമ്മുടെ വീഴ്ചകളിലും നമ്മെ അവിടുന്ന് എഴുന്നേൽപ്പിക്കുകയും പുതുജീവനേകി നമ്മെ നിറയ്ക്കുകയും ചെയ്യും.
പിതാവ് നമ്മോട് പ്രകടിപ്പിക്കുന്ന ഈ സ്‌നേഹം മറ്റുള്ളവരിലേക്ക് പകരുകയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യണ്ടത്. അതിനാൽ നാം ക്രിസ്തുഹൃദയത്തിന്റെയും ദൈവപിതാവിന്റെ സ്‌നേഹത്തിന്റെയും അടയാളമായി ഈ ലോകത്തിൽ പ്രേഷിതരായി മാറണമെന്നും പാപ്പ കൂട്ടിച്ചേർത്തു. പണത്തിനും അപ്പുറം പ്രേഷിതപ്രവർത്തനങ്ങൾ നടത്താനും പരിശുദ്ധാത്മ ചൈതന്യത്തിൽ പ്രേഷിതജീവൻ പ്രദാനം ചെയ്യാനും നമുക്ക് സാധിക്കണമെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, സഭയുടെ സുവിശേഷവത്ക്കരണ പ്രക്രിയകളിൽ പങ്കാളികളാകുന്ന എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *