വത്തിക്കാൻ സിറ്റി: ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിതനായിരുന്ന ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ തിരിച്ചെത്തി. ജൂൺ ഏഴിന് ആശുപത്രിയിൽ പ്രവേശിതനായ പാപ്പ 14 ദിവസത്തിനുശേഷം ഇന്ന് (ജൂൺ 16) രാവിലെ ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായതിന് നന്ദി പറയാനും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരെദൈവസന്നിധിയിൽ സമർപ്പിക്കാനുമായി മരിയ മജിയോരെ ബസിലിക്കയുടെ അൾത്താരയിലെത്തി പ്രാർത്ഥിച്ചശേഷമാണ് പാപ്പ താമസസ്ഥലമായ സാന്താ മാർത്തയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ആറിന് ആഞ്ചലൂസ് പ്രാർത്ഥന നയിച്ചതിനുശേഷമാണ് പാപ്പ ആശുപത്രിയിൽ പ്രവേശിതനായത്.
ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘം ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. അനസ്തേഷ്യ നൽകിയുള്ള ശസ്ത്രക്രിയ ആയതിനാലാണ് ഇത്രയേറെ ദിവസം പാപ്പയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടിവന്നത്. ഇത് മൂന്നാം തവണയാണ് പാപ്പ ജെമെല്ലി ആശുപത്രിയിലെത്തിയത്. ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി 2021ലും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളാൽ 2023ലും പാപ്പ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
ആശുപത്രിയിൽ വിശ്രമിക്കവേ ഇന്നലെ, ജൂൺ 15ന് രാവിലെ ഫ്രാൻസിസ് പാപ്പ ആശുപത്രി മേധാവികളെയും കുട്ടികളുടെ കാൻസർ വാർഡിലുള്ളവരെയും പാപ്പ സന്ദർശിക്കാനെത്തി. വരാന്തയിലൂടെ നീങ്ങിയ പാപ്പായെ ആശുപത്രിയിലെ പ്രവർത്തകരും കുട്ടികളും കൈയടിച്ച് സ്വീകരിച്ചു. ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ടു വൃദ്ധദമ്പതികളുമായി പാപ്പ സംസാരിക്കുന്ന ചിത്രങ്ങളും കുട്ടികളെ സന്ദർശിക്കുന്ന ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *