അബുജ/നൈജീരിയ: ക്രിസ്മസ് ദിനത്തില്‍ നൈജീരിയയില്‍ നടന്ന കൂട്ടക്കൊലയുടെ വാര്‍ത്ത പുറം ലോകമറിഞ്ഞത് ഒരു മാസത്തിന് ശേഷം. ബെന്യൂ സംസ്ഥാനത്തെ ഗ്‌ബോക്കോ രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് ഇടവകയിലാണ് ക്രിസ്മസ് ദിനത്തില്‍ ആക്രമണമുണ്ടായതെന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ അന്‍വാസെ പട്ടണത്തില്‍ 47 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടു.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും ജീവനപഹരിച്ച ആക്രമണത്തില്‍ സെന്റ് മേരീസ് ഇടവകയിലെ ദൈവാലയം, ക്ലിനിക്ക്, സ്‌കൂള്‍ കെട്ടിടങ്ങള്‍, ഇടവക കേന്ദ്രം എന്നിവയുള്‍പ്പെടെ എട്ട് കെട്ടിടങ്ങള്‍ കത്തിനശിച്ചതായി ഗ്‌ബോക്കോ രൂപതയിലെ കാരിത്താസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നാഷ് പറഞ്ഞു. നൈജീരിയയിലെ ക്രൈസ്തവപീഡനത്തിന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന വാര്‍ത്താപ്രാധാന്യം ലഭിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കെയാണ് 47ലധികം ക്രൈസ്തവരുടെ ജീവനപഹരിച്ച ദാരുണസംഭവം ഒരു മാസത്തോളം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയത്.
മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുള്ള വടക്കന്‍ നൈജിരിയക്കും ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള തെക്കന്‍ നൈജീരിയക്കും ഇടയില്‍ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ബെന്യൂ. അടുത്തിടെ ഫുലാനി ഇടന്‍മാര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *